Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോക്‌ളേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ കൊച്ചു കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധന; ആൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചത് സഹോദരിമാരുടെ മുന്നിൽവച്ച്; ഞങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കാലുപിടിച്ചിട്ടും ജീവനക്കാർ പീഡിപ്പിച്ചത് മണിക്കൂറുകളോളം; വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും വ്യാപാര ഭീമനെതിരെ നടപടിക്ക് മടിച്ച് പൊലീസും; പരസ്യം കിട്ടുന്നതിന്റെ പേരിൽ വാർത്ത മുക്കിയ കോട്ടയത്തെ പത്രമുത്തശ്ശിമാർക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സോഷ്യൽ മീഡിയ

ചോക്‌ളേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ കൊച്ചു കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധന; ആൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചത് സഹോദരിമാരുടെ മുന്നിൽവച്ച്; ഞങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കാലുപിടിച്ചിട്ടും ജീവനക്കാർ പീഡിപ്പിച്ചത് മണിക്കൂറുകളോളം; വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും വ്യാപാര ഭീമനെതിരെ നടപടിക്ക് മടിച്ച് പൊലീസും; പരസ്യം കിട്ടുന്നതിന്റെ പേരിൽ വാർത്ത മുക്കിയ കോട്ടയത്തെ പത്രമുത്തശ്ശിമാർക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സോഷ്യൽ മീഡിയ

എം മനോജ് കുമാർ

കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചു എന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ തടഞ്ഞുവച്ച് നഗ്നരാക്കി പരിശോധിച്ചു. പരിശോധനയിൽ ഒന്നും കിട്ടാതെ വന്നിട്ടും കുട്ടികളെ തിരിച്ചുംമറിച്ചും ചോദ്യംചെയ്തും പീഡനം തുടർന്നു. ഒന്നും മോഷ്ടിച്ചില്ലെന്ന് കുട്ടികൾ സെക്യൂരിറ്റി ജീവനക്കാരുടെ കാലുപിടിച്ച് പരിശോധിച്ചിട്ടും നാലുമണിക്കൂറോളം തടഞ്ഞുവച്ച് പീഡനം തുടർന്നതായാണ് ആക്ഷേപം.

ഇതിന് പിന്നാലെ കുട്ടികൾ നേരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പോക്‌സോ ചുമത്തിത്തന്നെ നടപടിയെടുക്കാവുന്ന സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതായും ആക്ഷേപം ഉയരുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

ആൺകുട്ടികളെ സഹോദരിമാരുടെ മുന്നിൽവച്ച് വിവസ്ത്രനാക്കി പരിശോധിച്ചതായും മണിക്കൂറുകൾ പീഡിപ്പിച്ചതായുമാണ് പരാതി. ഞങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞുപറഞ്ഞിട്ടും കാലുപിടിച്ചിട്ടും സെക്യൂരിറ്റിക്കാർ കുട്ടികളെ നാലുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയായിരുന്നു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി നൽകിയിട്ടുള്ളത്.

ബിഗ് ബസാറിൽ സിസിടിവി ക്യാമറ ഉൾപ്പെടെ ഉള്ളപ്പോഴാണ് അതിൽ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടാമായിരുന്നിട്ടും അതിന് തുനിയാതെ കുട്ടികളെ നഗ്നരാക്കി പരിശോധിച്ചത്. 12ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെയാണ് അവരുടെ സഹോദരിമാരുടെ മുന്നിൽവച്ചുതന്നെ വസ്ത്രമഴിച്ച് പരിശോധിച്ചത്.

പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായാണ് കുട്ടികളെല്ലാം ബിഗ് ബസാറിൽ എത്തിയത്. കുറച്ച് നേരം ഇവിടെ നടന്ന ശേഷം ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ സാധനങ്ങളൊന്നും കുട്ടികൾ പർച്ചേസ് ചെയ്തിരുന്നില്ല. തിരികെ ഇറങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. ചോക്കലേറ്റ് മോഷ്ടിച്ചത് തിരികെ തരണമെന്ന് സെക്യൂരിറ്റി ജീവനക്കാർ കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികൾ പറഞ്ഞു.

ഇതോടെയാണ് ഇവരുടെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത്. സ്വന്തം സഹോദരിമാരുടെ മുന്നിൽ നഗ്‌നരാക്കി നിർത്തി പരിശോധിച്ചിട്ടും മോഷണം പോയ ഒന്നും കുട്ടികളിൽ നിന്നും കണ്ടെടുക്കാൻ ബിഗ് ബസാർ അധികൃതർക്ക് സാധിച്ചതുമില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ വിട്ടയച്ചത്. മണിയോടെ ബിഗ്ബസാറിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ നേരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി വെസ്റ്റ് പൊലീസ് എസ്‌ഐ രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടികളുടെ കയ്യിൽ നിന്നും ബിഗ് ബസാർ ടീം ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും വെസ്റ്റ് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ബിഗ് ബസാർ പോലുള്ള റീട്ടെയിൽ ഭീമന് എതിരെ പരാതി വന്നപ്പോൾ ആദ്യ മണിക്കൂറുകൾ പൊലീസ് പരാതിയെ സംബന്ധിച്ച് അനങ്ങിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പ്രത്യേകിച്ചും പ്രായപൂർത്തി ആകാത്ത കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചത് ലൈംഗിക പീഡനം തന്നെയാണ്. അതിനാൽ ഇത്തരം കേസുകളിൽ പോക്‌സോ വകുപ്പുതന്നെ ചുമത്തി കേസെടുക്കാം. എന്നിട്ടും ഇതിൽ പൊലീസ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.

വിവരം സോഷ്യൽ മീഡിയയിലും മറ്റും വന്നതോടെ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ബിഗ് ബസാറിലെ ക്യാമറകൾ വരെ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു. കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു എന്ന ആരോപണം പക്ഷെ പൊലീസ് നിഷേധിക്കുകയാണ്. പക്ഷെ ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായതുമില്ല.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സഹോദരന്മാരും സഹോദരിമാരും അടങ്ങുന്ന സംഘം ഷോപ്പിംഗിനായി ബിഗ് ബസാറിൽ എത്തിയത്. പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായാണ് കുട്ടികളെല്ലാം ബിഗ് ബസാറിൽ എത്തിയത്. കുറച്ച് നേരം ഇവിടെ കറങ്ങി നടന്ന ശേഷം ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. സാധനങ്ങളൊന്നും കുട്ടികൾ പർച്ചേസ് ചെയ്തിരുന്നില്ല. പക്ഷെ പുറത്തിറങ്ങുന്ന സമയത്ത് ബിഗ് ബസാർ ജീവനക്കാർ ഇവർ ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ചോക്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ട് പറഞ്ഞിട്ടും നഗ്‌നരാക്കി പരിശോധിക്കാൻ സെക്യൂരിറ്റി ജീവനക്കാർ തുനിഞ്ഞതാണ് സംഭവം വിവാദമാക്കിയത്. എന്നാൽ ഒന്നും കണ്ടെടുക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല.

വിവരം വീട്ടിൽ അറിയിച്ചതോടെ പിതാവിനൊപ്പം ഇവർ സ്റ്റേഷനിലെത്തി പരാതി നൽകി. ഇവരുടെ പരാതി രാത്രി തന്നെ കിട്ടിയിട്ടും ഈ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് മനഃപൂർവം വൈകിച്ചു എന്നാണ് ആക്ഷേപം. പക്ഷെ തങ്ങൾ നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വെസ്റ്റ് പൊലീസ് മറുനാടനോട് പറഞ്ഞത്.

മുൻനിര മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയ

അതേസമയം, വൻകിട വ്യാപാരഭീമനും വലിയ പരസ്യ ദാതാവുമായ ബിഗ്ബസാറിൽ ഇത്രയും വലിയ അതിക്രമം കുട്ടികൾക്ക് നേരെ നടന്നിട്ടും അത് വാർത്തയാക്കാതെ മുക്കിയതിന് എതിരെ മുൻനിര മാധ്യമങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിലെ കൊച്ചു സംഭവങ്ങൾ പോലും വാർത്തയാക്കാൻ മത്സരിക്കുന്ന പത്രമുത്തശ്ശിമാരും മുൻനിര ചാനലുകളും ഈ വാർത്ത കണ്ടില്ലേ എന്ന് ചോദിച്ച് പലരും കമന്റുകളും നൽകുന്നു. പ്രത്യേകിച്ചും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മനോരമയുടേയും മംഗളത്തിന്റെയുമെല്ലാം തട്ടകത്തിൽ അവരുടെ മൂക്കിന് കീഴെയാണ് ഇത്തരമൊരു സംഭവം നടന്നത്. എന്നിട്ടും പരസ്യ താൽപര്യാർത്ഥം ബിഗ് ബസാറിനെതിരായ വാർത്ത മുക്കിയെന്നാണ് ആക്ഷേപം.

സംഭവം സോഷ്യൽ മീഡിയയിലൂടെ ചർച്ചയായതിന് പിന്നാലെയാണ് പൊലീസ് തന്നെ അന്വേഷണത്തിന് ഇറങ്ങിയതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികൾക്കെതിരായ ഏതു രീതിയിലുള്ള കുറ്റകൃത്യവും ഗുരുതരമായ കേസുകളുടൈ പരിധിയിൽപ്പെടുത്തിയ നിയമം നിലവിലുള്ള രാജ്യത്താണ് കുട്ടികളെ നഗ്‌നരാക്കി ദേഹ പരിശോധന നടത്തിയത്. ഈ സംഭവത്തിൽ സാമൂഹ്യ ദ്രോഹികളായ ജീവനക്കാരെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കകയാണെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.

പരാതി സ്വീകരിച്ചെങ്കിലും രസീത് പോലും നൽകാതെ മടക്കി അയക്കുകയായിരുന്നു എന്നും ആക്ഷേപം ഉയരുന്നു. ഇതേ തുടർന്ന് കുട്ടികളുടെ ബന്ധുകക്കൾ ബാലാവകാശ കമ്മിഷനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ചിട്ടുണ്ട്. കുട്ടികളുടെ വീട്ടിലൈത്തിയ കമ്മിഷൻ അംഗങ്ങൾ കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഗ് ബസാറിനെതിരായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP