Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ; കസ്റ്റഡി മർദ്ദനത്തിന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത് എസ്‌ഐ സാബുവിനെയും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയെയും; കസ്റ്റഡിയിൽ എടുത്തതോടെ കുഴഞ്ഞു വീണ എസ്‌ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി; നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇരുവരും ചേർന്നാണെന്ന ദൃക്‌സാക്ഷി മൊഴികൾ നിർണായകമായി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ; കസ്റ്റഡി മർദ്ദനത്തിന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത് എസ്‌ഐ സാബുവിനെയും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണിയെയും; കസ്റ്റഡിയിൽ എടുത്തതോടെ കുഴഞ്ഞു വീണ എസ്‌ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി; നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇരുവരും ചേർന്നാണെന്ന ദൃക്‌സാക്ഷി മൊഴികൾ നിർണായകമായി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയിൽ എടുത്തപ്പോൾ കുഴഞ്ഞു വീണ എ്‌സഐയെ കോട്ടയം മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയി.

സർക്കിൾ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയിൽ ഹാജരാക്കായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിൽ വച്ച് രാജ്കുമാർ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഈ തെളിവുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്നാണ് രാജ്കുമാർ മരിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനെ തുടർന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്.

അതേസമയം കസ്റ്റഡിമരണത്തിൽ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്റെ കുടുംബം. നിലവിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം രാജ്കുമാർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് സൂചന. നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലസുകാർക്കെതിരെ നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തേക്കും. സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട നെടുങ്കണ്ടം എസ്‌ഐയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇന്ന് എസ്‌ഐയെ വിൡച്ചു വരുത്തിയ ശേഷം അറശ്റ്റു ചെയ്തത്.

ജൂൺ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാൻ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളിൽ തിരുത്തൽ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

രാജ്കുമാർ അതിക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയനായെന്ന വിവരം പോസ്റ്റുമോർ്ട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. നാലു ദിവസവും തുടർച്ചയായി ഇവർ രാജ്കുമാറിനെ മർദ്ദിച്ചെന്നും അപ്പോഴെല്ലാം ഇവർ മദ്യലഹരിയിലായിരുന്നുവെന്നുമാണ് വിവരം. മാത്രമല്ല യുവാവിനെ ഇവർ ഉറങ്ങാൻ സമ്മതിക്കാതിരിക്കുകയും രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് ഉടച്ച് തേക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ണിൽ ചോരയില്ലാതെ ഉദ്യോഗസ്ഥർ നടത്തിയ മൂന്നാം മുറയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

നാല് ദിവസവും രാജ്കുമാറിനെ ഉറങ്ങാൻ അനുവദിച്ചില്ല. മദ്യപിച്ചതിനു ശേഷം രാത്രിയും പുലർച്ചെയുമായിട്ടാണ് പൊലീസുകാർ രാജ്കുമാറിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷന് പുറത്തുള്ള തോട്ടത്തിൽ നിന്ന് കാന്താരി മുളക് കൊണ്ടുവന്ന് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിൽ തേച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുള്ളത്. സ്റ്റേഷനുള്ളിൽ നിന്ന് രാജ്കുമാറിന്റെ അലർച്ച കേട്ടിരുന്നെന്ന് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഹക്കീം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിനും വിധേയനാക്കിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തുടയിലും കാൽവെള്ളയിലും മുറിവും ചതവുമുണ്ട്.

മൂർച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മർദിച്ചതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തുടയിൽ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. ശരീരത്തിൽ മൊത്തം 22 ചതവുകൾ ഉണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശരീരമാസകലം മുറിവും ചതവുമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കസ്റ്റഡിയിൽ അതിക്രൂരമായി രാജ്കുമാറിന് മർദ്ദനമേറ്റിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

നെഞ്ചിൽ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ പറയുന്നു. രാജ്കുമാറിന്റെ മൂത്രസഞ്ചി കാലിയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മൂത്രസഞ്ചി വരണ്ടിരുന്നതിനാൽ നിർജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. ദാഹിച്ചു വരണ്ട് നിലവിളിച്ചപ്പോൾ പൊലീസ് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലെന്ന് നേരത്തേ രാജ്കുമാറിന്റെ സഹ തടവുകാരൻ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP