Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

അപകട സ്ഥലത്ത് നിന്ന് ഓടിയത് പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനോ? കലാഭവൻ സോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണുവിനെതിരെ സംശയമുയർത്തി അച്ഛൻ ഉണ്ണി; പള്ളിപ്പുറത്ത് അപകട സമയം ലതയുടെ മകൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുന്നു; വണ്ടി ഓടിച്ചത് താനെന്ന് അർജുൻ പറഞ്ഞതായുള്ള പ്രകാശൻ തമ്പിയുടെ മൊഴിയും വമ്പൻ ട്വിറ്റ്; ജ്യൂസ് കടയിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാൻ നടപടികൾ; ബാലാഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീളുന്നത് പാലക്കാട്ടേക്ക് തന്നെ

അപകട സ്ഥലത്ത് നിന്ന് ഓടിയത് പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനോ? കലാഭവൻ സോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണുവിനെതിരെ സംശയമുയർത്തി അച്ഛൻ ഉണ്ണി; പള്ളിപ്പുറത്ത് അപകട സമയം ലതയുടെ മകൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുന്നു; വണ്ടി ഓടിച്ചത് താനെന്ന് അർജുൻ പറഞ്ഞതായുള്ള പ്രകാശൻ തമ്പിയുടെ മൊഴിയും വമ്പൻ ട്വിറ്റ്; ജ്യൂസ് കടയിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാൻ നടപടികൾ; ബാലാഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീളുന്നത് പാലക്കാട്ടേക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടസമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനാണെന്ന് പ്രകാശ് തമ്പിയും സമ്മതിച്ചു. ഇതോടെ ബാലുവാണ് വണ്ടി ഓടിച്ചതെന്ന അർജുന്റെ മൊഴി മാറ്റം ദുരൂഹമായി. അതിനിടെ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ സംഘം ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ മൊഴിയെടുത്തു. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഡിആർഐയോട് ഉണ്ണി ഉന്നയിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തിൽ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ഉണ്ണി ഇപ്പോഴും. ഡി ആർ ഐയ്ക്ക് അപകട മരണത്തെ കുറിച്ച് അന്വേഷിക്കാൻ കഴിയില്ല. എങ്കിലും നൽകിയ മൊഴി ഏറെ നിർണ്ണായകമാണ്.

ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതുതന്നെയെന്ന് ഉണ്ണി ആവർത്തിച്ചു. ബാലഭാസ്‌കറിന്റെ തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ കൂടുതൽ ദൃശ്യങ്ങൾ പ്രകാശൻ തമ്പി കൈവശപ്പെടുത്തിയതായി സംശയിക്കുന്നു. മാത്രമല്ല, അപകട സ്ഥലത്തുനിന്ന് ഓടിപ്പോയതായി പറയുന്ന വ്യക്തി ജിഷ്ണുവാണെന്ന് സംശയിക്കുന്നതായും ഉണ്ണി പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട വിവരം രണ്ടു മണിക്കൂറിന് ശേഷം തന്നെ വിളിച്ചറിയിക്കുന്നത് ജിഷ്ണുവാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമ രവീന്ദ്രന്റെ മകനാണ് ജിഷ്ണു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ആയുർവേദ ആശുപത്രി നടത്തിപ്പുകാരെ കേന്ദ്രീകരിച്ച് കൂടതുതൽ അന്വേഷണം വേണമെന്ന് ഉണ്ണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പാലക്കാട്ടെത്തി അവരുടെ മൊഴി എടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇവർ പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് നിഗമനം.

ജിഷ്ണുവിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഹിമാലയത്തിലാണ് ഇയാളെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ജിഷ്ണു തന്നെ ക്രൈംബ്രാഞ്ചിനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. വിളിച്ചാലുടൻ വരാമെന്നും അറിയിച്ചു. ബാലഭാസ്‌കർ മരിക്കുമ്പോൾ ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രകാശ് തമ്പിക്കൊപ്പമാണ് ഇയാൾ ഉണ്ടായിരുന്നതെന്നും സംശയമുണ്ട്. ബാലഭാസ്‌കറിന്റെ തൃശൂർ യാത്രയ്ക്ക് സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വടക്കുംനാഥ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്താനുള്ള സാഹചര്യമൊരുക്കിയതും ജിഷ്ണുവാണ്. ഈ സാഹചര്യത്തിൽ ജിഷ്ണു തിരുവനന്തപുരത്ത് എത്തിയെന്നതിനെ ഗൗരവത്തോടെയാണ് ക്രൈംബ്രാഞ്ച് കാണുന്നത്. അപകട സ്ഥലത്ത് നിന്ന് ഒരാൾ ഓടിപോയത് കണ്ടെന്ന് കലാഭവൻ സോബിൻ മൊഴി നൽകിയിരുന്നു. ഇത് ജിഷ്ണുവാകാമെന്ന സംശയമാണ് അച്ഛൻ ഉണ്ണി ഉന്നയിക്കുന്നത്.

ഇതിനിടെയാണ് ജയിലിലെത്തി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് സബ്ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. വാഹനം ഓടിച്ചത് താൻതന്നെയാണെന്ന് അപകടശേഷം അർജുൻ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാൽ, പൊലീസിനു മുന്നിൽ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാൻ കാരണമെന്ന് അന്വേഷിച്ചു. ഫോൺവിളിച്ചാണ് അന്വേഷിച്ചത്. എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്തു. അർജുനെ കാണാനും കഴിഞ്ഞില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ബാലഭാസ്‌കറും അർജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്.

സുഹൃത്തുക്കളായ ജമീൽ, ചിക്കു എന്ന സനൽരാജ് എന്നിവർക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാർഡ് ഡിസ്‌ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാൽ, യാത്രസംബന്ധിച്ച ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങൾ ഡിലീറ്റായി പോയെന്നുമാണ് പ്രകാശൻ തമ്പി പറഞ്ഞത്. എന്നാൽ, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നും കൂടുതൽ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇത് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാകും. അതിനിടെ ഫോറൻസിക് പരിശോധനയിലൂടെ ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള നടപടികൾ വേഗത്തിലാകും. അർജുന്റെ മൊഴിമാറ്റത്തിന് പിന്നിൽ ചില സ്വാധീനങ്ങളുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ സംശയം. ഇത് പാലക്കാട്ടെ സ്വാധീനം മൂലമാണോ എന്നും അന്വേഷിക്കും.

ജമീൽ, സനൽരാജ് എന്നിവർക്കൊപ്പമാണ് ജൂസ് കടയിൽ പോയതെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി കടത്തിയെന്ന് വ്യക്തമാകാൻ കൂടെയെത്തിയ രണ്ട് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. െപ്രാകാശ് തമ്പി കടയിൽ നിന്നും ദൃശ്യങ്ങൾ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമ ഷംനാദ് മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ പ്രകാശൻ തമ്പിയോടൊപ്പം വന്ന രണ്ട് പേരുടെ മൊഴി നിർണ്ണായകമാണ്. അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുകയാണ്. ബാലഭാസ്‌കർ അപകടത്തിൽ പെടുമ്പോൾ വാഹനമോടിച്ചത് അർജുൻ ആകാമെന്നാണ് പൊലീസ് നിയോഗിച്ച ഫോറൻസിക് സംഘത്തിന്റെ നിഗമനം.

ഇതേസമയം, അർജുൻ ഇപ്പോഴും ഒളിവിലാണ്. അസമിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ലഭ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഇതിനുശേഷമാകും കൂടുതൽപേരെ ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കൂ. ചോദ്യംചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു. എസ്‌ഐ ആർ പി അനൂപ് കൃഷ്ണനും സംഘത്തിലുണ്ടായി. വാഹനത്തിൽ നിന്ന് സ്വർണ്ണവും പണവും കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.ആഭരണങ്ങൾ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.

ഡിആർഐ സംഘം ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെ മൊഴി പൂജപ്പുരയിലെ വീട്ടിൽ എത്തിയാണ് എടുത്തത്്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻതമ്പി, വിഷ്ണു എന്നിവരെക്കുറിച്ച് ഉണ്ണിയോട് അന്വേഷിച്ചു. ബാലഭാസ്‌കറിന് ഒപ്പം ഇവരെ കണ്ടിട്ടുള്ളതായി മൊഴി നൽകി. ബാലഭാസ്‌കറും ഇവരും തമ്മിലുള്ള പരിചയം, ബാലുവിന്റെ സ്വത്ത് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. മറ്റു കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP