Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മടത്തറ നിന്ന് കുളത്തൂപുഴയിലേക്ക് സുഹൃത്തുക്കൾ പോയത് സ്‌കൂട്ടറിൽ; മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കണ്ടത് മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ ഒരു സാധനം; കൗതുകത്തിന് കമ്പു കൊണ്ട് കുത്തി തെറിപ്പിച്ചപ്പോൾ കണ്ടത് വെടിയുണ്ടയും; ജോഷിയും അജീഷും അറിയിച്ചതോടെ പാഞ്ഞെത്തി പൊലീസ്; കിട്ടിയത് എകെ 47 തോക്കുകളേക്കാൾ ദൂരത്തിൽ നിന്നു വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ

മടത്തറ നിന്ന് കുളത്തൂപുഴയിലേക്ക് സുഹൃത്തുക്കൾ പോയത് സ്‌കൂട്ടറിൽ; മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കണ്ടത് മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ ഒരു സാധനം; കൗതുകത്തിന് കമ്പു കൊണ്ട് കുത്തി തെറിപ്പിച്ചപ്പോൾ കണ്ടത് വെടിയുണ്ടയും; ജോഷിയും അജീഷും അറിയിച്ചതോടെ പാഞ്ഞെത്തി പൊലീസ്; കിട്ടിയത് എകെ 47 തോക്കുകളേക്കാൾ ദൂരത്തിൽ നിന്നു വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 14 വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമെന്നു സംശയം ഉള്ളതിനാൽ കേന്ദ്ര ഏജൻസികളും പരിശോധനയ്ക്ക് എത്തും.. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം.

ഇന്നലെ വൈകിട്ട് കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപം വനമേഖലയിൽ റോഡരികിൽ മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ സാധനം കിടക്കുന്നതു അതുവഴി വരവെ വാഹനം നിർത്തിയ കുളത്തൂപ്പുഴ മടത്തറ സ്വദേശി ജോഷിയും സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷും കണ്ടു. സംശയം തോന്നിയ ജോഷി വടി കൊണ്ടു കവർ കുത്തി നോക്കി. വെടിയുണ്ട കണ്ടതോടെ അവർ പൊലീസിൽ വിവരം അറിയിച്ചു. കുളത്തുപ്പൂഴ എസ്‌ഐ വി. ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുന്നു. പൊതി സീൽ ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ എസ്‌ഐ, കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിനെ വിവരം അറിയിക്കുന്നു. എകെ 47 തോക്കുകളേക്കാൾ ദൂരത്തിൽ നിന്നു വെടിയുതിർക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കണ്ടെത്തിയതെന്നു റൂറൽ പൊലീസ് അറിയിച്ചു. സായുധ പൊലീസ് ഉപയോഗിക്കുന്ന ഓട്ടമാറ്റിക് തോക്കുകളിലെ വെടിയുണ്ടയാണെന്നായിരുന്നു ആദ്യ സംശയം.

ജോഷി എന്നയാളാണ് വെടിയുണ്ട ആദ്യം കണ്ടത്. മടത്തറ നിന്നു സ്‌കൂട്ടറിൽ കുളത്തൂപ്പുഴയിലേക്കു വരുമ്പോൾ വനപ്രദേശമായ മുപ്പതടിപ്പാലത്തിനു സമീപം വാഹനം നിർത്തി. പ്രാഥമിക ആവശ്യത്തിനായി പോയപ്പോൾ പാതയോരത്തു മഞ്ഞക്കവർ കണ്ടു. കമ്പു കൊണ്ട് കുത്തിനോക്കിയ ശേഷം തട്ടിത്തെറിപ്പിച്ചു. കവർ തുറന്നു എന്തോ തെറിച്ചു വീണു. ബെൽറ്റാണെന്നു കണ്ടു തിരികെ പോകാൻ ഒരുങ്ങിയെങ്കിലും വീണ്ടും പരിശോധിച്ചു. വെടിയുണ്ടയാണെന്ന് ഉറപ്പാക്കി. ഉടൻ സുഹൃത്ത് അജീഷിനെ വിവരം അറിയിച്ചു. വൈകാതെ പൊലീസിലും.-ജോഷി പറഞ്ഞു.

ദീർഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ 1981--82 വർഷം നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സായുധസേന ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നും സംശയിക്കുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേനിർമ്മാണത്തിനായി എടുത്ത മണ്ണിനുമുകളിൽ ശനിയാഴ്ച പകൽ മൂന്നരയോടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. 12 വെടിയുണ്ട മാലപോലെ കവറിലും രണ്ടെണ്ണം കവറിൽനിന്ന് വേർപെട്ട നിലയിലുമായിരുന്നു.

എസ്ഐ ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വെടിയുണ്ടകൾ കുളത്തൂപ്പുഴ സ്റ്റേഷനിലേക്കു മാറ്റി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സയന്റിഫിക് വിഭാഗവും ബാലസ്റ്റിക് ആർമർ വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. ഇതോടെയാണ് പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയുടെ വെടിയുണ്ടയാണ് ഇതെന്ന സൂചന കിട്ടിയത്. പിന്നീട് കുളത്തുപ്പുഴ പൊലീസ് ഇവ കൊട്ടാരക്കര റൂറൽ എസ്‌പി ഓഫിസിലേക്കു മാറ്റി. കുളത്തുപ്പുഴയിൽനിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരികിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ വിദേശനിർമ്മിതമെന്നു ബോധ്യപ്പെട്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. വെടിയുണ്ടകൾ സംബന്ധിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തും. ഡിഐജി അനുപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല. വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ ദുരൂഹതകളേറെയാണ്. കണ്ടുപിടിക്കപ്പെടരുതെന്നായിരുന്നു ലക്ഷ്യമെങ്കിൽ പാതയോരത്ത് ഉപേക്ഷിക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രധാനം. വെടിയുണ്ടകൾ ആരെങ്കിലും കണ്ടെത്തണമെന്ന ഉദ്ദേശ്യത്തോടെയാകണം പാതയോരത്തു തന്നെ ഉപേക്ഷിച്ചതെന്നാണു നാട്ടുകാരുടെ സംശയം. മരങ്ങൾ ഇടതൂർന്ന ഇവിടെ നല്ല തണൽ ഉള്ളതിനാൽ വാഹനങ്ങൾ നിർത്തുക പതിവാണ്. പാതയിൽ നിന്ന് ഒന്ന് വലിച്ചെറിഞ്ഞാൽ ഇവ ചെന്നെത്തുക ചപ്പാത്തും ചതുപ്പും ചെളിക്കുണ്ടും നിറഞ്ഞ വനത്തിലേക്കാകും. പാതയോരത്ത് നിന്ന് 10 മീറ്റർ മാത്രമെ വനത്തിലേക്കുള്ളൂ.

വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ടുവെന്ന വിവരം പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരും ഓർത്തത് കേരള പൊലീസിന്റെ തോക്കുകളും തിരകളും കാണാനില്ലെന്ന് വെളിപ്പെടുത്തിയ സിഎജി റിപ്പോർട്ടാണ്. വെടിയുണ്ടയിൽ 'പിഒഎഫ്' എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നു പിന്നീട് പൊലീസ് വ്യക്തമാക്കി. ഇതോടെ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമെന്ന സംശയം ഉയർന്നു. ദേശീയ സുരക്ഷാ ഏജൻസിയും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും റൂറൽ എസ്‌പി ഹരിശങ്കറിനെ ബന്ധപ്പെട്ടതോടെ സംഭവത്തിനു ഗൗരവമേറി. വെടിയുണ്ട പൊതിഞ്ഞ തമിഴ് പത്രം ആർപിഎൽ എസ്റ്റേറ്റിലെ (റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്) തമിഴ് തൊഴിലാളിയെ വരുത്തി വായിപ്പിച്ചും പൊലീസ് വിവരങ്ങൾ ചികഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP