Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാർ തന്നെയെന്ന് ക്രൈംബ്രാഞ്ച്; വിഎസിന്റെ മുൻ പേഴ്‌സൺ സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പ്രതികൾ; രണ്ട് പേരെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ടി നീക്കം

കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാർ തന്നെയെന്ന് ക്രൈംബ്രാഞ്ച്; വിഎസിന്റെ മുൻ പേഴ്‌സൺ സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പ്രതികൾ; രണ്ട് പേരെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ടി നീക്കം

ആലപ്പുഴ: കണ്ണർകാട്ട് പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ അഞ്ച് സിപിഐ(എം), ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് കെ. ചന്ദ്രൻ ഒന്നാം പ്രതിയും സിപിഐ(എം) കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി. സാബു രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ നേതാക്കളായ ദീപു (36), രാജേഷ് രാജൻ (37), പ്രമോദ് (31) എന്നിവരെ മറ്റു പ്രതികളുമാക്കിയാണ് ക്രൈം ബ്രാഞ്ച് എസ്‌പി ആർ.കെ. ജയരാജ് റിപ്പോർട്ട് സമർപ്പിച്ചത്.

വിമത നീക്കം നടന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയിലെ തർക്കങ്ങളും ലോക്‌സഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച എതിർപ്പുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. ഡിവൈഎഫ്‌ഐ കഞ്ഞിക്കുഴി മേഖല ജോയന്റ് സെക്രട്ടറിയാണ് ലതീഷ് ചന്ദ്രൻ, സ്മാരകം നിൽക്കുന്ന കണ്ണർകാട്ട് മുൻ ലോക്കൽ സെക്രട്ടറിയാണ് പി. സാബു. ഇപ്പോൾ ലോക്കൽ കമ്മറ്റി അംഗവും. ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികളായവരെ സിപിഐ(എം) പാർട്ടിയിൽ നിന്നും പുറത്താക്കി. ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് മുഖവിലക്കെടുത്തുകൊണ്ടാണ് പുറത്താക്കിയത്. പി സാബു, പ്രമോദ് എന്നിവരെയാണ് സിപിഐ(എം) ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. കൂടുതൽ പേർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം പാർട്ടി പ്രവർത്തകരാണ് ആക്രമണം നടത്തിയത് എന്ന വാദത്തെ പാർട്ടി അംഗീകരിക്കുന്നില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഈ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ ഗൂഢാലോചനയാണ് കുറ്റപത്രമെന്നാണ് സിപിഐ(എം) നിലപാട്.

കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. ലതീഷ് ചന്ദ്രനാണ് ഹർജി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഇതുവരെ ഈ കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഈ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നുണ്ട്. സിപിഐ.എം വിഭാഗീയതയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നതെന്നും ലതീഷ് ചന്ദ്രൻ ഹർജിയിൽ ആരോപിക്കുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി. കൃഷ്ണപിള്ള സ്മാരകമാണ് അക്രമികൾ തീവച്ച് നശിപ്പിച്ചത്. കൃഷ്ണപിള്ളയുടെ ശിൽപ്പത്തിന്റെ ഒരുഭാഗവും അടിച്ചുതകർത്തു. ഒക്ടോബർ 31, 2013 ൽ പുലർച്ചെ 2 മണിക്കായിരുന്നു അക്രമം. ഓലമേഞ്ഞ സ്മാരകഗൃഹത്തിന്റെ പിൻഭാഗത്തെ മേൽക്കൂരയ്ക്കാണ് തീവച്ചത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രത്തിലാണ് സ്മാരകമുള്ളത്. സിപിഐ(എം) ബന്ധമില്ലാത്ത ആർക്കും ഇവിടെ എത്തി ആക്രമണം നടത്താനാകില്ലെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണമാണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരണം. പി.കൃഷ്ണപിള്ള അവസാനനാളുകളിൽ ചെലവഴിക്കുകയും പാമ്പ് കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് പിന്നീട് സ്മാരകമാക്കി മാറ്റിയത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലാണ് കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം നടക്കുന്നത്. ഇത് സിപിഐ.എമ്മിലെ വിഭാഗീയതയുടെ ഫലമാണെന്ന് ചെന്നിത്തല സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതികരിച്ചിരുന്നു. ഇപ്പോൾ ആഭ്യന്തരമന്ത്രിയായ ചെന്നിത്തല വിഭാഗീയത എന്ന തരത്തിൽ തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണെന്നും വി എസ് അച്യുതാനന്ദനും ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP