Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുബേര' പരാതി ഒടുവിൽ ഫലം കണ്ടു: ഇസ്മായിലിന്റെ മരണത്തിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു; മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ജൂവലറിക്കാരുടെ 'ഗുണ്ടാസംഘ'ത്തിലെ അഞ്ച് പേർക്കെതിരെയും കേസ്

'കുബേര' പരാതി ഒടുവിൽ ഫലം കണ്ടു: ഇസ്മായിലിന്റെ മരണത്തിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു; മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ജൂവലറിക്കാരുടെ 'ഗുണ്ടാസംഘ'ത്തിലെ അഞ്ച് പേർക്കെതിരെയും കേസ്

എം പി റാഫി

തിരൂർ: വട്ടത്താണി കെ.പുരം പാട്ടശ്ശേരി വീട്ടിൽ ഇസ്മായീലിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രമുഖ ജൂവലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. ചെമ്മണ്ണൂർ ജൂവലറി മാനേജ്‌മെന്റിനെതിരായാണ് തിരൂർ പൊലീസ് കേസെടുത്തിരികുന്നത്. മാനേജ്‌മെന്റ് തലവനെന്ന നിലയിൽ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാകും. ചെമ്മണ്ണൂർ ജൂവലറിക്കാരുടെ ഭീഷണിയാണെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ജൂവലറി മാനേജ്‌മെന്റിനെതിരെ കേസെടുത്തത്. ജുവലറി മാനേജർ ജമേഷ് എന്നിവരുൾപ്പടെ ആറു പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരിച്ച ഇസ്മയിലിന്റെ മകളുടെ ഭർതൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസിൽ പ്രതിചേർക്കും.

സംഭവത്തിൽ ജുവലറി അധികൃതർക്കെതിരേ ആത്മഹത്യാ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മനുഷ്യാവകാശ സംരക്ഷണ സമിതി, തിരൂർ സബ് ഇൻസ്‌പെക്ടർ വിശ്വനാഥൻ കാരയിൽ തുടങ്ങിയവർക്കാണ് മരിച്ച ഇസ്മയിലിന്റെ കുടുംബം പരാതി നൽകിയത്.

ഇസ്മായിൽ ജൂവലറിയിൽ എത്തി ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ചെമ്മണ്ണൂരുകാർ തലേദിവസം മകളുടെ ഭർതൃവീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് ഇസ്മായീലിനും കുടുംബത്തിനും മാനസിക പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാര്യും മക്കളും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവത്തിൽ ആത്മഹത്യാ പ്രേരണ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ബന്ധുക്കൾ പരാതി നൽകിയത്.

ഈ സംഭവം മകളുടെ വീട്ടുകാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മനംനൊന്താണ് തന്റെ ഭർത്താവ് ജീവനൊടുക്കിയതെന്ന് ഇസ്മയലിന്റെ ഭാര്യ പറയുന്നു. ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തലേദിവസം ജൂൺ 12 ന് വൈകുന്നേരം നാലിന് മകൾ സുമയ്യയുടെ ഭർത്താവ് പാട്ടശ്ശേരി അബ്ദുറഹിമാന്റെ ചെമ്മാട് കൊടിഞ്ഞിയിലുള്ള വീട്ടിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ യൂണിഫോം ധരിച്ച ആറുപേർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ഭർത്താവ് ഇസ്മായിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ഇടയായതെന്ന് ഭാര്യ ഷഹീദ പരാതിയിൽ പറയുന്നു. മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇസ്മായീൽ മരണപ്പെട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ജൂവലറി അധികൃതരിൽനിന്നും യാതൊരു വിധ സഹായമോ പൊലീസിന്റെ ഭാഗത്ത് നിന്നും നിയമ നടപടികളോ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ബന്ധുക്കൾ പരാതി നൽകിയതോടെ ബോബിക്കെതിരെ കേസെടുക്കുകയായിരുന്ന.ു തീകൊളുത്തിയ ദിവസം ജൂവലറി മാനേജർ നൽകിയ പരാതിയിൽ ജൂവലറിക്ക് നാശനഷ്ടം ഉണ്ടാക്കിയെന്നു കാണിച്ച് ഇസ്മായീലിനെതിരേ പൊലീസ് മിനുട്ടുകൾക്കകം കേസെടുത്തിരുന്നു.

എന്നാൽ പ്രേരണക്കുറ്റത്തിന് വ്യക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ മടിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഇടപെടുമെന്ന ഘട്ടത്തിലണ് പൊലീസ് കേസെടുത്തത്. വിവാഹ ചടങ്ങുകൾക്കും മറ്റുമായി ബോബി ചെമ്മണ്ണൂർ ജൂവലറിയിലേക്ക് ആളെ പിടിക്കാൻ വൻ മാഫിയകൾ തന്നെ പ്രവർത്തിച്ചിരുന്നു. ബന്ധങ്ങൾ ചൂഷണം ചെയ്ത് ആൺപെൺ വ്യത്യാസമില്ലാതെയാണ് ചെമ്മണൂരിന്റെ കമ്മീഷൻ ഏജന്റുമാർ ഇതിനായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

മുന്നൂറിലധികം സ്ത്രീകൾ ഒരു ബ്രാഞ്ചിൽ മാത്രം കമ്മീഷൻ ഏജന്റുമാരായി ജോലി ചെയ്യുന്നുണ്ട്. മലബാർ ഭാഗങ്ങൾ കേന്ദ്രീകരിച്ചു ചെമ്മണ്ണൂർ ജൂവലറി പോലുള്ള പ്രമുഖ ജൂവലറിക്കാർ സ്വർണം യഥേഷ്ടം വിറ്റഴിക്കുന്നത് ഇത്തരം ഏജന്റുമാരിലൂടെയാണ്. വിവാഹം നടക്കാൻ സാധ്യതയുള്ള വീടുകളിലെ പരിചയക്കാരുമായി ഇവർ ആദ്യമേ കച്ചവടം ഉറപ്പിക്കും. പരാധീനതകളുള്ള വീടുകളാണെങ്കിൽ പണം ഒരു വിഷയമാക്കേണ്ടെന്നും അഡ്വാൻസ് കൊടുത്ത ശേഷം കിട്ടുന്നതിനനുസരിച്ച് അടച്ചാൽ മതിയെന്നുമുള്ള ഉപാധികൾ വീട്ടുകാർക്കു മുമ്പിൽ വയ്ക്കും.

ഇതിൽ വീട്ടുകാർ ഏജന്റിനെ വിശ്വസിച്ച് അഡ്വാൻസ് തുകയായി ലക്ഷങ്ങൾ നൽകാൻ തയ്യാറാകുന്നതോടെ ബ്ലേഡിനേക്കാൾ വലിയ കുരുക്കിൽ അകപ്പെടും. വിവാഹത്തിനായി സ്വർണം കിട്ടാനുള്ള വ്യഗ്രതയിൽ ആളുകൾ അകപ്പെടുന്ന തട്ടിപ്പിന്റെ വ്യാപ്തി പലപ്പോഴും മനസിലാകാറില്ല. സ്വർണത്തിന്റ നിലവാരപരിശോധനയോ മറ്റ് അന്വേഷണങ്ങളോ നടത്താറില്ല. ബ്ലാങ്ക് ചെക്കും മുദ്ര പത്രവും ഒപ്പിട്ട് നേരത്തെ കസ്റ്റമറിൽ നിന്നും വാങ്ങിയിട്ടുണ്ടാകും. അവധി തെറ്റിയാൽ അമിത ചാർജും പണിക്കൂലി ഇനത്തിൽ കൊള്ളപ്പലിശയും ഈടാക്കും. ഇത്തരത്തിൽ സ്വർണം ഇടപാട് നടത്തിയാൽ പണം തിരികെ വാങ്ങാനും വീട്ടിൽ പോയി ഭീഷണിപ്പെടുത്താനും പ്രത്യേകം ടീമിനെ തന്നെ ജൂവലറി തീറ്റിപോറ്റുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11ന് തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ ഇസ്മായീലെത്തിയതു തനിക്കനുവദിച്ച അവധി ഒരുമാസം കൂടി നീട്ടി നൽകണമെന്ന് അപേക്ഷിക്കാനായിരുന്നു. കുടുംബ സ്വത്തായി ഉമ്മയുടെ പേരിലുള്ള ഭൂമി വിൽപന നടത്തുന്നതിനായിട്ടാണ് ഇസ്മായീൽ സാവകാശം തേടിയത്. ഇസ്മായീലിന്റെ സഹോദരൻ മരണപ്പെട്ടിട്ട് ഒരുമാസം തികയുന്നേയുണ്ടായിരുന്നുള്ളൂ. ഇതായിരുന്നു ഇസ്മായീൽ ഒരു മാസം കൂടി ആവശ്യപ്പെടാനുണ്ടായ കാരണം. എന്നാൽ ജൂവലറിക്കാർ ഒരു ദാക്ഷിണ്യവും കാണിക്കാതെ ഇസ്മായീൽ താമസിക്കുന്ന വീടും സ്ഥലവും എഴുതിവാങ്ങുമെന്നും പണം തന്നില്ലെങ്കിൽ ജീവിക്കാൻ സ്വൈര്യം തരില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംസ്ഥാനമനുഷ്യാവകാശസംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരം ഇസ്മായീലിന്റെ വീട്ടിൽ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സംഭവത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും മരിക്കാൻ ഇടയാക്കിയത് ജൂവലറിക്കാരുടെ ഇടപെടലാണെന്നും അദ്ദേഹം സന്ദർശനത്തിനു ശേഷം മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP