Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിസമോളുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സിബിഐ എത്തി; 9 വർഷം മുമ്പ് നേഴ്‌സിനെ കൊന്നത് പള്ളി വികാരിയോ?

ജിസമോളുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സിബിഐ എത്തി; 9 വർഷം മുമ്പ് നേഴ്‌സിനെ കൊന്നത് പള്ളി വികാരിയോ?

പാലക്കാട്: തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ ജിസമോളുടെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ. അന്വേഷണമാരംഭിച്ചു. മരണം നടന്ന പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ ഹോസ്റ്റലും സംഘം പരിശോധിച്ചു. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരെ ഉടൻ ചോദ്യംചെയ്യുമെന്നാണറിയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സിബിഐ. എസ്‌പിയും അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈ.എസ്‌പിമാരായ സെന്റ് ലാലും മാധവൻകുട്ടിയും ജിസമോളുടെ വീട് സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനിയായ ജിസമോൾ പി. ദേവസ്സിയെ 2005 ഡിസംബർ 5ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പാവറട്ടി പൊലീസിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നൽകിയിരുന്നു. അന്വേഷണം വഴിതെറ്റുകയാണെന്ന് ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മാതാവ് ജിമ്മി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസിൽ പള്ളി വികാരി ഫാദർ പോൾ പയ്യപ്പിള്ളിക്കെതിരെയാണ് ആരോപണം നീളുന്നത്. ശക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്തതുപോലുമില്ല. കേസന്വേഷണം ആദ്യം ഏറ്റെടുത്ത പാവറട്ടി എസ്.ഐ. ഇ എം വിജയകുമാർ അന്വേഷണം അട്ടിമറിച്ചു എന്നാണ് ആരോപണം.തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ആദ്യഘട്ടം മുതൽ പൊലീസ് തെളിവുകൾ നശിപ്പിക്കുന്ന രീതിയിലായിരുന്നു അന്വേഷണം നടത്തിയിരുന്നതെന്ന് ജിസയുടെ ബന്ധുക്കൾ പറയുന്നു.

ജിസമോൾ കൈയിലെ ഞരമ്പു മുറിച്ച് തൂങ്ങിമരിച്ചെന്നാണ് ആശുപത്രി അധികൃതർ അമ്മ ബിന്നി ദേവസ്യയെ അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണമായി എഴുതിത്തള്ളിയ കേസ് ഒരു വികാരി നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളേറെയാണെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപോർട്ടിലെയും പിന്നീട് നടത്തിയ വിദഗ്ധപരിശോധനയിലെയും കണെ്ടത്തലുകൾ മരണം ക്രൂരമായ മാനഭംഗത്തിനിടയിലെ കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. ഒ പോസിറ്റീവ് രക്തവാഹകയായ പെൺകുട്ടിയുടെ ഉടുപ്പിൽനിന്ന് ബി പോസിറ്റീവ് രക്തം കണെ്ടത്തിയതും ദുരൂഹതയുണ്ടാക്കുന്നു.

മോഡൽ പരീക്ഷയിൽ കോപ്പിയടിച്ചതു പിടിച്ചതിൽ മനംനൊന്ത് ജിസമോൾ കൈയിലെ ഞരമ്പുമുറിച്ച് തൂങ്ങിമരിച്ചെന്നാണ് ആശുപത്രി അധികൃതർ ബിന്നി ദേവസ്യയെ അറിയിച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പാണ് മോഡൽ പരീക്ഷ നടന്നത്. എന്നാൽ, സംഭവത്തിന്റെ തലേന്നാണ് മോഡൽ പരീക്ഷ നടത്തിയതെന്നായിരുന്നു ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചത്. കൈയിലെ ഞരമ്പിനു പകരം മാംസമാണ് മുറിഞ്ഞിട്ടുള്ളത്. നേഴ്‌സിങിനു പഠിക്കുന്ന കുട്ടിക്ക് ഞരമ്പ് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു പറയുന്നത് യാഥാർഥ്യത്തിനു നിരക്കാത്തതാണ്. മുറി മുഴുവൻ വെള്ളമൊഴിച്ച് കഴുകിയിരുന്നു.

ജിസയുടെ വസ്ത്രമെന്നു പറഞ്ഞ് പൊലീസിൽ ഹാജരാക്കിയ ചുരിദാറും അടിവസ്ത്രങ്ങളുമടക്കം വലിച്ചുകീറിയ നിലയിലായിരുന്നു. എന്നാൽ, മൃതദേഹത്തിൽ മറ്റാരുടേയൊ നൈറ്റിയും പുതിയ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. ജിസമോൾ എപ്പോഴും വാച്ച് ധരിക്കുന്ന പ്രകൃതക്കാരിയാണ്. എന്നാൽ, മൃതദേഹത്തിൽ വാച്ചുണ്ടായിരുന്നില്ല. വാച്ച് കിട്ടിയപ്പോൾ അതിന്റെ ചില്ലുകൾ ഉടഞ്ഞിട്ടുണ്ടായിരുന്നു. സ്ട്രാപ്പും പൊട്ടിയിരുന്നു.

പോസ്റ്റ്‌മോർട്ടമക്കമുള്ള റിപോർട്ടുകളിൽ ജിസ മോളുടെ മരണം ക്രൂരമായ മാനഭംഗത്തിനിടയിലെയുള്ള കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. പെൺകുട്ടിയുടെ രഹസ്യഭാഗത്തും അടിവസ്ത്രത്തിലും പുരുഷബീജം കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് സഹപാഠികളുടെ മൊഴിയെടുത്തിരുന്നില്ല. ഇതൊക്കെ ഉയർത്തിയാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിൽ അനുകൂല വിധി സമ്പാദിച്ചത്.

കേസന്വേഷണം ആദ്യം ഏറ്റെടുത്ത പാവറട്ടി എസ്.ഐ. ഇ എം വിജയകുമാർ അന്വേഷണം അട്ടിമറിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായാരോപിച്ച് ജിസമോളുടെ ബന്ധുക്കൾ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് അദ്ദേഹത്തോട് ഡിസംബർ 30ന് കോടതിയിൽ നേരിട്ടു ഹാജരാവാനാവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP