Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി കൂട്ട കൊലക്കേസിലെ പ്രതി സൗമ്യയുടെ മരണത്തിന് പിന്നിൽ ജയിൽ അധികൃതരുടെ വീഴ്‌ച്ച; കൊലക്കേസിലെ പ്രതികൾ പുറം ജോലിക്കു പോകുമ്പോൾ ജാഗ്രത വേണമെന്ന് ചട്ടമുണ്ടായിട്ടും വനിതാ ജയിലിൽ ഇത് പാലിച്ചില്ല; ആത്മഹത്യ ചെയ്യാനായി സഹതടവുകാരിയുടെ സാരി എങ്ങനെ ലഭിച്ചുവെന്നതിൽ അവ്യക്തത; ജയിലിൽ നിന്നും സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായില്ലെന്നും സൂചന

പിണറായി കൂട്ട കൊലക്കേസിലെ പ്രതി സൗമ്യയുടെ മരണത്തിന് പിന്നിൽ ജയിൽ അധികൃതരുടെ വീഴ്‌ച്ച; കൊലക്കേസിലെ പ്രതികൾ പുറം ജോലിക്കു പോകുമ്പോൾ ജാഗ്രത വേണമെന്ന് ചട്ടമുണ്ടായിട്ടും വനിതാ ജയിലിൽ ഇത് പാലിച്ചില്ല; ആത്മഹത്യ ചെയ്യാനായി സഹതടവുകാരിയുടെ സാരി എങ്ങനെ ലഭിച്ചുവെന്നതിൽ അവ്യക്തത; ജയിലിൽ നിന്നും സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

 കണ്ണൂർ: പിണറായിയിൽ കുടുംബാംഗങ്ങളെ വിഷം കൊടുത്തുകൊന്ന കേസിലെ പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. സൗമ്യയുടെ മരണത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വിഴ്‌ച്ചയുണ്ടായെന്നാണ് നിഗമനം. സാധാരണ രീതിയിൽ ജയിലിലുള്ള കൊലക്കേസ് പ്രതികളെ പുറം ജോലികൾക്ക് നിയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടതാണ്. ഇത് സൗമ്യയുടെ കാര്യത്തിലുണ്ടായില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടി. തടവുകാർ സെല്ലിന് പുറത്തേക്ക് പോകുമ്പോൾ ഉദ്യോഗസ്ഥർ കൂടെയുണ്ടാകേണ്ടതാണ്. പക്ഷേ മരത്തിന്റെ കൊമ്പിൽ തൂങ്ങിയ ശേഷമാണ് സൗമ്യയെ കാണാനില്ലെന്ന വിവരം അധികൃതർ അറിഞ്ഞത്.

കണ്ണൂർ വനിതാ ജയിലിൽ തടവുകാരേക്കാൾ കൂടുതൽ ജീവനക്കാരുണ്ട്. 20 തടവുകാർക്കു 23 ജീവനക്കാരാണു ജയിലുള്ളത്. എന്നിട്ടും സൗമ്യ തൂങ്ങിമരിച്ചതു ഗുരുതര പിഴവുകളിലേക്കാണു വിരൽചൂണ്ടുന്നത്. എന്നാൽ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നതു നാലു പേർ മാത്രമായിരുന്നു. മൂന്നേക്കർ വിസ്തൃതിയിലുള്ള ജയിൽ വളപ്പിൽ സൗമ്യയുടെ അസാന്നിധ്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നതും ശ്രദ്ധേയം.രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലിൽ നിന്നു പുറത്തിറക്കിയത്.

7.30നു പ്രാതൽ കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30 നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇത്. റിമാൻഡ് തടവുകാർ ജയിലിനുള്ളിൽ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണു സൗമ്യയുടെ കയ്യിൽ എത്തിയതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.ശിക്ഷിക്കപ്പെടുന്ന തടവുകാർക്കു മാത്രമാണു ജയിലിനുള്ളിൽ ജോലി നൽകുക.

എന്നാൽ റിമാൻഡ് തടവുകാർ ആവശ്യപ്പെടുന്ന പക്ഷം അവർക്കും ജോലി നൽകാം. പ്രതിയുടെ മാനസികനില, ഉൾപ്പെട്ട കേസിന്റെ സ്ഥിതി എന്നിവ നോക്കിയാണ് ഇതു തീരുമാനിക്കേണ്ടത്. വനിതാ ജയിൽ സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് ഉത്തരമേഖലാ ജയിൽ ഡിഐജി എസ്. സന്തോഷിനു നൽകി. റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷിനോടും ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദ അന്വേഷണത്തിനു ഡിഐജി അടുത്തദിവസം ജയിലിലെത്തും. ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.

ജയിലിൽനിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായിട്ടില്ല. ഇന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌മോർട്ടം ചെയ്യുന്ന മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സംസ്‌കരിക്കും. സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണു സൗമ്യ വിഷം നൽകി കൊന്നത്. പൊലീസ് കുറ്റപത്രം നൽകിയ മൂന്നുകേസിലുമായി ജയിലിൽ റിമാൻഡിൽ കഴിയവെയാണ് വെള്ളിയാഴ്ച സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

സൗമ്യയുടെ മകളും മാതാപിതാക്കളും ആഴ്ചകളുടെ വ്യത്യാസത്തിലാണ് മരണപ്പെട്ടത്. ഒരു മകൾ ഈ മരണങ്ങൾ നടന്നതിന് മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. അവസാനം മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞ മാസമാണ് സൗമ്യക്കെതിരെ അന്വേഷണോദ്യോഗസ്ഥർ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. എണ്ണൂറ് പേജുള്ള കുറ്റപത്രത്തിൽ അമ്പത്തിയൊമ്പത് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സൗമ്യയുടെ കുറ്റസമ്മതമൊഴിക്കൊപ്പം ശാസ്ത്രീയ തെളിവുകളും ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തിൽ എലിവിഷം കലർത്തിയാണ് സൗമ്യ ഓരോരുത്തരെയായി കൊലപ്പെടുത്തിയത്. തന്റെ ബന്ധങ്ങൾക്ക് വിഘാതമായതിനാലാണ് കൊല നടത്തിയതെന്ന് സൗമ്യയുടെ കുറ്റസമ്മതമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP