Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഐ നവാസിന്റെ തിരോധാനം: അന്വേഷണത്തിന് പ്രത്യേകസംഘം; 20 അംഗ സംഘത്തെ നയിക്കുക ഡിസിപി ജി.പൂങ്കുഴലി; നവാസിന്റെ മേലുദ്യോഗസ്ഥൻ എസിപി സുരേഷ് കുമാറിനെ ചോദ്യം ചെയ്ത് ഡിസിപി; അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എസിപി; മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് പരാതി നൽകി നവാസിന്റെ ഭാര്യ ആരിഫ

സിഐ നവാസിന്റെ തിരോധാനം: അന്വേഷണത്തിന് പ്രത്യേകസംഘം; 20 അംഗ സംഘത്തെ നയിക്കുക ഡിസിപി ജി.പൂങ്കുഴലി; നവാസിന്റെ മേലുദ്യോഗസ്ഥൻ എസിപി സുരേഷ് കുമാറിനെ ചോദ്യം ചെയ്ത് ഡിസിപി; അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എസിപി; മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് പരാതി നൽകി നവാസിന്റെ ഭാര്യ ആരിഫ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സെൻട്രൽ സിഐ നവാസിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ കെ. സ്റ്റുവർട്ട് കീലർ, പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ ശ്രീജേഷ് പി.എസ് എന്നിവരടക്കം 20 പേരാണ് സംഘത്തിൽ ഉള്ളത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷേയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

അതേസമയം, നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യംചെയ്തു. കൊച്ചി എസിപി ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്ക് നവസിന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് നവാസിന്റെ ഭാര്യ ആരോപിച്ചിരുന്നു.ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ നവാസിനു മേൽ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് എസിപിയോട് ചോദിച്ചത്. കൂടാതെ വയർലെസ്സിലൂടെ നവാസിനെ ശകാരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചോദിച്ചതായാണ് സൂചന. ഒരു മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു.അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും താൻ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ചോദ്യംചെയ്യലിനു ശേഷം എസിപി സുരേഷ് കുമാർ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ നവാസിന്റെ ഭാര്യ ആരിഫ മേൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സിഐ നവാസ് നാടുവിടാൻ കാരണം മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ഭാര്യ പറഞ്ഞു. കള്ളക്കേസുകളെടുക്കാൻ മേലുദ്യോഗസ്ഥർ നവാസിനെ നിർബന്ധിച്ചിരുന്നു. ഓഫീസർമാർ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഏതെങ്കിലും ഓഫീസറുടെ പേര് തന്നോട് പറഞ്ഞിട്ടില്ല. ഇവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടികൾ നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. വയർലെസ് സെറ്റ് വഴി എസിപിയുമായി വാഗ്വാദം നടന്നിരുന്നു. വയർലെസ് സെറ്റ് രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം തയ്യാറാകണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭർത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തോട് കള്ളക്കേസുണ്ടാക്കാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യ ആരിഫ ആരോപിച്ചു.

മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മേലുദ്യോഗസ്ഥന്റെ പേര് പറഞ്ഞിട്ടില്ലെന്നും ഭാര്യ പറഞ്ഞു. അതേസമയം നവാസ് കേരളം വിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെക്കൻ ജില്ലകളിലെ ആരാധനാലയങ്ങളിൽ നവാസ് ഇടയ്ക്കിടെ പോകാറുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.തേവരയിലെ എ.ടി.എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചിരുന്നു. കൂടാതെ പത്ത് ദിവസത്തിന് ശേഷം തിരിച്ച് വരുമെന്ന് ഒരു സുഹൃത്തിനോട് പറയുകയും ചെയ്തിട്ടുണ്ട്.

ഭാര്യക്ക് സുഖമില്ലെന്നും യാത്ര പോവുകയാണെന്നുമാണ് ഒരു ബന്ധുവിന് നവാസ് ഏറ്റവും ഒടുവിൽ അയച്ച സന്ദേശം. ബന്ധുവിന്റെ അമ്മയെ ക്വാട്ടേഴ്‌സിലേക്ക് അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കെഎസ്ഇബി വിജിലൻസിൽ ജോലി ചെയ്യുന്ന പൊലീസുകാരന്റെ വാഹനത്തിൽ നവാസ് കായംകുളംവരെ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കായംകുളം കോടതിയിൽ പോകാൻ എത്തിയതാണെന്നാണ് ഇദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ കോടതിയിൽ പോയിട്ടില്ലെന്ന് വ്യക്തമായി. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസിൽ കയറുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

കാണാതായ സിഐ സംസ്ഥാനത്തിനുള്ളിൽ തന്നെയുണ്ട്. നാലു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി സി പി പൂങ്കുഴലി വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മർദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. തെക്കൻ ജില്ലകളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു. പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല.

ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്നത്തെ തുടർന്ന് നവാസ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു എന്നാണ് ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ ഉള്ളത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്'. ഇതാണ് വി എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, 'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്' എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP