86 സെന്റ് സ്ഥലവും വീടും 26 പവൻ സ്വർണവും നൽകിയിട്ടും സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭർത്താവിന്റെ പീഡനം; മർദ്ദനം അടക്കം സഹിക്ക വയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ ഷുക്കൂറിനു അഞ്ചു വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷിച്ച് കോടതി; മെഹറുന്നീസ ജീവനൊടുക്കുകയും പിതാവ് അഴിയെണ്ണുകയും ചെയ്തതോടെ അനാഥരായത് മൂന്നുകുട്ടികൾ
February 19, 2019 | 11:50 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്നുള്ള ഭാര്യയുടെ ആത്മഹത്യ ഭർത്താവിനെ കുടുക്കി. സ്ത്രീധന പീഡനം കാരണം ഭാര്യ മെഹറുന്നീസ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ ഷുക്കൂറിനു അഞ്ച് വർഷം കഠിന തടവും 75000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
മെഹറുന്നീസയുടെ ഭർത്താവായ നഗരൂർ കെ.വി.ഹൗസിൽ ഷുക്കൂറിനെതിരെയാണ് വിധി വന്നത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ ഈ തുക മെഹറുന്നീസയുടെ മൂന്നു മക്കൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്നുള്ള ധനസഹായം കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
സ്ത്രീധന പ്രശ്‌നത്തെ തുടർന്നുള്ള മാനസിക-ശാരീരിക പീഡനം അസഹ്യമായപ്പോഴാണ് ഷുക്കൂറിന്റെ ഭാര്യ മെഹറുന്നീസ ആത്മഹത്യ ചെയ്തത്. 1994 മെയ് പതിനാലിൽ ആയിരുന്നു ഈ ആത്മഹത്യ. തുടർന്നുള്ള കേസിലാണ് ഇപ്പോൾ വിധി വന്നത്. ഷുക്കൂറിന്റെ നിരന്തര പീഡനം കാരണം ഭാര്യ മെഹറുന്നീസ ആത്ഹത്യ ചെയ്തു എന്ന കേസിലാണ് വിധി വന്നത്.
വിവാഹവേളയിൽ 86 സെന്റ് സ്ഥലവും വീടും 26 പവൻ സ്വർണവും ഷുക്കൂറിനു നൽകിയിരുന്നു. വിവാഹ ശേഷം ഗൾഫിൽ നിന്ന് മടങ്ങിയ ഷുക്കൂർ കൂടുതൽ സ്ത്രീധനം ചോദിച്ച് മെഹറുന്നീസയെ മർദ്ദിച്ചിരുന്നു. ഈ മാനസിക-ശാരീരിക പീഡനങ്ങളെ തുടർന്നാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ഇതായിരുന്നു കേസിലെ പ്രോസിക്യൂഷൻ കണ്ടെത്തൽ. കേസ് തുടങ്ങി രണ്ടര പതിറ്റാണ്ടിനു ശേഷമാണ് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യാ കേസിൽ വിധി വന്നിരിക്കുന്നത്.
