Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി'യെന്ന് പറഞ്ഞ സലഫി പണ്ഡിതൻ പീഡനകേസിൽ ജയിലിൽ കിടന്നയാൾ; ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ ഉടനീളമുള്ളത് ഐസിസിന്റെ ആശയങ്ങൾ; ശംസുദ്ദീൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിൽ

'അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി'യെന്ന് പറഞ്ഞ സലഫി പണ്ഡിതൻ പീഡനകേസിൽ ജയിലിൽ കിടന്നയാൾ; ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ ഉടനീളമുള്ളത് ഐസിസിന്റെ ആശയങ്ങൾ; ശംസുദ്ദീൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിൽ

എം പി റാഫി

കോഴിക്കോട്: സലഫി പണ്ഡതിൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം കൂടുതൽ വിവാദമാകുന്നു. പ്രഭാഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും മാദ്ധ്യമങ്ങളിലും വന്ന ഓഡിയോ പ്രഭാഷണവും ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും എൻ.ഐ.എയും പരിശോധിച്ചു വരികയാണ്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ (ഐഎസ്) അതേ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് കേരളത്തിലെ സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം അതീവ ഗൗരവത്തോടെ കാണാൻ ഇടയാക്കിയിട്ടുള്ളത്. ഇന്ത്യാ രാജ്യത്ത് യഥാർത്ഥ മുസ്ലിംമിന് ജീവിക്കാൻ സാധ്യമല്ലെന്നും ഇവിടം അമുസ്ലിംങ്ങൾ താമസിക്കുന്ന ദാറുൽ കുഫുറ് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ മുസ്ലിങ്ങൾ യഥാർത്ഥ ഇസ്ലമാമിക ജീവിതം നയിക്കാൻ ഇവിടം വിടണമെന്നടക്കമുള്ള തീവ്രമായ ആശയം പ്രചരിപ്പിക്കുന്നതായിരുന്നു സലഫി പണ്ഡിതന്റെ പ്രസംഗം.

മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളാണ് പറയുന്നത്. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നു. തീർന്നില്ല, ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ പ്രാസംഗത്തിൽ ഈ സലഫി പണ്ഡിതൻ പറയുന്നുണ്ട്.

അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന പരിപാടിയിലായിരുന്നു നടത്തിയത്. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ പ്രഭാഷണം 'അൽ വലാഅ് വൽ ബറാഅ് ' (ബന്ധവും വിച്ഛേദനവും) എന്ന വിഷയത്തിലും ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു. അമുസ്ലിമായ ഒരാളോട് ഇടപയകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്ന മുസ്ലിം ആത്മ പരിശോധന നടത്തണമെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നു. ഇസ്ലമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ യഥാർത്ഥ മുസ്ലിം അല്ലെന്നും പറയുന്നുണ്ട്.

സലഫി പണ്ഡിതനായ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മാത്രമായിരുന്നു മുകളിലേത്. എന്നാൽ ഇത് കൂടുതൽ പഠനവിധേയമാക്കിയാൽ ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ ഭീഗരവാദ സംഘടനകൾ പിൻപറ്റുന്നതും ഇതേ ആശയങ്ങളാണെന്ന് വ്യക്തമാകും. ജനാധിപത്യ, മതേതരത്വ സംവിധാനത്തെ പൂർണമായും അവിശ്വസിക്കുകയും ദാറുൽ ഇസ്ലാം (ഇസ്ലാമിക രാജ്യം) സ്ഥാപിക്കുകയുമാണ് ഐഎസ്, അൽഖ്വൊയ്ദ തുടങ്ങിയ തീവ്രവാദ സംഘങ്ങൾ പുലർത്തുന്ന ആശയം. മറ്റൊന്ന് അൽ വലാഅ് വൽ ബറാഅ് എന്ന അടസ്ഥാന തത്വമാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങൾ വച്ചുപുലർത്തുന്ന സമീപനം. ഈ രണ്ട് കാര്യങ്ങളും അതേപടി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് ശംസുദ്ദീൻ പാലത്ത് ചെയ്തിരിക്കുന്നത്.

ജിഹാദ് ഫീ സബീലില്ലാഹ് എന്ന ഐഎസിന്റെ മറ്റൊരു വാദം ഇവർ പരസ്യമാക്കുന്നില്ല. അതായത് ഒരു അമുസ്ലിമുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധം മാത്രമാണെന്നും അമുസ്ലിമിന്റെ രക്തം ഹലാൽ (അനുവദനീയം)ആണെന്നുമാണ് ഐഎസിന്റെ വാദം. എന്നാൽ ജിഹാദ് എന്ന വാദം ശംസുദ്ദീൻ തന്റെ പ്രസംഗത്തിൽ പറയുന്നില്ലെങ്കിലും അമുസ്ലിമുമായി യൊതൊരു സഹകരണമോ ബന്ധമോ പാടില്ലെന്നും ഇന്ത്യാ രാജ്യത്ത് മുസ്ലിമിന് ജീവിക്കാൻ സാധ്യമല്ലെന്നുമാണ് പറയുന്നുണ്ട്.

ഇന്ത്യ പോലുള്ള കുഫ്റിന്റെ നാട്ടിൽ നിന്ന് ഹിജ്റ (പലായനം) പോകൽ പുണ്യമാണ്. രാഷ്ട്രത്തോട് ബാധ്യതയും കടപ്പാടും ഇല്ല. 'സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്' എന്നു പറയുന്ന മുസ്ലിം പണ്ഡിതന്മാർ കള്ളന്മാരാണ്. എത്രതന്നെ സേച്ഛ്വാധിപതികളും അക്രമകാരികളും ആണെങ്കിലും മുസ്ലിം നാടുകളിലെ ഭരണാധികാരികൾക്കെതിരെ വിമർശനം പാടില്ല. ഒരു മുസ്ലിം രാജ്യവുമായി നമ്മുടെ രാജ്യം യുദ്ധത്തിൽ ഏർപ്പെട്ടാൽ പിന്തുണയ്ക്കാൻ പാടില്ലെന്നും തുടങ്ങി ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ അതിരൂക്ഷമായ രീതിയിൽ ജനാധിപത്യത്തെ തള്ളിപ്പറയുന്നു. രാജ്യദ്രോഹ കുറ്റത്തിന്റെ വകുപ്പുകൾ വരെ ചുമത്തി കേസെടുക്കാവുന്ന പരാമർശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.

അൽ വലാഅ് വൽ ബറാഅ് എന്നത് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുഖ്യപ്രയോഗവും അടിസ്ഥാന തത്വവുമാണ്. ഈ വിഷയം പിൻപറ്റുക എന്നതും അതു കേരളത്തിൽ പ്രചരിപ്പിക്കുന്നതും അതീവ ഗൗരവകരമാണ്. ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം പണ്ഡിതരോ ഇസ്ലാമിക ലോകമോ ഈ വാദത്തെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. സൗദിയിലെ വിവാദ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വലാഅ് വൽ ബറാഅ് ഫിൽ ഇസ്ലാം' (ബന്ധവും ബന്ധ വിച്ഛേദനവും ഇസ്ലാമിൽ) എന്ന വിവാദ ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇത്തരം ആശയങ്ങൾ മതബോധനമെന്ന പേരിൽ പ്രസംഗത്തിൽ ശംസുദ്ദീൻ പാലത്ത് ഉദ്ദരിക്കുന്നത്. ഭീകര ഗ്രൂപ്പുകളായ അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കൾ നിരന്തരം എടുത്തുദ്ധരിക്കുന്ന പണ്ഡിതനാണ് മേൽ പറഞ്ഞ സ്വാലിഹ് ഫൗസാൻ.

സ്വാലിഹ് ഫൗസാന്റെ ആശയം സഊദി അറേബ്യയിൽ പോലും അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. എന്നാൽ മുജാഹിദ് ഔദ്യോഗികമായ ടിപി അബ്ദുള്ളകോയ മദനി നേതൃത്വം കൊടുക്കുന്ന കെ.എൻ.എം അടക്കം സ്വാലിഹ് ഫൗസാനെയും ഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നുണ്ടെങ്കിലും പൂർണമായും പിൻപറ്റാൻ തയ്യാറായിട്ടില്ല. ഫൗസാന്റെ ആശയം പ്രായോഗിക വൽക്കരിക്കാൻ സാധ്യമല്ലെന്നാണ് മുജാഹിദ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതേസമയം ഈ ഗ്രന്ഥവും ആശയവുമെല്ലാം ഐഎസ് പ്രായോഗിക വൽക്കരിക്കുന്നു എന്നതും ലോകത്തിന് ഭീഷണിയായിരിക്കുന്നു എന്നതും മറ്റൊരു വസ്തുതയാണ്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ അവസാനത്തെ ഗ്രൂപ്പിൽപ്പെട്ടയാളാണ് ശംസുദ്ദീൻ പാലത്ത് എന്ന സലഫി പണ്ഡിതൻ. ഈ വിഭാഗത്തിന്റെ ഔദ്യോഗിക പ്രചരണ മാദ്ധ്യമമായ ദഅ്വ വോയ്സിലാണ് ഈ വിഷലിപ്തമായ പ്രസംഗം അപ്ലോഡ് ചെയ്തിട്ടുള്ളത്. ഇതേ സൈറ്റിൽ തന്നെയാണ് ഹുസൈൻ സലഫി, സിപി സലീം, മുജാഹിദ് ബാലുശേരി, അബ്ദുൽ ജബ്ബാർ മദീനി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുള്ളതെന്നതും കാണാം. എന്നാൽ മുജാഹിദ് മടവൂർ വിഭാഗത്തിൽപ്പെട്ട ആരുടെയും പ്രസംഗം ഇതിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ശംസുദ്ദീൻ പാലത്ത് നിരവധി സ്ഥലങ്ങളിൽ ഇതേ ആശയങ്ങൾ പ്രചരിപ്പിച്ചതായി വിവരമുണ്ട്. അഞ്ചിൽ അധികം സ്ഥലങ്ങളിൽ ഇതേ വിഷയത്തൽ പ്രസംഗിച്ചതായി അദ്ദേഹം തന്നെ പറഞ്ഞു. താൻ പ്രസം തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും ഞാൻ സത്യം തുറന്നു പറയുന്നെന്നും മറ്റുള്ളവർ ഉള്ളിൽ വെയ്ക്കുന്നുവെന്നുമായിരുന്നു ശംസുദ്ദീൻ പാലത്തിന്റെ നിലപാട്. സക്കരിയ സ്വലാഹി, അബ്ദുൽ മുഹ്‌സിൻ ഐദിദ്, നിയാസ് ഇബ്‌നു ഖാലിദ്, ഹാശിം സ്വാലിഹ് തുടങ്ങിയ സലഫി പണ്ഡിതരുടെ നേതൃത്വത്താണ് 'ജിന്ന്' വാദം ഉന്നയിച്ച് വിഘടിച്ചു പുറത്തുപോയ ഈ വിഭാഗം നിലകൊള്ളുന്നത്. നേരത്തെ വിസ്ഡം ഗ്രൂപ്പിനൊപ്പമായിരുന്നു. സംഘടനയേ വേണ്ടെന്ന നിലപാടിലാണ് സംസുദ്ദീൻ പാലത്തിന്റെ ഗ്രൂപ്പ് ഇപ്പോഴുള്ളത്.

ഇതേ ആശയത്തിൽ നേരത്തെ വിഘടിച്ച് ആട് മെയ്‌ക്കൽ ഗ്രൂപ്പായി രൂപാന്തരപ്പെട്ടത് സുബൈർ മങ്കടയുടെ നേതൃത്വത്തിലുള്ള സംഘമാണ്. സലഫി ക്ലാസുകളിലും വേദികളിലും സ്ഥിരം സാന്നിദ്ധ്യവും പ്രാസംഗികനുമാണ് സംസുദ്ദീൻ പാലത്ത്. മലപ്പുറം വളവന്നൂരിലെ മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപനമായ അൻസാർ അറബിക്ക് കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ ഇതേ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾ 2012 മുതൽ ജയിലിൽ കിടന്നിരുന്നു. കൗൺസിലിംങിനായി കൊണ്ടുവന്ന വിദ്യാർത്ഥിനിയെ വിവിധ ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതായിരുന്നു ആ കേസ്. ഈ കേസുമായി ബന്ധപ്പെട്ട ജയിൽവാസമനുഭവിച്ച ശേഷം ശംസുദ്ദീൻ പാലത്ത് ണ്ടും മുജാഹിദ് വേദികളിൽ സജീവ സാന്നിദ്ധ്യമാവുകയായിരുന്നു.

മതപ്രഭാഷണമെന്ന പേരിൽ ഇദ്ദേഹം നടത്തിയ പ്രസംഗങ്ങളും ക്ലാസുകളുമെല്ലാം പരിശോധിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവാദ പ്രസംഗങ്ങളെല്ലാം ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികളുമായുള്ള ഇവരുടെ ബന്ധവും പരിശോധന വിധേയമാക്കും. മലയാളി സംഘങ്ങളുടെ തിരോധാനവും ഐഎസിലേക്കുള്ള ചേക്കേറലുമെല്ലാം അന്വേഷണ വിധേയമായതോടെ സലഫിസവും തീവ്രവാദവുമെല്ലാം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കാണാതായ മലയാളി സംഘങ്ങൾക്ക് വിവിധ സലഫി സ്ഥാപനങ്ങളുമായും എം.എം അക്‌ബർ അടക്കമുള്ള സലഫി നേതാക്കളുമായും ബന്ധമുണ്ടെന്നുള്ള വാർത്തകളും നിരന്തരമായി പുറത്തു വരികയുണ്ടായി. രാജ്യം വിട്ട ഐഎസിൽ ചേർന്നതായി കണക്കാക്കുന്ന മലയാളികളെല്ലാം സലഫി ആശയം വച്ചു പുലർത്തുന്നവരാണെന്ന് ഇവരുടെ ബന്ധുക്കളും കുടുംബങ്ങളും സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ തീവ്രവാദ ആശയ പ്രഭാഷണം പുറത്തായതോടെ തിരോധാന സംഭവങ്ങളിലെ സലഫി പണ്ഡിതരുടെ പങ്കും കൂടുതൽ സംശയിക്കപ്പെടുകയാണ്.

ഈയിടെ ചില തിരോധാന സംഭവങ്ങളിലും മതം മാറ്റ വിഷയത്തിലും സലഫി പണ്ഡിതരെ ചോദ്യം ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ ഉന്നതരായ സലഫി നേതാക്കളെ ചോദ്യം ചെയ്യാൻ പരിമിതികളുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. ഇവർക്കെതിരെ വിവിധ കേസുകളിലായി തെളിവുകളും ബന്ധങ്ങളും നിരവധിയുണ്ടെങ്കിലും ചില രാഷ്ട്രീയ പിൻബലം ഇവർക്കുള്ളതിനാലാണ് ഈ സലഫി പണ്ഡിതരെ തൊടാൻ സാധിക്കാതെ വരുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ തിരോധാന, മതം മാറ്റ കേസുകൾ എൻ.ഐ.എ ഏറ്റെടുത്തതോടെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP