Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിക്കാര്യത്തിൽ കാണിച്ച പാതി അത്മാർത്ഥത കാട്ടിയാൽ ബാബു കുടുങ്ങുമെന്ന് ഉറപ്പ്; ബാബു പണം ചോദിച്ചതിനും ബാറുടമകൾ പിരിച്ചതിനും അനേകം തെളിവുകൾ; മൊഴികൾ എല്ലാം അവഗണിച്ച് ബാബുവിനെ രക്ഷിച്ച് പൊലീസ് അന്വേഷണം

മാണിക്കാര്യത്തിൽ കാണിച്ച പാതി അത്മാർത്ഥത കാട്ടിയാൽ ബാബു കുടുങ്ങുമെന്ന് ഉറപ്പ്; ബാബു പണം ചോദിച്ചതിനും ബാറുടമകൾ പിരിച്ചതിനും അനേകം തെളിവുകൾ; മൊഴികൾ എല്ലാം അവഗണിച്ച് ബാബുവിനെ രക്ഷിച്ച് പൊലീസ് അന്വേഷണം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഇരട്ട നീതി നടന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ വീണ്ടും ചർച്ചയാകുന്നു. ലൈസൻസ് ഫീസ് കുറയ്ക്കാനായി മന്ത്രിമാർക്ക് നൽകുന്നതിന് ബാറുടമകളിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന മൊഴി പുറത്തുവന്നു. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കൾ നൽകിയ മൊഴി അവഗണിച്ചാണ് മന്ത്രി കെ ബാബുവിനെ വിജിലൻസ് കുറ്റവിമുക്തനാക്കിയത്. തങ്ങൾ പല കാര്യങ്ങൾക്കും മന്ത്രിമാർക്ക് പണം കൊടുത്തതിന്റെ തെളിവ് കൈവശമുണ്ടെന്ന എലഗൻസ് ബാറുടമ ബിനോയിയുടെ വെളിപ്പെടുത്തലും മൊഴിയിലുണ്ട്. എന്നാൽ ഇതൊന്നും വിജിലൻസ് മുഖവിലയ്ക്ക് പോലുമെടുക്കാതെയാണ് ബാബുവിനെ കുറ്റവിമുക്തനാക്കിയത്.

അതിനിടെ മന്ത്രി കെ ബാബുവിനെതിരായ ബാർ കോഴ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ തീരുമാനമെടുക്കേണ്ടത് വിജിലൻസ് ഡയറക്ടറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്വതന്ത്ര ഏജൻസിയാണ്. ബാബുവിനെതിരായ പരാതിയിൽ അവർ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തിൽ സർക്കാർ ഇടപെടില്ല. വിജിലൻസിന്റെ നടപടിക്രമങ്ങൾ കോടതിയുടെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാം. ബാർ കോഴയിൽ കെ എം മാണിക്കും കെ ബാബുവിനും ഇരട്ടനീതിയാണ് ലഭിച്ചതെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് മാദ്ധ്യമങ്ങളുടെ സമ്മർദം കൊണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്തെ സേവ്യേഴ്‌സ് ബാറുടമ കാർത്തികേയൻനായർ, തൊടുപുഴയിലെ ജമിനി ഗാർഡൻ ബാറുടമ ജയറാം എന്ന ദീപു, മഞ്ചേരിയിലെ ഹോട്ടൽ മലബാർ ഹെറിറ്റേജ് ഉടമ അനിൽ, പാലക്കാട് ഹോട്ടൽ ചാണക്യ ബാറുടമ സതീഷ് എന്നിവരുടെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. വ്യക്തമായ മൊഴിയുണ്ടായിട്ടും ബാബുവിനെതിരെ വിശ്വസനീയമായ തെളിവ് കിട്ടിയില്ലെന്നാണ് വിജിലൻസ് ഡിവൈഎസ്‌പി അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിക്ക് പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കുന്നത്് തന്റെ പരിഗണനാവിഷയത്തിൽപ്പെട്ടതല്ലെന്നാണ് ഡിവൈഎസ്‌പിയുടെ വാദം. പിന്നെ എന്തിന് അവരുടെ മൊഴി എടുത്തുവെന്നതാണ് ഉയരുന്ന ചോദ്യം. പ്രീ ബജറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് ബിജു രമേശ് മൊഴി നൽകിയത്. എന്നിട്ടും ഈ തെളിവുകൾ പരിഗണിക്കാത്തത് ദുരൂഹമാണ്. ധനമന്ത്രിയായിരുന്ന കെഎം മാണിയ്‌ക്കെതിരെയുള്ളതിനേക്കാൾ നേരിട്ടുള്ള മൊഴികളും തെളിവും ബാബുവിനെതിരെ ഉണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

2012-13ലെ പ്രീബജറ്റ് ചർച്ചയിൽ ബാർ ലൈസൻസ് ഫീസ് 23 ലക്ഷത്തിൽനിന്ന് 30 ലക്ഷമായി ഉയർത്തുമെന്ന് മന്ത്രി ബാബു പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ രഹസ്യചർച്ചയിൽ പത്തുകോടി രൂപയുമായി വന്നാൽ ഫീസ് കുറയ്ക്കാമെന്ന് മന്ത്രി അറിയിച്ചതായി ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ എറണാകുളത്ത് യോഗം ചേർന്നു. ഫീസ് കൂട്ടാൻ തീരുമാനിച്ച കാര്യം പ്രസിഡന്റ് രാജ്കുമാർ ഉണ്ണിയാണ് യോഗത്തിൽ റിപ്പോർട്ട് ചെയ്തത്. ഫീസ് കുറച്ചുകിട്ടുന്നതിന് ബാറുടമകൾ പണം പിരിച്ചുതരണമെന്ന് അദ്ദേഹം പറഞ്ഞതായി അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറികൂടിയായ ജയറാമിന്റെ മൊഴിയിൽ പറയുന്നു. അങ്ങനെ ബാബു കോഴ ചോദിച്ചതിനും വ്യക്തമായ മൊഴി വിജിലൻസിന് കിട്ടിയെന്ന് വ്യക്തം.

ലൈസൻസ് ഫീസ് കുറച്ചുകിട്ടാൻ പാലക്കാട് ജില്ലയിൽനിന്ന് പത്തുലക്ഷം രൂപ പിരിച്ചുകൊടുത്തെന്ന് ചാണക്യ ബാറുടമ സതീഷ് മൊഴിനൽകി. തൃശൂരിൽനിന്ന് പത്തുലക്ഷം പിരിച്ചെന്നാണ് സി ഡി ജോഷിയുടെ മൊഴി. ലീഗൽ ഫണ്ട്, പൊളിറ്റിക്കൽ ഫണ്ട് എന്നീ ഇനങ്ങളിലാണ് പിരിച്ചത്. ലൈസൻസ് ഫീസ് പുതുക്കുന്നതിന് എലഗൻസ് ബിനോയി കൈയിൽനിന്ന് വൻതുക ചെലവഴിച്ചതായും മൊഴിയിലുണ്ട്. മന്ത്രിമാരെ കാണാൻ പോകുന്നതായി സംഘടനാ ഭാരവാഹികൾ പല യോഗങ്ങളിലും പറഞ്ഞതായും ബാറുടമകളുടെ മൊഴിയിലുണ്ട്. സേവ്യേഴ്‌സ് ബാറുടമ കാർത്തികേയൻ തിരുവനന്തപുരം ജില്ലയിലെ ബാറുടമകളിൽനിന്ന് ഒന്നരലക്ഷം രൂപവീതം പിരിച്ചതായി പറയുന്നുണ്ട്. മന്ത്രി ബാബുവിന് പണം പിരിച്ചുനൽകിയത് ബിനോയിയായിരുന്നുവെന്ന് ബിജു രമേശ് മൊഴിനൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ജയറാമിന്റെ മൊഴി. ഇതെല്ലാം വിജിലൻസ് തള്ളുകയായിരുന്നു.

ഈ തെളിവുകളെല്ലാം പരിശോധിച്ചാൽ ബാബുവിനെതിരെ വിജിലൻസിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടി വരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP