Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജുവിനെ വകവരുത്താൻ കൊലയാളികൾ എത്തിയ ഇന്നോവ അനധികൃത റെന്റ് എ കാറെന്ന് സംശയം; അനധികൃത വാടക കാറുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് പതിവാകുന്നു; വധഭീഷണിയെ തുടർന്ന് മറ്റൊരു ആർഎസ്എസ് നേതാവ് ആലക്കാട്ടെ ബിജുവിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയേക്കും

ബിജുവിനെ വകവരുത്താൻ കൊലയാളികൾ എത്തിയ ഇന്നോവ അനധികൃത റെന്റ് എ കാറെന്ന് സംശയം; അനധികൃത വാടക കാറുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് പതിവാകുന്നു;  വധഭീഷണിയെ തുടർന്ന് മറ്റൊരു ആർഎസ്എസ് നേതാവ് ആലക്കാട്ടെ ബിജുവിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയേക്കും

രഞ്ജിത് ബാബു

കണ്ണൂർ: ആർ.എസ്. എസ്. നേതാവ് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകികൾ സഞ്ചരിച്ച കാർ അനധികൃത റെന്റ് എ കാർ ആണെന്ന് സംശയം. ഈ കൊലപാതകത്തെത്തുടർന്ന് പയ്യന്നൂർ മേഖലയിലെ വാടകയ്ക്ക് കാറുകൾ നൽകുന്ന ഇടപാടുകാരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ വടക്കൻ മേഖലകളിലും കാസർഗോഡും മംഗലാപുരത്തും പയ്യന്നൂരിലെ അനധികൃത റെന്റ് എ കാറുകളുപയോഗിച്ച് അക്രമങ്ങളും കവർച്ചയും നടക്കുന്നുവെന്ന സൂചന ശക്തമായിട്ടുണ്ട്.

പയ്യന്നൂർ കേന്ദ്രീകരിച്ച് ഇത്തരം റെന്റ് എ കാർ ഇടപാടുകൾ കൂടിവരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്,. വാടകയ്ക്ക് കാർ നൽകുന്നവർ പൊലീസിൽനിന്നും മോട്ടോർ വാഹനവകുപ്പിൽ നിന്നും അനുമതി നേടിയിരിക്കണം. എന്നാൽ ഈ മേഖലകളിൽ ചില വ്യക്തികൾ രണ്ടോ മൂന്നോ കാറുകൾ വാങ്ങി അവ വാടകയ്ക്ക് നൽകുകയാണ്. മതിയായ രേഖകളില്ലാതെയാണ് ഈ ഇടപാട്.

അക്രമങ്ങൾക്കും കവർച്ചയ്ക്കും കേരള - കർണ്ണാടക അതിർത്തി പ്രദേശങ്ങളിലേക്ക് ഇവിടങ്ങളിൽ നിന്നും കാർ കൊണ്ടുപോവുന്നുണ്ട്. കൃത്യം നിർവ്വഹിച്ച് അതിർത്തി മേഖലയിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് കടന്നാൽ ഇവർ ഇവിടെ സുരക്ഷിതരാണ്. മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വാഹനങ്ങൾ ഉപയോഗിച്ചതിന്റെ ഒട്ടേറെ തെളിവുകൾ മംഗളൂരു പൊലീസിലുണ്ട്. എന്നാൽ അതിലേറെ വാഹനങ്ങൾ തെളിവില്ലാതെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നുമുണ്ട്. അടുത്തിടെ മംഗളൂരുവിൽ നടന്ന കൊലപാതകങ്ങളിലും കവർച്ചകളിലും കേരളത്തിലെ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ആർ.എസ്. എസ്. നേതാവ് രാമന്തളിയിലെ ബിജുവിനെ കൊലപ്പെടുത്താനും റെന്റ് എ കാറാണ് ഉപയോഗിച്ചത്.

രാമന്തളി സ്വദേശിയായ ബിനോയ് എന്നയാളാണ് കാറിന്റെ ഉടമസ്ഥൻ. 35,000 രൂപയാണ് ഉടമ വാടകയായി ആവശ്യപ്പെട്ടത്. ഒടുവിൽ 30,000 രൂപക്ക് കാർ വാടകയ്ക്ക് നൽകാമെന്ന് ധാരണയാവുകയായിരുന്നു. അതുപ്രകാരം ഏപ്രിൽ 25 ന് തന്നെ കാർ കൈമാറി. വാടകയ്ക്ക് നൽകിയ കാറിന് നിയമപരമായ രേഖകൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. മാത്രമല്ല കാർ ഉടമയെ ബിജു വധക്കേസിൽ പ്രതി ചേർക്കുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ റെന്റ് എ കാർ നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

ബിജു കൊല്ലപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ മേഖലയിൽ പൊലീസ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന സംശയത്തെ തുടർന്നാണ് ഇത്. എം.എസ്‌പി. , കെ.എ.പി എന്നീ വിഭാഗങ്ങളെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഒൻപത് പൊലീസ് പിക്കറ്റുകളും പത്തിലേറെ പൊലീസ് വാഹനങ്ങളും റോന്തു ചുറ്റുന്നുണ്ട്. അതേസമയം ആർ.എസ്. എസ്. നേതാവ് ബിജുവിന്റെ കൊലപാതകത്തെ തുടർന്ന് മറ്റൊരു ആർ.എസ്. എസ് നേതാവായ ആലക്കാട്ടെ ബിജുവിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

നേരത്തെ ഡിവൈഎഫ്ഐ. പ്രവർത്തകൻ ധൻരാജ് വധക്കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച ആളാണ് ആലക്കാട്ടെ ബിജു. ധൻരാജ് വധക്കേസിൽ ആലക്കാട്ട് ബിജുവിനെ ഉൾപ്പെടുത്താത്തതിൽ സി.പി.എം. നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുമ്പ് രാഷ്ട്രീയ അക്രമത്തിന് വിധേയനായിരുന്നു ബിജു. അന്നു മുതൽ ഇയാളുടെ ജീവന് ഭീഷണി ഉണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP