Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ ബന്ധുവിനെതിരെ കേസെടുക്കാനുള്ള ധൈര്യം നിനക്ക് എങ്ങനെയുണ്ടായി? ബന്ധുക്കൾ ഉൾപ്പെട്ട മർദ്ദന കേസ് അട്ടിമറിക്കാൻ ഹൈക്കോടതി ജഡ്ജി സി.ഐയെ ഭീഷണിപ്പെടുത്തി; ഫോണിലൂടേയും ചേംബറിൽ വിളിച്ചു വരുത്തിയും ഭീഷണി; ജസ്റ്റിസ് പി ഡി രാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച് മാവേലിക്കര സി.ഐ പി ശ്രീകുമാർ; ചീഫ് ജസ്റ്റിസിനും രജിസ്ട്രാർക്കും പരാതി നൽകിട്ടും നടപടിയില്ല; പരാതിയുടെ പൂർണരൂപം മറുനാടന്

എന്റെ ബന്ധുവിനെതിരെ കേസെടുക്കാനുള്ള ധൈര്യം നിനക്ക് എങ്ങനെയുണ്ടായി? ബന്ധുക്കൾ ഉൾപ്പെട്ട മർദ്ദന കേസ് അട്ടിമറിക്കാൻ ഹൈക്കോടതി ജഡ്ജി സി.ഐയെ ഭീഷണിപ്പെടുത്തി; ഫോണിലൂടേയും ചേംബറിൽ വിളിച്ചു വരുത്തിയും ഭീഷണി; ജസ്റ്റിസ് പി ഡി രാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച് മാവേലിക്കര സി.ഐ പി ശ്രീകുമാർ;  ചീഫ് ജസ്റ്റിസിനും രജിസ്ട്രാർക്കും പരാതി നൽകിട്ടും നടപടിയില്ല; പരാതിയുടെ പൂർണരൂപം മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സഹോദരനുൾപ്പെട്ട കേസ് അട്ടിമറിക്കാൻ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസിൽ നിന്നൊഴിവാക്കാൻ  ജസ്റ്റിസ്
പി.ഡി.രാജൻ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറിൽ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐ പറയുന്നത്.

സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാർ എന്നിവർക്ക് രണ്ട് മാസം മുൻപ് ശ്രീകുമാർ പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസിൽ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ജസ്റ്റിസ് പി.ഡി.രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്നാണ് തനിക്ക് ആദ്യം കോൾ വരുന്നതെന്ന് പി.ശ്രീകുമാറിന്റെ പരാതിയിൽ പറയുന്നു. എന്നാൽ ഈ നിർദ്ദേശം അനുസരിക്കാൻ പൊലീസ് തയ്യാറായില്ല.

പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്പെഷ്യൽ പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി  ജസ്റ്റിസ്  പിഡി രാജനെ കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമൻ ചക്രവർത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ പറയുന്നു. തന്റെ സഹോദരനെതിരെ കേസെടുക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് സിഐയോട് ജഡ്ജി ചോദിച്ചു.

തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിക്കുമെന്നും തകർക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തിൽ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ദീർഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവിൽ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനിൽക്കാൻ ജഡ്ജി ആവശ്യപ്പെട്ടു.

പുറത്തു വന്ന സിഐ സംഭവങ്ങൾ ആലപ്പുഴ എസ്‌പി എ.അക്‌ബറിനെ വിളിച്ചു പറഞ്ഞു. എസ്‌പി ഇക്കാര്യങ്ങൾ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടർന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.

പി.ശ്രീകുമാർ നൽകിയ പരാതി പ്രകാരം ഐ.ജി, എസ്‌പി, സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംഭവങ്ങൾക്ക് സാക്ഷിയാണ്. തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോൺ രേഖകൾ തന്റെ കൈവശമുണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് പരാതി നൽകിയതെന്നും സി.ഐ ശ്രീകുമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP