Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നോവ മരത്തിലിടിച്ചപ്പോൾ സ്പീഡോമീറ്ററിൽ വേഗം 100 കിലോമീറ്ററായി നിലച്ചു; അപകടത്തിന് തൊട്ടുമുമ്പ് കാർ പാഞ്ഞത് നൂറിനും നൂറ്റിയിരുപതിനും ഇടയിൽ; ഡ്രൈവർ ഉറങ്ങിയാൽ റോഡിന്റെ ചെരിവിലൂടെ കാർ എതിർദിശയിലേക്ക് മാറാം; സീറ്റ് ബൽറ്റിട്ടിരുന്നത് മുൻവശത്ത് ഇടതുസീറ്റിലിരുന്ന യാത്രക്കാരൻ മാത്രം; ആരായിരുന്നു കാർ ഓടിച്ചിരുന്നതെന്നറിയാൻ ഫോറൻസിക് ഫലം നിർണായകം; മോട്ടോർ വാഹനവകുപ്പും ടൊയോട്ടയും നടത്തിയ പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ ബാലഭാസ്‌കറിന്റെ വാഹനാപകടകാരണം അമിതവേഗത തന്നെ

ഇന്നോവ മരത്തിലിടിച്ചപ്പോൾ സ്പീഡോമീറ്ററിൽ വേഗം 100 കിലോമീറ്ററായി നിലച്ചു; അപകടത്തിന് തൊട്ടുമുമ്പ് കാർ പാഞ്ഞത് നൂറിനും നൂറ്റിയിരുപതിനും ഇടയിൽ; ഡ്രൈവർ ഉറങ്ങിയാൽ റോഡിന്റെ ചെരിവിലൂടെ കാർ എതിർദിശയിലേക്ക് മാറാം; സീറ്റ് ബൽറ്റിട്ടിരുന്നത് മുൻവശത്ത് ഇടതുസീറ്റിലിരുന്ന യാത്രക്കാരൻ മാത്രം; ആരായിരുന്നു കാർ ഓടിച്ചിരുന്നതെന്നറിയാൻ ഫോറൻസിക് ഫലം നിർണായകം; മോട്ടോർ വാഹനവകുപ്പും ടൊയോട്ടയും നടത്തിയ പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ ബാലഭാസ്‌കറിന്റെ വാഹനാപകടകാരണം അമിതവേഗത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഗീത സംവിധായകനും വയലിൻ വാദകനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിതവേഗമെന്ന തെളിഞ്ഞു. ഇതുകൂടാതെ ഡ്രൈവറുടെ അശ്രദ്ധയും ദുരന്തത്തിന് കാരണമായി. കാറിന്റെ വേഗത 100 നും 120 നും ഇടയ്ക്കായിരുന്നു. അപകടത്തിൽപ്പെട്ട ഇന്നോവ കാറിന്റെ സ്പീഡോമീറ്റർ 100 കിലോമീറ്റർ വേഗതയിൽ സ്റ്റില്ലായി നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയാൽ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിർ ദിശയിലേക്ക് മാറി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോർട്ട്.

മോട്ടോർവാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സർവീസ് എൻജിനിയർമാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കർ മരിക്കാൻ ഇടയായ അപകടം ആസൂത്രിതമാണോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മുൻ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരൻ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫൊറൻസിക് ഫലം കൂടി ലഭിച്ചശേഷം മാത്രമേ ആരായിരുന്നു വാഹനമോടിച്ചിരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുകയുള്ളു. അപകടം ആസൂത്രിതമല്ലെന്ന സൂചന പ്രാഥമിക പരിശോധനയിൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സാങ്കേതിക പരിശോധനാ ഫലവും ഫോറൻസിക് റിപ്പോർട്ടും പരിശോധനിച്ച ശേഷമെ ക്രൈംബ്രാഞ്ച് അന്തിമ നിലപാടിലെത്തുകയുള്ളു. ബാലഭാസ്‌കറുടെ മരണവുമായി തിരുവനനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കുന്നതിന് തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാർ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെട്ടത്.കൊല്ലം ഭാഗത്തുനിന്നുവന്ന വാഹനം പള്ളിപ്പുറം വളവിൽ ദിശതെറ്റി വലതുവശത്തുനിന്ന് മരത്തിൽ റോഡിന് സമാന്തരമായി ഇടിച്ചായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതേ മാതൃകയിൽ കാറോടിച്ചായിരുന്നു ക്രൈംബ്രാഞ്ച് സംഘം അപകടം പുനരാവിഷ്‌കരിച്ചത്.

പലരീതിയിൽ വാഹനം ഓടിച്ച് അപകടസാധ്യത വിലയിരുത്തി. ബാലഭാസ്‌കറിനെ അപായപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ നേരത്തേ പരാതിപ്പെട്ടിരുന്നു. കാർ വെട്ടിത്തിരിഞ്ഞ് മരത്തിലേക്ക് ഇടിച്ചുകയറിയെന്നതിലും ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സാങ്കേതിക പരിശോധനയ്ക്കും അപകടത്തിന്റെ പുനരാവിഷ്‌കരണത്തിനും ക്രൈംബ്രാഞ്ച് തയ്യാറായത്.

ടൊയോട്ട കമ്പനിയിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ക്രൈംബ്രാഞ്ച് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കാർ മരത്തിൽ ഇടിച്ചാൽ ഉണ്ടാകാനിടയുള്ള ആഘാതമാണ് സാങ്കേതികസംഘം വിലയിരുത്തിയത്. ബാലഭാസ്‌കർ സഞ്ചരിച്ച കാറും പരിശോധിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ മോട്ടോർ വാഹന വകുപ്പിൽനിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. തൃശൂരിൽനിന്ന് രാത്രി 11.30നാണ് ബാലഭാസ്‌കറും കുടുംബവും യാത്ര തിരിച്ചത്. കാറോടിച്ചത് അർജുൻ. പുലർച്ചെ 1.08ന് ചാലക്കുടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കാർ തെളിയുമ്പോൾ മണിക്കൂറിൽ 94 കിലോമീറ്റർ വേഗം. പുലർച്ചെ 3.45നാണ് കാർ പള്ളിപ്പുറത്ത് അപകടത്തിൽപ്പെടുന്നത്. 231 കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടിവന്നത് 2.37 മണിക്കൂർ. അപകടസമയത്ത് കാറോടിച്ചത് ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കാറോടിച്ചത് അർജുനാണെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി. കാറോടിച്ചത് താനാണെന്ന് പറഞ്ഞ അർജുൻ പിന്നീട് മൊഴി മാറ്റി. ദൃക്‌സാക്ഷി മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. ഫൊറൻസിക് പരിശോധനാഫലം പുറത്തുവരാൻ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുണ്ടെന്നും ദുരൂഹത മാറ്റണമെന്നുമാണ് പിതാവ് ഉണ്ണിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP