Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീഴ്ച പറ്റൽ പതിവായതോടെ പഴയ കേസുകൾ ഓരോന്നായി പൊങ്ങി വരുന്നു; ആത്മഹത്യകളും പൊലീസ് മർദനം മൂലമുള്ള മരണമാക്കി പുതിയ പരാതികൾ; റാന്നി സ്വദേശി രാജേഷിനെ ഒമ്പതു വർഷം മുൻപ് പൊലീസ് മർദിച്ചു കൊന്നുവെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ നിർദ്ദേശം; രാസപരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വിഷം ഉള്ളിൽ ചെന്നുവെന്നില്ല: അന്തിമ റിപ്പോർട്ടിൽ മരണ കാരണം വിഷം കഴിച്ചതെന്ന് പരാമർശം

വീഴ്ച പറ്റൽ പതിവായതോടെ പഴയ കേസുകൾ ഓരോന്നായി പൊങ്ങി വരുന്നു; ആത്മഹത്യകളും പൊലീസ് മർദനം മൂലമുള്ള മരണമാക്കി പുതിയ പരാതികൾ; റാന്നി സ്വദേശി രാജേഷിനെ ഒമ്പതു വർഷം മുൻപ് പൊലീസ് മർദിച്ചു കൊന്നുവെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ നിർദ്ദേശം; രാസപരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വിഷം ഉള്ളിൽ ചെന്നുവെന്നില്ല: അന്തിമ റിപ്പോർട്ടിൽ മരണ കാരണം വിഷം കഴിച്ചതെന്ന് പരാമർശം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളാ പൊലീസിന് വീഴ്ച പറ്റൽ പതിവായതോടെ, ആത്മഹത്യയാക്കി എഴുതി തള്ളിയ പഴയ പല കേസുകളും പൊലീസ് മർദനം മൂലമുള്ള മരണമായി ചിത്രീകരിച്ച് പുതിയ പരാതികൾ ഉയരുന്നു. പ്രഥമദൃഷ്ട്യാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന അത്തരം പരാതികളിന്മേൽ പുനരന്വേഷണം നടത്താൻ പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി അടക്കം ഉത്തരവിട്ടതോടെ പൊങ്ങി വരുന്നത് ഞെട്ടിക്കുന്ന അട്ടിമറികളുടെ കഥകളാകും. അത്തരമൊരു കദനകഥയുമായാണ് റാന്നി തോട്ടമൺ മുറിയിൽ വേലൻ പറമ്പിൽ നാരായണൻ കുട്ടി- സരസ്വതി ദമ്പതികളും മകൻ അജീഷും മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.

ദളിത് വിഭാഗത്തിൽപ്പെട്ട ഇവരുടെ മകൻ രാജേഷിനെ(30) ഒമ്പതു വർഷം മുൻപ് റാന്നി സ്റ്റേഷനിലെ പൊലീസുകാർ മർദിച്ചു കൊന്ന ശേഷം വിഷം കഴിച്ചുള്ള മരണമാക്കി ചിത്രീകരിക്കുകയായിരുന്നുവെന്ന് നാരായണൻ കുട്ടി പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും കെമിക്കൽ ലാബിലെ രാസപരിശോധനാ ഫലവും പരിശോധിക്കുമ്പോൾ സംഗതി സത്യമെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം കണ്ടെത്താൻ രാസപരിശോധനാ ഫലം വരണം എന്നാണ് പറയുന്നത്. ഏഴു വർഷത്തിന് ശേഷം വന്ന രാസപരിശോധനാ ഫലത്തിന്റെ റിപ്പോർട്ടിലും യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ചുവെന്ന് പറയുന്നില്ല.

അതിന് ശേഷം പൊലീസ് സർജൻ തയാറാക്കിയ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടത്തിലും രാസപരിശോധനാ ഫലത്തിലും വിഷത്തിന്റെ അംശമുള്ളതായി പറയാതിരുന്നിട്ടും യുവാവ് വിഷം കഴിച്ചു മരിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടിൽ യുവാവിന്റെ പോസ്റ്റുമോർട്ടം ആദ്യം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ. തങ്കമ്മ പി. ജോർജിന്റെ പേര് വച്ച് മറ്റാരോ ഒപ്പിട്ടിരിക്കുകയാണ്. തങ്കമ്മ പി. ജോർജിന്റെ ആദ്യ റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നത് മരണകാരണമായി പറയുന്നുമില്ല.  ഈ റിപ്പോർട്ടുകളിലെ വൈരുധ്യം കൂടിയായതോടെ മാതാപിതാക്കൾക്ക് ഉറപ്പായി തങ്ങളുടെ മകനെ കൊന്നത് തന്നെ.

കസ്റ്റഡിയിൽ എടുത്തത് കാമുകിയുടെ പരാതിയിൽ

2009 സെപ്റ്റംബർ 15നാണ് രാജേഷ് മരിച്ചത്. ഭർത്താവുമായി ബന്ധം പിരിഞ്ഞ് നിൽക്കുന്ന, നാലു വയസുള്ള കുട്ടിയുടെ മാതാവായ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിനിയുമായി സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന രാജേഷ് അടുപ്പത്തിലായിരുന്നു. അങ്ങനെയിരിക്കേ യുവതി രാജേഷിൽ നിന്ന് അകന്നു. ഇതിന്റെ പേരിൽ രാജേഷ് യുവതിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഇവർ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സെപ്റ്റംബർ 14 ന് രാവിലെ 11 മണിയോടെ കുരുവിള എന്ന പൊലീസുകാരൻ രാജേഷിനെയും ഒരു പെണ്ണിനെയും സ്റ്റേഷനിൽ പിടിച്ചു വച്ചിരിക്കുന്നുവെന്ന് വീട്ടിലെത്തി പിതാവ് നാരായണനെ അറിയിച്ചു.

ഇതിൻ പ്രകാരം മറ്റൊരാളെയും കൂട്ടി നാരായണൻ റാന്നി സ്റ്റേഷനിൽ എത്തിയപ്പോൾ യുവതിയും പിതാവും രാജേഷും അവിടെ ഉണ്ടായിരുന്നു. തുടർന്ന് സിഐയായിരുന്ന വിദ്യാധരൻ, പൊലീസുകാരൻ കുരുവിള എന്നിവർ തന്നെയും മകനെയും അസഭ്യം പറഞ്ഞുവെന്ന് പറയുന്നു. 30 ദിവസം തുടർച്ചയായി സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പറഞ്ഞ് രണ്ടു മണിയോടെ പിതാവിനെയും മകനെയും പോകാൻ അനുവദിച്ചു. നാരായണൻ വീട്ടിലേക്കും രാജേഷ് സുഹൃത്തുക്കളുടെ സമീപത്തേക്കും പോയി.

രാത്രിയിൽ വീട്ടിലെത്തിയ രാജേഷ് ഉറങ്ങാൻ കിടക്കവേ വേദന കൊണ്ട് പുളയുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലും അവിടെ നിന്ന് കോട്ടയത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 15 ന് വൈകിട്ട് മൂന്നരയോടെ മരിച്ചു. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് അന്ന് കരുതിയത്. പിന്നീട് ഒരു പൊലീസുകാരൻ ഫോണിൽ വിളിച്ച് തനിക്ക് എതിരേ കേസ് നൽകരുതെന്നും താൻ രാജേഷിനെ മർദിച്ചിട്ടില്ലെന്നും പറഞ്ഞതോടെയാണ് സംശയമുണ്ടായത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് ലാബ് റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. പൊലീസ് മർദനമാണ് മരണ കാരണമെന്ന് ഇതോടെ മനസിലായി.

ഇതിനിടെ വിഷം ഉള്ളിൽ ചെന്നാണ് രാജേഷ് മരിച്ചതെന്ന വ്യാജ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് തയാറാക്കിയെന്നും മാതാപിതാക്കൾ പറഞ്ഞു. അന്ന് റാന്നി സ്റ്റേഷനിൽ ഉണ്ടായിരുന്ന കുരുവിള, ജെജെ വർഗീസ് എന്നീ പൊലീസുകാർ, എസ്ഐ ആയിരുന്ന പ്രദീപ് കുമാർ, സിഐ ആയിരുന്ന വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിനെ മർദിച്ചതെന്നും ഇവർ പറയുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചതെന്നും കേസ് അട്ടിമറിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വരെ പൊലീസ് തിരിമറി നടത്തിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. അന്വേഷണം നടത്തണമെന്ന് രണ്ടുതവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും മാനിക്കാൻ പൊലീസ് കൂട്ടാക്കിയില്ല. പൊലീസ് പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായെങ്കിലും അതിലും തുടർ നടപടിയില്ലെന്ന് നാരായണൻ കുട്ടിയും രാജേഷിന്റെ സഹോദരൻ അജീഷും പറഞ്ഞു.

പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം കേസ് വീണ്ടും അന്വേഷിക്കാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയതായി എസ്‌പി ടി നാരായണൻ വ്യക്തമാക്കി. 2009-ലെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്നത്തെ റാന്നി എസ്ഐ ദിലീപ് ഖാൻ, സിഐയായിരുന്ന ചന്ദ്രശേഖരൻ പിള്ള എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും എസ്‌പി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്ക് നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP