Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12ന് കസ്റ്റഡിയിൽ എടുത്ത സ്വകാര്യ ഫിനാൻസ് ഇടപാടുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 15ന്; എന്നിട്ടും കോടതിയിൽ എത്തിച്ചത് പിറ്റേന്ന് രാത്രിയിൽ; നാല് ദിവസം ക്രൂരമായി മർദ്ദിച്ചത് പ്രാകൃതരീതികൾ അനുസരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; തുടകളിലും പേശികളിലും ചതഞ്ഞതിന്റെയും കണങ്കാലിൽ ഉരുൽ തടികൊണ്ട് അമർത്തിയതിന്റെയും ക്രൂരമായ പാടുകൾ; സിപിഎം നേതാവിന്റെ നിത്യസാന്നിധ്യം ദുരൂഹത കൂട്ടുന്നു; നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയിൽ ഉത്തരമില്ലാതെ സർക്കാർ പ്രതിരോധത്തിലേക്ക്

12ന് കസ്റ്റഡിയിൽ എടുത്ത സ്വകാര്യ ഫിനാൻസ് ഇടപാടുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 15ന്; എന്നിട്ടും കോടതിയിൽ എത്തിച്ചത് പിറ്റേന്ന് രാത്രിയിൽ; നാല് ദിവസം ക്രൂരമായി മർദ്ദിച്ചത് പ്രാകൃതരീതികൾ അനുസരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; തുടകളിലും പേശികളിലും ചതഞ്ഞതിന്റെയും കണങ്കാലിൽ ഉരുൽ തടികൊണ്ട് അമർത്തിയതിന്റെയും ക്രൂരമായ പാടുകൾ; സിപിഎം നേതാവിന്റെ നിത്യസാന്നിധ്യം ദുരൂഹത കൂട്ടുന്നു; നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയിൽ ഉത്തരമില്ലാതെ സർക്കാർ പ്രതിരോധത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഇതേദിവസം തന്നെ കസ്റ്റഡി മരണത്തിന്റെ പേരിൽ നിയമസഭയിൽ എനിക്കു മറുപടി പറയേണ്ടിവരുന്നത് വിധി വൈപരീത്യമെന്നേ പറയാനുള്ളൂ' - അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 44ാം വാർഷികമായ ഇന്നലെ നിയമസഭയിൽ നെടുങ്കണ്ടത്തെ കസ്റ്റഡി മരണ വാർത്ത സഭയെ ഇളക്കി മറിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് ജയിൽശിക്ഷ അനുഭവിച്ചയാൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ കേരളാ പൊലീസ് ഒരു യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന ക്രൂരതയുടെ വാർത്തകളാണ് പുറത്തുവന്നത്.

ഇടുക്കി ജില്ലയിലെ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി കുമാർ (49) മരണമടഞ്ഞത് ഉരുട്ടലിനു സമാനമായ മർദനത്തെത്തുടർന്നാണ് എന്ന ആരോപണം സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകം മലയാള മാധ്യമങ്ങളെല്ലാം ആഘോഷമാക്കുമ്പോൾ തന്നെയാണണ് കാക്കിയിട്ടവരുടെ കൊടും ക്രൂരതയുടെ വിവരങ്ങളും പുറത്തുവന്നത്. ഇക്കാര്യത്തിൽ പൊലീസിനെ ന്യായീകരിക്കാൻ നിൽക്കാതെ ഉരുട്ടിക്കൊലയാണെന്ന് തന്നെയാണ് മുഖ്യമന്ത്രിയും വൈളിപ്പെടുത്തിയത്. അത് അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കി. പ്രത്യേക സംഘം അന്വേഷിക്കുമെന്നും മർദനത്തിന്റെ പാടുണ്ടായത് എങ്ങനെയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, സംഭവത്തിൽ എഎസ്‌ഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ, ശിക്ഷാനടപടിയായി ഇതുവരെ 8 പേർക്കു സസ്‌പെൻഷനും നെടുങ്കണ്ടം സിഐ ഉൾപ്പെടെ 4 പേർക്കു സ്ഥലംമാറ്റവും ആയി. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് എഡിജിപിക്കു നിർദ്ദേശം നൽകി. സംഘത്തിൽ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടാകും. പൊലീസിലെ മറ്റു വിഭാഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ ഉൾപ്പെടുത്താം. സംഘത്തിന്റെ ദൈനംദിന പ്രവർത്തനം എറണാകുളം ക്രൈംബ്രാഞ്ച് ഐജി അവലോകനം ചെയ്യും.

ജൂൺ 12നു കട്ടപ്പന പുളിയന്മലയിൽ വച്ചാണ് കുമാറിനെ പൊലീസ് പിടിച്ചതെന്നും ഇതിനു ദൃക്‌സാക്ഷികളുണ്ടെന്നും പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കാതെ 105 മണിക്കൂർ കസ്റ്റഡിയിൽ വച്ചു. കുമാർ ഉൾപ്പെട്ട സംഘത്തിന്റെ വാഹനത്തിൽ ഒട്ടേറെ തവണ സഞ്ചരിച്ചതു പട്ടംകോളനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ ഗോപകുമാറാണ്. പീരുമേട് സ്വദേശിക്ക് പട്ടം കോളനി ബാങ്കിൽ അംഗത്വം എങ്ങനെ ലഭിച്ചുവെന്നും തട്ടിപ്പിനു പിന്നിലുള്ള വമ്പന്മാർ ആരെന്നതിനെക്കുറിച്ചും അന്വേഷിക്കണം തോമസ് ആവശ്യപ്പെട്ടു.

അറസ്റ്റ് 16ന് എന്നാണു പൊലീസ് റിപ്പോർട്ടിൽ. എന്നാൽ, ഇവിടെ ചൂണ്ടിക്കാട്ടിയത് 12നു കസ്റ്റഡിയിലെടുത്തുവെന്നാണ്. ഗൗരവമായ ആരോപണത്തെക്കുറിച്ചു വസ്തുനിഷ്ഠമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി മറുപടി നൽകി. കോടതിയിൽ ഹാജരാക്കുന്നതിന്റെ നടപടിക്രമം പാലിച്ചിട്ടില്ലെങ്കിൽ നടപടിയുണ്ടാകും. തെറ്റായ ഒരു നടപടിയും അംഗീകരിക്കുന്ന പ്രശ്‌നമില്ല മുഖ്യമന്ത്രി പറഞ്ഞു. സ്വയം സഹായ സംഘങ്ങളിൽ നിന്നും വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തിൽ തൂക്കുപാലത്തെ ഹരിത ഫിനാൻസ് പണം ഈടാക്കിയതായി പരാതി വന്നതോടെയാണ് ഉടമ കുമാർ, മാനേജിങ് ഡയറക്ടർ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ്, മാനേജർ വെണ്ണിപ്പറമ്പിൽ മഞ്ജു എന്നിവരെ ജൂൺ 12 ന് കസ്റ്റഡിയിലെടുത്തത്.

പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയത് 15 ന് രാത്രിയാണ്. 4 ദിവസം കസ്റ്റഡിയിലിരുന്ന പ്രതിയെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. പീരുമേട് താലൂക്ക് ആശുപത്രിയിൽ 21 നായിരുന്നു കുമാറിന്റെ മരണം. കുമാറിനെ മർദിച്ചിട്ടില്ലെന്നും ന്യുമോണിയയാണ് മരണ കാരണമെന്നുമാണു പൊലീസ് നൽകുന്ന വിശദീകരണം. കുമാർ ഒരു കോടി രൂപ കടമായി നൽകിയെന്നും 60 ലക്ഷം രൂപ പലിശയ്ക്കു വിതരണം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ പണം കണ്ടെത്താൻ കുമാറിനെയും കൂട്ടി പൊലീസ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി 72500 രൂപ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 21-നു രാജ്കുമാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡിയിലായ രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിൽ നാലു പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, രാജ്കുമാർ ഈ വിവരം ഡോക്ടറോടു പറയുകയും ചെയ്തു. അരയ്ക്കുതാഴെ ക്രൂരമർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു. 22-നു നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അരയ്ക്കു താഴെയും തുടയിലും പരുക്കുകൾ കണ്ടെത്തി. തുടയിൽ ഉരുട്ടിയതിന്റെയും കാൽവെള്ളയിൽ അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നതായും മാംസം പൊട്ടിയിരുന്നതായും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടിരുന്നു. ഇടുക്കി ജില്ലയിലെ തിരക്കുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് നെടുങ്കണ്ടത്തേത്. 52 പൊലീസ് ഉദ്യോഗസ്ഥരുണ്ട്. 9 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മുല്ലപ്പെരിയാർ സിഐ: സി. ജയകുമാറിനാണു നെടുങ്കണ്ടം സിഐയുടെ താൽക്കാലിക ചുമതല. കട്ടപ്പന എസ്‌ഐ: എസ്. കിരണിനെയും നെടുങ്കണ്ടത്തേക്കു മാറ്റി. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈഎസ്‌പി: എൻ. സി. രാജ്‌മോഹൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി: പയസ് ജോർജ് എന്നിവർ സ്റ്റേഷനിലെത്തി ജിഡി രജിസ്റ്റർ ഉൾപ്പെടെ പരിശോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP