Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞ് കൊല്ലത്തെ ജ്യൂസ് കടയുടമ; പ്രകാശൻ തമ്പിയല്ല, പൊലീസാണ് കടയിൽ വന്ന് ഹാർഡ് ഡിസ്‌ക്ക് കൊണ്ടുപോയതെന്ന് ഷംനാദ് മാധ്യമങ്ങളോട്; പ്രകാശൻ തമ്പി ആരാണെന്ന് തനിക്ക് അറിയില്ല; അങ്ങനെയാരും തന്റെ കടയിൽ വന്നിട്ടില്ല; ഹാർഡ് ഡിസ്‌ക്ക് പൊലീസ് കൊണ്ടുപോയത് ബാലഭാസ്‌കറിന്റെ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമെന്നും ജ്യൂസ് കടയുടമ

ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞ് കൊല്ലത്തെ ജ്യൂസ് കടയുടമ; പ്രകാശൻ തമ്പിയല്ല, പൊലീസാണ് കടയിൽ വന്ന് ഹാർഡ് ഡിസ്‌ക്ക് കൊണ്ടുപോയതെന്ന് ഷംനാദ് മാധ്യമങ്ങളോട്; പ്രകാശൻ തമ്പി ആരാണെന്ന് തനിക്ക് അറിയില്ല; അങ്ങനെയാരും തന്റെ കടയിൽ വന്നിട്ടില്ല; ഹാർഡ് ഡിസ്‌ക്ക് പൊലീസ് കൊണ്ടുപോയത് ബാലഭാസ്‌കറിന്റെ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമെന്നും ജ്യൂസ് കടയുടമ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് മുമ്പാകെ നൽകിയ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞ് കൊല്ലത്തെ ജ്യൂസ് കടയുടമ. പ്രകാശൻ തമ്പിയല്ല പൊലീസാണ് തന്റെ കടയിൽ വന്ന് ഹാർഡ് ഡിസ്‌ക് കൊണ്ടു പോയതെന്ന് കടയുടമയായ ഷംനാദ് പറഞ്ഞു. നേരത്തെ പ്രകാശൻ തമ്പി തന്റെ കടയിൽ വന്ന് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി എന്നതായിരുന്നു ഷംനാദ് മൊഴി നൽകിയത് എന്നതായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഈ ഘട്ടത്തിലാണ് ഷംനാദ് തന്നെ വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.'പ്രകാശൻ തമ്പി ആരാണെന്ന് തനിക്ക് അറിയില്ല. അങ്ങനെയാരും തന്റെ കടയിൽ വന്നിട്ടില്ല. ബാലഭാസ്‌കറിന്റെ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം പൊലീസാണ് ഹാർഡ് ഡിസ്‌ക് കൊണ്ടുപോയത്. ഫോറൻസിക് വിദഗ്ദർ പരിശോധിക്കുമെന്നാണ് അവർ പറഞ്ഞത്'-ഷംനാദ് പറഞ്ഞു

കൊല്ലത്തെ പള്ളിമുക്കിലെ കടയിൽനിന്ന് ബാലഭാസ്‌കറും കുടുംബവും രാത്രിയിൽ കരിക്ക് കുടിക്കുകയും യാത്ര തുടരുകയും ചെയ്തിരുന്നു. കടയിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്ന കാലത്ത് പ്രകാശ് തമ്പി ജ്യൂസ് കടയിലെത്തുകയും സിസിടിവി ഹാർഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തതായാണ് കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. കാമറ സ്ഥാപിച്ച ജീവനക്കാർക്കൊപ്പമെത്തിയാണ് ഹാർഡ് ഡിസ്‌ക് കൊണ്ടുപോയത്. ഇത് പിന്നീട് തിരികെ എത്തിച്ചതായും ഷംനാദ് മൊഴിനൽകിയിട്ടുണ്ട്.

പിന്നീട് കടയിലെ ഹാർഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ഹരീഷ് കോടതിയിൽ ഹാജരാക്കിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഹാർഡ് ഡിസ്‌ക് കോടതിയിൽനിന്ന് തിരികെ വാങ്ങുകയും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹാർഡ് ഡിസ്‌കിൽ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന കാര്യം ഫോറൻസിക് പരിശോധനയിൽ വ്യക്തമാകും. സംഭവദിവസം തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിച്ച ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാർ ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ മൊഴി നൽകിയിരുന്നത്. എന്നാൽ ബാലഭാസ്‌കറാണ് കാർ ഓടിച്ചതെന്നാണ് ഡ്രൈവർ അർജുൻ മൊഴിനൽകിയത്. വാഹനം ഓടിച്ചത് ആരെന്നത് സംബന്ധിച്ചുള്ള അവ്യക്തത നീക്കാൻ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ സഹായിക്കുമെന്നതിനാലാണ് ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

അതേസമയം കാറിന്റെ ഡ്രൈവിങ് സീറ്റിലെ രക്തക്കറ ആരുടേതെന്നതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം. ഇത് രണ്ടും ലഭിച്ചാൽ ആരാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാവും. അർജുന്റേത് ഡ്രൈവിങ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകളെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശ്ശൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ വണ്ടിയോടിച്ചത് അർജ്ജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ സഞ്ചരിച്ചത്. ഒരു മണിയോടെ വാഹനം അമിത വേഗതയിൽ സഞ്ചരിച്ചപ്പോൾ മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പെട്ടിരുന്നു. ഇത് ഒരു പ്രധാനതെളിവായി കണക്കിലെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. അപകടമുണ്ടായ ദിവസം വാഹനം 231 കിലോമീറ്റർ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂറാണ്. വാഹനത്തിൽ ഒരു കൊച്ചു കുഞ്ഞിനെയും വച്ചാണ് ഇത്ര അമിതവേഗതയിൽ വാഹനമോടിയത്.

തിരുവനന്തപുരത്തിന് അടുത്ത് വച്ച് വാഹനം അപകടത്തിൽ പെടുമ്പോൾ മുൻസീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാൻ അയാൾ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികൾ. കുഞ്ഞ് മുന്നിൽ ബ്രേക്കിന്റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുൻസീറ്റിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ ആരാണ് വാഹനമോടിച്ചതെന്നതിൽ ഇപ്പോഴും പൊലീസിന് കൃത്യമായ തെളിവുകളില്ല. അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. അർജുൻ ആദ്യം മൊഴി നൽകിയത് ബാലഭാസ്‌കറാണെന്നും.

അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനായിരുന്നു കാർ ഓടിച്ചതെന്നാണ്. എന്നാൽ പൊലീസിനു നൽകിയ മൊഴിയിൽ അർജുൻ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിർത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അർജുന്റെ മൊഴി. ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളും പൊലീസിന് കിട്ടി. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അർജുന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണോ അർജുൻ മുങ്ങിയതെന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്.

പാലക്കാടാണ് അർജുൻ ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ പറഞ്ഞത്. എന്നാൽ പാലക്കാട് എത്തിയപ്പോൾ അർജുൻ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവർ മൊഴി നൽകിയത്. വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അർജുൻ നാടുവിട്ട് പോയത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൂന്തോട്ടം ആശുപത്രി മുതലാളിയുടെ ഭാര്യയായ ലതയുടെ സഹോദരന്റെ മകനാണ് അർജുൻ. പ്രകാശ് തമ്പിയാണ് അർജുനെ ബാലഭാസ്‌കറിന്റെ ഡ്രൈവറാക്കിയത്. മുമ്പ് എടിഎം കവർച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം പുതിയ തലത്തിലെത്തിയത്. ഇതോടെ പ്രകാശ് തമ്പിയെ പ്രതിക്കൂട്ടിൽ നിർത്തി ബാലഭാസ്‌കറിന്റെ അച്ഛൻ രംഗത്ത് വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP