Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ മുഖം നന്നായി ഓർത്തുവച്ചോ.. നാളെ ഞാൻ ഇവിടെ ലൈറ്റിട്ട വണ്ടിയിലാണ് വരിക.. ഞാൻ ആരെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകും: കൂട്ടുകാരുമൊത്ത് ഫോർസ്റ്റാർ ബാറിൽ കയറി മൂക്കറ്റംകുടിച്ച ശേഷം ബില്ല് ഫ്രീയാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് വെഹിക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം; പറഞ്ഞതുപോലെ പിറ്റേന്ന് സ്ഥാപനത്തിന് മുന്നിൽ സഹ ഇൻസ്‌പെക്ടർമാരുമായി വന്ന് സകല വണ്ടികളും അടിമുടി ചെക്കിങ്; പൊലീസിൽ പരാതി നൽകി ബാർ അധികൃതർ

എന്റെ മുഖം നന്നായി ഓർത്തുവച്ചോ.. നാളെ ഞാൻ ഇവിടെ ലൈറ്റിട്ട വണ്ടിയിലാണ് വരിക.. ഞാൻ ആരെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകും: കൂട്ടുകാരുമൊത്ത് ഫോർസ്റ്റാർ ബാറിൽ കയറി മൂക്കറ്റംകുടിച്ച ശേഷം ബില്ല് ഫ്രീയാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് വെഹിക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം; പറഞ്ഞതുപോലെ പിറ്റേന്ന് സ്ഥാപനത്തിന് മുന്നിൽ സഹ ഇൻസ്‌പെക്ടർമാരുമായി വന്ന് സകല വണ്ടികളും അടിമുടി ചെക്കിങ്; പൊലീസിൽ പരാതി നൽകി ബാർ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബാറിൽ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ വെഹിക്കിൾ ഇൻസ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തിൽ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജൻസിയിലാണ് സംഭവം.

എന്റെ മുഖം നന്നായി ഓർമ്മവച്ചോളൂ എന്നും നാളെ ഞാൻ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയിൽ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിൾ ഇൻസ്‌പെക്ടർ കിഷോർ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഞാൻ ആരാണെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇൻസ്‌പെക്ടർ ചൊവ്വാഴ്ച വീണ്ടും സഹ ഇൻസ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.

നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കുടുംബസമേതം റസ്റ്റൊറന്റിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിൾ ഇൻസ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേർ ഇഷ്ടപ്പെടുന്ന സ്്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലിൽ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റിൽ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബിൽ നൽകിയതോടെയാണ് ഭീഷണിപ്പെടുത്തൽ തുടങ്ങിയത്. - ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. ലോബി ഏരിയയിൽ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി.

ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നിൽ ഔദ്യോഗിക വാഹനത്തിൽ എത്തുകയും ഗെയ്റ്റിന് മുന്നിൽ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാൻ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടൽ നൽകിയ പരാതിയിൽ പറയുന്നു. മുണ്ടുടുത്ത് കാഷ്വൽ വേഷത്തിൽ ആയിരുന്നു കിഷോർ എന്നും ഹോട്ടൽ ലോബിയിൽവച്ച് അസഭ്യവർഷം നടത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവർഷവും പ്രകടനവും വിവരിച്ച് ഒഡി കൺസൾട്ടന്റായ സന്ദീപ് കുമാർ ഫേസ്‌ബുക്കിൽ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നൽകി.

സന്ദീപ് നൽകിയ പോസ്റ്റിന്റെ പൂർണരൂപം:

എന്റെ മുഖം നന്നായി ഓർമ്മവച്ചോളൂ... നാളെ ഞാൻ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയിൽ ആയിരിക്കും. ഞാൻ ആരാണെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകും.'' കൂട്ടുകാരുമൊത്ത് ഫോർ സ്റ്റാർ ഹോട്ടലിലെ ബാറിൽ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോൾ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിൾ ഇൻസ്‌പെക്ടർ കിഷോർ അവർകളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളിൽ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാർ അതിനു സമ്മതിച്ചില്ല. അപ്പോൾ പറഞ്ഞ വാക്കുകൾ ആണ് തുടക്കത്തിൽ ഉദ്ധരിച്ചത്. തുടർന്ന് നടന്നത് വലിയ അസഭ്യ വർഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതിൽ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.

എവിടെടാ നിന്റെ മുതലാളി...അവനെ ഞാൻ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയിൽ ഉണ്ടായി. തൃശൂർ ഒളരിയിലെ നിയാ റീജൻസിയിൽ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകൾ നല്ല നിലയിൽ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയിൽ പോയി ഫുഡ് ഓർഡർ ചെയ്തതിനു ശേഷം ബാറിൽ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തർക്കം ഉണ്ടായത്.

വിനോദ സഞ്ചാരികൾ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനിൽ വന്നു തെറി വിളിക്കുന്നതിനിടയിൽ കൂട്ടത്തിൽ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങൾ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാൻ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യൻ ആകുന്നതിനോപ്പം അയാൾ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാൻ പോയപ്പോൾ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.

ചൊവ്വാഴ്ച സഹ ഇൻസ്‌പെക്ടർമാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമിൽ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലർക്കും പിഴ. റോഡിൽ ട്രാഫിക് സ്തംഭനം. ഒടുവിൽ കോപാകുലരായ നാട്ടുകാർ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോൾ ആണ് ഏമാൻ സ്ഥലം വിട്ടത്.

രണ്ടു ദിവസത്തെയും മുഴുവൻ പ്രകടനങ്ങളും ക്യാമറയിൽ ആകുമെന്ന് അയാൾ കരുതിയില്ല. മുഴുവൻ ദൃശ്യങ്ങളും ഞങ്ങളുടെ കയ്യിൽ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടൂറിസം മേഖലയിൽ നിക്ഷേപം നടത്തി മുന്നോട്ടു പോകുന്ന ഒരു സ്ഥാപനത്തിൽ വന്നിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഉള്ളവരുടെ മുന്നിലായിരുന്നു ഇത്ര നീചമായ പ്രകടനം. മദ്യം ഫ്രീ കിട്ടിയില്ലെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്ടർ ഇത്രമാത്രം തരം താഴും എന്ന് വരുന്നത്തിലാണ് പരിഹാസ്യത. ഇത്തരക്കാർ ഈ നാടിന്റെ ശാപം ആണ്. - സന്ദീപ് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP