Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പമ്പോ.. എന്തൊരു വേഗം! സിഎജി വർഷങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഇന്നലെ; 24 മണിക്കൂർ കഴിയും മുമ്പ് സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകൾ എല്ലാം തള്ളി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിച്ച് ആഭ്യന്തര സെക്രട്ടറി; തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദം; പിഴവ് കണക്കിൽ മാത്രമെന്നും ബിശ്വാസ് മേത്തയുടെ അതിവേഗ റിപ്പോർട്ടിൽ

അമ്പമ്പോ.. എന്തൊരു വേഗം! സിഎജി വർഷങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഇന്നലെ; 24 മണിക്കൂർ കഴിയും മുമ്പ് സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകൾ എല്ലാം തള്ളി അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിച്ച് ആഭ്യന്തര സെക്രട്ടറി; തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദം; പിഴവ് കണക്കിൽ മാത്രമെന്നും ബിശ്വാസ് മേത്തയുടെ അതിവേഗ റിപ്പോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പൊലീസ് സേനയിലെ ക്രമക്കേടുകൾ ഓരോന്നായി പുറത്തുവന്നതോടെ വെട്ടിലായ പിണറായി സർക്കാർ സ്വന്തം അന്വേഷണം നടത്തി എല്ലാം വെടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യത്തിൽ വിവാദം ഒഴിവാക്കാനായി എല്ലാ ക്ലിയർ ചെയ്യാനാണ് ശ്രമം. ഇതിന്റെ ഭാഗദമായി സിഎജി റിപ്പോർട്ട് പൂർണമായും തള്ളിക്കളയുകയാണ് സർക്കാർ. പൊലീസ് സേനയിലെ ക്രമക്കേടിനെയും അഴിമതിയെയും ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ സി.എ.ജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടും തയ്യാറായി.

ഇന്നലെ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ ഇന്ന് അതിവേഗം റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തി. സി.എ.ജി ചൂണ്ടിക്കാട്ടിയത് പോലെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിഴവ് കണക്കിൽ മാത്രമാണ്. വെടിയുണ്ടകളുടെ കാര്യത്തിൽ ദീർഘകാലത്തെ കണക്കെടുപ്പ് വേണം. സ്റ്റോർ പർച്ചേസ് മാന്വൽ കർശനമായി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് സംഭവം അന്വേഷിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.

പൊലീസിന് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടന്നോ വാഹനങ്ങൾ വാങ്ങിയത് മാനദണ്ഡപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്‌റ്റോർ പർച്ചേസ് മാനുവലും കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗ നിർദ്ദേശങ്ങളും ലംഘിച്ചതായാണ് സി.എ.ജി കണ്ടെത്തൽ. വില നിശ്ചയിക്കുന്നതിൽ നാല് സന്ദർഭങ്ങളിലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും വിൽപനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ ധനനഷ്ടമുണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നതിനെ തുടർന്ന് പ്രതിരോധത്തിലായ സാഹചര്യത്തിലാണ് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആദ്യ തീരുമാനം. 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം രാഷ്ട്രീയ വിവാദമായി.

പൊലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ഇന്നലെ നടന്ന ക്രൈംബ്രാഞ്ച് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സിഎജി റിപ്പോർട്ടിൽ പരാമർശിച്ച 660 ഇൻസാസ് റൈഫിളുകളിൽ 13 എണ്ണം ഒഴികെ എല്ലാം തിരുവനന്തപുരം എസ്എപി ക്യാംപിൽ എഡിജിപി ടോമിൻ ജെ. തച്ചങ്കരി ഐപിഎസിന്റെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ചു. 13 തോക്ക് മണിപ്പൂരിൽ പോയ എആർ ബറ്റാലിയനിലെ പൊലീസുകാരുടെ കൈവശമുണ്ടെന്നും കണ്ടെത്തി. എന്നാൽ വെടിയുണ്ടകൾ കണ്ടെത്താനായിട്ടില്ല.

തോക്കുകൾ നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത് സർക്കാരിന് ഭാഗിക ആശ്വാസവുമായി. എന്നാൽ സിഎ ജിറിപ്പോർട്ടിൽ പരാമർശിക്കാത്തതും ബെഹ്റ തന്നിഷ്ടപ്രകാരം പണം ചെലവഴിക്കുന്നതിന്റേതുമായി പുറത്തുവരുന്ന വാർത്തകൾ സർക്കാരിന് തലവേദനയാവുകയാണ്. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണമാകട്ടെ സിഎജി പരാമർശങ്ങളിലൊതുങ്ങും. അന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യം തള്ളിയാണ് അന്വേഷണത്തിന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെ നിയോഗിച്ചത്.

സംസ്ഥാന പൊലീസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട് സിഎജി പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ, എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്റയ്ക്ക് എതിരെ, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ അടിയന്തരമായി ബഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. സാമ്പത്തിക ക്രമക്കേടും, ദുർവിനിയോഗവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണവും ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് എൻഐഐ അന്വേഷണവും നടത്തണം.

കത്ത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ രാത്രി തന്നെ എത്തിച്ചതാണ്. ഞങ്ങൾ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ട്. തോക്കുകളും വെടിയുണ്ടകളും കാണാതായത് ഗുരുതരമായ പ്രശ്‌നമാണ്. കേരളത്തിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന പർച്ചേസുകൾ സിഎജി റിപ്പോർട്ടിൽ അഴിമതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഡിജിപി എന്നത് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിനു പകരം ഡയറക്ടർ ജനറൽ ഓഫ് പർച്ചേഴ്‌സ് ആയിമാറി. ശബരിമലയിലേക്ക് പോലും ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ട്. കെൽട്രോൺ വഴി നടത്തിയ ഇടപാടുകൾ അഴിമിതിയാണെന്നും ചെന്നിത്തല ആരോപിച്ചു. എസ്‌ഐമാർക്കും എഎസ്‌ഐമാർക്കും ക്വാർട്ടേഴ്സ് പണിയുന്നതിനു അനുവദിച്ച 4.35 കോടി രൂപ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഇടപെട്ട് വക മാറ്റി ചിലവഴിക്കുകയും ഡിജിപിക്ക് വില്ലയും ക്യാംപ് ഹൗസും മാത്രമല്ല എഡിജിപിമാർക്ക് ബംഗ്ലാവുകൾ നിർമ്മിക്കാനും വകമാറ്റി ചിലവഴിച്ചു.

മുൻപ് ഇങ്ങനെ വകമാറ്റി ചിലവഴിച്ചപ്പോൾ നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി കർശ്ശന താക്കീത് നൽകിയിരുന്നു. എന്നാൽ, ഈ താക്കീത് അവഗണിച്ച് അതേ ക്രമക്കേട് ആവർത്തിച്ച ആഭ്യന്തര വകുപ്പ് നിയമസഭയെ അവഹേളിക്കുകയും, മാർഗരേഖകളുടെ ലംഘനവുമാണ് നടത്തിയതെന്ന് സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ മോഡണൈസേഷൻ ഫണ്ടുപയോഗിച്ച് വിഐപി-വിവിഐപി സുരക്ഷയ്ക്ക് വേണ്ടിയുള്ള വാഹനങ്ങൾ വാങ്ങിയതും എല്ലാ മാർഗരേഖകളും കാറ്റിൽ പറത്തിയാണെന്നും ആരോപണം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP