Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുത്ത സ്റ്റിക്കറുകൾക്കെതിരെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നതിനിടെ വനിതാഹോസ്റ്റലിലെ ജനാലകളിലെല്ലാം പരക്കെ സ്റ്റിക്കർ; തലസ്ഥാനത്തെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾ ഭീതിയിൽ; കാവലിന് പട്ടിയുള്ള ഹോസ്റ്റലിന്റെ ജനാലച്ചില്ലുകളിൽ സ്റ്റിക്കർ കണ്ടതിലും ദുരൂഹത

കറുത്ത സ്റ്റിക്കറുകൾക്കെതിരെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നതിനിടെ വനിതാഹോസ്റ്റലിലെ ജനാലകളിലെല്ലാം പരക്കെ സ്റ്റിക്കർ; തലസ്ഥാനത്തെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾ ഭീതിയിൽ; കാവലിന് പട്ടിയുള്ള ഹോസ്റ്റലിന്റെ ജനാലച്ചില്ലുകളിൽ സ്റ്റിക്കർ കണ്ടതിലും ദുരൂഹത

അരുൺ ജയകുമാർ

തിരുവനന്തപുരം: വീടുകളുടെ ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതിലെ ഭീതി വിട്ടുമാറാതെ ജനങ്ങൾ. ഇതിനിടെ തിരുവനന്തപുരം നഗരസഭയുടെ വനിതാ ഹോസ്റ്റലിന്റ ചുറ്റുമുള്ള എല്ലാ ജനലുകളിലും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപെട്ടു. ഇതോടെ ഇവിടെയുള്ള അന്തേവാസികളും ഭീതിയിലായി.

ഇരു നിലകളിലായി പ്രവർത്തിക്കുന്ന ഹോസ്റ്റലിന് ചുറ്റുമുള്ള എല്ലാ ജനലുകളിലും അത് പോലെ തന്നെ എല്ലാ ബാത്റൂമുകളുടേയും ജനലുകളിലും നിരയായി ഒട്ടിച്ചിരിക്കുന്നത് നിരവധി സ്റ്റിക്കറുകളാണ്. വഞ്ചിയൂരിലെ നഗരസഭയുടെ ജ്യോതി മന്ദിരം വിമൺസ് ഹോസ്റ്റലിലാണ് ഇന്ന് രാവിലെയോടെ സ്റ്റിക്കറുകൾ വൻതോതിൽ ഒട്ടിച്ചതായി കണ്ടെത്തിയത്.

പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായി 75ഓളം സ്ത്രീകളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇന്നലെ രാത്രി ഏകദേശം അരമണിക്കൂറോളം കറന്റ് ഇല്ലായിരുന്നുവെന്നും ഈ സമയത്താകാം സറ്റിക്കർ ഒട്ടിച്ചതെന്നുമാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ കരുതുന്നത്. ഇന്ന് രാവിലെ ഒരു മുറിയിൽ നിന്നും പുറത്ത് വന്ന പെൺകുട്ടിയാണ് കറുത്ത സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ഈ വിവരം പെൺകുട്ടി പുറത്ത് പറഞ്ഞപ്പോൾ എല്ലാവരും തങ്ങളുടെ മുറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സ്റ്റിക്കറുകൾ എല്ലായിടത്തും ഒട്ടിച്ചതായി കണ്ടത്.

നഗരത്തിലെ നിരവധി വീടുകളിൽ സ്റ്റിക്കറുകൾ കണ്ടെങ്കിലും ഒരേ കെട്ടിടത്തിൽ ഇത്രയേറെ സ്റ്റിക്കറുകൾ കണ്ടെത്തിയത് ആദ്യമാണ്. ഇരു നിലകളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിന്റെ രണ്ടാം നിലയിലെത്തി അവിടുത്തെ ജനലിൽ പോലും സ്റ്റിക്കർ ഒട്ടിച്ചതിലൂടെ വലിയ ഭയപ്പാടിലാണ് അന്തേവാസികൾ. സ്റ്റിക്കർ കണ്ടതിന് പിന്നാലെ വഞ്ചിയൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം മടങ്ങിയെന്നും അന്തേവാസികൾ പറഞ്ഞു.

ഹോസ്റ്റലിൽ ഒരു പട്ടിയുണ്ട്. ആളുങ്ങളെ കാണുമ്പോൾ സ്ഥിരമായി കുരയ്ക്കാറുള്ള പട്ടി ഇന്നലെ കുരയ്ക്കുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ലെന്നും അന്തേവാസികൾ പറയുന്നു. നഗരസഭയുടെ ഹോസ്റ്റലായതുകൊണ്ട് തന്നെ നഗരസഭയിലും മേയർ വികെ പ്രശാന്തിനേയും അപ്പോൾ തന്നെ വിവരമറിയിക്കുകയും ചെയ്തിരുന്നുവെന്നും ഹോസ്റ്റലിലെ പെൺകുട്ടികൾ പറയുന്നു.

കുട്ടികളുള്ള വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോകാനാണ് ഇത്തരം സ്റ്റിക്കറുകൾ ഒട്ടിക്കുന്നതെന്നും മോഷ്ടാക്കളാണ് ഒട്ടിക്കുന്നതെന്നും എല്ലാം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഇതുവരെ ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയിൽ പറഞ്ഞത്. പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ടു ചെയ്യുന്നതും അധികൃതരെ കുഴക്കുന്നുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള സ്റ്റിക്കറാണെങ്കിൽ പിന്നെ സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ എന്തിനാണ് ഇത്തരത്തിൽ സ്റ്റിക്കർ പതിച്ചതെന്നും ചോദ്യമുയരുന്നുണ്ട്. പുറത്ത് നിന്നുള്ള മോഷണ സംഘധമോ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലേയോ അല്ലാതെ മറ്റാരെങ്കിലുമാണോ സ്റ്റിക്കർ ഒട്ടിച്ചതിന് പിന്നിലെന്നും അന്തേവാസികൾ സംശയിക്കുന്നു. ഏണിയുടേയോ മറ്റോ സഹായമില്ലാതെ രണ്ടാം നിരയിൽ പ്രവേശിക്കാനാകില്ലെന്നിരിക്കെ എങ്ങിനെയാണ് രണ്ടാം നിലയിൽ പോലും ഇങ്ങനെ സ്റ്റിക്കർ ഒട്ടിച്ചതെന്നതും ദുരുഹമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP