Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമൃതയിൽ വ്യാജനെ ചൊല്ലിയുള്ള വിവാദം പൊടിപൊടിക്കുന്നു; ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചത് ഡിഗ്രിക്കാരനല്ലെന്ന അറിവോടെ; റിയൽ എസ്‌റ്റേറ്റ് ബന്ധമുള്ള ഹരികുമാറിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ

അമൃതയിൽ വ്യാജനെ ചൊല്ലിയുള്ള വിവാദം പൊടിപൊടിക്കുന്നു; ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചത് ഡിഗ്രിക്കാരനല്ലെന്ന അറിവോടെ; റിയൽ എസ്‌റ്റേറ്റ് ബന്ധമുള്ള ഹരികുമാറിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ

ആവണി ഗോപാൽ

തിരുവനന്തപുരം: അമൃതാ ടിവിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ ദീപക് ധർമ്മടത്തിന് ബംഗലുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് എച്ച് ആർ ജനറൽ മാനേജർ എം ജി ഹരികുമാറനെന്ന് ആരോപണം. ഹരികുമാറും ദീപക്കും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ച് വിശദീകരിച്ച് എക്‌സിക്യൂട്ടിവ് എഡിറ്റർ നൽകിയ വിശദീകരണത്തിന്റെ കോപ്പി മറുനാടൻ മലയാളിക്ക് ലഭിച്ചു.

കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ മോഹവുമായാണ് ദീപക്കിനെ രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ കോഴ്‌സിന് വിട്ടതെന്നാണ് ആരോപണം. അങ്ങനെ ഒഴുകിയെത്തിയ കോടികൾ റിയൽ എസ്‌റ്റേറ്റിൽ ഹരികുമാർ നിക്ഷേപിക്കുകയാണെന്ന ആരോപണവും അമൃതാ ടിവിയിൽ സജീവമാകുന്നു. അതിനിടെ പ്രതിരോധ വകുപ്പിലെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച കേസ് എഴുതി തള്ളി എല്ലാ പ്രശ്‌നവും ഒതുക്കി തീർക്കാനാണ് ഹരികുമാറിന്റെ ശ്രമം. ഇതിനായി തന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിക്കുകയാണ് ഇയാൾ.

2013 ജൂൺ ആറിന് തന്നെ ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വിടരുതെന്ന് എച്ച് ആർ ജനറൽ മാനേജറായ ഹരികുമാറിനോട് എക്‌സിക്യൂട്ടീവ് എഡിറ്ററായ ജികെ സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് വ്യാജ ആരോപണമുയർത്തി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന സുരേഷ് ബാബുവിനെ അമൃാത ടിവിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. പിന്നീട് അഡ്വക്കേറ്റ് കമ്മീഷനേയും ജികെ സുരേഷ് ബാബുവിനെതിരെ അന്വേഷണം നടത്താൻ നിയോഗിച്ചു.

എന്നാൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകളുമായി ദീപക് ധർമ്മടത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം ജികെ സുരേഷ് ബാബു തെളിയിച്ചതോടെ കമ്മീഷനെ നിയോഗിച്ച ഹരികുമാർ വെട്ടിലായി. ജികെ സുരേഷ് ബാബുവിനെ ഒത്തുതീർപ്പിന് ക്ഷണിച്ച് കമ്മീഷൻ സിറ്റിങ്ങ് അവസാനിപ്പിച്ചു. ജികെ സുരേഷ് ബാബുവിനെ പുറത്താക്കിയാൽ കോടതിയിൽ പോകുമെന്ന ഭയമായിരുന്നു അതിന് കാരണം. അങ്ങനെ അച്ചടക്ക നടപടിക്ക് സസ്‌പെന്റ് ചെയ്ത ജികെയെന്ന് അറിയപ്പെടുന്ന മുതർന്ന മാദ്ധ്യമപ്രവർത്തകനെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രൊമോഷനോടെ തിരിച്ചെടുക്കേണ്ട സ്ഥിതിയും അമൃതാ ടിവിയിൽ ഉണ്ടായി.

ഇതു സംബന്ധിച്ച കമ്മീഷൻ സിറ്റംഗിനിടെ ജികെ സുരേഷ് ബാബു നൽകിയ വിശദീകരണവും തെളിവുകളുമാണ് 2013 ജൂൺ ആറിന് തന്നെ ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വിടരുതെന്ന് അറിയിച്ചതായി വ്യക്തമാക്കുന്നത്. ഇക്കാര്യം നേരിട്ട് ഹരികുമാറിനെ അറിയിച്ചിരുന്നു. ഇതിന് സാക്ഷികളും ഉണ്ടായി. ആ സമയത്ത് സ്ത്രീ പീഡന ആരോപണവുമായി ബന്ധപ്പെട്ട് ചീഫ് എക്‌സക്യൂട്ടീവ് എഡിറ്റർക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ ഹരികുമാർ തന്നെ ടെർമിനേറ്റ് ചെയ്തിരുന്നു. പ്രശ്‌നം വഷളായതോടെ ആ പെൺകുട്ടിക്ക് കൺഫർമേഷൻ നൽകേണ്ടി വന്നു. ഓഫീസിൽ വരാതെ ഹരികുമാർ ഫോണിലൂടെ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരേഷ് ബാബുവാണ് കൺഫർമേഷൻ ഉത്തരവ് നൽകിയത്. എന്നാൽ ദീപക്കിന്റെ വിവാദമെത്തിയതോടെ ആ വിഷയം സുരേഷ് ബാബുവിനെ മാറ്റി നിർത്താൻ സമർത്ഥമായി ഹരികുമാർ ഉപയോഗിച്ചു. ഇതെല്ലാം തെളിവുകൾ നിരത്തി ന്യായീകരിച്ചാണ് കമ്മീഷൻ സിറ്റിംഗിൽ സുരേഷ് ബാബു മുന്നേറിയത്. ഇതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ വന്നു.

പെൺകുട്ടിക്ക് ജികെ സുരേഷ് ബാബു കൺഫർമേഷൻ ഉത്തരവ് നൽകിയത് ചാനൽ ചെയർമാനായ ജ്ഞാനാമൃതാനന്ദയുടെ അറിവോടെയായിരുന്നു. ജികെയെ പുറത്താക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഹരികുമാർ ഒരുക്കിയ കമ്മീഷൻ സിറ്റിംഗിൽ അമൃതാ ചാനലിന്റെ നടത്തിപ്പുകാരായ അമൃതാനന്ദമയീ മഠവും നിലപാട് വ്യക്തമാക്കി. അത് ജികെയ്ക്ക് അനുകൂലമായിരുന്നു. കൺഫർമേഷൻ ഉത്തരവുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം തന്റെ അറിവോടെയായിരുന്നുവെന്ന ചെയർമാന്റെ മെയിലും ജികെയുടെ വാദങ്ങൾക്ക് ശക്തിപകർന്നു. തുടർന്ന് ജികെ പറയുന്നതാണ് ശരിയെന്ന് വ്യക്തമാക്കി കരാറും ഒപ്പിട്ടു. പിന്നീട് പ്രെമോഷനോടെ അമൃതാ ടിവിയിൽ തിരിച്ചെടുത്ത് ന്യൂസ് വിഭാഗത്തിന്റെ മൊത്തം ചുമതലയും നൽകി.

ഇതു സംബന്ധിച്ച മുഴുവൻ രേഖകളും മറുനാടന് ലഭിച്ചു. ഇതിൽ നിന്നാണ് ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നത്. ദീപക് പത്താം ക്ലാസ് മാത്രം പഠിച്ച വ്യക്തിയാണെന്ന ഉത്തമ ബാധ്യത്തോടെയാണ് ഹരികുമാർ പ്രവർത്തിച്ചതെന്നാണ് സൂചന. അങ്ങനെയെങ്കിൽ അത് ഗുരുതര രാജ്യദ്രോഹകുറ്റമാണ്. ജികെ സുരേഷ് ബാബുവിനെ സസ്‌പെന്റ് ചെയ്ത 2013, ജൂലൈ 4ന് തന്നെയാണ് പ്രതിരോധ വകുപ്പിനുള്ള ദീപക്കിന്റെ ശുപാർശ കത്ത് ഹരികുമാർ തയ്യാറാക്കി നൽകിയതെന്നതും ഗൂഢാലോചനയുടെ സ്വഭാവം വ്യക്തമാക്കുന്നു.

ഇതിന് തൊട്ടുമുമ്പ് ചാനൽ സിഇഒയായിരുന്ന വ്യക്തി നടത്തിയ പാക്കിസ്ഥാൻ യാത്രയെ കുറിച്ചും അമൃതാ ടിവിയിലെ ജീവനക്കാർ സംശയം ഉയർത്തിയിട്ടുണ്ട്. കോടികളുടെ വരുമാനം ലക്ഷ്യമിട്ട കള്ളക്കളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയവുമായി ഒരു വർഷം മുമ്പ് തന്നെ അമൃതാ മാനേജ്‌മെന്റിന് ഇവിടുത്തെ ജേർണലിസ്റ്റുകൾ കത്ത് നൽകിയിരുന്നു. എന്നാൽ പാസ്‌പോർട്ട് കേസിൽ പ്രതിയായ ദീപക്കിനെ ധർമ്മടം പൊലീസിന്റെ സഹായത്തോടെ ഹരികുമാർ രക്ഷപ്പെടുത്തി. ഇതിന്റെ പിൻബലത്തിൽ മാനേജ്‌മെന്റിലെ ഉന്നതരെ ഭീഷണിപ്പെടുത്തി ഈ ആരോപണങ്ങളെല്ലാം ഹരികുമാർ മുക്കുകയാണ് ഉണ്ടായത്. ഹരികുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അമൃതാ ടിവിയിലെ ജേർണലിസ്റ്റുകൾ തന്നെ ആരോപണം ഉയർത്തുന്നു. ദീപക്കിനെ പ്രതിരോധവകുപ്പിന് വിട്ടതിന് ശേഷം സാമ്പത്തികമായി ഹരികുമാർ നടത്തിയ നീക്കങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിലൂടെ പരസ്യമായ പ്രതികരണങ്ങൾ നടത്തിയട്ടും ഉന്നത ബന്ധങ്ങളിലൂടെ എല്ലാം ഒതുക്കി തീർത്തു. 

തൊഴിൽ വകുപ്പിൽ ലേബർ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഹരികുമാർ. തൊഴിൽ വകുപ്പിന്റെ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ലേബർ ഓഫീസർ തസ്തികയിൽ നേരിട്ട് പിഎസ് സി മുഖേന ആളെ നിയമിക്കുന്നത്. അങ്ങനെയുള്ള ആദ്യ ബാച്ചിൽ ലേബർ ഓഫീസറായിരുന്ന ഹരികുമാർ പിന്നീട് ജോലി ഉപേക്ഷിച്ച് വിദേശത്ത് പോയി. തൊഴിൽ വകുപ്പിലെ ബന്ധങ്ങളുടെ പിൻബലത്തിൽ റിക്രൂട്ട്‌മെൻുകൾ പോലും വിദേശത്തേക്ക് നടത്തി. ദുബായിൽ ഇയാളുടെ അടുത്ത ബന്ധുക്കൾക്ക് സ്വന്തമായി ആശുപത്രിയുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെയിലാണ് അമൃതാ മാനേജ്‌മെന്റിന്റെ ഭാഗമായത്. അതിന് ശേഷവും റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ബന്ധമാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങളോടൊന്നും പ്രതികരിക്കാൻ പോലും കൂസാക്കാത്ത സ്വഭാവാണ് ഹരികുമാറിന്റേത്.

ദീപക്കിന്റെ പാസ്‌പോർട്ട് കേസുമായി ബന്ധപ്പെട്ട് ഇയാളെ കൂടി പ്രതിചേർത്ത് കേസെടുക്കണമെന്ന പരാതി ധർമ്മടം പൊലീസ് സ്‌റ്റേഷനിലും ഉണ്ട്. എന്നാൽ ഈ കേസിൽ ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതെല്ലാം തന്റെ സ്വാധീന ശക്തിയാണെന്നാണ് ഹരികുമാർ പറയുന്നത്. അതിനിടെ പ്രതിരോധ വകുപ്പിൽ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നരക്കൊല്ലമായിട്ടും ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ പ്രതിരോധ വകുപ്പിന് കഴിഞ്ഞിട്ടില്ല.

ബിജെപിയിലെ ഏറ്റവും മുതിർന്ന നേതാവിനെ ഉപയോഗിച്ചുള്ള കരുനീക്കമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ഉപപ്രധാനമന്ത്രിയായിരിക്കെ എൽ കെ അദ്വാനി അടക്കമുള്ളവരുടെ അഭിമുഖങ്ങൾ ദീപക്കിന് തരപ്പെടുത്തി കൊടുത്തതും ഈ നേതാവാണ്. അതിനാൽ രാജ്യത്തെ വഞ്ചിച്ച കേസിലും പ്രതിരോധ വകുപ്പ് ദീപക്കിന് അനുകൂല തീരുമാനമെടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനിടെ ദീപക്കിന്റെ വിഷയത്തിൽ പ്രതിഷേധം ഉന്നയിച്ച ജികെ സുരേഷ് ബാബുവിന് കീഴിലാണ് ദീപക് ഇപ്പോൾ പണിയെടുക്കുന്നതെന്ന വിരോധാഭാസവും ഇപ്പോഴുണ്ട്.

തിരുവനന്തപുരത്ത് കാലടിയിൽ ഉയരാൻ പോകുന്ന ഫൽറ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം. അത്രത്തോളം സാമ്പത്തിക അടിത്തറ ഇല്ലാത്ത ഹരികുമാറിന്റെ മരുമകൻ വളരെ പെട്ടെന്ന് ഫ്‌ലാറ്റ് കെട്ടിയുയർത്തുന്നതിനെ സംശയത്തോടെയാണ് അമൃതയിലെ മാദ്ധ്യമ പ്രവർത്തകർ കാണുന്നത്. അഴിമതി പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്നാണ് പരാതി. അമൃതയുടെ പേരിൽ തന്നെ തുടങ്ങിയ ഈ കൺസ്ട്രക്ഷൻ കമ്പനി ഈയിടെ തട്ടിക്കൂട്ടിയെടുത്തതാണെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കാനാണ് ഇതെന്നാണ് ആക്ഷേപം. ഇതിനെതിരെ ഡിജിപി സെൻകുമാറിന് നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP