Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രോക്കർ ഗുരുതരാവസ്ഥയിലെന്ന് പൊലീസിനെ അറിയിച്ചത് അഭിഭാഷകനല്ല; വക്കീലിനെ രക്ഷിക്കാൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ചക്കര ജോണി; എല്ലാം അഡ്വക്കേറ്റിന് അറിയാമെന്ന് രാജീവിന്റെ ബന്ധുക്കളും; പ്രമുഖന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുള്ള കള്ളക്കളിയോ? അഡ്വ ഉദയഭാനുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാവാതെ പൊലീസ്; ചാലക്കുടി കൊലയിൽ ഉദയഭാനു പ്രതിയാകില്ലെന്ന് സൂചന

ബ്രോക്കർ ഗുരുതരാവസ്ഥയിലെന്ന് പൊലീസിനെ അറിയിച്ചത് അഭിഭാഷകനല്ല; വക്കീലിനെ രക്ഷിക്കാൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ചക്കര ജോണി; എല്ലാം അഡ്വക്കേറ്റിന് അറിയാമെന്ന് രാജീവിന്റെ ബന്ധുക്കളും; പ്രമുഖന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുള്ള കള്ളക്കളിയോ? അഡ്വ ഉദയഭാനുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാവാതെ പൊലീസ്; ചാലക്കുടി കൊലയിൽ ഉദയഭാനു പ്രതിയാകില്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി : അങ്കമാലി നായത്തോട് സ്വദേശിയും റിയൽ എസ്‌റ്റേറ്റ് ബ്രോക്കറുമായ രാജീവിന്റെ കൊലയിൽ പ്രമുഖ അഭിഭാഷകൻ സിപി ഉദയഭാനുവിനെതിരെ കുരുക്ക് മുറുകുന്നതായി സൂചന. കേസിൽ തന്റെ നിരപരാധിത്വം സി.പി.എം നേതൃത്വത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഉദയഭാനു ബോധിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് സർക്കാരിന്റെ നിലപാട്. അതിനിടെ കേസിൽ ചക്കര ജോണി അറസ്റ്റിലായതും നിർണ്ണായകമാണ്. രാജീവിന്റെ ബന്ധുക്കൾ ഉദയഭാനുവിനെതിരെ പരസ്യമായ നിലപാട് എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഉദയഭാനുവിനെ കേസിൽ പ്രതിചേർക്കേണ്ടി വരുമെന്നാണ് പൊലീസ് നിലപാട്.

അതിനിടെ ഉദയഭാനുവിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് തന്ത്രങ്ങൾ നടക്കുന്നതായി രാജീവിന്റെ ബന്ധുക്കൾ സംശയിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ഉദയഭാനുവിന് മുൻകൂർ ജാമ്യം എടുക്കാൻ സാഹചര്യമൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് ഉയരുന്ന വിമർശനം. അതിനിടെ പിടിയിലായ ചക്കര ജോണി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ചോദ്യങ്ങളോട് കൃത്യമായി ജോണി പ്രതികരിക്കുന്നില്ല. വക്കീലിന്റെ പങ്ക് സമ്മതിക്കുന്നില്ല. ഇതും പൊലീസിനെ കുടുക്കുന്നുണ്ട്. ഉദയഭാനുവിനെ പോലൊരു പ്രമുഖനെ കൃത്യമായ തെളിവില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. തൃശൂർ റൂറൽ എസ്‌പി യതീഷ് ചന്ദ്ര ഇക്കാര്യങ്ങൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിട്ടുണ്ട്. കരുതലോടെ നീങ്ങാനാണ് ബെഹ്‌റ നൽകിയിരിക്കുന്ന നിർദ്ദേശവും.

ചോദ്യം ചെയ്യലിനോട് തന്ത്രപൂർവ്വമാണ് ചക്കര ജോണി പ്രതികരിക്കുന്നത്. വക്കീലിന്റെ പങ്ക് തള്ളിക്കളയുകയാണ് ചക്കര ജോണി. ഇത് പൊലീസ് വിശ്വസിക്കുന്നുമില്ല. ചോദ്യം ചെയ്യലിൽ ഒരിടത്തും ഉദയഭാനുവിന്റെ പേര് പറയാതിരിക്കാനും ശ്രമമുണ്ട്. ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമാണെന്ന് പൊലീസ് പറയുന്നു. രാജീവ് കൊല്ലപ്പെട്ട ഉടൻ തന്നെ നാല് പ്രതികളെ പൊലീസ് പിടിച്ചിരുന്നു. ചക്കര ജോണിയേയും കൂട്ടാളിയേയും പിടിച്ചതോടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം അഴിക്കുള്ളിലായി. ഉദയഭാനുവിനെതിരെ രാജീവ് കൊടുത്ത പരാതിയും പൊലീസിന് മുന്നിലുണ്ട്. തനിക്കെതിരെ വധഭീഷണിയും രാജീവ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അഡ്വക്കേറ്റ് ഉദയഭാനുവുമായുള്ള സ്വത്ത് തർക്കും പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ ഫോൺ വിളിയുടെ രേഖകൾ കിട്ടയതു കൊണ്ട് ഉദയഭാനുവിനെ കസ്റ്റഡിയിൽ പൊലീസിന് എടുക്കാം.

എന്നാൽ മതിയായ തെളിവു ശേഖരണത്തിന്റെ പേരിൽ അറസ്റ്റ് വൈകിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. കോടതി അവധിയാണിപ്പോൾ. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് ഉദയഭാനുവിന് ശ്രമിക്കാനാകില്ല. ഇത് മനസ്സിലാക്കിയുള്ള കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. നാളെ തന്നെ ഉദയഭാനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത. നിലവിൽ രാജീവിന്റെ മുൻ പരാതി മാത്രമാണ് ഉദയഭാനുവിനെതിരെ ഉള്ളത്. ഇതു വച്ച് കൊലക്കേസിൽ ഉദയഭാനുവിനെ പ്രതിചേർക്കാനാകില്ല. ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനാകും ഉദയഭാനുവിന്റെ ശ്രമം. അതിനിടെ ഉദയഭാനുവിന്റെ അറസ്റ്റ് ഒഴിവാക്കാൻ ജ്യൂഡീഷ്യറിയിലെ ചില ഉന്നതരും ശ്രമിക്കുന്നതായി രാജീവിന്റെ സുഹൃത്തുക്കൾക്ക് സംശയമുണ്ട്.

എന്നാൽ ഒരു തരത്തിലെ സ്വാധീനവും കേസിൽ നടക്കില്ലെന്ന് പൊലീസും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉദയഭാനും ആശയ വിനിമയം നടത്തിയാലും ഇല്ലെങ്കിലും അതൊന്നും കേസിനെ ബാധിക്കില്ലെന്നും അവർ പറയുന്നു. തെളിവുകൾ എതിരാണെങ്കിൽ കേസിൽ പ്രതിയാകേണ്ടി വരുമെന്ന സൂചന സി.പി.എം നേതൃത്വവും ഉദയഭാനുവിന് നൽകിയിട്ടുണ്ട്. അതിനിടെ കേസിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന നിലപാടിലാണ് ഉദയഭാനു ഇപ്പോഴും. ജനപക്ഷത്ത് നിന്ന് കേസു നടത്തിയതു കൊണ്ട് തന്നെ ശത്രുക്കൾ ഏറെയാണ്. അവരെല്ലാം തനിക്കെതിരെ ഒരുമിച്ചതായും ഉദയഭാനു വിലയിരുത്തുന്നു. കോടതിയിൽ സത്യം ബോധ്യപ്പെടുത്തി നീതി നേടിയെടുക്കാനാണ് നീക്കം.

അതിനിടെ കൊല്ലപ്പെട്ട കേസിൽ പിടിവലിക്കിടയിൽ രാജീവ് ശ്വാസം മുട്ടിയാണ് മരിച്ചെന്ന് സൂചന പൊലീസിന് ലഭിച്ചു. കൃത്യം നടന്ന ദിവസം തർക്കം കൈയാങ്കളിയിലെത്തി. തുടർന്ന് രാജീവിനെ മർദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ് കെട്ടി ഓട്ടോറിക്ഷയിൽ വാടക വീട്ടിലേക്കു കൊണ്ടുപോയെന്നാണു സംശയിക്കുന്നത്. പൊലീസ് നടത്തിയ തെരച്ചിലിൽ കൃഷിയിടത്തിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കൈകൾ രണ്ടും മുന്നിലേക്ക് കെട്ടിയും തലയിൽ മുവിവേറ്റ നിലയിലും കാണപ്പെട്ടു. എന്നാൽ മരണകാരണം മുറിവല്ലെന്നും ശ്വാസംമുട്ടിയാണു മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തോട്ടത്തിലെത്തിയ തൊഴിലാളികൾ രാജീവിന്റെ സ്‌കൂട്ടർ മറിഞ്ഞ് കിടക്കുന്നത് കണ്ട് വിവരം വീട്ടിൽ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകൻ അഖിൽ പരാതിയും നൽകിയിരുന്നു.

പണം കടം കൊടുത്തതിനുള്ള രേഖകൾ കൈവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളിൽ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തർക്കത്തിൽ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിരവധി കള്ളക്കേസുകൾ നൽകിയിരുന്നെന്നും പറയുന്നു. രാജീവ് കരാറെടുത്ത തോട്ടത്തിൽ നേരത്തെ ഒന്നു രണ്ടുതവണ ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഉദയഭാനുവിന് അറിയാമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ രാജീവ് അക്രമത്തിനിരയായത് പൊലീസിനെ അറിയച്ചത് ഉദയഭാനുവല്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധമുള്ള മറ്റൊരാളാണ് പൊലീസിനെ ഇക്കാര്യം ഫോണിൽ അറിയിച്ചത്. കൊലപ്പെടുത്തുകയെന്നതിൽ നിന്ന് വിഭന്നമായി രേഖകൾ നേടാനുള്ള ആക്രമണമാകാം നടന്നതെന്നും അതുകൊണ്ട് തന്നെ പൊലീസ് വിലയിരുത്തുന്നു.

കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ അഡ്വക്കേറ്റ് ഉദയഭാനുവിന്റെ അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി മാറി. സാമ്പത്തിക ഇടപാടിൽ കൃത്രിമം നടത്തിയെന്ന പേരിൽ രാജീവും അഭിഭാഷകനും തമ്മിൽ തെറ്റി. രാജീവ് അഭിഭാഷകനിൽനിന്ന് മൂന്നു കോടി രൂപയും ജോണിയിൽനിന്നു രണ്ടരക്കോടിയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. പണം നൽകിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവിൽനിന്നു വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നൽകാൻ രാജീവ് തയാറായില്ല. രേഖകൾ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷൻ നൽകിയതായി പൊലീസ് പറയുന്നു.

ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയിൽ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകക്കെടുത്ത് പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഉദയഭാനുവിനും അറിവുണ്ടായിരുന്നുവെന്നാണ് സംശയം. ഇക്കാര്യത്തിൽ ചക്കര ജോണിയുടെ മൊഴി നിർണ്ണായകമാകും. ഉദയഭാനുവിനെതിരെ ചക്കര മൊഴി കൊടുത്തുവെന്നാണ് സൂചന. ഇതിൽ കൂടുതൽ വിശദമായ അന്വേഷണം പൊലീസ് നടത്തും. അതിന് ശേഷം മാത്രമേ ഉദയഭാനുവിന്റെ അറസ്റ്റിൽ പൊലീസ് അന്തിമ തീരുമാനം എടുക്കൂവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP