Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളെ ഉപയോഗിച്ച് എടിഎം കാർഡിന്റെ നമ്പരും ഓടിപിയും മനസിലാക്കി പണം പേ ടിഎം അക്കൗണ്ടിലേക്ക് മാറ്റും: ഇവിടെ നിന്ന് പിന്നീട് സ്വന്തം അക്കൗണ്ടിലേക്കും: അന്തർസംസ്ഥാന എടിഎം തട്ടിപ്പ് സംഘത്തിലെ കണ്ണി പന്തളം പൊലീസിന്റെ വലയിൽ: പിടിയിലായത് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തുന്നതിനിടെ

സ്ത്രീകളെ ഉപയോഗിച്ച് എടിഎം കാർഡിന്റെ നമ്പരും ഓടിപിയും മനസിലാക്കി പണം പേ ടിഎം അക്കൗണ്ടിലേക്ക് മാറ്റും: ഇവിടെ നിന്ന് പിന്നീട് സ്വന്തം അക്കൗണ്ടിലേക്കും: അന്തർസംസ്ഥാന എടിഎം തട്ടിപ്പ് സംഘത്തിലെ കണ്ണി പന്തളം പൊലീസിന്റെ വലയിൽ: പിടിയിലായത് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തുന്നതിനിടെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എടിഎം കാർഡ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെ പന്തളം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിൽ അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ഡൽഹി ഉത്തംനഗറിൽ താമസമാക്കിയ ഹിമാചൽ സ്വദേശി അശിഷ് ദിമാൻ ആണ് പിടിയിലായത്. തട്ടിപ്പ് പണം സൂക്ഷിക്കുന്നതിനായി ഫെഡറൽ ബാങ്ക് ആലുവശാഖയിൽ ഇയാൾ തുറന്ന അക്കൗണ്ടിൽ അഞ്ചേ മുക്കാൽ ലക്ഷം രൂപയുള്ളതായി പൊലീസ് കണ്ടെത്തി. പന്തളം സിഎം ആശുപത്രിയിലെ ഡോ. പ്രേം കൃഷ്ണൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശിഷ് അറസ്റ്റിലായത്.

കഴിഞ്ഞ 11 ന് ഡോ. പ്രേമിന്റെ അക്കൗണ്ടിൽ നിന്നും 39,000 രൂപ നഷ്ടമായിരുന്നു. ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പ് സംഘത്തിലുള്ള, ഇംഗ്ലീഷ്അനായാസം കൈകാര്യംചെയ്യാൻ കഴിയുന്ന സ്ത്രീകളാണ് ഡോക്ടറെ വിളിച്ചത്. വളരെ ആസൂത്രിതമായിട്ടാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഒരു ബാങ്ക് ഒരു കാലയളവിൽ പുറത്തിറക്കുന്ന എടിഎം കാർഡ് സീരിസിന്റെ ആദ്യത്തെ നാല് അക്കങ്ങൾ ഒരു പോലെയായിരിക്കും. ഇതും കൈകാര്യം ചെയ്യുന്നയാളുടെ ഫോൺ നമ്പരും മനസിലാക്കിയ ശേഷമാകും ഉപയോക്താവിനെ വിളിക്കുക. വിശ്വാസം ഉറപ്പിക്കുന്നതിനായി എടിഎം കാർഡിലെ ആദ്യ നാലക്ക നമ്പർ പറയും. ഇതോടെ ഉപയോക്താവ് വിശ്വസിക്കും. തുടർന്ന്, ശേഷിച്ച എട്ട് അക്കങ്ങൾ കൂടി അവരോട് പറയാൻ പറയും.

തങ്ങൾ വിളിച്ചത് യഥാർഥ കസ്റ്റമറെ തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിനാണിത് എന്നും പറയും. അതിന് ശേഷമാണ് ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് നിങ്ങൾക്ക് പ്രിന്റു ചെയ്തു കഴിഞ്ഞുവെന്ന് അറിയിക്കുന്നത്. ഇത് ഉറപ്പു വരുത്താൻ ഒരു വൺടൈം പാസ്വേർഡ് (ഓടിപി) വരുമെന്നും അത് പറയണമെന്നും പറയും. ഇതിനോടകം കാർഡ് ഉപയോഗിച്ച് തട്ടിപ്പ് സംഘം തട്ടിപ്പിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിരിക്കും. ഓടിപി കൂടി ഉപയോക്താവിൽ നിന്ന് ലഭിക്കുന്നതോടെ ട്രാൻസാക്ഷൻ പൂർത്തിയാകും. ഡോ. പ്രേം കൃഷ്ണനിൽ നിന്ന് മൂന്നു തവണയായിട്ടാണ് പണം പിൻവലിച്ചത്. ആദ്യം 15,000, പിന്നെ 20,000 മൂന്നാമത് 4000 എന്നിങ്ങനെയായിരുന്നു പിൻവലിക്കൽ. മൂന്നാമത്തെ ട്രാൻസാക്ഷനും കഴിഞ്ഞപ്പോഴാണ് മൊബൈലിൽ വന്ന പണം പിൻവലിച്ചു കൊണ്ടുള്ള സന്ദേശം ഡോക്ടർ കണ്ടത്. ഓരോ തവണയും പല കാര്യങ്ങൾ പറഞ്ഞ് ഇവർ ഓടിപി കൈവശപ്പെടുത്തിയിരുന്നു.

തട്ടിപ്പ് മനസിലായതോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് വിളിച്ച നമ്പരുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ആലുവ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം പോയത് എന്ന് മനസിലായത്. എടിഎം കാർഡ് ഉപയോഗിച്ച് ആദ്യം പേടിഎം അക്കൗണ്ടിലേക്ക് പണം മാറ്റുകയും അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. ആഷിഷ് ദീമാന്റെ പേരിലുള്ള ആലുവയിലെ ബാങ്ക് അക്കൗണ്ട് കണ്ടെത്തിയ പൊലീസ് അത് മരവിപ്പിക്കാൻ ബാങ്ക് മാനേജർക്ക് നിർദ്ദേശം നൽകി. അതിന് ശേഷം അക്കൗണ്ടിൽ ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആശിഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ഡൽഹിയിലേക്ക് പോകാനെടുത്ത ട്രെയിൻ ടിക്കറ്റുമായാണ് ഇയാൾ ബാങ്കിലെത്തിയത്. ഏതാനും മണിക്കൂറുകൾ വൈകിയിരുന്നെങ്കിൽ ഇയാൾ കേരളത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഡിസംബർ 18 നാണ് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നത്. ജനുവരി പകുതി ആയതോടെ അഞ്ചരലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയിരുന്നു.

അന്തർ സംസ്ഥാന തട്ടിപ്പ് സംഘം ഒരു മൾട്ടി നാഷണൽ കമ്പനിയുടെ അച്ചടക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണ സംഘത്തലവൻ അടൂർ ഡിവൈ എസ്‌പി ആർ. ജോസ് പറഞ്ഞു. വൻതുകയാണ് ഇതിലെ ജീവനക്കാർക്ക് ശമ്പളം. ടാർജറ്റും നിശ്ചയിച്ചു നൽകും. ഒരാൾക്ക് ഏഴു മുതൽ 10 ലക്ഷം രൂപ വരെയാണ് ടാർജറ്റ് ഇടുന്നത്. ഇത് തികയ്ക്കുന്നവർക്ക് ഇൻസെന്റീവും നൽകുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പലരുടെയും പേരിൽ തുറക്കുന്ന അക്കൗണ്ടിലേക്കാണ് പണം തട്ടിയെടുക്കുന്നത്. പണം ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന പേ ടിഎം പോലുള്ള ന്യൂജെൻ ആപ്പുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്, ഡിവൈഎസ്‌പി ആർ. ജോസ്, പന്തളം എസ്ഐ രജീഷ്‌കുമാർ, എസ്‌പിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ അജി സാമുവൽ, രാധാകൃഷ്ണൻ, സുനിൽ, രാജേന്ദ്രൻ പിള്ള എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP