Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.ഒ.ടി.നസീർ വധശ്രമക്കേസ്: മുഖ്യപ്രതിയെ തമിഴ്‌നാട്ടിൽ ഒളിവിൽ പാർപ്പിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് റോഷൻ ബാബുവിനെ ഒരാഴ്ചയോളം ധർമപുരി ഹുസൂറിൽ താമസിപ്പിച്ച ബിശ്വാസ്; വധശ്രമത്തിന്റെ സൂത്രധാരൻ എ.എൻ.ഷംസീർ തന്നെയെന്ന് ആവർത്തിച്ച് നസീർ; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം

സി.ഒ.ടി.നസീർ വധശ്രമക്കേസ്: മുഖ്യപ്രതിയെ തമിഴ്‌നാട്ടിൽ ഒളിവിൽ പാർപ്പിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് റോഷൻ ബാബുവിനെ ഒരാഴ്ചയോളം ധർമപുരി ഹുസൂറിൽ താമസിപ്പിച്ച ബിശ്വാസ്; വധശ്രമത്തിന്റെ സൂത്രധാരൻ എ.എൻ.ഷംസീർ തന്നെയെന്ന് ആവർത്തിച്ച് നസീർ; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം

രഞ്ജിത്ത് ബാബു

കണ്ണൂർ: മുൻ സിപിഎം. നേതാവും വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയെ തമിഴ്‌നാട്ടിൽ ഒളിവിൽ പാർപ്പിച്ചയാൾ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ കൊളശ്ശേരിയിലെ റോഷൻ ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണ് തമിഴ്‌നാട് ധർമ്മപുരി ഹുസൂറിലെ ബേക്കറി ഉടമയായ കൊളശ്ശേരി ബിശ്വാസ് നിവാസിൽ ബിശ്വാസിനെ (25) തലശ്ശേരി സിഐ. വി.കെ. വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18 ാം തീയ്യതി വൈകീട്ട് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് നസീറിനെ അക്രമിച്ച ശേഷം ഒളിവിൽ പോയ റോഷൻ ബാബു ഒരാഴ്ചയോളം ഹുസൂറിലെ ബിശ്വാസിന്റെ മുറിയിലാണ് താമസിച്ചതെന്ന് പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിൽ നിന്നും തലശ്ശേരിയിൽ കൊണ്ടു വന്ന ബിശ്വാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് റോഷൻ എന്ന് പൊലീസ് പറഞ്ഞു. നസീറിനെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ തലശ്ശേരി എംഎൽഎ. എ.എൻ. ഷംസീറാണെന്ന് സി.ഒ.ടി. നസീർ ആവർത്തിക്കുകയാണ്. ഇതേ തുടർന്ന് വധശ്രമക്കേസ് അതീവ ഗൗരവത്തോടെ അന്വേഷണം നടത്താൻ തലശ്ശേരി പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് നൽകാനും പൊലീസ് ആസ്ഥാനത്തു നിന്നും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. പിടികൂടപ്പെട്ട പ്രതികളൊന്നും എംഎൽഎ യുടെ പങ്കിനെ പറ്റി പൊലീസിനോട് വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാൽ നസീർ കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തെളിവുകൾ ശേഖരിക്കാനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം നസീർ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരനും നിയുക്ത എം. പി. കെ. മുരളീധരനും നസീറിനുള്ള പിൻതുണയും നിയമസഹായവും നൽകാൻ തയ്യാറായിരിക്കയാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നസീർ വധശ്രമക്കേസ് വരും ദിവസങ്ങളിൽ വിവാദങ്ങൾ ക്ഷണിച്ചു വരുത്തും. അന്വേഷണത്തിൽ നിന്നും പൊലീസിന് പിന്നോട്ട് പോകാനുമാവില്ല. അക്രമി സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരുൾപ്പെടെ എട്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമായില്ല. പ്രതികളിൽ എരഞ്ഞോളിയിലെ അശ്വന്ത് (29), കൊളശ്ശേരി കുന്നിലേരി മീത്തൽ സോജിത്ത് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോൾ റിമാന്റിൽ കഴിയുകയാണ്. ആറ് പേർ ഇനിയും പിടിയിലാവാനുണ്ട്. അതിൽ മൂന്ന് കൊലക്കേസ് പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP