Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിമന്യുവിനെ ക്യാമ്പസിലിട്ട് ക്രൂരമായി കൊന്ന പ്രതികളെ പിടികൂടാൻ ആവാതെ പൊലീസ്; ഗുരുതര വീഴ്ചയെന്ന് സൈമൺ ബ്രിട്ടോയും പ്രതികളെ കിട്ടാൻ മഷിനോട്ടം നടത്താവുന്നതാണെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കറും; വിമർശനം ശക്തമാകുന്നതിനിടെ നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ റെയ്ഡ്; രണ്ടു ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 150 പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ; പോപ്പുലർഫ്രണ്ടിനെ ശരിക്കും പൂട്ടാൻ ഉറച്ച് ശക്തമായ നടപടിക്ക് സർക്കാർ

അഭിമന്യുവിനെ ക്യാമ്പസിലിട്ട് ക്രൂരമായി കൊന്ന പ്രതികളെ പിടികൂടാൻ ആവാതെ പൊലീസ്; ഗുരുതര വീഴ്ചയെന്ന് സൈമൺ ബ്രിട്ടോയും പ്രതികളെ കിട്ടാൻ മഷിനോട്ടം നടത്താവുന്നതാണെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കറും; വിമർശനം ശക്തമാകുന്നതിനിടെ നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ റെയ്ഡ്; രണ്ടു ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 150 പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ; പോപ്പുലർഫ്രണ്ടിനെ ശരിക്കും പൂട്ടാൻ ഉറച്ച് ശക്തമായ നടപടിക്ക് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളേജിലെ യുവ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ അതിക്രൂരമായി ക്യാമ്പസിലിട്ട് കൊലപ്പെടുത്തി രണ്ടാഴ്ച തികയുമ്പോഴും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഇതോടെ ശക്തമായ വിമർശനം സിപിഎമ്മിന് അകത്തുനിന്നുതന്നെ പൊലീസിന് എതിരെ ഉയരുകയാണ്. പ്രതികൾ ഉടൻ പിടിയിലാവുമെന്ന് ഓരോ ദിവസവും ആവർത്തിക്കുമ്പോഴും കാര്യമായ സൂചനകൾ ഇല്ലാതെ മുന്നോട്ടുനീങ്ങുകയാണ് അന്വേഷണ സംഘമെന്ന വിവരമാണ് ലഭിക്കുന്നത്.

എന്നാൽ എസ്ഡിപിഐ-പോപ്പുലർഫ്രണ്ട് സംഘടനകളെ ഇനി സംസ്ഥാനത്ത് അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന സൂചനകൾ നൽകി പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. അതേസമയം, ഗുരുതര വീഴ്ചയെന്ന് ആക്ഷേപിച്ച് ഇടതു സഹയാത്രികൻ സൈമൺ ബ്രിട്ടോയും നെഞ്ചിൽ കഠാര ഇറക്കിയ പഹയരെ കിട്ടാത്തത് എന്തെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കറും രംഗത്തെത്തിയതും ചർച്ചയായി.

എന്നാൽ, പോപ്പുലർ ഫ്രണ്ടിന് ശരിക്കും പൂട്ടിടാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ശക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ ഇന്ന് പൊലീസ് റെയ്ഡ് നടത്തി. വാഴക്കാട് പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചുമാണ് റെയ്ഡ് നടത്തുന്നത്. ഇതിനകം തന്നെ നേതാക്കൾ ഉൾപ്പെടെ എസ്ഡിപിഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകരായ 150ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ മുമ്പ് ആക്രമണ കേസുകളിൽ പ്രതികളായവരും സംശയത്തിലുള്ളവരുമായവരെ എല്ലാം 153 (എ) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. മതസ്പർധ വളർത്തുന്നതിനും കലാപത്തിനും ശ്രമിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നടപടി. വരും ദിവസങ്ങളിൽ ഇത്തരം നടപടികൾ കൂടുതൽ ശക്തമാകും.

ഇത്തരത്തിൽ നടപടി ശക്തമാക്കിയതോടെ മിക്ക നേതാക്കളും ഒളിവിൽ പോയതായും വിവരമുണ്ട്. ഈരാറ്റുപേട്ട, കോട്ടയം, ആലപ്പുഴ, കൊച്ചി, കണ്ണൂർ എന്നീ കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. അഭിമന്യു വധക്കേസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും കൂടുതൽ ആക്രമണങ്ങൾ പോപ്പുലർഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്നും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ശക്തമാക്കുന്നത്. സംഘടനകളിൽ ക്രിമിനൽ കേസുകളിൽ നേരത്തെ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കൂടുതൽ പേർ കസ്റ്റഡിയിലാകുന്നതോടെ ഒളിവിൽ പോയ പ്രതികളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇവരുടെ ഫോൺ സംഭാഷണങ്ങളെല്ലാം നിരീക്ഷിച്ചുവരികയാണ്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നും പൊലീസ് കരുതുന്നു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് 20 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് അറിയിച്ച ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ ഇതുവരെ 11 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം വെണ്ണല സ്വദേശി അനൂപ്, തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാർ എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറും വ്യക്തമാക്കി. സംഭവവുമായി നേരിട്ട് ബന്ധമുള്ള മൂന്നുപേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റുചെയ്തത്. അതുതന്നെ കോളേജ് വിദ്യാർത്ഥികൾ തന്നെ പിടികൂടിയതാണ്. ഇതിന് ശേഷം പ്രതികളെ പിടികൂടുന്നതിൽ കാര്യമായ പുരോഗതി ഇല്ലാത്തതാണ് വിമർശനത്തിന് കാരണമാകുന്നത്. 

വിമർശനവുമായി സൈമൺ ബ്രിട്ടോയും അഡ്വ. ജയശങ്കറും

പൊലീസിനെ രൂക്ഷമായി വിമർശിച്ച് അഭിമന്യുവിനെ ഒരു മകനായിത്തന്നെ സ്‌നേഹിച്ചുവന്ന ഇടതു സഹയാത്രികൻ സൈമൺ ബ്രിട്ടോയും കൊലയാളികളെ ഇതുവരെ പിടികൂടാൻ കഴിയാത്തതിൽ പരിഹസിച്ച് അഡ്വ. ജയശങ്കറും എത്തിയതും ചർച്ചയാവുകയാണ്. പൊലീസിന് വേണമെങ്കിൽ മഷിനോ്ട്ടം നടത്താവുന്നതാണ് എന്നായിരുന്നു ജയശങ്കറിന്റെ ഫേസ്‌ബുക്കിലൂടെ ഉള്ള കളിയാക്കൽ.

സൈമൺബ്രിട്ടോയുടെ പ്രതികരണം ഇപ്രകാരം

എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് സൈമൺ ബ്രിട്ടോ ഉന്നയിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവർത്തകരെ ഭയമായതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. സർക്കാരിന് ചീത്തപ്പേരുണ്ടാക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലപാതകികളെ പിടൂകൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികൾ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കൊലപാതകം നടന്ന രാത്രിതന്നെ പ്രധാന പ്രതികളെ പിടികൂടാൻ സാധിക്കുമായിരുന്നുവെന്ന് സൈമൺ ബ്രിട്ടോ പറഞ്ഞു.

ആധുനിക സംവിധാനങ്ങൾ നിലവിലുള്ള കൊച്ചി പൊലീസിന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പിഴവ് സംഭവിച്ചു. പ്രതികളെ സഹായിച്ചവരും അവരെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളെ ഇപ്പോഴും പിടിക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ:

അന്വേഷിച്ചു, കണ്ടെത്തിയില്ല

സഖാവ് അഭിമന്യുവിന്റെ ഘാതകരെ ഊർജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കിൽ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ തയ്യാർ. മറ്റു പ്രതികൾ എവിടെ ഉണ്ടെന്നറിയാൻ മഷിനോട്ടം നടത്താവുന്നതാണ്.

ഏതായാലും UAPA ചുമത്താനും അന്വേഷണം NIAയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല.

വിപ്ലവം ജയിക്കട്ടെ! വർഗീയത തുലയട്ടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP