Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യൻ സംഗീതജ്ഞൻ സൈക്കോവിസ്‌കിയിൽ നിന്നും കണ്ടെടുത്തത് ഹാഷിഷും കഞ്ചാവും ചേർത്ത കോക്ക്‌ടെയ്ൽ; പിടികൂടിയവയിൽ റേപ്പ് ഡ്രഗുകളും; ലഹരിപാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാൻ ലേ മെറിഡിയൻ അധികൃതർ

റഷ്യൻ സംഗീതജ്ഞൻ സൈക്കോവിസ്‌കിയിൽ നിന്നും കണ്ടെടുത്തത് ഹാഷിഷും കഞ്ചാവും ചേർത്ത കോക്ക്‌ടെയ്ൽ; പിടികൂടിയവയിൽ റേപ്പ് ഡ്രഗുകളും; ലഹരിപാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാൻ ലേ മെറിഡിയൻ അധികൃതർ

കൊച്ചി: മുൻ ഡിസിപി നിശാന്തിനി ഐപിഎസ് തുടങ്ങിവച്ച നിശാപാർട്ടി റെയ്ഡുകളുടെ തുടർച്ചയുമായി പുതിയ ഡിസിപി ഹരിശങ്കർ രംഗത്തെത്തിയപ്പോൾ വലയിൽ വീണത് റഷ്യൻ സംഗീതജ്ഞൻ സൈക്കോവിസ്‌കി എന്ന പേരിൽ അറിയപ്പെടുന്ന വാസിലി മാർകെലോവ് ആയിരുന്നു. ഇയാളിൽ നിന്നും കണ്ടെടുത്തത് കോക്ടെയ്ൽ ഇനത്തിൽപ്പെട്ട മയക്കുമരുന്നായിരുന്നു. റഷ്യൻ നിർമ്മിതമാണ് ഇതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടിയതോടെ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം ഹോട്ടൽ അധികൃതരും ആരംഭിച്ചു. ഡിജെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞാണ് ഇവർ രംഗത്തെത്തിയത്. പാർട്ടിക്കായി ഹാൾ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും യുവാക്കളാണ് പാർട്ടി നടത്തിയതെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി.

ഇതിനിടെ സൈക്കോവിസ്‌കിക്കും പിടിയിലായ മറ്റ് അഞ്ചു പേർക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ലെ മെറിഡിയനിൽ യുവാക്കളുടെ ഒരു സംഘം വാടകയ്‌ക്കെടുത്ത ഹാളിൽ ലഹരിപ്പാർട്ടി നടന്നത്. ബാംഗ്ലൂരിലെ ഒരു ഇവെന്റ് മാനേജ്‌മെന്റ് സ്ഥാപനമാണ് പാർട്ടിക്കായി ഹാൾ ബുക്ക് ചെയ്തത്. പാർട്ടിയുമായി തങ്ങൾക്കു ബന്ധമില്ലെന്നു ലെ മെറിഡിയൻ അധികൃതർ വ്യക്തമാക്കി. വൈറ്റില സ്വദേശി സെബാസ്റ്റ്യൻ, തൃശൂർ സ്വദേശി ഗൗതം എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. കോട്ടയം സ്വദേശികളായ സുമിത്, രാഹൽ, പ്രതാപ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേർ.

അഡ്വഞ്ചർ ഓൺ എന്ന പേരിൽ ഒരു കമ്പനി പുറത്തിറക്കുന്ന റഷ്യൻ സീക്രട്ടാണ് സൈക്കോവിസ്‌കിയിൽനിന്നു പിടിച്ചെടുത്തത്. ഇതിൽ മരിജുവാനയുടെയും ഹാഷിഷിന്റെയും കഞ്ചാവിന്റെയും അംശമുണ്ടെന്നാണ് വ്യക്തമായത്. റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമിനും കണ്ടെടുത്തിട്ടുണ്ട്. അഡ്വഞ്ചർ വൺ എന്നറിയപ്പെടുന്ന വീര്യം കൂടിയ മയക്കുമരുന്നും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത പൊടികൾ ഹോട്ടലിൽവച്ചുതന്നെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. കൊച്ചി മയക്കുമരുന്നുകളുടെ ഹബ്ബായി മാറുന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് പുതിയ മയക്കുമരുന്നുകളും പിടികൂടിയിരിക്കുന്നത്.

ജനുവരിയിൽ കടവന്ത്രയിലെ ഫൽറ്റിൽ നടന്ന സ്‌മോക്കേഴ്‌സ് പാർട്ടിക്കിടെ നടൻ ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്റ്റിലായിരുന്നു. കൊക്കൈയിൻ കൈവശം വച്ചതിനായിരുന്നു അറസ്റ്റ്. എന്നാൽ പൊലീസിന് ഇവർ മയക്കുമരുന്ന് ഉപയോഗിച്ചു എന്നു ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസിനായില്ല. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്ചുപേരെയും ജാമ്യത്തിൽ വിട്ടിരുന്നു.

പാനീയങ്ങളിലും ഭക്ഷണത്തിലും മയക്കുമരുന്നു കലർത്തി നൽകി പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ കഌ് ഡ്രഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡേറ്റ് റേപ്പ് ഡ്രഗുകൾ കേരളത്തിലും വ്യാപകമാകുന്നുവെന്ന റിപ്പോർട്ട് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തുന്ന സംഘവും കൊച്ചിയിൽ വ്യാപകമാകുന്നതിനിടെയാണ് ഡിജെ പാർട്ടികളുടെ മറവിലുള്ള മയക്കുമരുന്ന് ഉപയോഗവും പിടികൂടിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP