Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളി സെമിത്തേരിയിൽ അടക്കിയ വയോധികയുടെ മൃതദേഹം കാണാതായി; അന്വേഷണത്തിൽ കണ്ടെത്തിയത് കുടുംബവീട്ടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ; മാർച്ച് മാസത്തിൽ മരിച്ച വയോധികയുടെ ജഡം കൊണ്ടുപോയത് മകൻ തന്നെ; ആഭിചാര കർമങ്ങൾക്കായി കടത്തിയതാണോയെന്ന സംശയത്തിൽ അന്വേഷണം

പള്ളി സെമിത്തേരിയിൽ അടക്കിയ വയോധികയുടെ മൃതദേഹം കാണാതായി; അന്വേഷണത്തിൽ കണ്ടെത്തിയത് കുടുംബവീട്ടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ; മാർച്ച് മാസത്തിൽ മരിച്ച വയോധികയുടെ ജഡം കൊണ്ടുപോയത് മകൻ തന്നെ; ആഭിചാര കർമങ്ങൾക്കായി കടത്തിയതാണോയെന്ന സംശയത്തിൽ അന്വേഷണം

ആർ.കണ്ണൻ

കൊല്ലം : പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്ന് വയോധികയുടെ മൃതദേഹം കാണാതായതോടെ ആഭിചാര കർമ്മങ്ങൾക്കായി മൃതദേഹം കടത്തിയോ എന്ന് സംശയമുണർന്നത് വിശ്വാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മൂന്നു മാസം മുമ്പ് മരിച്ച 88 കാരിയുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് കടത്തിയതായി കണ്ടെത്തിയത് ഇന്ന് രാവിലെയാണ്.

ഇതോടെ വിശ്വാസികളിൽ പരിഭ്രാന്തി പടരുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് മരിച്ച വയോധികയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മാനസിക വിഭ്രാന്തി മൂലം മകൻ മൃതദേഹം എടുത്തുകൊണ്ടുപോയിയെന്ന് സംഭവം അന്വേഷിച്ച പുന്നക്കോട് പൊലീസ് മറുനാടനോട് വ്യക്തമാക്കി.

പത്തനാപുരം തലവൂർ ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്നാണ് വയോധികയുടെ മൃതദേഹം കാണാതായത്. 55 ദിവസം മുമ്പ് മരിച്ച് കുഞ്ഞേലിക്കുഞ്ഞി എന്ന സ്ത്രീയുടെ മൃതദേഹമാണ് കല്ലറയിൽ നിന്ന് കാണാതായത്. ഇവർ മാർച്ച് 27നാണ് മരിച്ചത്. 28ന് പള്ളി സെമിത്തേരിയിൽ ആചാരപ്രകാരം അടക്കംചെയ്തു.

എന്നാൽ ഇന്നു രാവിലെ സെമിത്തേരിയിൽ കല്ലറയ്ക്കൽ പ്രാർത്ഥനയ്ക്ക് പോയ ചിലരാണ് കല്ലറ തുറന്നതായും അടക്കംചെയ്ത പേടകം പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം സെമിത്തേരിയിൽ നിന്നു കടത്തിയതായി കണ്ടെത്തുകയായിരുന്നു.

ഇതോടെ പള്ളി അധികാരികളും നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ മൃതദേഹം മരിച്ച സ്ത്രീയുടെ കുടുംബവീടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞേലിക്കുഞ്ഞിയുടെ മകൻ തങ്കച്ചനെ (61) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആഭിചാരക്രിയകൾക്കായി മൃതദേഹം കടത്തിയെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തങ്കച്ചൻ മാനസിക വിഭ്രാന്തി മൂലം അമ്മയുടെ മൃതദേഹം കൊണ്ടുപോയി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അമ്മയ്‌ക്കെന്തോ അപകടം പറ്റിയെന്നും അമ്മയുടെ ശരീരഭാഗങ്ങൾ ചിലർ കൊണ്ടുപോയെന്നും ബാക്കി ഞാൻ എടുത്തുകൊണ്ടുവന്നു എന്നുമാണ് ഇയാൾ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് വിശ്വാസികൾക്കിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ആഭിചാര കർമങ്ങൾക്കായാണോ മൃതദേഹം കടത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.

ഇക്കാര്യത്തിൽ അന്വേഷത്തിലൂടെ വ്യക്തവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത തങ്കച്ചൻ മാനസികാസ്വാസ്ഥ്യത്തിന് ചിക്തസയിലാണെന്നും റിപ്പോർട്ടുണ്ട്. ഇതിനാൽ തന്നെ ഇയാൾക്കെതിരെ മൃതദേഹത്തോട് അനാദരവു കാട്ടിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

കുന്നിക്കോട് എസ്.ഐ സി.സുമേഷ് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പള്ളിയിലെത്തി. വിശദമായ അന്വേഷണത്തിനൊടുവിൽ മൃതദേഹം നടുത്തേരിയിലുള്ള ഒരു റബ്ബർ തോട്ടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച എൺപത്തിയെട്ടുകാരിയുടെ വീടിനടുത്താണ് ഈ റബ്ബർ തോട്ടം. പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ള തങ്കച്ചൻ എന്ന 55 വയസ്സുള്ള മകനെ കുറിച്ചറിയുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം താൻ തന്നെ പൊളിച്ചു കൊണ്ടുവരികയായിരുന്നു എന്ന് സമ്മതിച്ചത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

അമ്മയുമായി ഏറെ ആത്മബന്ധമായിരുന്നു ഇയാൾക്ക്. അമ്മ മരിച്ചപ്പോൾ ഏറെ ദുഃഖിതനായിരുന്നു. മിക്ക ദിവസങ്ങളിലും കല്ലറയുടെ അരികിൽ പോയിരിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പള്ളിയിൽ വീണ്ടും സംസ്‌കരിച്ചു. കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിൽ വിട്ടു.

എന്നാൽ അൻപത്തി അഞ്ച് വയസ്സുള്ള ഇയാൾ ഒറ്റയ്ക്ക് ശ്രമിച്ചാൽ കല്ലറ പൊളിക്കാനാവില്ലെന്നും ഒന്നിൽ കൂടുതൽ ആളുകൾ ശ്രമിച്ചാൽ മാത്രമേ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനാവൂ. പത്തനാപുരം മേഖലയിൽ ആഭിചാര ക്രിയകളും മന്ത്രവാദങ്ങളും നടക്കുന്നുണ്ട്.ഇത് സംശയത്തിന് ബലമേറുന്നതായി നാട്ടുകാർ മറുനാടനോട് പറഞ്ഞു.

ഈ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാവാം ഇത് ചെയ്തത്. മാനസികാസ്വാസ്ഥ്യമുള്ള മകൻ ചെയ്തു എന്ന് വരുത്തി തീർക്കാൻ മൃതദേഹം കടത്തിക്കൊണ്ട് പോയവർ ഇവരുടെ വീടിന് സമീപം ഉപേക്ഷിച്ചതാവാം. ഇതിനു മുൻപും പല സെമിത്തേരികളിൽ നിന്നും മൃതദേഹം കടത്തിക്കൊണ്ട് പോയി മന്ത്രവാദത്തിനുപയോഗിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP