Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യത്തിലേറെ തെളിവ് ലഭിച്ചു കഴിഞ്ഞു; മൊഴികളിലെ വൈരുദ്ധ്യവും ചോദ്യങ്ങൾക്ക് മുമ്പിലെ നിശബ്ദതയും ഓർമ്മയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ കുറ്റത്തിലേക്കുള്ള വിരൽ ചൂണ്ടലെന്ന് തന്നെ വ്യക്തമാക്കി പൊലീസ്; പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരും കുരിശ് മുറുകെ പിടിത്തവും ഒക്കെ നടത്തി നാടകം തുടർന്ന് ഫ്രാങ്കോ; അന്വേഷണം ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ ഒരുക്കമാണെങ്കിലും മടിച്ച് നിൽക്കുന്നത് കോട്ടയം എസ് പി

അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യത്തിലേറെ തെളിവ് ലഭിച്ചു കഴിഞ്ഞു; മൊഴികളിലെ വൈരുദ്ധ്യവും ചോദ്യങ്ങൾക്ക് മുമ്പിലെ നിശബ്ദതയും ഓർമ്മയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ കുറ്റത്തിലേക്കുള്ള വിരൽ ചൂണ്ടലെന്ന് തന്നെ വ്യക്തമാക്കി പൊലീസ്; പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരും കുരിശ് മുറുകെ പിടിത്തവും ഒക്കെ നടത്തി നാടകം തുടർന്ന് ഫ്രാങ്കോ; അന്വേഷണം ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ ഒരുക്കമാണെങ്കിലും മടിച്ച് നിൽക്കുന്നത് കോട്ടയം എസ് പി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരേയും ഒന്നും അറിയിക്കാതെ അതിസമർത്ഥമായിട്ടായിരുന്നു വൈക്കം ഡിവൈ എസ് പി സുഭാഷ് തെളിവുകൾ ശേഖരിച്ചത്. അതുകൊണ്ട് തന്നെ കേസ് ഡയറയിൽ പഴുതുകളൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മറുകുന്നത്. ഫ്രാങ്കോയെ വെറുതെ വിടണമെന്ന് ആഗ്രഹിക്കുന്ന ഉന്നത പൊലീസുകാരുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനും അറസ്റ്റ് വേണ്ട. പ്രതിപക്ഷവും നിശബ്ദരാവുകയാണ്. ഈ സാഹചര്യത്തെ ഉപയോഗിച്ച് രക്ഷപ്പെടാമെന്നായിരുന്നു ഫ്രാങ്കോയുടെ കണക്ക് കൂട്ടൽ. ഇത് തിരിച്ചറിഞ്ഞാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീകൾ സമരവുമായെത്തിയത്. പൊതു സമൂഹം ഇതിൽ ഇടപെട്ടതോടെ പൊലീസ് ചോദ്യം ചെയ്യൽ നാടകം തുടങ്ങി. ഇതിന് മുന്നിൽ എല്ലാ അർത്ഥത്തിലും ഫ്രാങ്കോ കുടുങ്ങി. അപ്പോഴും അറസ്റ്റിന് മാത്രം പൊലീസിന് താൽപ്പര്യമില്ല.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ വൈക്കം ഡിവൈഎസ്‌പിയായ സുഭാഷ് ഏറെ നിരാശനാണ്. ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻ മൊഴികൾക്കെതിരെ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യൽ. കുറവിലങ്ങാട് നാടുകുന്ന് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ് ഇന്നലെ പറഞ്ഞതായാണു വിവരം. കന്യാസ്ത്രീ പൊലീസിനു നൽകിയ മൊഴി, ചങ്ങനാശേരി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ്, ബിഷപ്പിന്റെ മുൻ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദർശക രജിസ്റ്റർ, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകൾ ബിഷപ്പിന് എതിരായിരുന്നു. ഇതെല്ലാം ഉയർത്തിയുള്ള ചോദ്യം ചെയ്യലിൽ ബിഷപ്പിന് ഉത്തരം മുട്ടി. ഇനി ഉറപ്പായി അറസ്റ്റ് രേഖപ്പെടുത്താമെന്ന നിലപാടിലേക്ക് ഡിവൈഎസ് പി എത്തി. എന്നാൽ കോട്ടയം എസ്‌പി ഹരിശങ്കർ അറസ്റ്റ് തടയുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ദിവസവും ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങിയത്.

ചോദ്യംചെയ്യൽ ഇന്നു പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് എസ്‌പി ഹരി ശങ്കർ അറിയിച്ചിട്ടുണ്ട്. മൊഴികളിലുള്ള കാര്യങ്ങൾ മൂന്നു സംഘങ്ങളായി തിരിഞ്ഞു പരിശോധിക്കും. മൊഴികൾ മാത്രം ആശ്രയിച്ചല്ല, മുഴുവൻ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഏതു കേസിലും അറസ്റ്റുണ്ടാകുക. ചോദ്യംചെയ്യൽ പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. ചോദ്യംചെയ്യലിനോടു ബിഷപ് സഹകരിക്കുന്നുണ്ടെന്നും എസ്‌പി പറഞ്ഞു. അതായത് മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിലും ബിഷപ്പിന് അറസ്റ്റ് ചെയ്യില്ലെന്ന സൂചനയാണ് എസ് പി നൽകുന്നത്. പൊലീസിലെ ഉന്നതർ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ എസ് പിക്ക് നൽകിയിട്ടുണ്ട്. തെളിവ് നശീകരണത്തിന് സാധ്യത ഇല്ലാത്തതു കൊണ്ട് തന്നെ കേസ് തെളിഞ്ഞാലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം തുടരാനാണ് സാധ്യത. അങ്ങനെ അറസ്റ്റൊഴിവാക്കി വിചാരണയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം.

പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദർശക രജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു. ുണ്ടന്നൂരിലെ ഹോട്ടലിൽ തങ്ങുന്ന ബിഷപ്പിനെ പൊലീസ് സംരക്ഷണത്തിലാണ് ഇന്നലെ രാവിലെ 11.05നു തൃപ്പൂണിത്തുറ വനിതാ സെൽ കെട്ടിടത്തിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. ജലന്തർ രൂപതാ പിആർഒ ഫാ. പീറ്റർ കാവുംപുറവും ഒപ്പമുണ്ടായിരുന്നു. സഹായികളും അഭിഭാഷകരും മറ്റൊരു കാറിലെത്തി. വൈകിട്ട് ആറരയോടെ പൊലീസ് സംരക്ഷണത്തിൽത്തന്നെ തിരികെ ഹോട്ടലിലെത്തിച്ചു. ഇതിനിടെയിലെ ചോദ്യം ചെയ്യൽ ജലന്ധർ ബിഷപ്പിന് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. പൊലീസിന്റെ പല ചോദ്യങ്ങൾക്കും ബിഷപ്പ് ഉത്തരം നൽകിയില്ല. പലതിനോടും ഓർമ്മയില്ലെന്ന മറുപടി നൽകി. കണ്ണുകൾ ഇടയ്ക്ക് തുടച്ചും കുരിശിൽ മുറുകെ പിടിച്ചും ബിഷപ്പ് പൊലീസിനെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ വൈക്കം ഡിവൈഎസ് പിയുടെ ചോദ്യങ്ങൾ ബിഷപ്പിനെ പലപ്പോഴും വെട്ടിലാക്കി.

ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി. കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ മെയ്‌ ആറിന് നിശ്ചയിച്ചിരുന്നു. ഈ ചടങ്ങിൽ ബിഷപ്പിനെ ക്ഷണിക്കണമെന്ന് ബന്ധുക്കൾ കന്യാസ്ത്രീയോട് ആവശ്യപ്പെട്ടു. സാധാരണഗതിയിൽ ഇത്തരം ചടങ്ങുകൾക്ക് ബിഷപ്പുമാർ വരാറില്ല. അതുകൊണ്ട് വളരെ മടിച്ചാണ്, ഇതിൽ പങ്കെടുക്കാമോയെന്ന് കന്യാസ്ത്രീ ചോദിച്ചത്. ഫ്രാങ്കോ അനുകൂലമായി പ്രതികരിച്ചു. മെയ്‌ അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം നൽകുന്ന ചടങ്ങിൽ ബിഷപ്പ് കാർമികനായിരുന്നു. അതുകഴിഞ്ഞ് താൻ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ വരുമെന്നും അടുത്തദിവസം മാമോദീസാച്ചടങ്ങിൽ പങ്കെടുക്കാമെന്നുമാണ് ഫ്രാങ്കോ അറിയിച്ചത്.

ബിഷപ്പ് വന്നദിവസം കന്യാസ്ത്രീയും കുറവിലങ്ങാടിന് അടുത്തുള്ള മഠത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ അവിടെ താമസിക്കാനും രാവിലെ എല്ലാവരും ഒരുമിച്ച് മാമോദീസയ്ക്ക് പോകാനും നിശ്ചയിച്ചു. സന്തോഷത്തോടെയാണ് കന്യാസ്ത്രീ ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്ന് ആ ദിവസം അവിടെയുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകിയത് പൊലീസ് ചൂണ്ടിക്കാട്ടി. ഇവിടെ അതിഥിമുറിയിൽ താമസിച്ച ഫ്രാങ്കോ ഓരോ കാരണങ്ങൾപറഞ്ഞ് കന്യാസ്ത്രീയെ അവിടേക്ക് വിളിപ്പിച്ചു. ഇതിനിടെയാണ് പീഡിപ്പിച്ചത്. ആകെ തകർന്ന കന്യാസ്ത്രീ ബഹളംവെച്ചു. താൻ ഈ സ്ഥാപനത്തിന്റെ അധികാരിയാണെന്നും എതിർത്താൽ എന്തുചെയ്യാനും മടിക്കില്ലെന്നും ബിഷപ്പ് പറഞ്ഞെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടി. മുറിയിൽനിന്ന് വന്നപ്പോൾമുതൽ കന്യാസ്ത്രീ മൗനത്തിലായെന്ന മറ്റുള്ളവരുടെ മൊഴിയുടെ ദൃശ്യങ്ങളും പൊലീസ് കാണിച്ചു.

ആദ്യം ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നതിന് തെളിവുണ്ട്. അതിൽ ഫ്രാങ്കോ പങ്കെടുത്തതിന് തെളിവും. അതുകൊണ്ട് തന്നെ കേരളത്തിൽ എത്തിയില്ലെന്ന് പറയാനാകില്ല. അതു മനസ്സിലാക്കിയാണ് തന്ത്രപരമായ കള്ളം ബിഷപ്പ് പറയുന്നത്. കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പൊലീസ് പറയുന്നു നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പൊലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി.

അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം. എന്നാൽ, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പൊലീസ്. മാത്രമല്ല, ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾ, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനൽകിയതും പൊലീസ് ചൂണ്ടിക്കാട്ടി. ഇതും ബിഷപ്പിനെ വെട്ടിലാക്കി. ജലന്തർ രൂപതയും കന്യാസ്ത്രീ ഉൾപ്പെടുന്ന സന്യസ്തസമൂഹമായ മിഷനറീസ് ഓഫ് ജീസസുമായുള്ള ബന്ധം സംസ്ഥാന സർക്കാരും പഞ്ചായത്തും തമ്മിലുള്ളതുപോലെയെന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴിയും തിരിച്ചടിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ സന്യസ്തസമൂഹങ്ങൾക്കു സ്വയംഭരണാധികാരമുണ്ടെന്നും രൂപത ഇടപെടാറില്ലെന്നുമായിരുന്നു ഫ്രാങ്കോയുടെ നിലപാട്. സന്യസ്തസമൂഹത്തിന്റെ ആത്മീയ തലവൻ മാത്രമാണെന്നും ഉപദേശങ്ങൾ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ കന്യാസ്ത്രീക്കെതിരെ നടപടി നിർദ്ദേശിച്ചു ബിഷപ്പിന്റെ ഒപ്പോടെയുള്ള രേഖ പൊലീസ് പുറത്തെടുത്തു.

അച്ചടക്കലംഘനം ഉണ്ടായപ്പോൾ വത്തിക്കാനിൽനിന്നുള്ള നിർദ്ദേശപ്രകാരം ഇടപെട്ടതാണെന്ന് അതോടെ ബിഷപ് വിശദീകരിച്ചു. അച്ചടക്കനടപടി സംബന്ധിച്ചു തനിക്കു റിപ്പോർട്ട് നൽകണമെന്ന് ഇതിനുശേഷം ബിഷപ്് അയച്ച കത്ത് പൊലീസ് പുറത്തെടുത്തു. നടപടി വൈകിയതുകൊണ്ട് അനൗദ്യോഗികമായി അന്വേഷണം നടത്തിയതാണെന്നായി അതിനുള്ള മറുപടി. അധികാരമില്ലെങ്കിൽ എന്തിന് ഇടപെട്ടെന്നായി പൊലീസ് ചോദ്യം. പിന്നെ നിശബ്ദതയിലേക്ക് ബിഷപ്പ് കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP