Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യപിക്കാൻ ചായക്കടയിൽ നിന്ന് ഗ്ളാസ് നൽകാത്തതിനെ തുടർന്ന് അവിടെയുള്ള പെൺകുട്ടിയുടെ കണ്ണ് എറിഞ്ഞുതകർത്ത ബിവറേജസ് ജീവനക്കാരനെ രക്ഷിക്കാൻ പൊലീസ്; വധശ്രമത്തിന് കേസെടുക്കാതെ ജാമ്യം നൽകാവുന്ന വകുപ്പുകൾ ചുമത്തി ഏമാന്മാരുടെ സഹായം; നാട്ടിൽ വിലസുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മടിക്കുന്നതായും ആക്ഷേപം

മദ്യപിക്കാൻ ചായക്കടയിൽ നിന്ന് ഗ്ളാസ് നൽകാത്തതിനെ തുടർന്ന് അവിടെയുള്ള പെൺകുട്ടിയുടെ കണ്ണ് എറിഞ്ഞുതകർത്ത ബിവറേജസ് ജീവനക്കാരനെ രക്ഷിക്കാൻ പൊലീസ്; വധശ്രമത്തിന് കേസെടുക്കാതെ ജാമ്യം നൽകാവുന്ന വകുപ്പുകൾ ചുമത്തി ഏമാന്മാരുടെ സഹായം; നാട്ടിൽ വിലസുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മടിക്കുന്നതായും ആക്ഷേപം

പ്രകാശ് ചന്ദ്രശേഖർ

ദേവികുളം: കല്ലേറിനെത്തുടർന്ന് 15 കാരിയുടെ കണ്ണിന് ഗുരതരമായ പരിക്കേറ്റ സംഭവത്തിൽ പ്രതിയായ വിദേശമദ്യ വിൽപ്പനശാല ജീവനക്കാരനെതിരെ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് പൊലീസിന്റെ 'മര്യാദ'. ഐ പി സി 294 (b)(അസഭ്യം പറയുക) 324 (ആയുധം കൊണ്ട് പരിക്കേൽപ്പിക്കുക) എന്നീ വകുപ്പകളാണ് ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇത് സ്റ്റേഷനിൽ നിന്നും ജാമ്യം നൽകാവുന്ന വകുപ്പുകളാണെന്നാണ് നിയമ വൃത്തങ്ങളിൽ നിന്നും ലഭ്യമായ വിവരം.

കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച്് തിരക്കിയപ്പോൾ പ്രതി ഒളിവിലാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവരുന്നതായി വിവരം ലഭിച്ചു എന്നുമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ദേവികളം എസ് ഐ വെളിപ്പെടുത്തിയത്. എന്നാൽ കേസിലെ പ്രതിയായ ദേവികുളം ബീവറേജസ് ശാഖയിലെ വിൽപ്പനക്കാരൻ വികാസ് നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്നുണ്ടെന്നും ഇയാളെ കസ്റ്റഡിയിലടുക്കാതെ ഒളിച്ചുകളിക്കുകയാണ് പൊലീസെന്നും നാട്ടുകാരും പറയുന്നു.

ആയുധം കൊണ്ട് തലയ്ക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കാമെന്നിരിക്കെ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്. കേസിൽപ്പെട്ട് അകത്തായാൽ ജോലി പോകുമെന്നും ഇത് ഒഴിവാക്കാൻ എത്ര തുക വേണമെങ്കിലും ചിലവഴിക്കാമെന്നും മറ്റുമുള്ള വികാസിന്റെ വാഗ്ദാനത്തിന്റെ ബലത്തിലാണ് പൊലീസ് ഇയാൾക്കെതിരെ മൃദുസമീപനം സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് പിൻവലിപ്പിക്കാൻ വികാസിന്റെ ഇഷ്ടക്കാരായ രാഷ്ട്രീയ നേതൃത്വവും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വീട്ടിലെത്തിയ ഇവരിൽ ചിലർ ഒന്നരലക്ഷം കൈപ്പറ്റി കേസിൽ നിന്നും പിന്മാറണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി പെൺകുട്ടിയുടെ പിതാവ് ദേവികുളം ഷൈനിഹൗസിൽ ശേഖർ മറുനാടനോട് വെളിപ്പെടുത്തി.

ഒരു ലക്ഷമല്ലാ,ഒരു കോടി തന്നാലും കേസിൽ നിന്നും താൻ പിന്മാറില്ലന്നും ഏക മകൾക്ക് നീതികിട്ടാൻ ഏതറ്റം വരെ പോകുന്നതിനും താൻ ഒരുക്കമാണെന്നും ശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസം മധുര അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈനിയുടെ കൺപുരികത്തിലെ നീര് ഇപ്പോഴും കാര്യമായി കുറഞ്ഞിട്ടില്ല. എല്ലിന്് പൊട്ടുള്ളതായും ഓപ്പറേഷൻ വേണ്ടിവരുമെന്നാണ് ഇവിടുത്തെ ഡോക്ടർ വ്യക്തമാക്കിയിട്ടുള്ളത്.

ദേവികുളത്ത് ഷൈനി റ്റീസ്റ്റാൾ എന്ന പേരിൽ ശേഖർ സ്ഥാപനം നടത്തുന്നുണ്ട്. ഇയാൾ മൂന്നാറിലേക്ക് പോയസമയത്താണ് കഴിഞ്ഞദിവസം കല്ലേറും മർദ്ദനവും ഉണ്ടായത്. ഭാര്യാ സഹോദരനായ 55കാരൻ അയ്യനാരെ സ്ഥാപനം നോക്കാനേൽപ്പിച്ചാണ് ശേഖർ മുന്നാറിലേക്ക് യാത്രയായത്. ഈ സമയം വികാസ് എത്തി മദ്യപിക്കാൻ ഗ്ലാസ്സ് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ അസഭ്യം വിളിതുടങ്ങി. പിന്നാലെ മർദ്ദനവും തുടങ്ങി. ഇതു കണ്ടുകൊണ്ടാണ് മകൾ ഷൈനി സ്‌കൂളിൽ നിന്ന് അവിടെ എത്തുന്നത്.

അമ്മാവനെ തല്ലുന്നത് തടയാനെത്തിയ ഷൈനിയെയും വികാസ് മർദ്ദിക്കുകയായിരുന്നു. അയ്യനാരെ റോഡിലേക്ക് വലിച്ചിട്ട് ചവിട്ടുന്നത് കണ്ട ഷൈനി വികാസിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ പാതവക്കിൽക്കിടന്ന കരിങ്കല്ലിന്റെ കഷണമെടുത്ത് ഇയാൾ മകളുടെ തലയ്ക്ക് നേരെ എറിയുകയായിരുന്നെന്നുമാണ് ശേഖറിന്റെ വെളിപ്പെടുത്തൽ.

വികാസിന്റെ സമ്മർദ്ദത്തിന്റെ ഫലമായി സംഭവം മറ്റൊരുവഴിക്ക് ആക്കാൻ പൊലീസ് ശ്രമിക്കുന്നതായി ഷൈനിയുടെ മതാപിതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.പൊലീസിന്റെ ഇപ്പോഴത്തെ നീക്കം ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. ഷൈനിയുടെ മാതാവ് വേളാങ്കണ്ണി വികാസിന്റെ കാറിന് നേരെ കല്ലെറിഞ്ഞെന്നും ഇത് തെറിച്ച് ഷൈനിയുടെ പുരികത്ത്് കൊള്ളുകയായിരുന്നെന്നും മറ്റും വികാസിന്റെ അടുപ്പക്കാരുടെ മൊഴിയെടുത്ത് കേസ് തിരിച്ചാക്കാനും പൊലീസ് നീക്കം നടത്തുന്നതായിട്ടാണ് അറിയുന്നത്.

ഒരു കണ്ണിനല്ലേ ഏറ് കൊണ്ടുള്ളു.. നീ മറ്റേക്കണ്ണുകൊണ്ട് മുഖത്ത് നോക്കി സംസാരിക്കെടീ.. കൂടുതൽ കളിച്ചാൽ നിന്റെ അപ്പനേയും അമ്മയെയും അകത്താക്കും എന്ന് മൊഴിയെടുക്കാൻ വന്ന പൊലീസുകാരി ഷൈനിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിൽ നിന്നെല്ലാം ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിക്ക് നീതി ലഭ്യമാക്കാനല്ല, മറിച്ച് പ്രതിക്കൊപ്പമാണ് പൊലീസെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

രാഷ്ട്രീയ-പണ സ്വാധീനം ഇല്ലാത്തതിനാൽ തങ്ങൾക്ക് നീതി ലഭിക്കാനിടയില്ലെന്നും വികാസിനൊപ്പം ചേർന്ന് പൊലീസ് കേസിൽ കുടുക്കുമെന്ന ഭയപ്പാടിലാണിപ്പോൾ ജീവിമെന്നും ഷൈനിയുടെ മാതാപിതാക്കൾ പറഞ്ഞു. തൊഴിൽ മദ്യവിൽപ്പനയായതിനാൽ വികാസിന് നാട്ടുകാർക്കിടയിൽ ശക്തമായ സ്വാധീനമുണ്ടെന്നും പ്രദേശത്തെ ഉന്നതർക്ക് വേണ്ടപ്പെട്ടവനായതിനാൽ ഇയാൾ പറയുന്നവഴിക്കെ കേസ് നീങ്ങു എന്നുമാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP