Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ തിരുവനന്തപുരത്താണോ വിമാനം ഇറങ്ങുന്നത്? എങ്കിൽ രണ്ട് ലിറ്റർ മദ്യം ഇപ്പോഴും വാങ്ങി ബാഗിൽ വെച്ചോളൂ; തലസ്ഥാനത്തെ ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴു വീണതോടെ ആറ്റുനോറ്റ് നാട്ടിൽ പോകുന്നവർക്ക് കടുത്ത നിരാശ; നിങ്ങളുടെ ക്വാട്ടയിൽ സ്‌കോച്ച് വാങ്ങാൻ പറ്റാതെ വരുന്നത് ഒഴിവാക്കാൻ യാത്ര പുറപ്പെടുമ്പോഴേ വാങ്ങി വെക്കുക

നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ തിരുവനന്തപുരത്താണോ വിമാനം ഇറങ്ങുന്നത്? എങ്കിൽ രണ്ട് ലിറ്റർ മദ്യം ഇപ്പോഴും വാങ്ങി ബാഗിൽ വെച്ചോളൂ; തലസ്ഥാനത്തെ ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴു വീണതോടെ ആറ്റുനോറ്റ് നാട്ടിൽ പോകുന്നവർക്ക് കടുത്ത നിരാശ; നിങ്ങളുടെ ക്വാട്ടയിൽ സ്‌കോച്ച് വാങ്ങാൻ പറ്റാതെ വരുന്നത് ഒഴിവാക്കാൻ യാത്ര പുറപ്പെടുമ്പോഴേ വാങ്ങി വെക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് പോരാൻ ടിക്കറ്റെടുക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണോ? എങ്കിൽ നാട്ടിലേക്ക് പുറപ്പെടും മുമ്പ് രണ്ട് ലിറ്റർ മദ്യം വാങ്ങി ബാഗിൽ വെച്ചോളൂ. കാരണം തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് താഴു വീണു. ഇതോടെ വിദേശത്തു നിന്നും മദ്യം വാങ്ങാതെ നാട്ടിലെത്തി വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാൻ കാത്തിരുന്നവർക്ക് കടുത്ത നിരാശയാണ് ഫലം. സൗദിയിൽ നിന്നും വരുന്ന പ്രവാസികൾക്കാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടിയതിനെ തുടർന്ന് കടുത്ത നിരാശ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് സൗദിയിൽ നിന്നും വരുന്നവർ സ്‌കോച്ച് പോലുള്ള മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൊച്ചിയിലേക്ക് പോകുകയാണ് നല്ലത്. യൂറോപ്പിൽ നിന്നോ അമേരിക്കയിൽ നിന്നോ നാട്ടിലേക്ക് വരുന്നവർക്ക് ഇടയ്ക്കുള്ള വിമാനത്താവളങ്ങളായ ദോഹ, സിങ്കപ്പൂർ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മദ്യം വാങ്ങി കൈയിൽ കരുതാൻ സാധിക്കും. അത് ഹാൻഡ് ബാഗിൽ വെക്കാവുന്നതാണ്.

വിമാനത്താവളത്തിലെ അറൈവലിലെ പ്ല്സ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിയത് തട്ടിപ്പു നടത്തിയതിനെ തുടർന്നാണ്. ഇതോടെയാണ് പ്രവാസികൾ വെട്ടിലായത്. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾക്കായാണ് ഭൂരിപക്ഷം പേരും സ്‌കോച്ചു വാങ്ങാറുള്ളത്. ഈ ആനുകൂല്യമാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായിരിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ടും മറ്റുരേഖകളും വ്യാജമായി ഉപയോഗിച്ച് വിദേശ മദ്യം പുറത്ത് വിറ്റ് ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി പെയ്ഡ് ഷോപ്പിന് വിനയായത്. വിമാനത്താവളം വഴി സെപ്റ്റംബർ മുതൽ ഡിസംബർ വരെ കടന്നുപോയ യാത്രക്കാരുടെ വിവരങ്ങൾ അവർ പോലും അറിയാതെ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.

സ്ത്രീകളും കുട്ടികളും അടക്കം 13,000 യാത്രക്കാർക്ക് മദ്യം വിറ്റതായാണ് മലേഷ്യൻ കമ്പനിയായ പ്ലസ് മാക്‌സ് കസ്റ്റംസ് പ്രവന്റീവ് കമ്മീഷണറേറ്റിൽ കൈമാറിയ കണക്കിൽ പറഞ്ഞത്. ഈ കണക്കിൽ കളി തോന്നിയതോടെയാണ് കസ്റ്റംസ് തിരിച്ചിൽ നടത്തിയത്. കമ്മീഷണറേറ്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കോടികളുടെ തീരുവ വെട്ടിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്ലസ് മാക്‌സിന്റെ ലൈസൻസ് റദ്ദാക്കിയത്.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വിദേശമദ്യം വിതരണം ചെയ്യുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.തിരുവനന്തപുരം വമാനത്താവളത്തിലുള്ള കസ്റ്റംസ് വിഭാഗത്തെ അറിയിക്കാതെ കൊച്ചിയിൽ നിന്നും രഹസ്യമായി എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഈ ഡ്യൂട്ടി ഫ്രീ ഷോപ്പ് കരാറിനെടുത്തവരെ കുരുക്കിയത്.

യാത്രക്കാരുടെ പട്ടികയിലും ബില്ലിലും തിരിമറി നടത്തി ഒരു പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ മദ്യം വാങ്ങിയെന്ന രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പാസ്‌പോർട്ട് നമ്പർ, യാത്രക്കാരന്റെ പേര്, യാത്ര തിരിച്ച രാജ്യം, എത്തിച്ചേർന്ന ദിവസം, സമയം എന്നിവ രേഖപ്പെടുത്തിയാണ് ബില്ല് തയാറാക്കേണ്ടത്

ദമാമിൽനിന്നെത്തിയ യാത്രക്കാരന്റെ പേരുപയോഗിച്ച് ഡ്യുട്ടി ഫ്രീ ഷോപ്പിൽനിന്ന് നിരവധിപേർക്ക് മദ്യം വിതരണം ചെയ്‌തെന്നായിരുന്നു പരാതി. ഒരാളുടെ പാസ്‌പേർട്ടിൽ രണ്ട് കുപ്പി മദ്യം മാത്രമേ നൽകാൻ പാടുള്ളൂ. എന്നാൽ, യാത്രക്കാരിൽ നിന്ന് പാസ്‌പോർട്ട് വാങ്ങുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരൻ പിന്നീട് പാസ്‌പോർട്ട് നമ്പർ ഉപയേഗിച്ച് വിവിധ വിമാനങ്ങൾ വരുമ്പോൾ മദ്യമെടുത്ത് പുറത്തേക്കുകടത്തി ഇരട്ടിവിലയ്ക്ക് വിൽക്കുന്നതായായിരുന്നു ആക്ഷേപം. നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഷോപ്പ് പൂട്ടാൻ കസ്റ്റംസ് കമീഷണർ നിർദ്ദേശം നൽകിയത്.രണ്ടുകോടി രൂപയുടെ ക്രമക്കേടുക്കളാണ് കഴിഞ്ഞ വർഷം പരിശോധനയിൽ കണ്ടെത്തിയത്.

ഡ്യൂട്ടിഫ്രീ ഷോപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളും ബില്ലുകളും അന്ന് നശിപ്പിച്ചിരുന്നു. യാത്രക്കാർ മദ്യം വാങ്ങുന്ന ദൃശ്യങ്ങളാണ് നശിപ്പിച്ചത്. പരിശോധനയിൽ കമ്പനിയുടെ ആസ്ഥാനത്തുള്ള സെർവർ കണക്ഷൻ ലഭിക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധന നടക്കുമെന്ന സൂചന ലഭിച്ചതിനാൽ ഇതു മനഃപൂർവം ചെയ്തതാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കരാറെടുത്ത സ്ഥാപനം നശിപ്പിച്ച എല്ലാ രേഖകളും കസ്റ്റംസ് തിരിച്ചെടുത്തു. ഇതിനിടെ തമിഴ്‌നാട്ടിലുള്ള കമ്പനിയുടെ ആസ്ഥാനത്തു പരിശോധന നടത്തിയ കസ്റ്റംസ് സംഘം രേഖകൾ പിടിച്ചെടുത്തു.

അടുത്തിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയതും കമ്പനി മാനേജരെ മർദിച്ചതും ഏറെ വിവാദമായിരുന്നു. മുൻ കരാറുകാരായ സ്ഥാപനത്തിലെ ആറു ജീവനക്കാർക്കെതിരെയാണു പരാതി. ഇ-ടെൻഡറിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പിനുള്ള കരാർ നഷ്ടപ്പെട്ടതു മുതൽ ഇവർ തങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായാണു പരാതി. ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കംപ്യൂട്ടർ രേഖകൾ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ മുൻ കരാറുകാർ ഹാക്ക് ചെയ്തതായി ഇപ്പോഴത്തെ നടത്തിപ്പുകാർ ഡിജിപിക്കു പരാതി നൽകുകയും ചെയ്തു.

രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്നു വന്നിറങ്ങുന്ന ഒരു യാത്രക്കാരന് രണ്ട് ലിറ്ററിന്റെ മദ്യം മാത്രമാണ് ഇവിടെനിന്നും വാങ്ങാൻ കഴിയുന്നത്. ഇതിന് നികുതി ഈടാക്കുന്നില്ല. ഇതു മുതലെടുത്ത് യാത്രക്കാരുടെ പേരിൽ മദ്യം ഉയർന്ന വിലയിൽ പുറത്തുകച്ചവടം നടത്തുകയും ഇവർ ചെയ്തിരുന്നു. ഇങ്ങനെ കഴിഞ്ഞ വർഷം ജനുവരി മുതൽ ബില്ലുകളിലും യാത്രാരേഖകളിലും ക്രമക്കേട് നടത്തി നികുതി ഇനത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP