Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുക്കാനുള്ള പണം കൊടുത്തില്ലെങ്കിൽ ദുബായ് പൊലീസിന്റെ സർട്ടിഫിക്കറ്റൊന്നും ബിനോയിയെ തുണക്കില്ല; പരാതിക്കാരന്റെ വാദം അംഗീകരിച്ച് 60,000 ദിർഹം പിഴയിട്ട കോടതി ചെക്ക് കേസ് കൊടുക്കാൻ തത്വത്തിൽ അംഗീകരിച്ചു; രവി പിള്ള ഇടപെട്ട സെറ്റിൽമെന്റ് മുടങ്ങിയാൽ കോടിയേരിയുടെ മകനെതിരെ അറസ്റ്റ് വാറണ്ട് ഉറപ്പ്; ചെക്ക് കേസിൽ സംഭവിച്ചത് ഇങ്ങനെ

കൊടുക്കാനുള്ള പണം കൊടുത്തില്ലെങ്കിൽ ദുബായ് പൊലീസിന്റെ സർട്ടിഫിക്കറ്റൊന്നും ബിനോയിയെ തുണക്കില്ല; പരാതിക്കാരന്റെ വാദം അംഗീകരിച്ച് 60,000 ദിർഹം പിഴയിട്ട കോടതി ചെക്ക് കേസ് കൊടുക്കാൻ തത്വത്തിൽ അംഗീകരിച്ചു; രവി പിള്ള ഇടപെട്ട സെറ്റിൽമെന്റ് മുടങ്ങിയാൽ കോടിയേരിയുടെ മകനെതിരെ അറസ്റ്റ് വാറണ്ട് ഉറപ്പ്; ചെക്ക് കേസിൽ സംഭവിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബിനോയ് കോടിയേരി ഉൾപ്പെട്ട 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിനെ സിപിഎം വെള്ളപൂശുന്നത് യുഎഇ കോടതിയുടെയും പൊലീസിന്റെയും സർട്ടിഫിക്കറ്റുകൾ ചൂണ്ടിക്കാട്ടിയാണ്. ഈ സർട്ടിക്കറ്റിന്റെ ബലത്തിലാണ് കേരളത്തിലെ മാധ്യമങ്ങളെ മുഴുവനെയും താറടിക്കാൻ ചില സിപിഎം നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രചരണം നടത്തുന്നതും ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ്. എന്നാൽ, ഇത്തരമൊരു ശ്രമം ബിനോയ് കോടിയേരി നടത്തുന്നത് രവി പിള്ളയെന്ന മുതലാളിയുടെ ഇടപെടൽ കൊണ്ടും യുഎഇ പിന്തുടരുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പ്രത്യേകതകൾ പഴുതാക്കിയാണ്.

സോഷ്യൽ മീഡിയയിൽ അടക്കം ബിനോയിക്ക് ലഭിച്ച സർട്ടിഫിക്കറ്റിനെ കുറിച്ച് വലിയ തോതിൽ ചർച്ച നടക്കുന്നുണ്ട്. എങ്ങനെ ബിനോയിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. കേസ് കോടതി തീർത്തുവെന്ന് പറയുമ്പോൾ പൊതുവേ എല്ലവരും ധരിക്കുകക ബിനോയി രക്ഷപെട്ടു എന്നാണ്. എന്നാൽ, ഇതിലെ വാസ്തവം അതാണോ? ഇക്കാര്യം പരിശോധിച്ചാൽ അതല്ല കാര്യമെന്ന് ബോധ്യമാകും. ചെക്ക് മടങ്ങിയതു സംബന്ധിച്ച ക്രിമിനൽ കേസിൽ ബിനോയിക്കു കോടതി പിഴ ശിക്ഷ വിധിക്കുകയും ആ പിഴ ബിനോയി ഒടുക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇ നിയമപ്രകാരം, ചെക്ക് തട്ടിപ്പു കേസിൽ രണ്ടു ഘട്ടമാണുള്ളത്. ആദ്യത്തേതു ചെക്ക് തട്ടിപ്പ് സംബന്ധിച്ച ക്രിമിനൽ കേസ്. അതു തീർപ്പായാലും പരാതിക്കാരനു പണം തിരിച്ചുകിട്ടണമെങ്കിൽ പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യേണ്ടതുണ്ട്. അതു രണ്ടാം ഘട്ടം. വേണമെങ്കിൽ രണ്ടു കേസുകളും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുകയുമാവാം. ഇപ്പോഴത്തെ ഘട്ടത്തിൽ ബിനോയിക്കെതിരെ ക്രിമിനൽ കേസ് ചെക്ക് കേസിലെ പിഴ അടച്ചതോട ഇല്ലാതായി. ഇനിയാണ് സിവിൽ കേസുമായി മുന്നോട്ടു പോകേണ്ടി വരിക.

ബിനോയിയെ 'മനഃപൂർവം പണം നൽകാത്തയാൾ' എന്നു ദുബായിലെ പബ്ലിക് പ്രോസിക്യൂട്ടർ പ്രഖ്യാപിച്ചെന്നാണ് യുഎഇ പൗരൻ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി സിപിഎം കേന്ദ്ര നേതൃത്വത്തിനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇതു അദ്ദേഹത്തിന്റെ പിതാവ് കോടിയേരി ബാലകൃഷ്ണൻ പോലും നിഷേധിക്കുന്നില്ല. കാരണം, കോടതി ബിനോയിയെ ശിക്ഷിച്ചു എന്നതാണ് യാഥാർഥ്യം. പ്രതി ചെയ്ത ക്രിമിനൽ കുറ്റത്തിനു മാത്രമാണു ക്രിമിനൽ നടപടിപ്രകാരമുള്ള ശിക്ഷ. അതിനാലാണ്, ചെക്ക് മടങ്ങിയതിനാൽ ലഭിക്കാതിരുന്ന പണത്തിനായി സിവിൽ കേസ് നൽകേണ്ടി വരുന്നത്.

എന്നാൽ പണം നൽകേണ്ടയാൾ രാജ്യത്തില്ലെങ്കിൽ കേസ് നടത്തിപ്പിനു പരാതിക്കാരനു മുന്നിലുള്ള സാധ്യതകൾ മങ്ങും. അതിനാലാണ്, ഇന്റർപോളിന്റെ സഹായം തേടാൻ തന്റെ അഭിഭാഷകൻ നിയമനടപടിയെടുക്കുന്നുവെന്ന് യുഎഇ പൗരൻ പരാതിയിൽ പറയുന്നത്. കിട്ടാനുള്ള തുകയുടെ നിശ്ചിത ശതമാനം പരാതിക്കാരൻ കോടതിയിൽ കെട്ടിവയ്ക്കണമെന്നതും വ്യവസ്ഥയാണ്. കേസിന്റെ രണ്ടാം ഘട്ടത്തിലേക്കു നീങ്ങി തുടർനടപടികളെടുക്കും മുൻപു പണം തിരികെ ലഭിക്കാനുള്ള അവസാന നടപടിയെന്നോണം സിപിഎം ഇടപെടൽ തേടി ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിലെത്താൻ കാരണം ഇത്തരം സങ്കീർണതകളാകാം. ഈ സാഹചര്യം മുതലെടുത്താണു കേസ് ഇല്ലെന്ന തികച്ചും സാങ്കേതികമായ വാദം പാർട്ടി ഉന്നയിക്കുന്നത്.

മർസൂഖി ഇന്ത്യയിൽ നിലവിൽ നടത്തുന്ന ശ്രമങ്ങൾ ഉപേക്ഷിച്ചു മടങ്ങിവന്ന് തുടർനടപടികളെടുത്താൽ പാർട്ടിയുടെ ഇപ്പോഴത്തെ സാങ്കേതികവാദങ്ങളും പൊളിയും. ഇത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങൾ എത്തിക്കാതെ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ അതുകൊണ്ടു തന്നെ പ്രതീക്ഷിക്കാം. കേരളം മുഴുവൻ ചർച്ചയായ കേസിന്റെ സെറ്റിൽമെന്റ് എങ്ങനെയാണെന്ന ചോദ്യം ഇപ്പോൾ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

ബിനോയി സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചത് എങ്ങനെ?

ക്രിമിനൽ കേസ്: ബിനോയ് നൽകിയ ചെക്കുകൾ മടങ്ങിയതിനു ജൂലൈ 11, ഓഗസ്റ്റ് 13 തീയതികളിലാണു പരാതി നൽകിയത്. യുഎഇ പീനൽ കോഡ് 401-ാം വകുപ്പു പ്രകാരം ക്രിമിനൽ കേസെടുത്തു. നവംബർ അഞ്ചിനു ദുബായ് കോടതി 60,000 ദിർഹം (ഏകദേശം 10.3 ലക്ഷം രൂപ) പിഴ വിധിച്ചു. ഈ തുക സർക്കാരിനാണു ലഭിച്ചത്. ക്രിമിനൽ കേസ് നടപടിക്രമങ്ങൾ ഇതോടെ പൂർത്തിയായി.

സിവിൽ കേസ്: പണം തിരികെ കിട്ടാൻ സിവിൽ കേസ് നൽകുക, കോടതി ബാഹ്യ ഒത്തുതീർപ്പിനു ശ്രമിക്കുക എന്നീ സാധ്യതകളാണു മർസൂഖിക്കു മുന്നിലുണ്ടായിരുന്നത്. രണ്ടാമത്തെ വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പരാതിക്കാരൻ സിവിൽ കേസ് നൽകിയിട്ടില്ലെങ്കിൽ പ്രതിക്കു രാജ്യം വിടാൻ ബുദ്ധിമുട്ടില്ല. അയാളുടെ പേരിൽ നിലവിൽ കേസില്ലെന്ന സാങ്കേതികത്വമാണു കാരണം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാനും ബുദ്ധിമുട്ടില്ല.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ദുബായ് പൊലീസിന്റെ വെബ്സൈറ്റ്, ആപ് എന്നിവയിലൂടെ എവിടെയിരുന്നും അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡി നമ്പർ നൽകി ഫീസ് അടച്ചാൽ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. വിദേശി അപേക്ഷകർ യുഎഇയിൽ വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ 200 ദിർഹവും രാജ്യത്തിനു പുറത്താണെങ്കിൽ 300 ദിർഹവുമാണു നിരക്ക്. ഇതര ഫീസ് ഇനത്തിൽ 10 ദിർഹം കൂടി നൽകണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാൻ ഈ മാസം 25ന് അപേക്ഷിച്ചു നേടിയതാണു സർട്ടിഫിക്കറ്റ്.

രവി പിള്ള ഇടപെട്ട സെറ്റിൽമെന്റ് മുടങ്ങിയാൽ ബിനോയിക്കെതിരെ അറസ്റ്റ് വാറണ്ട് ഉറപ്പ്

സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെങ്കിലും ബിനോയി കോടിയേരിയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള പ്രധാന കാര്യം പണം തിരിച്ചടക്കുക എന്നതാണ്. അഅല്ലാത്ത പക്ഷം ബിനോയിക്കെതിരെ അറസ്റ്റ് വാറണ്ട് ഉറപ്പാണ് താനും. വിവാദമായപ്പോൾ രവി പിള്ള ഇടപെട്ട് പണം തിരിച്ചടക്കാൻ സെറ്റിൽമെന്റ് തയ്യാറാക്കിയിരുന്നു. എന്നാൽ, അദ്ദേഹം ഇടപെട്ടു എന്ന വാർത്തകൾ പിള്ളയെയും സമ്മർദ്ദത്തിലാക്കി. എങ്കിലും ബിനോയിയെ രക്ഷിക്കൻ അരയും തലയും മുറുക്കി രവി വിള്ളയുണ്ട്. ആർ പി ഗ്രൂപ്പ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തിലാണ് രവി പിള്ള സഹായ വാഗ്ദാനം നൽകിയത്. കോടിയേരിയുമായും രവിപിള്ള ഫോണിൽ സംസാരിച്ചതായി സൂചനയുണ്ടായിരുന്നു.

ഈ വിവാദം തുടങ്ങുമ്പോഴും രവി പിള്ള അടക്കമുള്ളവർ സഹായിക്കാൻ തയ്യാറായിരുന്നുവെന്നാണ് സൂചന. എന്നാൽ പിണറായിയുടെ മൗനം കാരണം മിണ്ടാതിരുന്നു. ഇതാണ് വിവാദങ്ങൾ പുതിയ തലത്തിലെത്തിച്ചത്. അതിനിടെ മകൻ ബിനോയ് ഉൾപ്പെട്ട പണമിടപാടു വിഷയം ഉടൻ പരിഹരിക്കുമെന്നു കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചു നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നും തുടർന്നു വിഷയം കോടിയേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണു പാർട്ടി വൃത്തങ്ങളിൽനിന്ന് അറിയുന്നത്. രവി പിള്ളയുടേയും മറ്റും ഉറപ്പാണ് കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിക്കാൻ കോടിയേരിയെ സഹായിച്ചത്. വിഷയം പാർട്ടിയുടെ അവെയ്ലബ്ൾ പൊളിറ്റ് ബ്യൂറോ ഇന്നലെ ചർച്ച ചെയ്‌തെന്നാണു സൂചന.

മകനുൾപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മഈൽ അബ്ദുല്ല അൽ മർസൂഖി നേരിട്ടു സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. രണ്ട് വർഷത്തോളം ഈ കാശിനായി ബിനോയിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. രാഷ്ട്രീയ വിവാദമായാലേ പണം കിട്ടുവെന്ന് അറബി തിരിച്ചറിഞ്ഞു. രാഹുൽ കൃഷ്ണയുടെ തന്ത്രങ്ങളും ഫലം കണ്ടു. ഇതിനിടെയിൽ സിപിഎം കേന്ദ്ര നേതാക്കൾക്കിടയിലുള്ള ഭിന്നതയും കാര്യങ്ങളുടെ മൂർച്ഛ കൂട്ടി. ഇതെല്ലാം പണം തിരിച്ചു കിട്ടാൻ ദുബായ് കമ്പനിയെ സഹായിക്കുകയും ചെയ്തു.

ഔഡി-എ8 (കമ്പനി വൃത്തങ്ങൾ പരാതിയിൽ പറയുന്ന നമ്പർ: എച്ച് 71957) കാർ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം മെയ് 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകൾ: 769490, 769502, 000020). ചെക്കുകൾ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തിൽ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികൾ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയിൽ പറയുന്നില്ല.

ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയായ രാഹുൽ കൃഷ്ണയാണ് ബിനോയിയെ കന്പനിയുമായി അടുപ്പിക്കുന്നത്. പുതിയ ഔഡി കാർ വാങ്ങാനായി ജാസ് കമ്പനിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് ബിനോയ് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) വായ്പയെടുത്തു. രാഹുൽ കൃഷ്ണയുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തിയായിരുന്നു ഈ വായ്പ.

പിന്നീട്, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ വിവിധ ബിസിനസ് ഇടപാടുകൾക്കായി രാകുൽ കൃഷ്ണയിൽനിന്ന് ബിനോയ് 45 ലക്ഷം ദിർഹം (7.87 കോടി രൂപ) കടംവാങ്ങി. 2016 ജൂൺ പത്തിനുള്ളിലോ അതിനുമുൻപോ തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകി. 2015 ഓഗസ്റ്റ് മുതൽ ബാങ്കിലെ വായ്പാഗഡു അടയ്ക്കാതായി. അടവ് മുടങ്ങിയതോടെ, ബാങ്ക് ടൂറിസം കമ്പനിക്ക് നോട്ടീസയച്ചു. ഈ തുകയും ബിസിനസ് ഇടപാടിനുവാങ്ങിയ കടവും തിരിച്ചുനൽകാതെ ബിനോയ് യു.ഇ.എ.യിൽനിന്ന് മുങ്ങിയെന്നും പറയുന്നു. പിന്നീടുള്ള അന്വേഷണത്തിൽ യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും ഇതുപോലെ ബിനോയ് കോടിയേരി കടം വാങ്ങിയിട്ടുണ്ടെന്നും തിരിച്ചുനൽകിയിട്ടില്ലെന്നും അറിയാനായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP