Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പബ്ജിക്ക് അപ്പുറം പ്രണയിച്ചത് ഓൺലൈൻ റമ്മിയെ; അക്കൗണ്ടിലൂടെ പണമിറക്കി കളിച്ച് ഒരു ദിവസം അയ്യായിരം രൂപ വരെ സമ്പാദിച്ച ഭ്രാന്ത്; ലഭിച്ചതിന്റെ ഇരട്ടി ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായി; ഉറക്കമിളഞ്ഞുള്ള കളിക്കിടെ മൊബൈലിലൂടെ കാമുകിയേയും കിട്ടി; അസമിലുള്ള പ്രണയിനിയെ കാണാനും സ്വന്തമാക്കാനും പണം അനിവാര്യമായപ്പോൾ താഴത്തങ്ങാടിയിൽ എത്തി; മോഷണ ശ്രമത്തിനിടെ കൊലപാതകവും; പ്രണയത്തിന് അടിമയെന്ന് 'ബാറ്ററി ബിലാൽ'; ഷാനി മൻസിലിലെ കൊലയിൽ വ്യക്തത വരുമ്പോൾ

പബ്ജിക്ക് അപ്പുറം പ്രണയിച്ചത് ഓൺലൈൻ റമ്മിയെ; അക്കൗണ്ടിലൂടെ പണമിറക്കി കളിച്ച് ഒരു ദിവസം അയ്യായിരം രൂപ വരെ സമ്പാദിച്ച ഭ്രാന്ത്; ലഭിച്ചതിന്റെ ഇരട്ടി ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായി; ഉറക്കമിളഞ്ഞുള്ള കളിക്കിടെ മൊബൈലിലൂടെ കാമുകിയേയും കിട്ടി; അസമിലുള്ള പ്രണയിനിയെ കാണാനും സ്വന്തമാക്കാനും പണം അനിവാര്യമായപ്പോൾ താഴത്തങ്ങാടിയിൽ എത്തി; മോഷണ ശ്രമത്തിനിടെ കൊലപാതകവും; പ്രണയത്തിന് അടിമയെന്ന് 'ബാറ്ററി ബിലാൽ'; ഷാനി മൻസിലിലെ കൊലയിൽ വ്യക്തത വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തൽ. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെൺകുട്ടിയെ കാണാൻ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാൽ പൊലീസിനോട് പറഞ്ഞത്. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും ബിലാൽ സമ്മതിച്ചു.

വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അതുകൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കാമുകിയെ പരിചയപ്പെട്ടത്. ഇവർ അസമിലായിരുന്നു. കാമുകിയെ കാണാനും വിവാഹം കഴിക്കാനും പണം ആവശ്യമായിരുന്നു. ഇതിന് വേണ്ടിയായിരുന്നു കൊല.

ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബിലാൽ മൊബൈൽ ഗെയിമുകൾക്ക് അടിമയാണെന്ന് പിതാവ് നിസാമുദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ജിക്കപ്പുറം ഓൺലൈൻ റമ്മിയായിരുന്നു ബിലാലിന്റെ ഇഷ്ടഗെയിം. ഓൺലൈൻ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാൽ നേടിയിരുന്നു. ലഭിക്കുന്നതിന്റെ ഇരട്ടി കളിച്ച് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. ജോലിക്കിടയിൽ പോലും ഭൂരിഭാഗം സമയം മൊബൈൽ ഗെയിം കളിക്കാൻ നീക്കിവെച്ചു. ഈ പണം ഉപയോഗിച്ച് കാമുകിയുടെ അടുത്ത് എത്താനായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി കളിക്കാൻ കൂടുതൽ തുക അനിവാര്യമായിരുന്നുവെന്നും ബിലാൽ പറയുന്നു.

തർക്കത്തെ തുടർന്ന് പിതാവിന്റെ കടയിൽ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചതോടെ വരുമാനം അടഞ്ഞു. പണം കണ്ടെത്താനാണ് മോഷണം തുടങ്ങിയതെന്നാണ് ബിലാലിന്റെ മൊഴി. വാഹനങ്ങളുടെ ബാറ്ററി ഉൾപ്പെടെ മോഷ്ടിച്ച ബിലാലിന് ബാറ്ററി ബിലാലെന്ന ഇരട്ടപ്പേരുമുണ്ട്. കൂടുതൽ പണം ഒറ്റയടിക്ക് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുൽ സാലിയുടെ വീട്ടിലെത്തിയത്. ആ കവർച്ചാശ്രമം കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ നടത്തിയ നീക്കങ്ങളും പ്രതി അതിബുദ്ധിമാനാണെന്ന് തെളിയിക്കുന്നു. തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീർമുക്കം ബണ്ടിൽനിന്ന് മുഹമ്മദ് ബിലാൽ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ പ്രതിയുമായെത്തി നടത്തിയ തിരച്ചിലിൽ മൂന്ന് മൊബൈൽ ഫോണുകൾ, മൂന്ന് കത്തികൾ, ആറ് താക്കോൽകൂട്ടം, കത്രിക എന്നിവയാണ് കണ്ടെടുത്തത്. പ്രതി ചൂണ്ടിക്കാട്ടിയ ഭാഗം കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. മൊബൈൽ ഫോണുകളിലൊന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും ദമ്പതികളെ ഷോക്കേൽപിക്കാൻ ഉപയോഗിച്ച വയർ മുറിക്കാൻ ഉപയോഗിച്ചതാണ്. വയർ ഉപയോഗിച്ച് ഷീബയെയും ഭർത്താവ് സാലിയെയും കെട്ടിയിട്ട് ഷോക്കേൽപിക്കുകയായിരുന്നു ലക്ഷ്യം.

ആലപ്പുഴയിലേക്ക് കടക്കുന്നതിനുമുമ്പ് ഫോണും താക്കോൽക്കൂട്ടവും പ്ലാസ്റ്റിക് കൂടിലാക്കി തണ്ണീർമുക്കം ബണ്ടിൽനിന്ന്‌ േവമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി നേരത്തേ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ ഷീബയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണത്തിൽ 28 പവനോളം കണ്ടെടുത്തിരുന്നു. രക്ഷപ്പെടാനുപയോഗിച്ച കാർ ആലപ്പുഴയിൽനിന്നും കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തിയതും ഭർത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേൽപിച്ചതും.

മുൻ അയൽവാസിയും പരിചയക്കാരനുമായ ബിലാൽ കൃത്യം നടത്തിയശേഷം ഇവരുടെ പോർച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. സമീപവീടുകളിൽനിന്നും പെട്രോൾപമ്പിൽ നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ്? പ്രതിയിലേക്കെത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് ഡിവൈ.എസ്‌പി പി. ശ്രീകുമാർ പറഞ്ഞു. മൂന്നുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഡിവൈ.എസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP