Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് മാർ ആലഞ്ചേരിയടക്കം നാലുപേർക്കെതിരെ; രേഖകളിൽ ഒപ്പിട്ട മാർ എടയന്ത്രത്തിനേയും പ്രതി ചേർത്തേക്കും; ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ലെങ്കിൽ കർദിനാളിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ പൊലീസ് നിർബന്ധിതമാകും

പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് മാർ ആലഞ്ചേരിയടക്കം നാലുപേർക്കെതിരെ; രേഖകളിൽ ഒപ്പിട്ട മാർ എടയന്ത്രത്തിനേയും പ്രതി ചേർത്തേക്കും; ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ലെങ്കിൽ കർദിനാളിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ പൊലീസ് നിർബന്ധിതമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ പുതിയ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സഭ നേതൃത്വം. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെയാണു കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം. അതിന് വേണ്ടി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ് സഭ. ഈ നീക്കം വിജയിച്ചില്ലെങ്കിൽ കർദിനാൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും.

പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും രണ്ടു വൈദികരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഡിവിഷൻ ബെഞ്ച് പിന്നീടു പരിഗണിക്കും. ഈ അപ്പീൽ അതീവ നിർണ്ണായകമാണ്. പൊലീസിൽ പരാതി നൽകിയ വ്യക്തിക്ക് ഈ വിഷയം നേരിട്ടറിവുള്ളതല്ലെന്നും മറ്റു തൽപരകക്ഷികളാൽ നിയോഗിക്കപ്പെട്ടതാണെന്നും കർദിനാളിന്റെ അപ്പീലിൽ പറയുന്നു. ഇടപാടിൽ ബന്ധമില്ലാത്ത വ്യക്തി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നൽകുന്ന പരാതി കേസെടുക്കാൻ പര്യാപ്തമല്ല. പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മജിസ്‌ട്രേട്ട് കോടതിയെയാണു സമീപിക്കേണ്ടത്, ഹൈക്കോടതിയെ അല്ല. എങ്ങനെ അന്വേഷണം നടത്തണമെന്നു ഹൈക്കോടതിക്കു നിർദ്ദേശിക്കാനാവില്ല. ഹർജി കോടതി നടപടികളുടെ ദുരുപയോഗമാണെന്നാണ് അപ്പിലിൽ പറയുന്നത്.

പരാതിയിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുമോ എന്നു സ്റ്റേഷൻ ഹൗസ് ഓഫിസറോ മജിസ്‌ട്രേട്ടോ ആണു പരിശോധിക്കേണ്ടത്. ആരോപണം സിവിൽ സ്വഭാവമുള്ളതാണെന്നു കണ്ടാണ് എസ്എച്ച്ഒ കേസെടുക്കാതിരുന്നതെന്നു പ്രോസിക്യൂട്ടർ ഹർജിയിൽ ബോധിപ്പിച്ചിരുന്നു. പരാതിയിൽ തീരുമാനം എടുത്തുവെന്നാണ് ഇതിൽ വ്യക്തമാകുന്നത്. ആരോപണങ്ങളുടെ ആഴത്തിലേക്കു കടന്നു സിംഗിൾ ജഡ്ജി നടത്തിയ നിഗമനങ്ങളും ഉത്തരവും നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും കർദിനാൾ അപ്പീലിൽ ആവശ്യപ്പെട്ടു. വളരെ കരുതലോടെയാണ് അപ്പീൽ തയ്യാറാക്കിയിരിക്കുന്നത്. സിംഗിൾ ജഡ്ജിയുടെ ഉത്തരവു നിയമപരമല്ലെന്ന് ആരോപിച്ച് ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്.

കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫിസ് നൽകിയ നിയമോപദേശത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എ. അനന്തലാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീലിന്റെ തീർപ്പ് അനുസരിച്ചു മേൽനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വിശ്വാസവഞ്ചന, ലാഭത്തിനു വേണ്ടി ചതിചെയ്യുക, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അപ്പീലിലെ വിധി നിർണ്ണായകമാണ്. അപ്പീൽ നിരസിച്ചാൽ കർദിനാളിനെതിരെ പൊലീസ് അന്വേഷണം തുടങ്ങും. അറസ്റ്റ് ചെയ്താൽ റിമാൻഡ് ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടാകും. ഇതൊഴിവാക്കാൻ ജാമ്യത്തിനും ശ്രമിക്കേണ്ടിവരും. ഇത് സഭയെ കൂടുതൽ പ്രതിരോധത്തിലാക്കും.

എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം തുടങ്ങുമ്പോൾ എടയന്ത്രത്തിനേയും കേസിൽ പ്രതിയാക്കുമെന്ന് വ്യക്തമാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി കൂടുതൽ പ്രതിരോധത്തിലായതോടെയാണ് ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവരുന്നത്. രൂപതയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് രൂപതയുടെ വസ്തുവകകൾ വിൽക്കാൽ തീരുമാനിച്ചത് 2016 ജൂൺ 15നായിരുന്നു. അന്നു ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹായമെത്രാനായിരുന്ന സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു. സീപോർട്ട് എയർപോർട്ട് റോഡിലെ സ്ഥലം ഉൾപ്പെടെ മൂന്നേക്കർ മുപ്പത് സെന്റ് സ്ഥലം സെന്റിന് ഒൻപതു ലക്ഷത്തി അയ്യായിരം രൂപയ്ക്ക് വിൽക്കാനായിരുന്നു തീരുമാനം.

ഭൂമി വിൽക്കുന്നതുൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനു പ്രൊക്യുറേറ്റർ ആയിരുന്ന ഫാ. ജോഷി പുതുവയെ ചുമതലപ്പെടുത്തിയതും സഹായമെത്രാനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു. തുടർന്ന് രൂപതയുടെ എല്ലാ ഇടപാടുകളിലും പ്രൊക്യുറേറ്ററും, സഹായമെത്രാനുമായി ഇമെയിൽ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും ഇപ്പോൾ പുറത്തായ രേഖകളിൽ ഉണ്ട്. സ്ഥലവിൽപ്പനയ്ക്കായി ആദ്യത്തെ ഇടനിലക്കാരനെയും രണ്ടാമതായി സാജു വർഗീസിനെയും തീരുമാനിച്ചതും സഹായമെത്രാൻ അറിഞ്ഞു തന്നെയായിരുന്നുവെന്നും വ്യക്തമായിരുന്നു.

മാർ ജോർജ് ആലഞ്ചേരിയുൾപ്പെടെ നാലു പേർക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർദിനാളാണ് ഒന്നാം പ്രതി. പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, മുൻ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു ജോസഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്. ഐ.പി.സി. 120 (ബി)-ഗൂഢാലോചന, 406-വിശ്വാസ വഞ്ചന, 415-ചതി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് കർദിനാളിന് അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP