Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്തെ 'കാതോലിക്കാ ബാവയെ' പിടികൂടാൻ സഹായിച്ചത് തൃശൂരിലെ സീനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ശേഖരം; കരുണാമയായ വീട്ടമ്മ ആളെ കൊല്ലാനുള്ള എംബിബിഎസ് ബിരുദം മാത്രം നൽകിയില്ല; ജെയിംസിന്റെ മെത്രാൻ കഥ മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ

കൊല്ലത്തെ 'കാതോലിക്കാ ബാവയെ' പിടികൂടാൻ സഹായിച്ചത് തൃശൂരിലെ സീനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ശേഖരം; കരുണാമയായ വീട്ടമ്മ ആളെ കൊല്ലാനുള്ള എംബിബിഎസ് ബിരുദം മാത്രം നൽകിയില്ല; ജെയിംസിന്റെ മെത്രാൻ കഥ മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ് പരിവേഷത്തിൽ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ് ജോർജ് (54) നടത്തിയിരുന്നത് വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം പൊളിഞ്ഞത് സീനത്തിന്റെ അറസ്റ്റോടെ. രഹസ്യ വിവരത്തെ തുടർന്ന് തൃശൂരിൽ സീനത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പൊലീസ് കണ്ടെത്തിയത് വൻ സർട്ടിഫിക്കറ്റ് ശേഖരം. എംബിബിഎസ് ബിരുദമൊഴിച്ച് എല്ലാം ഈ വീട്ടമ്മ നൽകി. ചോദ്യം ചെയ്യലിലാണ് ജെയിംസ് ജോർജിന്റെ സ്ഥാപനത്തെ കുറിച്ച് വിവരം വരുന്നത്. തുടർന്നാണ് കൊല്ലം കടപ്പാക്കടയിലെ മോഡേൺ ഇൻസ്റ്റിന്റൂട്ടിന്റെ ഉടമ വലയിലായത്. തട്ടിപ്പിന് ബിഷപ്പെന്ന പരിവേഷവും ചർച്ചയായി. പക്ഷേ എല്ലാ പ്രമുഖ മാദ്ധ്യമങ്ങളും ജെയിംസിന്റെ മെത്രാൻ കഥ മുക്കി. മംഗളവും മാദ്ധ്യമവും മാത്രമാണ് ജെയിംസ് മെത്രാന്റെ കഥ വാർത്തയായി നൽകിയത്. മതത്തെ അത്രമേൽ ഭയക്കുന്നതുകൊണ്ട് തന്നെ മറ്റാരും വാർത്ത നൽകിയില്ല.

വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയിൽ തൃശൂർ വിയ്യൂർ കൊട്ടേക്കാട്ട് എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന സീനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബിരുദം മുതൽ ഡോക്ടറേറ്റ് വരെയുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന ജെയിംസ് ജോർജിൽ നിന്ന് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല്ലം കടപ്പാക്കടയിൽ മോഡേൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നടത്തുന്ന ജെയിംസ് ജോർജ് ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 30 വർഷം മുമ്പാണ് ജെയിംസ് ജോർജ് കടപ്പാക്കടയിൽ എത്തിയത്. മോഡേൺ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ കോഴ്‌സുകൾ തുടക്കത്തിൽ നടത്തിയ ഇയാൾ 2010 ഒക്‌ടോബറിൽ അച്ചൻപട്ടം നേടി. 2011 ജനുവരിയിൽ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു. ഇതിനായി ഭാരതീയ ഓർത്തഡോക്‌സ് സഭയെന്ന പേരിൽ സ്വന്തം സഭയും സ്ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട് സ്ഥാപനം നടത്തിയത്. ഇതിനിടെ ഡോ. യാക്കോബ് മാർ ഗ്രിഗോറിയോസ് എന്ന പേരും സ്വീകരിച്ചു. ഇതോടെ തട്ടിപ്പിന് ജനകീയ അംഗീകാരവുമായി.

ഇപ്പോൾ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയിൽ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങാൻ അഡ്വാൻസ് നൽകിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജിൽനിന്ന് ബോട്ടണിയിൽ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജിൽ എൻജിനീയറിങ്ങിന് ചേർന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഡിഗ്രി, എൻജിനിയറിങ്, ഐ.ടി.ഐ., പിഎച്ച്.ഡി. തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് ഇയാൾ വ്യാജമായി തയാറാക്കി നൽകിയിരുന്നത്. പിടിച്ചെടുത്ത സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നും പല സർവകലാശാലകളും ഇപ്പോൾ നിലവിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊല്ലം മോഡേൺ ഗ്രൂപ്പാണെന്നും ജെയിംസ് ജോർജാണ് സ്ഥാപനം നടത്തുന്നതെന്നും സീനത്ത് പൊലീസിനോട് പറഞ്ഞതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.

തുടർന്നാണു കൊല്ലത്തെ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയതും ജെയിംസ് ജോർജിനെ അറസ്റ്റ് ചെയ്തതും. ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾക്കൊപ്പം മോഡേൺ ഗ്രൂപ്പ് സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു. ബിലാസ്പുരിലെ ഡോ. സി.വി. രാമൻ സർവകലാശാല, ഛത്തീസ്‌ഗഡ്, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളുടേയും നാഗാലാൻഡ്, സിക്കിം, ചില വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുടെ വൻശേഖരവും കണ്ടെത്തി. രജിസ്ട്രാറുടെ ഒപ്പ് പല സർട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണെന്ന് പൊലീസ് കണ്ടെത്തി. ആവശ്യക്കാർക്കു മൂന്നുവർഷംമുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സർട്ടിഫിക്കറ്റ് നൽകിവന്നത്. ആറുമാസംകൊണ്ട് ഡിഗ്രി, പി.ജി., പ്രഫഷണൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പത്രപ്പരസ്യം നൽകിയാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. വിശ്വാസ്യതയ്ക്കുവേണ്ടി സ്ഥാപനത്തിൽ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതൽ ലക്ഷങ്ങൾവരെയാണു വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്നത്. 2005ൽ പ്രവർത്തനം നിർത്തിയ ഛത്തീസ്‌ഗഡ് സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണു വ്യാപകമായി നൽകിയിരുന്നത്.

തൃശ്ശൂർ പാട്ടുരായ്ക്കലിലെ റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയും കൊട്ടേക്കാട് പുളിമൂട്ടിൽ അബ്ദുൾഖാദറിന്റെ ഭാര്യയുമായ സീനത്ത് (49) ആണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണക്കേസിൽ ആദ്യം അറസ്റ്റിലായത്. സീനത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എസിപി എം.എസ്. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് കൊല്ലം ചെമ്പാന്മുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും സീലുകളും കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് റാക്കറ്റിന്റെ കഥ പുറത്തുവന്നത്. ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും വിവിധ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റേഷൻ ചെയ്തുകൊടുക്കുന്നു എന്ന പേരിൽ പരസ്യം നൽകിയാണ് പാട്ടുരായ്ക്കലിൽ സീനത്ത് സ്ഥാപനം നടത്തിവന്നിരുന്നത്.

പ്രീഡിഗ്രി പഠനം മാത്രം കൈമുതലായുള്ള സീനത്ത് പത്ത് വർഷംമുമ്പാണ് ആലപ്പുഴയിൽനിന്ന് ഭർത്താവിനൊപ്പം തൃശ്ശൂരിൽ താമസമാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആറുവർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ സ്ഥാപനമായിരുന്നു റോയൽ കൺസൾട്ടൻസി. ഇടനിലക്കാർ വഴി ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകിയതോടെ സ്ഥാപനത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. ഇതിനിടെ എം.ബി.ബി.എസ്., നഴ്‌സിങ് സർട്ടിഫിക്കറ്റുകൾക്കായി നിരവധിപേർ സമീപിച്ചെങ്കിലും മനുഷ്യജീവന് അപകടമുണ്ടാക്കേണ്ടെന്നു കരുതി ഇതിന് മുതിർന്നില്ലെന്ന് ചോദ്യം ചെയ്യലിനിടെ സീനത്ത് പൊലീസിനോട് പറഞ്ഞു.

സീനത്തിന്റെ വീട്ടിൽനിന്നും പിടികൂടിയ ബിരുദ സർട്ടിഫിക്കറ്റുകളിലേറെയും ഉത്തരേന്ത്യൻ സർവ്വകലാശാലകളുടെ പേരിലുള്ളതാണ്. ഇതിനൊപ്പം കേരള സർവ്വകലാശാലയുടെ ഒരു ബിരുദ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ആധികാരികത സംബന്ധിച്ച പരിശോധനകൾ നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. സർട്ടിഫിക്കറ്റിനായി സമീപിക്കുന്ന ആളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ബിരുദ സർട്ടിഫിക്കറ്റുകളും ഡിപ്ലോമ, എം.ബി.എ., ബി.ടെക് കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഉണ്ടാക്കി നൽകിയിരുന്നത്. വ്യാജമായി നിർമ്മിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന് 50,000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് ഈടാക്കിയിരുന്നത്. വ്യാജമായി തയ്യാറാക്കുന്ന സർട്ടിഫിക്കറ്റുകൾ വിവിധ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. സർട്ടിഫിക്കറ്റുകളിൽ എംബസികളുടെ അറ്റസ്റ്റേഷൻ നടത്തുന്നതിന് സഹായകരമായ ഇവരുടെ ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

റായ്!പുരിലെ അണ്ണ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടേത് മുതൽ മുവാറ്റുപുഴയിലെ സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കറ്റുകൾ സീനത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കൊല്ലത്തെ മോഡേൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ, ചേർത്തലയിലെ മഹാത്മാഗാന്ധി ഫൗണ്ടേഷൻ, അലഹബാദ് സർവ്വകലാശാല, ഹരിയാണയിലെ വി എസ്. പ്രസന്നഭാരതി സർവ്വകലാശാല, രാജസ്ഥാനിലെ ജനാർദ്ദന്റായി നഗർ വിദ്യാപീഠ് സർവ്വകലാശാല, ബോധിഗയയിലെ മഗധ സർവ്വകലാശാല എന്നിവയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP