Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈക്കോടതി ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ അടയ്ക്കാതെ ഉമ്മൻ ചാണ്ടി രക്ഷിച്ചു; യുഡിഎഫ് കാലത്ത് അധികാര കേന്ദ്രങ്ങളിലെ ദല്ലാളായി വിലസിയ ഡേവിഡ് ലാലിക്ക് മേൽ പിടിവീണത് കോടതി ഇടപെടലിനാൽ; 27 വർഷമായി തൊടാത്ത പ്രതിയെ അഴിക്കുള്ളിലടച്ച് പൊലീസും

ഹൈക്കോടതി ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ അടയ്ക്കാതെ ഉമ്മൻ ചാണ്ടി രക്ഷിച്ചു; യുഡിഎഫ് കാലത്ത് അധികാര കേന്ദ്രങ്ങളിലെ ദല്ലാളായി വിലസിയ ഡേവിഡ് ലാലിക്ക് മേൽ പിടിവീണത് കോടതി ഇടപെടലിനാൽ; 27 വർഷമായി തൊടാത്ത പ്രതിയെ അഴിക്കുള്ളിലടച്ച് പൊലീസും

അരുൺ ജയകുമാർ

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് ശിക്ഷ ഇളവുചെയ്ത് നൽകിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും പാസ്റ്ററുമായ ഡേവിഡ് ലാലിയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്‌ലാറ്റിൽ വച്ച് അറസ്റ്റിലായത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഡേവിഡ് ലാലിയെ പൊലീസ് പിടികൂടിയത്. ബി.എസ്.എൻ.എല്ലിലെ താൽക്കാലിക ജീവനക്കാരനായ യോഹന്നാൻ ജോർജുകുട്ടി എന്നയാളെ ഗുരുതരമായി പരുക്കേൽപ്പിച്ച കുറ്റത്തിന് 1987 ലാണ് ഡേവിഡ് ലാലിയ്‌ക്കെതിരെ കേസെടുത്തിരുന്നത്

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ ഒഴിവാക്കണമെന്ന് ഡേവിഡ് ലാലി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപേക്ഷ നൽകി. ആഭ്യന്തരസെക്രട്ടറിയുടെ എതിർപ്പുപോലും മറികടന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി തടവ് ഒഴിവാക്കാൻ കഴിഞ്ഞ സർക്കാർ ഉത്തരവിറക്കി. 26 വർഷത്തിനിടെ ഒരു ദിവസം പോലും ജയിൽ ശിക്ഷ അനുഭവിക്കാത്ത പ്രതിയെ കുറ്റവിമുക്തനാക്കിയ സർക്കാർ ഉത്തരവിനെതിരെ വൻ പ്രതിഷേധമുണ്ടായി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി. സർക്കാർ ഉത്തരവ് റദ്ദാക്കിയതോടെ നെയ്യാറ്റിൻകര കോടതി വീണ്ടും ഡേവിഡിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിൽ ഡേവിഡ് ഒഴിവ് കഴിയുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്‌പി ബിജുമോന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.

സുപ്രിം കോടതി ശിക്ഷ ശരിവച്ച കേസായിരുന്നിട്ടും പ്രതിയെ ഒരുദിവസം പോലും ജയിലിൽ അടയ്ക്കാതെ വിട്ടയച്ച നടപടിയ്‌ക്കെതിരെ പൊതുപ്രവർത്തകനായ എ.എച്ച് ഹഫീസ് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.തുടർന്ന് കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇതിനിടെ ഒളിവിൽ പോയ ഡേവിഡ് ലാലി കൊച്ചിയിലെ ഒരു ഫ്‌ലാറ്റിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് കൊച്ചിയിലെത്തി ഇയാളെ അററസ്റ്റ് ചെയ്തത്.നെടുമങ്ങാട് ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തലസ്ഥാനത്തെ അധികാര ഇടനാഴികളിലെ അധികാര ദല്ലാളായി വിലസിയ ഡേവിഡ് ലാലിയുടെ ശിക്ഷാ ഇളവ് തെറ്റാണന്ന് കാണിച്ച് കേരളാ കേരളാ കോൺഗ്രസ് നേതാവ് എ.എച്ച് ഹഫീസ് ആണ് നിയമനടപടികളുമായി മുന്നോട്ട് പോയത്.ഈ കേസിലെ ഹൈക്കോടതി വിധിയെ തുടർന്നാണ് വിചാരണക്കോടതി ഡേവിഡ് ലാലി ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പടുവിച്ചത് . ഈ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡി വൈ.എസ്‌പി യും സംഘവും കൊച്ചിയിലെ ഇയാളുടെ ഒളി സങ്കേതത്തിലെത്തുമ്പോൾ പെന്തികോസ് സഭയിലെ ബേബി എന്ന പാസ്റ്ററും ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു . അറസ്റ്റിനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് വൻ പാരിതോഷികം ഇയാൾ വാഗ്ദാനം ചെയ്തങ്കിലും ലാലിയെ വിലങ്ങു വച്ചതോടെ ഇയാൾ പിൻ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.

മലയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 1991ൽ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരനെ സോഡാക്കുപ്പിക്കൊണ്ടടിച്ച് പല്ലും താടിയെല്ലും തകർത്തുവെന്നായിരുന്നു കേസ്. രണ്ടു വർഷം കഠിന തടവും 1000 രൂപയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഇതിനിടെ പഞ്ചാബിൽ ഒളിവിൽ പോയി. ശിക്ഷയനുഭവിക്കാതെ പല തവണ കീഴടങ്ങുന്നതിന് ഇളവ് വാങ്ങി. ഒടുവിൽ സുപ്രീം കോടതി കീഴടങ്ങണമെന്ന് ഉത്തരവ് നൽകിയതോടെ ഇയാൾ പിന്നെയും മുങ്ങുകയായിരുന്നു. 26 വർഷം ഇങ്ങനെ മുങ്ങിനിന്ന ശേഷം അസുഖബാധിതനായതിനാൽതന്നെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയായിരുന്നു.

നിയമസെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡേവിഡ് ലാലിയുടെ രണ്ടുവർഷത്തെ കഠിനതടവ് ഒഴിവാക്കി ഒരുലക്ഷം രൂപ പിഴചുമത്താനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കാർ തീരുമാനം ചോദ്യംചെയ്തുള്ള രണ്ടു ഹർജി പരിഗണിച്ചാണ് ഉത്തരവ്. യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. വിചാരണക്കോടതിയുടെ ഉത്തരവ് പിന്നീട് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.

1994 ലായിരുന്നു ഹൈക്കോടതി ഉത്തരവ്. ആരോഗ്യകാരണങ്ങളാലും പ്രതിക്ക് മറ്റു ക്രിമിനൽപശ്ചാത്തലമില്ലാത്തതിനാലുമാണ് ശിക്ഷായിളവ് നൽകിയതെന്നായിരുന്നു സർക്കാർ അന്ന് നൽകിയ വിശദീകരണം. സർക്കാരിന്റെ വാദം നിലനിൽക്കുന്നതല്ലെന്നും മറ്റ് അഞ്ച് ക്രിമിനൽക്കേസിൽക്കൂടി ഇയാൾ പ്രതിയാണെന്നും 2013ലെ ജയിൽ മെഡിക്കൽ ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് സംശയകരമാണെന്നും കോടതി പറഞ്ഞിരുന്നു. ഡേവിഡ് ലാലി ശിക്ഷാ ഇളവിന് അർഹനല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ട് ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ശിക്ഷായിളവ് അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയും ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖ മറുനാടൻ മലയാളിയും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്. ഈ വിഷയത്തിൽ മറുനാടൻ അന്ന് എടുത്ത നിലപാട് അംഗീകരിക്കുക കൂടിയാണ് ഹൈക്കോടതി ചെയ്തിരുന്നത്..

ബേബി പാസ്റ്ററിന് ഉമ്മൻ ചാണ്ടി ഉൽപ്പടെയുള്ള കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് ഡേവിഡ് ലാലിയെ സംരക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. ഈ കേസിലെ പ്രതിക്ക് ശിക്ഷാ ഇളവ് നൽകിയ സംഭവത്തിൽ വിജിലൻസിന് പരാതി നൽകുമെന്ന് ഹഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു1990 ജനുവരി 23ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടുവർഷം തടവും 1000 രൂപ പിഴയും നൽകി ശിക്ഷിച്ചു. 91 ൽ അഡിഷണൽ സെഷൻസ് കോടതിയും 94 ൽ ഹൈക്കോടതിയും 2012 ൽ സുപ്രിംകോടതിയും ഈ ശിക്ഷ ശരിവച്ചു.എന്നാൽ 2013 ൽ അന്നത്തെ യു.ഡി.എഫ് സർക്കാരിന് ശിക്ഷയിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് ലാലി നിവേദനം നൽകിയിരുന്നു.തുടർന്ന് എതിർപ്പുകൾ അവഗണിച്ച് ഒരുലക്ഷം രൂപ പിഴമാത്രമാക്കി സർക്കാർ ശിക്ഷയിളവ് അനുവദിച്ച വാർത്തയും മറുനാടൻ മലയാളി നേരത്തെ പുറത്ത് വിട്ടിരുന്നു.

ഗുരുതരരോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യമാണ് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ മാത്രം അനുവദിക്കപ്പെട്ടത്.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു.

എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് വീണ്ടും ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ അന്ന് ഉയർന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP