ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ; അഴിക്കുള്ളിലാകാതിരിക്കാൻ ധൃതിപിടിച്ചുള്ള ജാമ്യാപേക്ഷ നൽകാനുള്ള ശ്രമങ്ങളുമായി ബിഷപ്പിന്റെ അഭിഭാഷകർ; പഞ്ചാബിലെ അഭിഭാഷകരെയും ജലന്ധർ പൊലീസിനെയും അറസ്റ്റു വിവരം അറിയിച്ചു; മൂന്നാം ദിവസം ചോദ്യം ചെയ്യലിനും ശേഷം കുറവിലങ്ങാട്ടെ മഠത്തിൽ എത്തി കന്യാസ്ത്രീയുടെ മൊഴിയും എടുത്ത് പീഡനം ഉറപ്പിച്ച ശേഷം മെത്രാന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്; അൽപ്പ സമയത്തിനകം എസ് പി മാധ്യമങ്ങളെ കാണും
September 21, 2018 | 02:23 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അനിശ്ചിതത്വത്തിന് ഒടുവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്ത ശേഷം റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുകയാണ് പൊലീസ്. ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ പൊലീസ് അറസ്റ്റു വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനായി കോട്ടയം എസ്പി അൽപ്പ സമയത്തിനകം മാധ്യമങ്ങളെ കാണും. അറസ്റ്റു വിവരം പുറത്തുവന്നതോടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമരപന്തലിൽ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ ലഭിച്ച വിവരത്തെ തുടർന്ന് ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകർ തുടങ്ങിയികട്ടുണ്ട്. അറസ്റ്റു വിവരം പഞ്ചാബ് പൊലീസിനെയു പൊലീസിനെയും അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി 25 നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം നടക്കുന്നത്. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങൾ അഭിഭാഷകർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസിൽ എസ്പി ഹരിശങ്കർ നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബിഷപ്പിന്റെ മൊഴികൾ വിശദമായി വിലയിരുത്തിയിരുന്നു. ഇതോടെ തനനെ അറസ്റ്റിലേക്ക് നീങ്ങുമെന്ന വിവരം വ്യക്തമായിരുന്നു. ഐജിയിൽ നിന്ന് വാങ്ങിയാണ് എസ്പി ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു.
ബിഷപ്പിനെ വൈക്കം കോടതിയിൽ മജിസ്ട്രേറ്റിന് മുമ്പാകെയാകും ഹാജരാക്കുക. നേരത്തെ അറസ്റ്റു ചെയ്യാൻ ഉതകുന്ന വിവരങ്ങൾ ആരായുകായാണ് പൊലീസ് ചെയ്തിരുന്നത്. ഇതിനായി കൂടുതൽ വിവരങ്ങളും തേടി. 10 ശതമാനം കാര്യങ്ങളിൽ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയിൽ വ്യക്തത വരുത്താൻ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സിഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.
അതേസമയം ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. പിന്നേയും വൈകുന്നത് ശരിയല്ലെന്ന അഭിപ്രയാം അന്വേഷണ സംഘത്തിനുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾ കുടുക്കിയിരുന്നു. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി.
ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ഇതുമാത്രം മതി അറസ്റ്റിനെന്നാണ് അ്ന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പൊലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി. അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം.
മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി ബിഷപ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിൽ പത്തരയോടെ എത്തി. രണ്ടാം ദിവസത്തിലെ ചോദ്യം ചെയ്യലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉത്തരംമുട്ടിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ തെളിവുകൾ. പീഡനം നടന്ന ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതൽ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകൾ നിരത്തി അന്വേഷണ സംഘം പൊളിച്ചു.
അതിനിടെ അറസ്റ്റു ഉറപ്പായ ഘട്ടത്തിൽ തന്നെ ബിഷപ്പിനെ താൽകാലികമായി ചുമതലകളിൽ നിന്നും നീക്കിയിരുന്നു. തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യർത്ഥന പ്രകാരമാണ് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശാനുസരണം കെസിബിസിയുടെ നടപടി കൈക്കൊണ്ടത്. കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് ചുമതലകളിൽ നിന്ന് നീക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നത്.
