Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാർകോഴ അന്വേഷണം അട്ടിമറിക്കില്ല; എഡിജിപി ജേക്കബ് തോമസിന് പ്രെമോഷനുമില്ല; മേൽനോട്ട ചുമതല വിൻസൺ എം പോളിന്; തെളിവുകൾ വിജിലൻസിന് കൈമാറി ബിജു രമേശ്; ഒന്നും അറിയില്ലെന്ന് എലഗൻസ് ബാറുടമ

ബാർകോഴ അന്വേഷണം അട്ടിമറിക്കില്ല; എഡിജിപി ജേക്കബ് തോമസിന് പ്രെമോഷനുമില്ല; മേൽനോട്ട ചുമതല വിൻസൺ എം പോളിന്; തെളിവുകൾ വിജിലൻസിന് കൈമാറി ബിജു രമേശ്; ഒന്നും അറിയില്ലെന്ന് എലഗൻസ് ബാറുടമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസഭാ യോഗം നാലു പേർക്ക് ഡി.ജി.പി പദവി നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നേരത്തേ ഡി.ജി.പി. ആക്കിയ എം.എൻ കൃഷ്ണമൂർത്തി, വിൻസൺ എം. പോൾ ഉൾപ്പെടെയുള്ള ആറു പേർ ഡി.ജി.പി പദവിക്ക് യോഗ്യരാണെന്ന സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനെ ഡി.ജി.പി പദവി നൽകിയെന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

30 വർഷം സർവീസ് പൂർത്തിയാക്കിയ 19841985 ബാച്ചിലെ ഐ.പി.എസുകാരായ അരുൺകുമാർ സിൻഹ, ഡോ. ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, എന്നിവർ ഡി.ജി.പി പദവിക്ക് യോഗ്യരാണെന്ന കമ്മിറ്റിയുടെ നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. ഡി.ജി.പി ആയി ഓരോരുത്തർക്കും പോസ്റ്റിങ് നൽകുന്നത് പിന്നീട് ഒഴിവു വരുന്ന മുറക്കു മാത്രമാണ്. ഉദാഹരണത്തിന് 2013ൽ സ്‌ക്രീനിങ് കമ്മിറ്റി ഡി.ജി.പി. പദവിക്ക് ശുപാർശ നൽകിയ ടിപി സെൻകുമാറിന് ഡി.ജി.പി പദവിയിൽ പോസ്റ്റിങ് ലഭിച്ചത് ഒരു വർഷത്തിനു ശേഷം 2014ൽ മാത്രമാണ്. ബാർ കോഴക്കേസിന്റെ മേൽനോട്ടം വഹിക്കുന്നത് വിജി. ഡയറക്ടർ വിൻസൺ എം. പോൾ നേരിട്ടാണ്. ബാർ കോഴക്കേസ് അട്ടിമറിക്കാൻ സ്ഥാനക്കയറ്റം നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ബാർ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന ആരോപണങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് ജേക്കബ് തോമസിന് പ്രെമോഷൻ നൽകി വിജിലൻസിൽ നിന്ന് മാറ്റാൻ അണിയറ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം ജേക്കബ് തോമസിന് പ്രൊമോഷൻ നൽകിയെന്നും വാർത്ത എത്തി. ഇതിനെയാണ് ആഭ്യന്തരമന്ത്രി നിഷേധിക്കുന്നത്. ഒപ്പം ബാർ കോഴയിലെ അന്വേഷണ ചുമതല വിൻസൺ എം പോളിന് നൽകിയെന്നും ചെന്നിത്തല പറയുന്നു. വിജിലൻസ് ഡയറക്ടറുടെ മേൽനോട്ട ചുമതലിയിൽ ബാർ കോഴക്കേസ് എത്തിച്ച് ജേക്കബ് തോമസിനെ ഒഴിവാക്കുകയാണെന്ന വാദവും അതിനിടെ ഉയർന്നു കഴിഞ്ഞു.

ബാർ കോഴയിൽ കെ എം മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത് ജേക്കബ് തോമസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജിനെതിരായ നീക്കത്തിന് നേതൃത്വം നൽകിയതും ജേക്കബ് തോമസിനായിരുന്നു. ിവാദമായ പാറ്റൂർ ഭൂമിയിടപാടും അന്വേഷിച്ചതും ജേക്കബ് തോമസായിരുന്നു. 16 വർഷമായി പൊലീസ് സേനയ്ക്ക് പുറത്ത് ജോലി ചെയ്തിരുന്ന ജേക്കബ് തോമസ് കഴിഞ്ഞവർഷമാണ് വിജിലൻസ് എഡിജിപിയായി നിയമിതനായത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമായിരുന്നു ജേക്കബ് തോമസിനെ വിജിലൻസിൽ എഡിജിപിയായി നിയമിച്ചത്.

മാണിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ ബാറുടമകൾ മാദ്ധ്യമങ്ങളിലുടെ പുറത്തു വിട്ടതോടെയാണ് എഡിജിപിയെ മാറ്റാനുള്ള നീക്കം സജീവമായത്. നേരത്തെ ധനമന്ത്രി കെഎം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടിരുന്നു.

അതിനിടെ ബാർകോഴ കേസിൽ കൂടുതൽ തെൽവുകൾ പുറത്തുവരുന്നതിനിടെ ബിജു രമേശിനെ വെല്ലുവിളിച്ച് മാണി തന്നെ രംഗത്തുവന്നു. ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് വിജിലൻസിന് കൂടുതൽ തെളിവുകൾ നൽകുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. തന്റെ രാജിയാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ചെയ്യുന്നതും നല്ല കാര്യമാണ്. സമരത്തെക്കുറിച്ച് അങ്കലാപ്പില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു

ബാർകോഴക്കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് ബിജു രമേശ് ഇന്നു തെളിവുനൽകാനിരിക്കുകയാണ്. വിജിലൻസ് എസ്‌പി ആർ.സുകേശന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. കോഴപ്പണം കൈമാറിയെന്ന് ബിജു രമേശ് നേരത്തെ മൊഴിയിൽ പരാമർശിച്ചിട്ടുള്ള ബാർ ഹോട്ടലുടമകൾ ഇക്കാര്യം തുറന്നുപറയുന്നതിന്റെ ശബ്ദരേഖയാണ് പ്രധാന തെളിവ്. ഈ ശബ്ദരേഖ ബിജു രമേശ് വിജിലൻസിന് കൈമാറിയിട്ടുണ്ട്.

എന്നാൽ വിജിലൻസ് അന്വേഷണത്തിൽ കോഴയിടപാട് ഇവർ നിഷേധിച്ച സാഹചര്യത്തിലാണ് തെളിവ് പുറത്തുവിടുന്നത് എന്നാണ് ബിജു രമേശിന്റെ പക്ഷം. അനിമോൻ എന്ന ബാറുടമയുടെ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയിരുന്നു. അതിനിടെ പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് എലഗൻസ് ബാറുടമ ബിനോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ ശബ്ദരേഖ എങ്ങനെ പുറത്തുവന്നു എന്നതിനെ കുറിച്ച് തിരക്കാൻ ബിജു രമേശിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി നെടുമ്പാശ്ശേരിയിൽ വച്ച് നൽകിയതിനെ കുറിച്ച് അറിയില്ലെന്നും ബിനോയ് പറഞ്ഞു.

ഡിസംബർ 31ന് ബാറുടമകളുടെ അസോസിയേഷൻ യോഗത്തിലെ സംഭാഷണങ്ങളുടെ ശബ്ദരേഖയാണ് കൈമാറിയത്. 22 മിനിറ്റുള്ള ശബ്ദരേഖയിൽ മാണിക്ക് പണം കൈമാറിയ വിധമാണ് വിവരിക്കുന്നത്. അഞ്ചു കോടി രൂപ മാണിക്കു വീട്ടിലെത്തി കൈമാറിയതായി അനിമോൻ പറയുന്നുണ്ട്. പുലർച്ചെ ഒരു മണിക്കാണു പെട്ടിയിലാക്കി പണം കൈമാറിയത്. കാര്യം ഏറ്റെന്നു മാണി പറഞ്ഞു. അപ്പോൾ ഉറപ്പു വേണമെന്നു മാണി ആവശ്യപ്പെട്ടു. പലിശയ്‌ക്കെടുത്ത പണമാണു കൈമാറിയതെന്നും അനിമോൻ മാണിയോട് പറയുന്നുണ്ട്.

അതിനിടെ സിബിഐ വന്നാൽ മുഴുവൻ തെളിവും നൽകുമെന്ന് ബിജു രമേശ് വ്യക്തമാക്കി. മാണിക്കെതിരായ തെളിവുകളാണ് ഇന്ന് കൈമാറിയത്. വിജിലൻസിന് കൂടുതൽ വിവരങ്ങൾ നൽകാൻ ഭയമാണ്. മന്ത്രിമാർക്ക് പണം കൊടുത്തതിന്റെ തെളിവുണ്ട്. കേസിൽ നിന്ന് പിന്മാറാൻ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് അവകാശപ്പെട്ട ബിജു രമേശ് കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്നും അറിയിച്ചു. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും സാക്ഷികൾ കൂറുമാറാതിരിക്കാനാണ് തെളിവുകൾ പുറത്തുവിട്ടതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP