Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ കഞ്ചാവ് നൽകി കബളിപ്പിച്ചതുകൊല്ലത്തെ വില്ലന്മാരെ; കള്ളി കണ്ടു പിടിച്ചതോടെ പണം തിരികെ നൽകാനാവശ്യപ്പെട്ട് ഭീഷണി; തിരികെ നൽകാൻ പണത്തിനായി കണ്ടെത്തിയ മാർഗ്ഗം മോഷണവും; സിസിടിവി ദൃശ്യങ്ങളും ഓച്ചിറ സിഐ ആർ പ്രകാശിന്റെ അന്വേഷണ മികവും അഴീക്കലിലെ മാല മോഷ്ടാക്കളെ കുടുക്കിയപ്പോൾ

വ്യാജ കഞ്ചാവ് നൽകി കബളിപ്പിച്ചതുകൊല്ലത്തെ വില്ലന്മാരെ; കള്ളി കണ്ടു പിടിച്ചതോടെ പണം തിരികെ നൽകാനാവശ്യപ്പെട്ട് ഭീഷണി; തിരികെ നൽകാൻ പണത്തിനായി കണ്ടെത്തിയ മാർഗ്ഗം മോഷണവും; സിസിടിവി ദൃശ്യങ്ങളും ഓച്ചിറ സിഐ ആർ പ്രകാശിന്റെ അന്വേഷണ മികവും അഴീക്കലിലെ മാല മോഷ്ടാക്കളെ കുടുക്കിയപ്പോൾ

ആർ പീയൂഷ്

കൊല്ലം: കഞ്ചാവ് വിൽപ്പന നടത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പണം തിരികെ നൽകാനായിട്ടാണ് മാല മോഷ്ടിച്ചതെന്ന് ഓച്ചിറയിൽ പിടിയിലായ മോഷ്ടാക്കൾ. അഴീക്കലിൽ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച ശേഷം മാല കവർന്ന കേസിൽ അറസ്റ്റിലായ വള്ളിക്കാവ് നിലികുളം തറമേൽ (മദീന മൻസിൽ)സക്കീർ ഷാ (22), വവ്വാക്കാവ് കുറങ്ങപ്പള്ളി വയലിൽ പുത്തൻവീട്ടിൽ റംഷാദ്(24),ചങ്ങൻകുളങ്ങര നന്ദനത്തിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത്ത് (19) എന്നിവരാണ് മാല മോഷണത്തിന് പിന്നിലുണ്ടായിരുന്ന കാരണം വ്യക്തമാക്കിയത്.

അയ്യായിരം രൂപയ്ക്ക് കഞ്ചാവെന്ന വ്യാജേന ബീഡിയിലയും മറ്റും ഉണക്കി കൊല്ലത്തുള്ള ഒരു സംഘത്തിന് വിൽപ്പന നടത്തി തട്ടിപ്പ് ഇവർ തട്ടിപ്പ് നടത്തിയിരുന്നു. 5,000 രൂപ സംഘത്തിൽ നിന്നും ഇവർ വാങ്ങിയിരുന്നു. എന്നാൽ കഞ്ചാവ് വാങ്ങിയവർ തട്ടിപ്പ് മനസ്സിലായി ഇവരെ തേടിയെത്തുകയും പണം തിരികെ വേണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവരിൽ നിന്നും വാങ്ങിയ പണം ചെലവാക്കിയതിനാൽ സാവകാശം ചോദിച്ചു. പണം കിട്ടിയില്ലെങ്കിൽ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്തയിലായി ഇവർ. അങ്ങനെ മൂന്നു പേരും കണ്ടെത്തിയ മാർഗമാണ് മോഷണം.

കഴിഞ്ഞ 20ന് സക്കീർഷായുടെ വീട്ടിൽ മണ്ണെടുക്കുന്ന ജോലിക്കായി ഇവർ എത്തി. അന്ന് രാത്രിയിൽ തങ്ങിയതും അവിടെയാണ്. വെളുപ്പിന് നോമ്പു തുടങ്ങിയതിന് ശേഷം വീട്ടുകാർ ഉറങ്ങുന്ന തക്കത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങലിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിക്കാനായിരുന്നു പദ്ധതി. അങ്ങനെ പുലർച്ചെ 5.30 ന് ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ വാഹനത്തിൽ നിന്നും മോഷണം നടത്താൻ കഴിയില്ല എന്ന് മനസ്സിലായി. പിന്നീട് ഇവർ ആലപ്പാട് പഞ്ചായത്തിൽ പ്രവേശിച്ചു. വീടിന് പുറത്ത് നിൽക്കുന്നവരുടെ സ്വർണ്ണാഭരണം മോഷ്ടിക്കാമെന്നായി പിന്നീട് തീരുമാനം. ഒരു വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഏഴു വയസ്സുകാരിയുടെ സ്വർണ്ണാഭരണം പിടിച്ചു പറിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഉറക്കെ കരഞ്ഞതോടെ അവിടെ നിന്നും കടന്നു കളഞ്ഞു. ഇതിനെല്ലാം ശേഷമാണ് അഴീക്കൽ തലസ്ഥാനം ജങ്ഷനിലുള്ള തൈപറമ്പിൽ രതീഷിന്റെ മകൻ വിഷ്ണു നാരായണന്റെ (11) മാല പൊട്ടിച്ചെടുത്തത്.

വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനോട് പറയകടവിന് പോകുന്ന വഴി ചോദിച്ചു. പിന്നീട് മുറ്റത്തിരുന്ന സൈക്കിളിന്റെ വിലയും ചോദിച്ചു. ഏഴായിരം രൂപയായി എന്ന് വിഷ്ണു മറുപടി പറഞ്ഞപ്പോൾ രണ്ടു പേർ വീട്ടിനുള്ളിലേക്ക് കയറി. അകത്തേക്ക് ഇവർ കയറുന്നതു കണ്ടതോടെ വിഷ്ണു വീടിന് വെളിയിലിറങ്ങാൻ പറഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ മാതാവ് സർക്കാർ നിർദ്ദേശ പ്രകാരം കൊറന്റൈനിൽ ആയിരുന്നതിനാൽ വീട്ടിൽ ഈ സമയം അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളിയിലേക്കിറങ്ങുന്നതിന് മുൻപ് ഇവരിൽ ഒരാൾ കുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. മാലയുടെ ഒരറ്റത്ത് കുട്ടി പിടിച്ചിരുന്നതിനാൽ പകുതി മാത്രമേ മോഷ്ടാക്കൾക്ക് തട്ടിയെടുക്കാൻ സാധിച്ചുള്ളൂ. കുട്ടി ഉറക്കെ നിലവിളിച്ചപ്പോഴേക്കും ഇവർ ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് പോയി. മാലയുടെ ബാക്കി ഭാഗത്തിനുള്ള പിടിവലിക്കിടെ വിഷ്ണുവിന്റെ മുഖത്ത് മോഷ്ടാക്കൾ അടിച്ചു. നാട്ടുകാർ ഓടിക്കൂടുകയും വിവരം ഓച്ചിറ പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഏതാണെന്ന് പൊലീസ് വിഷ്ണുവിന്റെ മൊഴിയിൽ നിന്നും മനസ്സിലാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ കെൽട്രോണിന്റെ സഹായത്തോടെ ഫോട്ടോ ക്ലാരിറ്റി വരുത്തി പ്രതികളെ തിരിച്ചറിഞ്ഞു. ഇതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പൾസർ എൻഎസ് 200 എന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. കൂടാതെ വാഹനത്തിന്റെ സൈലൻസർ അഴിച്ചു മാറ്റി മറ്റൊരു നിറത്തിലുള്ള സൈലൻസർ ഘടിപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ കുറ്റം സമ്മതിച്ചില്ല. ഈ സമയം ഇവർ വീട്ടിൽ തന്നെയുണ്ടായിരുന്നു എന്ന് സക്കീർഷായുടെ വീട്ടുകാരും മൊഴിനൽകി. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി.

കണ്ടെടുത്ത ബൈക്കിൽ ഘടിപ്പിച്ച സൈലൻസർ കേന്ദ്രീകരിച്ചായി അന്വേഷണം. അന്വേഷണത്തിൽ സൈലൻസർ ഘടിപ്പിച്ച സ്ഥാപനം കണ്ടെത്തുകയും അവരുടെ മൊഴി പ്രകാരം ഇവരാണ് പ്രതികളെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ വിശദ വിവരങ്ങൾ പൊലീസിന് മുൻപിൽ ഇവർ അക്കമിട്ട് പറഞ്ഞത്. മോഷണത്തിനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മോഷണം നടത്തി ഏഴര മണിയോടെ ഇവർ വീടിനുള്ളിൽ കയറുകയും ചെയ്തു. നോയമ്പായതിനാൽ വീട്ടുകാർ താമസിച്ചാണ് ഉണരുന്നത്. പിന്നീട് ഇവരെ വിളിച്ചുണർത്തിയത് സക്കീർഷായുടെ മാതാവായിരുന്നു. ഇതിനാലാണ് അന്നേ ദിവസം ഇവർ മറ്റെങ്ങും പോയില്ല എന്ന് വീട്ടുകാർ ഉറപ്പിച്ച് പറഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലിൽ തഴവാ മണപ്പള്ളിയിലുള്ള അശ്വതി ജ്യൂവലറി ഉടമയ്ക്കാണ് സ്വർണം വിറ്റത് എന്ന് പ്രതികൾ സമ്മതിച്ചു. ജൂവലറി ഉടമ വള്ളിക്കുന്നം സ്വദേശി ശിവൻകുട്ടി(60)യെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കൽ നിന്നും മോഷണ മുതലായ സ്വർണം ഉരുക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. കവർച്ചാ സംഘത്തിലെ മൂന്നു പേരും ലഹരിക്ക് അടിമകളാണ്. പ്രധാന പ്രതി സക്കീർ ഷാ പലക്കാട്,ഹരിപ്പാട്,കോട്ടയം,ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ലഹരി വസ്തുക്കളുടെ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ്. കായംകുളം ഐക്യ ജംക്ഷനിൽ നിന്നു ഒരു വർഷം മുൻപാണ് മാതൃ സഹോദരന്റെ വീടിന് സമീപം താമസം ആരംഭിച്ചത്. ഒരു ലക്ഷം രൂപയുടെ ആഡംബര ബൈക്ക് 40000 രൂപ ആദ്യ ഗഡുവായി നൽകി ബാക്കി തുക ലോൺ എടുത്താണ് മോഷണത്തിന് ഉപയോഗിച്ചത്.

പ്രതികളെ കണ്ടെത്താൻ സാധിച്ചത് ക്ലാപ്പന പഞ്ചായത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളാണ്. ഓച്ചിറ സിഐ ആർ.പ്രകാശിന്റെ അന്വേഷണ മികവ് ഒന്നു കൊണ്ടു മാത്രമാണ് പ്രതികളെ മോഷണം നടന്ന് നാലു ദിവസത്തിനകം പിടികൂടാൻ കഴിഞ്ഞത്. സിഐയ്ക്കൊപ്പം എസ്ഐ കെ.ജി.ശ്യാംകുമാർ, ഷാഡോ എസ്ഐ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ രഞ്ജിത്ത്,രതീഷ്, രിപു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ അഭിനന്ദിച്ചു. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP