Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളനോട്ടടിക്കാൻ സ്വന്തം മെഷീൻ; ഹോംമെയ്ഡ് നോട്ടുകൾ ചിലവഴിക്കാൻ ഭാര്യയുമൊത്ത് പോകുന്നത് വിവിധ കടകളിലേക്കും; എത്ര ചെറിയ തുകയ്ക്ക് സാധനം വാങ്ങിയാലും രഞ്ജിത്തും ഭാര്യ ലിജയും നൽകുക ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ; മങ്കരയിൽ കള്ളനോട്ടുമായി പിടിയിലായ ദമ്പതികളുടെ കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെടുത്തത് കള്ളനോട്ടുകളും നോട്ടടിയന്ത്രവും

കള്ളനോട്ടടിക്കാൻ സ്വന്തം മെഷീൻ; ഹോംമെയ്ഡ് നോട്ടുകൾ ചിലവഴിക്കാൻ ഭാര്യയുമൊത്ത് പോകുന്നത് വിവിധ കടകളിലേക്കും; എത്ര ചെറിയ തുകയ്ക്ക് സാധനം വാങ്ങിയാലും രഞ്ജിത്തും ഭാര്യ ലിജയും നൽകുക ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ; മങ്കരയിൽ കള്ളനോട്ടുമായി പിടിയിലായ ദമ്പതികളുടെ കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെടുത്തത് കള്ളനോട്ടുകളും നോട്ടടിയന്ത്രവും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കള്ളനോട്ടുമായി പിടിയിലായ ദമ്പതിമാരുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയത് നോട്ടടി യന്ത്രവും നിരവധി കള്ളനോട്ടുകളും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രഞ്ജിത്തിന്റെ ചാത്തന്നൂർ കണ്ണേറ്റയിലെ വീട്ടിലാണ് പൊലീസ് സംഘം ഇന്ന് പരിശോധന നടത്തിയത്. കഴിഞ്ഞദിവസമാണ് രഞ്ജിത്തിനെയും ഭാര്യ ലിജയെയും പാലക്കാട് മങ്കരയിൽ കള്ളനോട്ടുമായി പൊലീസ് പിടികൂടിയത്.സ്വന്തമായി അച്ചടിക്കുന്ന കള്ളനോട്ടുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ചെലവാക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ കള്ളനോട്ടുകൾ മാറി മറ്റ് നോട്ടുകൾ ശേഖരിക്കുന്നതിനിടെ പാലക്കാട് നിന്നാണ് ഇരുവരും പിടിയിലായത്.

അഞ്ഞൂറുരൂപയുടെ 53 കള്ളനോട്ടുകളും ഇരുന്നൂറുരൂപയുടെ 122 കള്ളനോട്ടുകളും പരിശോധനയിൽ പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. മങ്കരയിലെ കടകളിൽ കള്ളനോട്ട് നൽകി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തി നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 11ന് മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ അക്ഷ ബേക്കറിയിൽ നിന്നു മിഠായി വാങ്ങിച്ചു ഇവർ 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. 80 രൂപ കിഴിച്ച 420 രൂപ കടയുടമ സന്തോഷ് തിരിച്ചു നൽകി. പാതയോരത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ പോയതിനു ശേഷം നോട്ട് പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടാണെന്നു കടയുടമ തിരിച്ചറിഞ്ഞത്. ഉടൻ സൃഹൃത്തിനെ വിളിച്ചു ഇവരെ പിന്തുടരുകയായിരുന്നു. തേനൂർ വരെ പോയി നോക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല, തിരിച്ചു വരുമ്പോൾ സ്‌കൂട്ടറിൽ പോകുന്നതു കണ്ടതോടെ പിന്തുടരുകയായിരുന്നു. തേനൂരിൽ സുകുമാരന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ കയറിയ ദമ്പതികൾ സാധനങ്ങൾ വാങ്ങി 500 രൂപ നൽകിയപ്പോൾ കൈയോടെ പിടികൂടി.

മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണു കൂടുതൽ നോട്ടുകൾ ഇവരിൽ നിന്നു കണ്ടെത്തിയത്. പൊലീസ് എസ്‌ബിഐ മാനേജരെ സ്ഥലത്തെത്തിച്ചു നോട്ടുകൾ പരിശോധിച്ചു വ്യാജനാണെന്ന് ഉറപ്പ് വരുത്തി.  അറസ്റ്റിലായ രഞ്ജിത്ത് ഓൺലൈനായി സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് ഭാര്യ ലിജ ടെയ്ലറുമാണ്. വാഹനത്തിൽ സഞ്ചരിച്ചു നോട്ടുകൾ മാറ്റിയെടുക്കുന്നതിനിടെയാണു പിടിയിലായത്.

ഇവരിൽനിന്ന് 500 രൂപയുടെ 117 നോട്ടും 200 രൂപയുടെ 27 നോട്ടും കണ്ടെടുത്തതായും കഴിഞ്ഞദിവസം മങ്കര പൊലീസ് പറഞ്ഞിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദമ്പതിമാർ സമീപജില്ലയിലും കള്ളനോട്ട് കൈമാറിയതായി പൊലീസ് പറഞ്ഞു. മങ്കര എസ്‌ഐ. എൻ.കെ. പ്രകാശിനാണ് അന്വേഷണച്ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP