Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിൽ നിന്ന് കുടുംബത്തെ നീലഗിരിയിൽ കൊണ്ടു വന്നത് കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; തെളിവെടുപ്പിൽ നിസംഗമായി അമ്മയേയും സുഹൃത്തിനേയും കിടത്തി കൊന്ന കട്ടിൽ കാണിച്ചു കൊടുത്ത് പ്രതി; മക്കളുടെ ഭാവിയെ ഓർത്ത് ഭർത്താവിനെ ഇനി കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്ന ഭാര്യ; വേട്ടക്കാരനായ യജമാനനോട് സ്‌നേഹം പ്രകടിപ്പിച്ച് ജെർമൻ ഷെപ്പേഡും; മണാശേരി ഇരട്ടക്കൊലക്കേസിൽ നേഴ്‌സായ ബിർജുവിന്റെ ഭാര്യയ്ക്ക് പങ്കില്ല

നാട്ടിൽ നിന്ന് കുടുംബത്തെ നീലഗിരിയിൽ കൊണ്ടു വന്നത് കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; തെളിവെടുപ്പിൽ നിസംഗമായി അമ്മയേയും സുഹൃത്തിനേയും കിടത്തി കൊന്ന കട്ടിൽ കാണിച്ചു കൊടുത്ത് പ്രതി; മക്കളുടെ ഭാവിയെ ഓർത്ത് ഭർത്താവിനെ ഇനി കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്ന ഭാര്യ; വേട്ടക്കാരനായ യജമാനനോട് സ്‌നേഹം പ്രകടിപ്പിച്ച് ജെർമൻ ഷെപ്പേഡും; മണാശേരി ഇരട്ടക്കൊലക്കേസിൽ നേഴ്‌സായ ബിർജുവിന്റെ ഭാര്യയ്ക്ക് പങ്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ഗൂഡല്ലൂർ: മണാശേരി ഇരട്ടക്കൊലക്കേസിൽ പ്രതിയാവുക ബിർജു മാത്രം. ബിർജുവിന്റെ ഭാര്യയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. നേഴ്‌സായിരുന്ന ഭാര്യയുടെ സഹായം കൊലപാതകത്തിൽ ബിർജുവിന് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള തെളിവുകളൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ ഭാര്യയെ പ്രതിയാക്കില്ല.

അതിനിടെ ബിർജുവിനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ നീലഗിരിയിലെ വീട്ടിൽ വൈകാരിക രംഗങ്ങളാണുണ്ടായത്. കൊലപാതകം മറച്ചുവച്ച് ഇത്രയും കാലം എന്തിനാണ് എനിക്കൊപ്പം ജീവിച്ചത്? എന്ന് ബിർജുവിനോട് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഭാര്യ കണ്ണീരോടെ ചോദിച്ചു. പുറത്ത് കൂട്ടിൽ കിടന്ന ജെർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായ്ക്കൾ ബിർജുവിനെ കണ്ടതോടെ ബഹളംവച്ചു. ബിർജു കൂടിനടുത്ത് എത്തിയപ്പോൾ നായ്ക്കൾ ശാന്തരായി സ്‌നേഹ പ്രകടനം നടത്തി. ഇന്നലെ പന്ത്രണ്ടരയോടെയാണ് ബിർജുവിനെ നീലഗിരിയിലെ കുന്നലാടി പുളിയാടിവയലിലെ വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.

ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ബിർജുവിന്റെ താമസം. വീട്ടിലെത്തിച്ച ബിർജുവിനെ കാണാൻ രാവിലെ മുതൽ നാട്ടുകാർ കൂടി. ബിർജുവിനെ വാഹനത്തിൽ നിന്നിറക്കി വീടിനു മുന്നിലേക്ക് പൊലീസ് കൊണ്ടുവന്നു. ഇസ്മായിലിനെ കൊന്നു കിടത്തിയ കട്ടിൽ കാണിച്ചുതരാൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ വീടിനു പുറകിലേക്കു നടന്നു. പൈപ്പുകളും പഴയ വസ്തുക്കളും കയറ്റിവച്ച നിലയിലായിരുന്നു കട്ടിൽ. കട്ടിലിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വീടിനു പുറത്തു കിടന്ന കാറിലും പരിശോധന നടത്തി. മൃതദേഹം മുറിച്ച് ചാക്കിൽ കെട്ടി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബിർജുവിനു ധരിക്കാനുള്ള വസ്ത്രങ്ങൾ ഭാര്യ കൊടുത്തുവിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് മുക്കം പൊലീസിനു കൈമാറി.

ഇരട്ടക്കൊലയിൽ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ ബിർജുവിന്റെ ഭാര്യ മൊഴി കൊടുത്തിട്ടുണ്ട്. നീലഗിരിയിലെ വീട്ടിലെത്തിച്ച് ബിർജുവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് അന്വേഷണസംഘം ഭാര്യയുടെയും മൊഴിയെടുത്തത്. മാതാവ് ജയവല്ലിയെയും സുഹൃത്ത് ഇസ്മയിലിനെയും കൊലപ്പെടുത്തിയ കട്ടിൽ ബിർജു കാണിച്ചു. ഫൊറൻസിക് സംഘം കട്ടിലിൽ രക്തസാംപിളുകളുണ്ടോയെന്ന് പരിശോധിച്ചു. മണാശേരിയിലെ കുടുംബ വീട് വിറ്റതിന് പിന്നാലെയാണ് കട്ടിലുകൾ നീലഗിരിയിലേക്ക് മാറ്റിയത്. കൊലയിൽ ബിർജുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. ഉദ്യോഗസ്ഥർ പറഞ്ഞാണ് ഭർത്താവ് കൊല ചെയ്തിട്ടുള്ളതായി അറിഞ്ഞത്. ഒരിക്കൽപ്പോലും സംശയം തോന്നുന്ന തരത്തിൽ പ്രവർത്തിച്ചിരുന്നില്ല. കൂടുതൽ സംസാരിക്കാത്തത് ഭർത്താവിന്റെ പ്രകൃതമായതിനാൽ മറ്റൊന്നും ചോദിച്ചിരുന്നില്ല.

കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് നീലഗിരിയിലേക്ക് മാറിയത്. കൊല്ലപ്പെട്ട ഇസ്മയിലിനെ താൻ കണ്ടിട്ടില്ലെന്നും ബിർജുവിന്റെ ഭാര്യ പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതി ബിർജുവിനെ നീലഗിരിയിലേക്ക് ഇനി കൊണ്ടുവരാതിരുന്നാൽ ഉപകാരമായിരുന്നുവെന്നും ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. രണ്ടുകൊലപാതകം നടത്തിയ ആളാണു ബിർജുവെന്ന് അറിഞ്ഞില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നടക്കുന്ന ആളായിരുന്നു ഇയാൾ ഇവിടെയെന്നും തെളിവെടുപ്പിനെത്തിച്ചപ്പോൾ അയൽവാസികളും നാട്ടുകാരും ഉദ്യോഗസ്ഥരോട് പറഞ്ഞു. ബിർജുവിന്റെ ഭാര്യ ഇപ്പോഴും ഈ വീട്ടിൽ തന്നെയാണു താമസം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. എം. ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണു ബിർജുവിനെ തെളിവെടുപ്പിന് എത്തിച്ചത്. ആവശ്യമെങ്കിൽ വീണ്ടും ജുഡീഷ്യൽകസ്റ്റഡിയിൽ വാങ്ങാനാണു തീരുമാനം.

ബിർജു അമ്മ ജയവല്ലിയുടെ ആധാരം ബാങ്കിൽ പണയം വച്ച് അമ്മയറിയാതെ 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പയെടുത്ത വിവരം അമ്മ അറിയുമെന്ന സ്ഥിതിയിലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ജയവല്ലി മരിച്ചാൽ സ്വത്തുക്കൾ സ്വന്തമാക്കാമെന്നതും കൊലപാതകത്തിനു കാരണമായി. ജയവല്ലിയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം കൈവശപ്പെടുത്തിയ ശേഷം ജയവല്ലിയുടെ പേരിൽ അപേക്ഷ തയാറാക്കിയായിരുന്നു കോഴിക്കോട്ടെ വാണിജ്യബാങ്കിൽ നിന്നു വായ്പയെടുത്തത്.

ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ ബിർജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാർഥ ആധാരം ബാങ്കിലായിരുന്നു. വീടും സ്ഥലവും വാങ്ങാൻ തയാറായ അയൽവാസിയോട് വസ്തുവിന്റെ ഒറിജിനൽ ആധാരം നഷ്ടമായെന്നായിരുന്നു ബിർജു പറഞ്ഞത്. തുടർന്നു ആധാരത്തിന്റെ പകർപ്പ് ലഭിക്കാനായി ഒറിജിനൽ ആധാരം നഷ്ടമായതായി പത്രങ്ങളിൽ പരസ്യം ചെയ്തു. ഇതു ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ ഈ നീക്കം പൊളിഞ്ഞു. തുടർന്നു വസ്തു വാങ്ങിയ അയൽവാസിയാണ് വായ്പ തിരിച്ചടച്ച് ആധാരം ബാങ്കിൽ നിന്നു തിരിച്ചെടുത്തത്.

ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ അന്വേഷണസംഘം അൽപം വൈകിയിരുന്നെങ്കിൽ കേസിൽ നിർണായ തെളിവായ ആ വീട് ബാക്കിയുണ്ടാകുമായിരുന്നില്ല. കേസിലെ പ്രതി പി.വി.ബിർജുവിൽ നിന്ന് വീടും സ്ഥലവും വാങ്ങിയ അയൽവാസി രണ്ടു കൊലപാതകങ്ങളും നടന്ന വീട് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 2017 ൽ ഇസ്മായിലിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് അയൽവാസിയായ വിശ്വനാഥന് ബിർജു വീടും സ്ഥലവും 30 ലക്ഷം രൂപയ്ക്കു വിറ്റത്. 2018 ഫെബ്രുവരിയിൽ ആയിരുന്നു റജിസ്‌ട്രേഷൻ. ആത്മഹത്യ നടന്ന വീടായതിനാൽ വീട്ടിൽ ആരും താമസിക്കാനെത്തിയില്ല. വീടു പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനുള്ള ഒരുക്കത്തിലായിരുന്നു സ്ഥലമുടമ. സ്ഥലം നിരപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ മണ്ണടിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ജയവല്ലിയുടെ മരണം കൊലപാതകമായിരുന്നെന്നും മറ്റൊരു കൊലപാതകം കൂടി വീട്ടിൽ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്. വെസ്റ്റ് മണാശേരിയിൽ മുക്കംകോഴിക്കോട് റോഡരികിലാണു കൊലപാതകങ്ങൾ നടന്ന വീട്. ബിർജു വേട്ടയ്ക്കു പോകാറുള്ളതിനാൽ ശരീര ഭാഗങ്ങൾ കഷ്ണങ്ങളാക്കുന്നതിൽ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. വേട്ടക്കാർ മൃഗങ്ങളുടെ ആന്തരികാവയവങ്ങൾ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളിൽ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്.

വേട്ടയ്ക്കു സഹായത്തിന് ബിർജു പോകാറുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനു ബിർജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP