Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂരിൽ രാസവള സൂക്ഷിപ്പുകേന്ദ്രത്തിൽ സുരക്ഷാവീഴ്‌ച്ച; ടൺ കണക്കിന് രാസവളം ഒഴുക്കിയത് നെൽ പാടങ്ങളിലേക്കും ഇരുന്നൂറോളം കിണറുകളിലേക്കും; അനധികൃത രാസവള കേന്ദ്രത്തിന് കൃഷിവകുപ്പിന്റെ അനുമതി; രാസവള കേന്ദ്രം അടച്ച് പൂട്ടുംവരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

തൃശൂരിൽ രാസവള സൂക്ഷിപ്പുകേന്ദ്രത്തിൽ സുരക്ഷാവീഴ്‌ച്ച; ടൺ കണക്കിന് രാസവളം ഒഴുക്കിയത് നെൽ പാടങ്ങളിലേക്കും ഇരുന്നൂറോളം കിണറുകളിലേക്കും; അനധികൃത രാസവള കേന്ദ്രത്തിന് കൃഷിവകുപ്പിന്റെ അനുമതി; രാസവള കേന്ദ്രം അടച്ച് പൂട്ടുംവരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അധികൃതരുടെ ഒത്താശയോടെ അനധികൃതമായി പ്രവർത്തിക്കുന്ന രാസവള സൂക്ഷിപ്പുകേന്ദ്രത്തിന്റെ സുരക്ഷാവീഴ്ച കൊണ്ട് രാസവളം ഒലിച്ചിറങ്ങി ഒരു പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളുടെ കിണറുകളിലെ കുടിവെള്ളം വിഷജലമായി. രാസവളം സർക്കാരിന്റെ ആവശ്യത്തിനാണെന്നും രാസവള സൂക്ഷിപ്പുകേന്ദ്രം പ്രവർത്തിക്കുന്നത് കൃഷിവകുപ്പിന്റെയും കൃഷിമന്ത്രിയുടെയും അറിവോടെയെന്നും രാസവള കേന്ദ്രം ഉടമ പോളി.

തൃശൂർ കോർപ്പറേഷനിലെ നാൽപ്പത്തിമൂന്നാം വാർഡായ കണിമംഗലം-പനമുക്ക് ദേശത്ത് മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിൽ ഇത്തരത്തിൽ വലിയ അളവിൽ രാസവളം സൂക്ഷിക്കാനുള്ള വേണ്ടത്ര സർക്കാർ അനുമതി പത്രങ്ങളോ മറ്റു രേഖകളൊന്നും തന്നെ ഇല്ലെന്നു നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്ന് കോർപ്പറേഷൻ അധികാരികളും പറയുന്നുണ്ട്. കൃഷിയോഗ്യമായ നെൽപാടങ്ങളും തണ്ണീർതടങ്ങളും നികത്തിയാണ് രാസവള സൂക്ഷിപ്പുകേന്ദ്രം നിർമ്മിച്ചിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. 

ഇക്കഴിഞ്ഞ പ്രളയകാലത്താണ് ഈ രാസവള സൂക്ഷിപ്പുകേന്ദ്രത്തിൽ വെള്ളം കയറി ആയിരക്കണക്കിന്നു രാസവള ചാക്കുകൾ സമീപത്തെ പാടശേഖരങ്ങളിലേക്കും പ്രദേശവാസികളുടെ കിണറുകളിലേക്കും ഒലിച്ചിറങ്ങിയത്. ഈ വെള്ളം ഉപയോഗിച്ചവരിൽ വല്ലാത്ത ചൊറിച്ചലും വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. കുടിവെള്ളം മുട്ടിയപ്പോൾ ഇവർക്ക് കോർപ്പറേഷൻ കൊടുത്ത വെള്ളവും ഉപയോഗശൂന്യമായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഗതികെട്ട പ്രദേശവാസികൾ അധികൃതരുടെ കരുണ കാത്ത് കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി അവുരുടെ ഇരുന്നൂറോളം കിണറുകളിലെ വിഷജലത്തിനു കാവൽ നിൽക്കുകയാണ്.

സ്ഥലം എംഎൽഎ. അഡ്വ.കെ.രാജൻ ഉൾപ്പടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജല-മലിനീകരണ-നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട് മടങ്ങിയിട്ട് ആഴ്‌ച്ചകളായിട്ടും യാതൊരുവിധ നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. ഈ രാസവള കേന്ദ്രം കഴിവതും വേഗം അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നാട്ടുകാർക്ക് കൊടുത്താണ് ഇവർ മടങ്ങിയതത്രെ. എന്നാൽ ആഴ്‌ച്ചകളോളമായി ബന്ധപ്പെട്ടവർ ഒരു നടപടിയും എടുത്തിട്ടില്ല.

ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ എല്ലാ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടും സ്ഥലം എംഎൽഎ. അഡ്വ. കെ.രാജന്റേയും കൃഷിമന്ത്രി അഡ്വ.വി എസ്. സുനിൽകുമാറിന്റെയും പിൻബലത്തിൽ അനധികൃത രാസവള സൂക്ഷിപ്പുകേന്ദ്രത്തിന്റെ ഉടമ പോളി ഇപ്പോഴും ഈ പ്രദേശത്തെ ഇരുന്നൂറോളം കിണറുകളിലേക്ക് വിഷം ചീറ്റുകയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.

എന്നാൽ സർക്കാരിനുവേണ്ടിയുള്ള വളമാണ് താൻ ഇവിടെ സൂക്ഷിക്കുന്നതെന്നും അത് കൃഷിവകുപ്പിനും കൃഷിമന്ത്രി സുനിൽകുമാറിനും അറിവുള്ള കാര്യമാണെന്നും പോളി ഈ പ്രദേശത്തെ കോർപ്പറേഷൻ കൗൺസിലർ ഷീന ചന്ദ്രൻ അടങ്ങുന്ന നാട്ടുകാരുടെ യോഗത്തിൽ പറയുന്നു. മാത്രമല്ല, ഈ വളം പാലിലും കാലിത്തീറ്റയിലുമൊക്കെ ചേർക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അങ്ങനെതന്നെ കഴിച്ചാൽ പോലും ഒരു കുഴപ്പമില്ലെന്നും താൻ അത് കഴിച്ചുകാണിക്കാമെന്നും പോളി യോഗത്തിൽ അവകാശപ്പെട്ടു. ഈ രാസവളം സസ്യങ്ങൾക്കുള്ള പ്രോട്ടീനാണ്. ഇത് മത്സ്യങ്ങളിൽ പരീക്ഷിച്ച് മത്സ്യങ്ങൾ ചാവുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് മനുഷ്യർക്കും ഇത് ഹാനികരമല്ലെന്നും പോളിയുടെ വാക്താക്കൾ നാട്ടുകാരോട് പറയുന്നു.

വളരെ ദുരൂഹവും നിഗൂഡവുമായ പ്രവർത്തന ശൈലിയാണ് ഈ അനധികൃത രാസവള കേന്ദ്രത്തിന്നുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം മൂന്നര ഏക്കറോളം വരുന്ന കൃഷിഭൂമിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിന് ഒരു പേരോ വിലാസമോ അതൊക്കെ സൂചിപ്പിക്കുന്ന ബോർഡോ ഇല്ല, രണ്ടാൾ ഉയരത്തിൽ പണിതീർത്ത ഈ കേന്ദ്രത്തിന്റെ പടുകൂറ്റൻ ഗേറ്റുകൾ എപ്പോഴും അടഞ്ഞുകിടക്കും. ഒരു ചെറിയ ദ്വാരത്തിലൂടെയാണ് പുറം കാഴ്ചകളും അകം കാഴ്‌ച്ചകളും ദൃശ്യമാവുക. ഈ കേന്ദ്രത്തിലേക്ക് ആർക്കും പ്രവേശനമില്ല.

ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടേക്ക് രാസവളം എത്തുന്നതും ഇവിടെനിന്ന് പുറത്തേക്ക് പോകുന്നതും രാത്രി കാലങ്ങളിലാണത്രേ. ഇവിടെ രാത്രികാലങ്ങളിൽ പോലും വെളിച്ചം തെളിയിക്കാറില്ലത്രേ. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളും ഇവിടെ തന്നെയാണ് താമസിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. ഈ കേന്ദ്രത്തിൽ കിണർ ഉണ്ടെങ്കിലും ഇവർ കുടിക്കാൻ ഉപയോഗിക്കുന്നത് പുറത്തുനിന്നു വാങ്ങുന്ന വെള്ളമാണെന്നും ഇവിടുത്തെ വെള്ളം സൂക്ഷിക്കുന്ന വലിയ ജാറുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഏകദേശം ഏഴുവർഷം മുമ്പ് അരി, ഗോതമ്പ് തുടങ്ങിയവയുടെ സൂക്ഷിപ്പുകേന്ദ്രമെന്ന വ്യാജ മേൽവിലാസത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് ഒരിക്കൽ ഇവിടെനിന്ന് അനധികൃത ഗോതമ്പ് പിടികൂടിയതായും നാട്ടുകാർ സാക്ഷ്യം പറയുന്നുണ്ട്. അതേസമയം തന്റെ ഒരു കൂട്ടുകാരനുവേണ്ടിയാണ് ഗോതമ്പ് സൂക്ഷിച്ചതെന്നും പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുക മാത്രമേ ചെയ്തുള്ളൂവെന്നാണ് ഈ കേന്ദ്രത്തിന്റെ ഉടമ പോളി പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ അന്വേഷണം നടത്തിയപ്പോൾ മാത്രമാണ് ഈ കേന്ദ്രത്തിൽ അരിയും ഗോതമ്പുമൊന്നുമല്ല ജൈവവളമാണ് സൂക്ഷിക്കുന്നതെന്ന് നാട്ടുകാർക്ക് മനസ്സിലായത്. കേന്ദ്രം ഉടമ പോളിയും നാട്ടുകാരോട് അത് സമ്മതിക്കുകയുണ്ടായത്രെ.

എന്നാൽ ഈയടുത്ത കാലത്ത് ഈ പ്രദേശത്ത് വെള്ളപ്പൊക്കം അനുഭവപ്പെട്ടപ്പോൾ സമീപപ്രദേശത്തുകാരുടെ കിണറുകളിലെ വെള്ളം മലിനമായപ്പോഴാണത്രേ ജനപ്രതിനിധികളും ജനങ്ങളും ഈ കേന്ദ്രത്തിനകത്തേക്ക് വിലക്ക് വകവയ്ക്കാതെ പ്രവേശിച്ചത്. അപ്പോഴാണ് ഈ കേന്ദ്രത്തിന്റെ ദുരൂഹതകളുടെ കഥകൾ പുറത്താവുന്നത്.

ഇവിടെ ജൈവവളമല്ല, രാസവളമാണ് സൂക്ഷിക്കുന്നതെന്ന വസ്തുത ജനങ്ങൾ അറിയുന്നത് അപ്പോഴാണ്. ടൺ കണക്കിനാണ് ഇവിടെ രാസവളം സൂക്ഷിച്ചിരിക്കുന്നത്. മൂന്നര ഏക്കറിൽ പണിതീർത്ത ഏതാണ്ട് അര ഡസനോളം വലിയ ഗോഡൗണുകളിലായാണ് രാസവളം സൂക്ഷിച്ചിരുന്നത്. ചാക്കുകൾ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഈ കേന്ദ്രത്തിനകത്തേക്ക് കയറിയ വെള്ളത്തോടൊപ്പം രാസമാലിന്യം സമീപ പ്രദേശത്തെ പാടശേഖരങ്ങളിലേക്കും കിണറുകളിലേക്കും ഒഴുകുകയായിരുന്നു. ഈ കേന്ദ്രത്തിനകത്തെ കുളത്തിലെ ജലജീവികളും ചത്തുപൊന്തികിടക്കുന്നുണ്ടായിരുന്നു.

പ്രദേശവാസികൾ അവരവരുടെ കിണറുകളിലെ വെള്ളം പരിശോധിച്ചുകിട്ടിയ ഫലങ്ങളും കുടിവെള്ളത്തിൽ രാസമാലിന്യം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്നീട് ജനപ്രതിനിധികളും ജനങ്ങളും വിളിച്ചുകൂട്ടിയ യോഗത്തിൽ രാസവളകേന്ദ്രം സൂക്ഷിപ്പുകാരനും അദ്ദേഹത്തിന്റെ വാക്താക്കളും സന്നിഹിതരായിരുന്നു. ജനങ്ങൾക്ക് വേണ്ടത്ര കുടിവെള്ളം എത്തിക്കാമെന്നും രാസവളത്തിലെ അപകടകരമായ രാസമാലിന്യമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താമെന്നും അവിടെ സൂക്ഷിച്ചിട്ടുള്ള മുഴുവൻ രാസവളവും വരും ദിവസങ്ങളിൽ ഒഴിവാക്കാമെന്നും പോളിയും വാക്താക്കളും ഉറപ്പുകൊടുക്കുകയായിരുന്നു. സ്ഥലം സബ് ഇൻസ്പെക്ടറും ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഉറപ്പുകൊടുത്തിട്ടുണ്ടെന്നും നാട്ടുകാർ അവകാശപ്പെടുന്നു. എന്നാൽ ആദ്യദിവസങ്ങളിൽ കുറച്ചു കുടിവെള്ളം വിതരണം ചെയ്തതല്ലാതെ നാട്ടുകാർക്ക് കൊടുത്ത ഉറപ്പൊന്നും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികാരികൾക്ക് കൊടുത്ത പരാതിയിന്മേലും നടപടിയില്ല. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി നാട്ടുകാർ. രാസവള കേന്ദ്രം പൂട്ടുംവരെ മരണം വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്നും നാട്ടുകാർ മറുനാടനോട് പറഞ്ഞു. രാസവളത്തിനു പകരം ജൈവവളമോ ഹാനികരമല്ലാത്ത മറ്റെന്തും സൂക്ഷിക്കുന്നതിന് നാട്ടുകാർക്ക് എതിർപ്പില്ലെന്നും അവർ പറയുന്നു.

രാസവള സൂക്ഷിപ്പുകേന്ദ്രം ഉടമ പോളി മറുനാടനോട് പറയുന്നതിങ്ങനെ

ഏഴുവർഷമായി താൻ ഈ സ്ഥലം വാങ്ങിയിട്ടെന്നും തനിക്ക് ആറു വർഷമായി ഈ കേന്ദ്രത്തിൽ രാസവളം സൂക്ഷിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പോളി പറയുന്നു. തന്റെ സ്ഥലത്തിനു പിന്നിലുള്ള ഒരു വീട്ടുകാരുടെ സ്ഥലത്തേക്ക് വഴി സൗകര്യം ഇല്ലാത്തതാണ് ഇതിന്റെ പിന്നിലുള്ള പ്രശ്നമെന്നും ആ സ്ഥലം വലിയ വിലക്ക് തന്നെ കൊണ്ട് വാങ്ങിപ്പിക്കാനുള്ള തന്ത്രമാണ് ഇതിന്റെയൊക്കെ പിന്നിലെന്നും പോളി പറയുന്നു.

താൻ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റെഡ് എന്ന കമ്പനിയുടെ അംഗീകൃത എജന്റ്റ് ആണെന്നും സർക്കാരിന്റെ കൃഷിവകുപ്പിനുവേണ്ടിയാണ് ഇവിടെ രാസവളം സൂക്ഷിക്കുന്നതെന്നും പോളി പറയുന്നുണ്ട്. കൃഷിവകുപ്പും കൃഷിമന്ത്രിയും നേരിട്ട് ഇടപെട്ടാണ് ഇതൊക്കെ ജില്ലകളിലെ കർഷകർക്ക് വിതരണം ചെയ്യുന്നതെന്നും പോളി പറയുന്നു. കോട്ടയം മലപ്പുറം എറണാകുളം തൃശൂർ എന്നീ നാല് ജില്ലകളിലേക്കുള്ള രാസവളമാണ് താൻ സൂക്ഷിക്കുന്നതെന്നും സബ്സിഡി ആനുകൂല്യത്തോടെയാണ് ഇത് സർക്കാരിന്റെ കൃഷിവകുപ്പ് വഴി കൊടുക്കുന്നതെന്നും പോളി അവകാശപ്പെടുന്നു. ഇതിൽ കോട്ടയത്തും എറണാകുളത്തും സൂക്ഷിച്ച രാസവളമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. അവിടെയൊന്നും ഇത്തരത്തിൽ പ്രശ്നമുണ്ടായില്ലെന്നും പോളി പറഞ്ഞു.

പൊട്ടാഷും യുറിയയും പാലിലും കാലിതീറ്റയിലുമൊക്കെയുള്ള ചേരുവയാണെന്നും അത് കഴിക്കുന്നതിൽ യാതൊരു അപകടവുമില്ലെന്നും താനടക്കം കൃഷി-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും പോളി മറുനാടനോട് പറഞ്ഞു. ജനങ്ങൾക്കിടയിൽ ഒരു പ്രശ്നമുണ്ടാവുമ്പോൾ അവർ ജനങ്ങളോടൊപ്പം നിൽക്കുകയും എന്നെ ക്രൂശിക്കുകയുമാണ് ചെയ്യുന്നത്. മാതൃഭൂമി പത്രം മാത്രമാണ് തന്നോടൊപ്പം നിന്നതെന്നും ഗത്യന്തരമില്ലെങ്കിൽ കേന്ദ്രം അടച്ചുപൂട്ടുമെന്നും പോളി മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP