Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഷ പാമ്പുകളെ കുറിച്ച് യുട്യൂബിൽ തിരഞ്ഞത് എന്തിനെന്ന ചോദ്യം നിർണ്ണായകമാകും? പാമ്പു പിടിത്തക്കാരുമായുള്ള ബന്ധങ്ങളിലെ ചോദ്യങ്ങളും സംശയ നിവാരണത്തിന് സഹായകമാകുമെന്ന വിലയിരുത്തലിൽ പൊലീസ്; എസി മുറിയിലെ ജനാല തുറന്നതിലെ ദുരൂഹതകളിലും കൃത്യമായ മറുപടിയില്ലെങ്കിൽ സൂരജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം; സ്വർണവും സ്വത്തും തട്ടിയെടുക്കാൻ വേണ്ടി കരുതികൂട്ടി കൊലയെന്ന നിലപാടിൽ ഉറച്ച് ഉത്രയുടെ ബന്ധുക്കൾ; അഞ്ചലിലെ പാമ്പുകടി മരണത്തിൽ കരുതലോടെ പൊലീസ്

വിഷ പാമ്പുകളെ കുറിച്ച് യുട്യൂബിൽ തിരഞ്ഞത് എന്തിനെന്ന ചോദ്യം നിർണ്ണായകമാകും? പാമ്പു പിടിത്തക്കാരുമായുള്ള ബന്ധങ്ങളിലെ ചോദ്യങ്ങളും സംശയ നിവാരണത്തിന് സഹായകമാകുമെന്ന വിലയിരുത്തലിൽ പൊലീസ്; എസി മുറിയിലെ ജനാല തുറന്നതിലെ ദുരൂഹതകളിലും കൃത്യമായ മറുപടിയില്ലെങ്കിൽ സൂരജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം; സ്വർണവും സ്വത്തും തട്ടിയെടുക്കാൻ വേണ്ടി കരുതികൂട്ടി കൊലയെന്ന നിലപാടിൽ ഉറച്ച് ഉത്രയുടെ ബന്ധുക്കൾ; അഞ്ചലിലെ പാമ്പുകടി മരണത്തിൽ കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ഉത്ര വീണ്ടും പാമ്പുകടിയേറ്റതിനെ തുടർന്ന മരണമടഞ്ഞ സംഭവത്തിൽ ഭർത്താവിനെതിരേ പൊലീസ് കേസെടുത്തേക്കും. ഉത്രയുടെ ഭർത്താവിനെതിരെ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയതായി സൂചന പുറത്തു വന്നു കഴിഞ്ഞു. മരണമടഞ്ഞ ഉത്രയുടെ ഭർത്താവ് സുരാജ് പാമ്പു പിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ സുരാജ് വിഷപ്പാമ്പുകളെ കുറിച്ച് യു ട്യൂബിൽ തെരച്ചിൽ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്. കൊല്ലത്തെ ഒരു പാമ്പു പിടിത്തക്കാരനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷമേ തെളിവുകളിൽ അന്തിമ തീരുമാനം എടുക്കൂ.

ഉത്രയുടെ മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോൾ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നൽകി മൊഴി. തുറന്നിട്ട ജനാലയിലൂടെയായിരിക്കാം പാമ്പു അകത്തു വന്നതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ എസിയുള്ള മുറിയിൽ ജനാല തുറന്നിട്ടു എന്ന സുരാജിന്റെ മൊഴിയിൽ പൊലീസിന് സംശയം തോന്നിയിരിക്കുകയാണ്. ഇതുൾപ്പെടുള്ള കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തും. അതിനിടെ സഹോദരന് സ്വത്ത് കിട്ടാനാണ് ഉത്രയുടെ മാതാപിതാക്കൾ ആരോപണം ഉന്നിയക്കുന്നതെന്ന വാദം ശരിയല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർച്ച് 2 നായിരുന്നു ഉത്രയെ ആദ്യം പാമ്പു കടിച്ചത്. ഇതേ തുടർന്ന് മാതാപിതാക്കൾക്ക് ഒപ്പം ചികിത്സയ്ക്കായി വീട്ടിൽ കഴിയുമ്പോൾ മെയ് 7 നായിരുന്നു വീണ്ടും പാമ്പുകടിയേറ്റ് മരണമടഞ്ഞ നിലയിൽ ഉത്രയെ കണ്ടെത്തിയത്. മകളെ സൂരാജ് കൊലപ്പെടുത്തിയതാണ് എന്ന കാണിച്ച് മാതാപിതാക്കൾ അഞ്ചൽ സിഐ യ്ക്ക് നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഉത്രയുടെ ഒന്നര വയസ്സുള്ള മകനെ സുരാജെത്തി കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

ഏറം വെള്ളാശ്ശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര(25)യാണ് മരിച്ചത്. അടൂർ പറക്കോട്ടുള്ള ഭർത്താവിന്റെ വീട്ടിൽവച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന്റെ ചികിത്സ തുടരവേ മെയ്‌ ഏഴിന് സ്വന്തം വീട്ടിൽവെച്ച് ഭർത്താവിന്റെയൊപ്പം ഒരേ മുറിയിൽ തങ്ങുമ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടതുകൈയിൽ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു.

രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കൾ പറയുന്നു. ആദ്യതവണ ഭർത്താവിന്റെ വീട്ടിൽെവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങുംമുൻപേയാണ് രണ്ടാമത് മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്. രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാർ എ.സി. മുറിയിൽ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒൻപതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകൾ അടച്ചിരുന്നു.

പിന്നീട് ഭർത്താവ് സൂരജാണ് ജനാലകൾ തുറന്നിട്ടത്. ഭർത്താവും വീട്ടുകാരും കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കൾ പറഞ്ഞു. മുൻപ് ഭർത്തൃവീടിന്റെ മുകൾനിലയിൽ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോൾ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാൻ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു.

മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചൽ എസ്‌ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സിഐ. സി.എൽ.സുധീർ പറഞ്ഞു. സൂരജ് പാമ്പുകളോടുള്ള താൽപ്പര്യവും പാമ്പുപിടുത്തക്കാരുമായുള്ള ബന്ധവും പൊലീസിന് വ്യക്തമായിട്ടുണ്ടെന്നാണ് സൂചനകൾ.

ഉത്രയെ പാമ്പ് കടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അടൂരിലെ ഭർതൃവീട്ടിൽ ഉത്ര ഒരു പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ പിടിച്ച് ചാക്കിലാക്കിയതായി ഉത്ര അന്ന് ബന്ധുക്കളോട് പറയുകയും ചെയ്തു. സൂരജിന് പാമ്പുകളെ ഭയമില്ലെന്ന നിർണായകമായ കാര്യത്തിലേക്ക് ഈ മൊഴികൾ വെളിച്ചം വീശുകയാണ്. മാത്രമല്ല, സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അടുത്ത ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സൂരജിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

ഉത്രയുടെ മരണം കൊലപാതകമാണന്ന് ബന്ധുക്കൾ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും പരിശോധിച്ചു. ഉത്രയെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. വീടിന് സമിപത്തെ മറ്റ് വീടുകളും പരിസരവും നേരിട്ട് കണ്ട് വിലയിരുത്തി. കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സ തുടരവെ വീണ്ടും പാമ്പുകടിയേറ്റ് യുവതി മരിച്ചു

സ്വർണവും സ്വത്തും തട്ടിയെടുക്കാൻ വേണ്ടി കരുതികൂട്ടി കൊലനടത്തിയതാണെന്ന് ഉത്രയുടെ ബന്ധുക്കൾ ആവർത്തിച്ച് പറയുന്നു. ഇതിനിടെ ഉത്രയുടെ ഭർത്താവ് സൂരജ് ഉത്രയുടെ അച്ഛനും സഹോദരനും എതിരെ വ്യാജ കേസുകൾ നൽകുന്നതായും ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP