Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ വന്നപ്പോൾ റേഞ്ചില്ലാതെ പർച്ചേസിങ്ങിനിടെ മാളിന് പുറത്തിറങ്ങി; തുടർന്ന് എൻഐടി പ്രൊഫസറെ മാൾ ജീവനക്കാർ തടഞ്ഞു വെച്ച് മർദ്ദിച്ചത് മോഷണശ്രമം ആരോപിച്ച്; സോഷ്യൽ മീഡിയയിൽ പടം സഹിതം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കവർന്നത് ഒരു ലക്ഷം രൂപ; വീണ്ടും രണ്ടര ലക്ഷം തട്ടാൻ ശ്രമം; കോഴിക്കോട് ഫോക്കസ് മാളിലെ നാലു ജീവനക്കാർ അറസ്റ്റിൽ, മാനേജർ ഒളിവിൽ; മാളുകളിൽ പർച്ചേസ് ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുക; എത് നിമിഷവും കള്ളനാക്കി ഇവർ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാം

ഫോൺ വന്നപ്പോൾ റേഞ്ചില്ലാതെ പർച്ചേസിങ്ങിനിടെ മാളിന് പുറത്തിറങ്ങി; തുടർന്ന് എൻഐടി പ്രൊഫസറെ മാൾ ജീവനക്കാർ തടഞ്ഞു വെച്ച് മർദ്ദിച്ചത് മോഷണശ്രമം ആരോപിച്ച്; സോഷ്യൽ മീഡിയയിൽ പടം സഹിതം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കവർന്നത് ഒരു ലക്ഷം രൂപ; വീണ്ടും രണ്ടര ലക്ഷം തട്ടാൻ ശ്രമം; കോഴിക്കോട് ഫോക്കസ് മാളിലെ നാലു ജീവനക്കാർ അറസ്റ്റിൽ, മാനേജർ ഒളിവിൽ; മാളുകളിൽ പർച്ചേസ് ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുക; എത് നിമിഷവും കള്ളനാക്കി ഇവർ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാം

കെ വി നിരഞ്ജൻ

കോഴിക്കോട്: നിരപരാധിയായ പ്രൊഫസറെ മോഷണക്കുറ്റം ആരോപിച്ച് ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച നാല് മാൾ ജീവനക്കാർ അറസ്റ്റിൽ. കോഴിക്കോട് പുതിയ ബസ്റ്റാൻഡിനടുത്തെ പ്രശസ്തമായ ഫോക്കസ് മാളിൽ നടന്ന സംഭവം നഗരത്തെ നടുക്കിയിരിക്കയാണ്. ഖൊരഖ്പൂർ എൻഐടിയിലെ ഇക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരായ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടിൽ സി.പി.രാജേഷ്(39), നോർത്ത് ബേപ്പൂർ നടുവട്ടം സ്വദേശി ഹർഷിന മൻസിലിൽ പി.മുഹമ്മദ് അസ്ഹറുദീൻ( 34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറന്പ് പെർക്കുത്ത് വീട്ടിൽ പി.ആഷിക്(26), എരഞ്ഞിക്കൽ അമ്പലപ്പടി സഫ ഫ്ളാറ്റ് -108ലെ താമസക്കാരൻ കെ.നിവേദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാർക്ക് ബ്ലാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും നിർദ്ദേശം നൽകിയ ഫോക്കസ് ഹൈപ്പർ മാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹ്യ, കവർച്ചക്ക് കൂട്ടുനിന്ന ഇവന്റ് മാനേജർ കമാൽ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- പ്രൊജ്കട് വർക്കിന്റെ ഭാഗമായി കോഴിക്കോട്ടെത്തി വാടകയ്ക്ക് താമസിക്കുന്ന പ്രൊഫ. പ്രശാന്ത് ഗുപ്ത സാധനങ്ങൾ വാങ്ങുവാനാണ് കഴിഞ്ഞ ദിവസം ഹൈപ്പർമാർക്കറ്റിൽ എത്തിയത്. ഷോപ്പിങിനിടെ ഫോൺകോൾ വരികയും റേഞ്ച് ഇല്ലാത്തതിനാൽ ഗുപ്ത ഫോണുമായി പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് മാളിലെ ജീവനക്കാർ ഇദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയായിരുന്നു. കഷ്ടകാലത്തിന് ഗുപതയുടെ കൈയിൽ അദ്ദേഹം വാങ്ങാനായി ഉദ്ദേശിച്ച ഒന്നുരണ്ട് സാധനങ്ങളും ഉണ്ടായിരുന്നു. പുറത്തിറങ്ങിയത് ഫോണിന് റേഞ്ച് ഇല്ലാതിരുന്നതു കൊണ്ടാണെന്ന തനിക്ക് മോഷ്ടിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലെന്ന ഗുപ്തയുടെ വിശദീകരണത്തിന് ചെവി കൊടുക്കാതെ ജീവനക്കാർ ഇദ്ദേഹത്തെ മർദ്ദിക്കയായിരുന്നു.

ഇതിയാളുടെ സ്ഥിരം പരിപാടിയാണെന്നാരോപിച്ചായിരുന്ന മർദ്ദനം. മനപ്പൂർവ്വം പ്രൊഫസർ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ആക്ഷേപിച്ചു. ഗുപ്തയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ , 7500 രൂപ , എടിഎം കാർഡ്, വിലകൂടിയ വാച്ച് എന്നിവ ബലം പ്രയോഗിച്ച് ജീവനക്കാർ കൈക്കലാക്കി. തങ്ങളുടെ സിസിടിവി ക്യാമറയിൽ ഗുപത് സാധനമെടുത്ത് പുറത്തിറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞായിരുന്നു ജീവനക്കാരുടെ ബ്ലാക്ക് മെയിലിങ്ങ്.

പക്ഷേ അവിടം കൊണ്ടും ആക്രമണം നിർത്താനായിരുന്നില്ല പദ്ധതി. എടിഎം കാർഡുപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സ്വൈപ്പിങ്ങ് മെഷീനിലൂടെ തന്നെ ഗുപ്തയെക്കൊണ്ട് പലതവണകളായി ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് ജീവനക്കാർ തങ്ങളുടേതാക്കി. സംഭവം പുറത്തു വരാതിരിക്കാൻ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തു പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്ത വരുമെന്നും സമൂഹ മാധ്യമങ്ങളിൽ പടം സഹിതം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പ്രൊഫസർ ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഭാര്യയെയും മറ്റും വിളിച്ചു പറയുമെന്നും ഇവർ ഭീഷണി മുഴക്കി. മാനഹാനി ഭയന്ന ഗുപ്ത സംഭവിച്ചതെന്താണെന്ന് ആരോടും ആദ്യം പറഞ്ഞില്ല.

എന്നാൽ വ്യാഴാഴ്ച പ്രൊഫസറുമായി ബന്ധപ്പെട്ട ജീവനക്കാർ സിവിൽ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ പൊലീസ് തിരയുന്ന യാഹ്യയുടെ ഓഫീസിലേക്കാണ് എത്താൻ ആവശ്യപ്പെട്ടത്. പരാതി ലഭിച്ച കസബ പൊലീസ,് എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥാപനം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രൊഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും , പണം പിൻവലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപർ മാർക്കറ്റിന്റെ ലോക്കറിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. പ്രൊഫസറിൽ നിന്നും കവർന്ന ഒരു ലക്ഷം രൂപ തിരികെ നൽകാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

പിടിയിലായവർക്കെതിരെ കൂട്ടക്കവർച്ചയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രൊഫസറുടെ ഉയർന്ന സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പണം കവരാൻ ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. പ്രതികൾ റിമാൻഡിലാണ്. മുൻപും യാഹ്യയുടെ നിർദേശ പ്രകാരം സമാനമായ രീതയിൽ മറ്റ് ഉപഭോക്താക്കളിൽനിന്ന് പണം തട്ടിയതായി സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നതാരയ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഉപഭോക്താവിനെ കള്ളനാക്കി ബ്ലാക്ക്മെയിൽ ചെയ്യുന്ന രീതി കേട്ട് കോഴിക്കോട്ടെ വ്യാപാരി സമൂഹവും ഞെട്ടിയിരക്കയാണ്്. സത്യത്തിന്റെ നഗരം ( സിറ്റി ഓഫ് ട്രൂത്ത്്) എന്ന് അറിയപ്പെടുന്ന കോഴിക്കോടിന് കളങ്കമാണ് ഈ രീതിയെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നുമാണ് വ്യാപരി നേതാക്കൾ പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP