Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരക്കേറിയ പാതയിലൂടെ നൂറ്റമ്പത് കിലോമീറ്റർ വേഗതയിൽ ബൈക്ക് റെയ്സ്; സീബ്രാലൈനിലൂടെ റോഡിന് കുറുകെ പോയ അദ്ധ്യാപകൻ അമിത വേഗതയിൽ പാഞ്ഞ ബൈക്ക് ഇടിച്ച ആഘാതത്തിൽ വായുവിൽ തെറിച്ച് തലതല്ലി താഴെ വീണു; രാമപുരത്ത് മുപ്പതോളം ചെറുപ്പക്കാർ നടത്തിയ മത്സരയോട്ടത്തിൽ പൊലിഞ്ഞത് ഏവർക്കും പ്രിയങ്കരനായ വള്ളിക്കാപ്പറ്റ സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുടെ ജീവൻ

തിരക്കേറിയ പാതയിലൂടെ നൂറ്റമ്പത് കിലോമീറ്റർ വേഗതയിൽ ബൈക്ക് റെയ്സ്; സീബ്രാലൈനിലൂടെ റോഡിന് കുറുകെ പോയ അദ്ധ്യാപകൻ അമിത വേഗതയിൽ പാഞ്ഞ ബൈക്ക് ഇടിച്ച ആഘാതത്തിൽ  വായുവിൽ തെറിച്ച് തലതല്ലി താഴെ വീണു; രാമപുരത്ത് മുപ്പതോളം ചെറുപ്പക്കാർ നടത്തിയ മത്സരയോട്ടത്തിൽ പൊലിഞ്ഞത് ഏവർക്കും പ്രിയങ്കരനായ വള്ളിക്കാപ്പറ്റ സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുടെ ജീവൻ

ആർ.കണ്ണൻ

മലപ്പുറം: തിരക്കേറിയ പാതകളിലൂടെ ബൈക്ക് റെയസ് നടത്തി നിരവധി അപകടമുണ്ടായിട്ടും അതിനെതിരെ പ്രചരണം നടന്നിട്ടും വീണ്ടും റെയ്‌സിങ് നിർബാധം തുടരുന്നു. ദേശീയപാതയിൽ മുപ്പതോളം ചെറുപ്പക്കാർ ചേർന്ന് നടത്തിയ ബൈക്ക് റെയ്‌സിംഗിനിടെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച അദ്ധ്യാപകൻ മരിച്ചു.

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ദുരന്തമായി മാറി സെയ്തലവി എന്ന അദ്ധ്യാപകന്റെ വേർപാട്. ചെറുപ്പക്കാർ നടത്തിയ ബൈക്ക് മത്സരയോട്ടത്തിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വള്ളിക്കാപറ്റ എ.എം.എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ വള്ളിക്കാപ്പറ്റ പുതുപ്പറമ്പൻ ഹംസയുടെ മകൻ സൈതലവി (47) ആണ് മരിച്ചത്.

ശനിയാഴ്ച സഹ പ്രവർത്തകയായ അദ്ധ്യാപികയുടെ മകളുടെ വിവാഹ നിശ്ചയത്തിനായി രാമപുരത്ത് എത്തിയതായിരുന്നു സെയ്തലവി. ദേശീയ പാത മുറിച്ചു കടക്കാനായി സീബ്രാ ലൈനിലൂടെ നടന്നുതുടങ്ങിയപ്പോൾ പാഞ്ഞുവന്ന ബൈക്ക് സെയ്തലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ അദ്ദേഹം തലയിടിച്ച് താഴെ വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാടിനേറെ പ്രിയങ്കരനായിരുന്നു സെയ്തലവി. വള്ളിക്കാപറ്റ മഹല്ല് സെക്രട്ടറിയും നാട്ടിലെ എല്ലാ പൊതു പരിപാടികളിലും നിറസാന്നിധ്യവുമായിരുന്ന ഈ അദ്ധ്യാപകന്റെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി. കെ.പി.പി.എച്ച്.എ സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയുമായിരുന്നു. ജാതി മത ഭേദമന്യേ എല്ലാവരോടും അടുത്തിടപഴകുന്നതിനാൽ സൗഹൃദങ്ങൾ ഏറെയായിരുന്നു. മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് ഒരു നോക്ക് കാണുവാൻ എത്തിയത്. പൊതുദർശനത്തിന് ശേഷം വള്ളിക്കാപ്പറ്റ മഹല്ല് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

അതേ സമയം സെയ്തലവിയെ ഇടിച്ചു തെറിപ്പിച്ച യുവാവ് ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നു. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു യുവാക്കളുടെ ബൈക്കിൽ കയറിയാണ് യുവാവ് രക്ഷപ്പെട്ടത്. ഇയാൾ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുള്ള വിശദീകരണം.

പൊതു നിരത്തുകളിൽ യുവാക്കൾ ബൈക്ക് റെയ്‌സിങ് നടത്തുന്നത് കൂടി കൊണ്ടിരിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഞ്ചേരി-പാലക്കാട് ദേശീയപാതയിൽ രാവെന്നോ പകലന്നൊ വ്യത്യാസമില്ലാതെ യുവാക്കൾ ബൈക്ക് റെയ്‌സിങ് നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് പൊലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പൊലീസ് കേട്ട ഭാവം നടിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP