Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഇത്തിരി സീരിയസാണ്, വേഗം വായോ...'; 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...'; ജീവനു വേണ്ടി യാചിച്ച യുവതിയേയും യുവാവിനെയും അന്വേഷിച്ച് അരുകിൽ വരെ എത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങി സുഹൃത്തുക്കൾ; മലയാളികളായ ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും ഒരുമാസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരണത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല

'ഇത്തിരി സീരിയസാണ്, വേഗം വായോ...'; 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...'; ജീവനു വേണ്ടി യാചിച്ച യുവതിയേയും യുവാവിനെയും അന്വേഷിച്ച് അരുകിൽ വരെ എത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങി സുഹൃത്തുക്കൾ; മലയാളികളായ ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും ഒരുമാസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരണത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മലയാളികളായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ ബെംഗലുരുവിലെ കുറ്റിക്കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ. കഴിഞ്ഞ മാസം 29നാണ് ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കുറ്റിക്കാട്ടിൽ നിന്നും തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയും ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയെ കാണാതായെന്ന പരാതി നൽകിയത് മുതൽ പൊലീസിന്റെ ഭാഗത്ത് നിന്നുമുള്ള ഇടപെടലിൽ ദുരൂഹത ഉണ്ടായിരുന്നു എന്ന് ബെംഗളൂരുവിൽ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരൻ സേതുമോൻ വ്യക്തമാക്കിയതായി 'മനോരമ ഓൺലൈൻ' റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള കാടുപിടിച്ച പ്രദേശത്ത് ഉടമ നടത്തിയ സന്ദർശനത്തിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മരത്തിനോടു ചേർന്ന് ഈച്ചകൾ നിറഞ്ഞിരിക്കുന്നതാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. തേനീച്ചക്കൂടാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അടുത്തേക്ക് പോകുന്തോറും കനത്ത ദുർഗന്ധം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മരത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന കയറിലെ മുടിയിഴകൾ കണ്ടത്. അതിന്മേലായിരുന്നു ഈച്ചകൾ പൊതിഞ്ഞുകൂടിയിരുന്നത്. കൂടുതൽ പേരെത്തി നോക്കുമ്പോൾ തലയില്ലാത്ത രണ്ടു മൃതദേഹങ്ങൾ താഴെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ വിവരം ഹെബ്ബഗോഡി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിനരുകിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിൽ നിന്നാണ് അഭിജിത്തിന്റെയും സുഹൃത്ത് ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങളാണെന്ന് തിരിച്ചറിയുന്നത്.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാൽ വിവാഹത്തിനു വീട്ടുകാർ എതിരു നിന്നപ്പോൾ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്.

ഒക്ടോബർ 11നാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. യുവതിയുടെ ഫോണും എടിഎം കാർഡും ഉൾപ്പെടെ എല്ലാ വസ്തുക്കളും ജോലിസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. അതിനും ഏതാനും ദിവസം മുൻപാണ് പേയിങ് ഗെസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികൾക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പാരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളിൽ ചിലർ നാട്ടിലുള്ള അമ്മാവൻ അഭിലാഷിനെ വിവരം അറിയിക്കുന്നത് 'ശ്രീലക്ഷ്മിയെ കാണാനില്ല' എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോൾത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു.

അഭിലാഷ് 13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസിൽ 'മിസ്സിങ്' കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ പാരപ്പന അഗ്രഹാര സ്റ്റേഷനിൽനിന്ന് തുടക്കം മുതൽ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനിൽ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരു പൊലീസുകാരനാണ് ഇംഗ്ലിഷിൽ കാര്യങ്ങൾ പറയാൻ തയാറായത്. പൊലീസ് നിസ്സഹകരണത്തിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തി.

സുഹൃത്തുക്കൾ എത്തിയെങ്കിലും കണ്ടെത്താനായില്ല

ഒക്ടോബർ 12ന് ഇരുവരുടെയും കൂട്ടുകാരിൽ ചിലരുടെ ഫോണിലേക്ക് ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും വാട്‌സാപ്പ് സന്ദേശം എത്തിയിരുന്നു. 'ഇത്തിരി സീരിയസാണ്, വേഗം വായോ...' എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...' എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തിൽപ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങൾ ലഭിച്ചത് ഉച്ചയ്ക്ക് 12നും 12.45നും ഇടയ്ക്കായിരുന്നു.

ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കൾക്ക് ആ സന്ദേശം ലഭിച്ചിരുന്നു. ഒരേ ഫോണിൽ നിന്നായിരുന്നു രണ്ടു സന്ദേശവും. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്നു തന്നെയാണ് അതിലെ വാക്കുകൾ പ്രയോഗിച്ച രീതിയിൽ നിന്നു ബന്ധുക്കൾ ഉറപ്പു പറയുന്നത്. വാട്‌സാപ്പിൽ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളിൽ ചിലർ ഇവിടെയെത്തി. ഫോൺ വിളിച്ചപ്പോൾ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.

സ്ഥലത്തിന്റെ സൂചന നൽകി അഭിജിത് ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കൾ ബന്ധുക്കളോടു പറഞ്ഞു. എന്നാൽ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കൾ തിരിച്ചു പോയി. ഒറ്റപ്പെട്ട സ്ഥലമായതിനാൽ പേടിതോന്നി തിരികെപ്പോയെന്നാണ് അവർ ബന്ധുക്കളോടു പറഞ്ഞത്. അതും ഒക്ടോബർ 13നു മാത്രം. ഇതറിഞ്ഞതിനു പിന്നാലെ ബന്ധുക്കൾ ഈ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. ഫോണും അതിനോടകം സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. മറ്റെവിടേക്കെങ്കിലും മാറിപ്പോയിട്ടുണ്ടാകുമെന്നു കരുതി തിരച്ചിൽ നിർത്തി തിരികെ പോയി.

പ്രദേശത്തു തന്നെ ഇരുവരും കാണുമെന്ന സംശയമുള്ളതിനാൽ ബന്ധുക്കളിൽ ചിലർ സമീപത്തെ ഒരു ബേക്കറിയിൽ ഫോൺ നമ്പർ നൽകിയിരുന്നു. അതു തന്നെയാണു പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോൾ തുണയായതും. ബേക്കറിയിലെ ജീവനക്കാരിയാണ് നവംബർ 29നു ബന്ധുക്കളെ വിളിച്ച് രണ്ടു മൃതദേഹം കണ്ട വിവരം അറിയിച്ചത്. ഒക്ടോബർ 12ന് അപകടത്തിലാണെന്ന സന്ദേശം ലഭിച്ചിട്ടും 13 ന് വിവരം അറിയിച്ചതിലും ബന്ധുക്കൾക്കു സംശയമുണ്ട്. സുഹൃത്തുക്കളുടെ സന്ദേശം പൊലീസിന് നൽകിയപ്പോഴും ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ തിരച്ചിലിനാണ് അവർ ശ്രമിച്ചത്.

പൊലീസിന്റെ പെരുമാറ്റത്തിലെ ദുരൂഹതകൾ

പരാതി നൽകിയതിന്റെ ആദ്യഘട്ടം മുതൽ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്നും തണുത്ത പ്രതികരണമായിരുന്നു. നവംബർ 23ന് അമ്മാവനെ ഫോണിൽ വിളിച്ചെന്നും 'ബുദ്ധിമുട്ടിച്ചതിന് നന്ദി' എന്ന മട്ടിൽ സംസാരിച്ചെന്നും ചില മാധ്യമങ്ങൾ പൊലീസിനെ ഉദ്ധരിച്ച് വാർത്ത നൽകിയിരുന്നു. എന്നാൽ, നവംബർ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നവംബർ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറൻസിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, അഭിജിത്തിന്റെ പിതാവിനെ കൊണ്ട് പരാതിയൊന്നും ഇല്ലെന്ന് എഴുതി വാങ്ങിയതായും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP