Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോർഡിസ്റ്റും സ്വർണ്ണക്കടത്തിൽ പ്രതി; 2018 ഒക്ടോബർ മുതൽ മെയ്‌ വരെ കഴക്കൂട്ടത്തുകാരനായ അബ്ദുൾ ജമീൽ ജബ്ബാർ സ്വർണ്ണത്തിന്റെ കാരിയറായത് നിരവധി തവണ; പിടിക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോയതും വയലിനിസ്റ്റിന്റെ സന്തത സഹചാരി; സംഗീത പ്രതിഭയുടേയും മകളുടേയും അപകട മരണത്തിലെ ദുരൂഹതകൾ തുടുന്നതിനിടെ വീണ്ടും വെളിപ്പെടുത്തലുമായി ഡിആർഐ; ഇനി കണ്ടെത്താനുള്ളത് 17 കടത്തുകാരെ

ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോർഡിസ്റ്റും സ്വർണ്ണക്കടത്തിൽ പ്രതി; 2018 ഒക്ടോബർ മുതൽ മെയ്‌ വരെ കഴക്കൂട്ടത്തുകാരനായ അബ്ദുൾ ജമീൽ ജബ്ബാർ സ്വർണ്ണത്തിന്റെ കാരിയറായത് നിരവധി തവണ; പിടിക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോയതും വയലിനിസ്റ്റിന്റെ സന്തത സഹചാരി; സംഗീത പ്രതിഭയുടേയും മകളുടേയും അപകട മരണത്തിലെ ദുരൂഹതകൾ തുടുന്നതിനിടെ വീണ്ടും വെളിപ്പെടുത്തലുമായി ഡിആർഐ; ഇനി കണ്ടെത്താനുള്ളത് 17 കടത്തുകാരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ അംഗമായ ജമീൽ ജബ്ബാറിനെയാണ് പ്രതി ചേർത്തത്. ജമീൽ ജബ്ബാർ സ്വർണം കടത്തിയതിന് തെളിവുണ്ടെന്ന് ഡിആർഐ അറിയിച്ചു.

കഴക്കൂട്ടം സ്വദേശിയും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോഡിസ്റ്റുമായിരുന്ന അബ്ദുൾ ജമീൽ ജബ്ബാറിനെയാണ് പ്രതിചേർത്തത്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം മെയ്‌ വരെയുള്ള സമയത്താണ് ഇയാൾ സ്വർണം കടത്തിയത്. ഒളിവിലുള്ള 17 കടത്തുകാരിൽ ഒരാളാണ് ഇയാൾ. തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ്‌ 13ന് 25 കിലോ സ്വർണവുമായി അറസ്റ്റിലായതോടെയാണ് കടത്തൽ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനിൽകുമാർ, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുൾ ഹക്കിം, റഷീദ്, പ്രകാശൻ തമ്പി എന്നിവരാണ് മറ്റു പ്രതികൾ. സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്ക് സ്വർണകടത്ത് കേസിൽ പങ്കുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു പ്രകാശ് തമ്പി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌കറുമായി അടുപ്പത്തിലാകുന്നത്. കോളേജ് കാലം മുതൽ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വണ്ടി ഓടിച്ച അർജുൻ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്.

അപകടത്തിൽ അർജുനും ചെറിയ പരുക്കേറ്റിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണ്. വിഷ്ണു സ്ഥിരമായി വിദേശ യാത്രകൾ നടത്തിയിരുന്നതിന്റെ തെളിവ് ഡിആർഐക്ക് ലഭിച്ചിരുന്നു. വിഷ്ണുവാണ് സ്വർണ്ണക്കടത്തിലെ പ്രധാന ആസൂത്രകൻ. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടും ദുരൂഹതകൾ ഏറെയാണ്. സ്വർണ്ണക്കടത്ത് കേസിലെ മൂന്ന് പേർ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഡിആർഐയുടെ ഈ റിപ്പോർട്ട് ചർച്ചയാകുന്നതിനിടെയാണ് പുതിയൊരു അറസ്റ്റ് കൂടി എത്തുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുകൾക്ക് സ്വർണ്ണക്കടത്തുമായുള്ള ബന്ധമാണ് ഇതോടെ ചർച്ചയാകുന്നത്.

കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിൽ വിഷ്ണുവിനും പ്രകാശ് തമ്പിക്കും പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചത്. ഇതോടെയാണ് കൂടുതലൽ പേർ കുടുങ്ങിയത്. കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. സ്വർണ്ണക്കടത്തിൽ വിവാദമെത്തിയതോടെ ബാലഭാസ്‌കർ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവർക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

പ്രകാശൻ തമ്പിയെ ഏഴെട്ടുവർഷംമുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ബാലഭാസ്‌കർ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇയാൾ ആസമയത്തും സ്ഥിരമായി വിദേശയാത്രകൾ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛൻ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻതമ്പിയാണ്. തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാരബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്.

ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരംവിദേശയാത്ര നടത്തിയിരുന്നത്. ഇത്തരം വിദേശ യാത്രകളിൽ സ്വർണം കടത്തിയെന്ന സൂചനയാണ് ഡിആർഐ മനസ്സിലാക്കുന്നത്. ബാലഭാസ്‌കറിനുള്ള അംഗീകാരം മറയാക്കി വൻതോതിൽ സ്വർണ്ണക്കടത്ത് നടന്നുവെന്നാണ് സൂചന. ഇതെല്ലാം ബാലഭാസ്‌കർ അറിയാതെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP