Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിക്ഷേപത്തിനു മെച്ചം ഡയമണ്ടെന്നു പരസ്യ വാചകം; ഉദ്ഘാടനം ചെയ്യാൻ ഗ്ലാമർ താരം ബിപാഷ ബസുവും പരിവാരങ്ങളും; പലരിൽ നിന്നായി 200 കോടി പിരിച്ചെടുത്ത ഗീതാഞ്ജലി ജൂവലറിയുടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി; പണം പോയവരിൽ സിനിമാ രംഗത്തു നിന്നടക്കം വൻ തോക്കുകളും

നിക്ഷേപത്തിനു മെച്ചം ഡയമണ്ടെന്നു പരസ്യ വാചകം; ഉദ്ഘാടനം ചെയ്യാൻ ഗ്ലാമർ താരം ബിപാഷ ബസുവും പരിവാരങ്ങളും; പലരിൽ നിന്നായി 200 കോടി പിരിച്ചെടുത്ത ഗീതാഞ്ജലി ജൂവലറിയുടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി; പണം പോയവരിൽ സിനിമാ രംഗത്തു നിന്നടക്കം വൻ തോക്കുകളും

കൊച്ചി: സ്വർണത്തിന്റെ വില ഇടിഞ്ഞപ്പോൾ പണം നിക്ഷേപിക്കാൻ ഏറ്റവും നല്ല മാർഗം വജ്രമാണെന്ന പരസ്യ വാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജൂവലറി ഗ്രൂപ്പ് കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. ഡയമണ്ട് നിക്ഷേപമെന്ന മറവിൽ ഉത്തരേന്ത്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാഞ്ചലി ഗ്രുപ്പ് എന്ന സ്ഥാപനം കൊച്ചിയിൽ ലുലുമാളിൽ ഗ്രൗണ്ട് ഫ്‌ളോറിൽ മായ ഡയമണ്ട് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണു പൂട്ടിയത്.

ഡയമണ്ട് നിക്ഷേപമെന്ന മറവിൽ ഇവർ കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ പണം നിക്ഷേപിച്ചവരും ഫ്രാഞ്ചൈസി എടുത്തവരുമിപ്പോൾ വെട്ടിലായി. ഹിന്ദി ഗ്ലാമർതാരം ബിപാഷ ബസുവിനെ കൊണ്ടുവന്നു കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത മായ ഡയമണ്ട് എന്ന സ്ഥാപനവും ഇപ്പോൾ തുറക്കുന്നില്ല. ഇതോടെ ഡയമണ്ട് വാങ്ങിക്കാൻ തവണ വ്യവസ്ഥയിൽ പണം കൊടുത്തവർ കൊച്ചി ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഒപ്പം ഈ കമ്പനിയെ വിശ്വസിച്ചു പണം മുടക്കി വലിയ വാടകയും ശമ്പളവും കൊടുത്തു കേരളത്തിലെ നഗരങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങിയവരും വെട്ടിലായി. ഇപ്പോൾ ഈ ഗ്രൂപ്പിന്റെ ഒരു ഫ്രാഞ്ചൈസി പോലും കേരളത്തിൽ തുറന്നുപ്രവർത്തിക്കുന്നില്ലയെന്നാണു സൂചന. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ഉത്തരേന്ത്യൻ കമ്പനി സമാനമായ പല തട്ടിപ്പുകളും കേരളത്തിന്റെ പുറത്തും ഇതുപോലെ തവണ വ്യവസ്ഥയിൽ പണം വാങ്ങിച്ചു നടത്തിയെന്നും സൂചനയുണ്ട്.

ഡയമണ്ട് ആഭരണങ്ങൾ വാഗ്ദാനം ചെയ്താണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂവലറി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചത്. വലിയ പത്രപ്പരസ്യങ്ങൾ നൽകി കേരളത്തിൽ കൊച്ചിയിൽ എം.ജി റോഡിലും പ്രമുഖ ഷോപ്പിങ് മാളായ ലുലുവിലുമുള്ള ജൂവലറികളിൽ 4,000 മുതൽ 40,000 രൂപവരെ പ്രതിമാസ തവണകളിൽ നിക്ഷേപിച്ചവർക്കാണു പണം നഷ്ടമായത്. ഡയമണ്ട് നിക്ഷേപമായതുകൊണ്ട് സിനിമാ രംഗത്തുനിന്നടക്കം വൻ തോക്കുകൾ ഇവിടെ നിക്ഷേപം നടത്തിയിരുന്നു.

രാജ്യത്താകമാനം ഫ്രാഞ്ചൈസികളുള്ള സ്ഥാപനം 200 കോടിയോളം രൂപ തട്ടിച്ചെന്നാണ് ഇപ്പോൾ കിട്ടുന്ന പ്രാഥമിക വിവരം. വലിയ രീതിയിൽ പ്രചാരണം രാജ്യമെമ്പാടും നടത്തുന്ന ജൂവലറി ഗ്രൂപ്പിനെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കി ഫ്രാഞ്ചൈസി എടുത്തവരുമിപ്പോൾ കുടുങ്ങിയിരിക്കുകയാണ്. സമയം ആയിട്ടും ആഭരണം കിട്ടാത്തതിനാൽ പണം നിക്ഷേപിച്ചവർ ആഭരണം ആവശ്യപ്പെട്ട് ഫ്രാഞ്ചൈസി ഉടമകളെ സമീപിച്ചതോടെ ഇവരും വെട്ടിലായി.

കോടികൾ മുടക്കി ആഭരണങ്ങൾ എടുത്തെങ്കിലും വിൽപ്പന നടക്കാതായതോടെയാണ് ഫ്രാഞ്ചൈസികൾ പൂട്ടിയത്. തവണ വ്യവസ്ഥയിൽ ആഭരണങ്ങൾ നൽകാമെന്നു പറഞ്ഞു പിരിച്ച തുക കമ്പനി നേരിട്ട് അക്കൗണ്ടിൽ വാങ്ങുകയിരുന്നു എന്നും കേൾക്കുന്നു. കമ്പനി നേരിട്ടാണ് നിക്ഷേപത്തുക കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇവരുടെ വാദം. ഫ്രാഞ്ചൈസി പൂട്ടിയതോടെ വൻ തുക നഷ്ടമായെന്നും ഫ്രാഞ്ചൈസി ഉടമകൾ പറയുന്നു. മുംബൈ ആസ്ഥാനമായ സ്ഥാപനം ശകുൻ പ്ലാൻ എന്ന പേരിൽ 12, 24, 36 മാസ തവണ വ്യവസ്ഥകളായാണു നിക്ഷേപം സ്വീകരിച്ചിരുന്നത്.

മൂന്നുവർഷം മുമ്പ് 5,000 രൂപ തവണവ്യവസ്ഥയിൽ നിക്ഷേപം നടത്തിയ കടവന്ത്ര സ്വദേശിനി ജൂവലറി ഗ്രൂപ്പിനെതിരേ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പു പുറത്തായത്. ഒരു ലക്ഷം രൂപയാണ് ഇവർ രണ്ടു വർഷംകൊണ്ട് നിക്ഷേപിച്ചത്. പണം അടച്ചതിന്റെ പാസ്ബുക്കും ഇവർക്കു നൽകി. പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിനകം എം.ജി. റോഡിലെ ശാഖ പൂട്ടി.

കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ഷോപ്പിങ് മാളിലെ ശാഖയിൽ പണം നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. രണ്ടുവർഷം പൂർത്തിയാകുംമുമ്പ് ഷോപ്പിങ് മാളിലെ ശാഖയും പൂട്ടിയതോടെ ഇവർ വീണ്ടും കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. പണം അടച്ചതിന്റെ രേഖകൾ സഹിതം രണ്ടു ദിവസത്തിനകം അയച്ചു നൽകാനാണു കമ്പനി അധികൃതർ ഇവരോട് ആവശ്യപ്പെട്ടത്. ഇമെയിൽ വഴി പാസ് ബുക്കിന്റെയും മറ്റും പകർപ്പുകൾ അയച്ചു നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.

കൊച്ചിയിൽ നടന്നതിനു സമാനമായ നിക്ഷേപ തട്ടിപ്പുകൾ ഇവർ തിരുവനന്തപുരത്തു നടത്തിയതായും സൂചനയുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കമ്പനി സമാനമായ തട്ടിപ്പു നടത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പുകൾ നടത്തി കേരളത്തിലെ ഒരു ഫ്രാഞ്ചൈസി പോലും ഇപ്പോൾ തുറക്കാതെ പൂട്ടിക്കിടക്കുമ്പോഴും പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും ഇവരുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. സ്വർണനിക്ഷേപത്തട്ടിപ്പുകൾ പതിവായ കേരളത്തിൽ ഡയമണ്ട് നിക്ഷേപത്തട്ടിപ്പ് ആദ്യമാണ്. സ്വർണത്തേക്കാൾ കൂടുതൽ പണം ഡയമണ്ട് നിക്ഷേപത്തിനു വേണ്ടതിനാൽ കൊച്ചിയിലെ പല വമ്പന്മാരുടെയും പണം നഷ്ടപ്പെട്ടു. കൊച്ചിയിൽ വലിയ പത്രപ്പരസ്യമൊക്കെ നൽകിത്തുടങ്ങിയ സ്ഥാപനം ആയതുകൊണ്ട് പണം നഷ്ടപ്പെട്ടതിന്റെ നാണക്കേട് ഓർത്തു പലരും മിണ്ടുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP