Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനക്കേസ് അറിഞ്ഞിട്ടും കേസ് എടുക്കാതിരിക്കുന്ന എസ് ഐയ്‌ക്കെതിരെ നിസ്സാര വകുപ്പ്; വിവരം പുറത്തു കൊണ്ടുവരാൻ മുൻകൈ എടുത്ത തിയേറ്റർ ഉടമയ്‌ക്കെതിരെ പോക്‌സോയും; വിടാതെ പിന്നാലെ നടന്ന ചൈൽഡ് ലൈനും കുറ്റക്കാർ; പൊലീസിൽ ചിലർ മനപ്പൂർവ്വം തന്നെ നാറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പിണറായി; എടപ്പാൾ കേസിൽ കടുത്ത നടപടിയുമായി മുന്നോട്ട്

പീഡനക്കേസ് അറിഞ്ഞിട്ടും കേസ് എടുക്കാതിരിക്കുന്ന എസ് ഐയ്‌ക്കെതിരെ നിസ്സാര വകുപ്പ്; വിവരം പുറത്തു കൊണ്ടുവരാൻ മുൻകൈ എടുത്ത തിയേറ്റർ ഉടമയ്‌ക്കെതിരെ പോക്‌സോയും; വിടാതെ പിന്നാലെ നടന്ന ചൈൽഡ് ലൈനും കുറ്റക്കാർ; പൊലീസിൽ ചിലർ മനപ്പൂർവ്വം തന്നെ നാറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് പിണറായി; എടപ്പാൾ കേസിൽ കടുത്ത നടപടിയുമായി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൊലീസിനെ ഭരിക്കുന്നത് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയാണ്. പൊലീസ് ഭരണം സുഗമമാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി ഈ നിയമനം നടത്തിയത്. എന്നാൽ അതിന് ശേഷം വിവാദങ്ങളുടെ പെരുമഴയാണ്. വരാപ്പുഴ കസ്റ്റഡി മരണവും കെവിന്റെ ദുരഭിമാനക്കൊലയുമെല്ലാം സർക്കാരിന്റെ മാനം കെടുത്തി. പൊലീസിനോട് കരുതലെടുക്കാൻ ഉപദേശിച്ചിട്ടും അവർ മാറുന്നില്ല. മലപ്പുറത്തെ പീഡനം പുറത്തുകൊണ്ടുവന്ന തിയേറ്റർ ഉടമയ്‌ക്കെതിരേയും പൊലീസ് കേസെടുത്തിരിക്കുന്നു. നിയമസഭ നടക്കുമ്പോഴാണ് ഇത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചില പൊലീസുകാർ ബോധപൂർവ്വം പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ദിനത്തിൽ ദുരഭിമാനക്കൊല ചർച്ചയാക്കിയതും പൊലീസിന്റെ അനാസ്ഥയാണ്. ഈ സാഹചര്യത്തിൽ എടപ്പാൾ പീഡനത്തിൽ സർക്കാരിനെ വെട്ടിലാക്കിയവർക്കെതിരെ കടുത്ത നടപടി വന്നേക്കും.

സംഭവത്തിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമപരമാണോയെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു. തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരോടു ഡിജിപി നിയമോപദേശം തേടി. തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു പോക്‌സോ നിയമപ്രകാരം നിലനിൽക്കുന്നതാണോയെന്നാണു ചോദിച്ചിരിക്കുന്നത്. കേസിൽ തിയറ്റർ ഉടമയെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും പ്രതിയാക്കുന്നതു നിലനിൽക്കില്ലെങ്കിൽ സാക്ഷികളാക്കാമോയെന്നും ആരാഞ്ഞിട്ടുണ്ട്. ഈ നിയമോപദേശം കിട്ടിയ ശേഷം നടപടികൾ എടുക്കും. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന സംശയം സിപിഎമ്മും ഉന്നയിച്ചിട്ടുണ്ട്. ഇതിന് ബലമേകുന്നതാണ് എടപ്പാളിലെ തിയേറ്റർ ഉടമയുടേയും അറസ്റ്റ്. ഇത്തരക്കാരെ പൊലീസിൽ വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. ഈ സാഹചര്യത്തിലാണ് ഡിജിപിയോട് റിപ്പോർട്ട് തേടിയതും.

എടപ്പാൾ തിയേറ്ററിലെ പീഡനവിവരം ചൈൽഡ്ലൈൻ പൊലീസിനെ അറിയിച്ചിട്ടും കേസെടുക്കാതിരുന്ന എസ്ഐ കെ.ജി.ബേബി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മധു എന്നിവരുടെ പേരിലും പോക്സോയിലെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്. തിയറ്റർ പീഡനം തെളിവുസഹിതം നിയമസംവിധാനത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന തിയറ്റർ ഉടമയെ കടുത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ശ്രമിച്ചത്. പ്രതിഷേധത്തോടെ ഇത് നീക്കം. വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എടപ്പാൾ സ്വദേശി സതീശനെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമത്തിലെ (പോക്‌സോ) ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും പ്രതിഷേധമുയർന്നതോടെ കേസ് മയപ്പെടുത്തി. എടപ്പാൾ ശിശുപീഡന കേസിൽ പൊലീസ് നിയമവിരുദ്ധമായി ഒതുക്കിവയ്ക്കാൻ ശ്രമിച്ച വിവരങ്ങൾ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ വഴിയൊരുക്കിയ തിയറ്റർ ഉടമയോടുള്ള വൈരാഗ്യമാണു മലപ്പുറം പൊലീസിന്റെ നടപടിയെന്നും വിമർശനം ഉയരുന്നുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുപേരുടെ ജാമ്യത്തിൽ സ്റ്റേഷനിൽനിന്നു വിടുകയും ചെയ്തു. കേസിലെ മുഖ്യപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ്ലൈൻ പരാതി നൽകിയിട്ടും അന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്ഐയെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പൊലീസുകാർ തിയേറ്റർ ഉടമയ്‌ക്കെതിരെ തീർത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തിയറ്ററിനകത്ത് പീഡനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന വിവരം പുറത്തുവന്നതോടെ തിയറ്റർ ഉടമയ്ക്കും ചൈൽഡ്ലൈൻ പ്രവർത്തകർക്കുമെതിരെ പൊലീസ് നടപടി വരുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇവരെ പലതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ സതീശനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് നേതൃത്വം നൽകിയത് ഡിവൈഎസ് പി

പീഡനം സ്റ്റേഷനിൽ അറിയിക്കാതെ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതെന്തിന്, സിസിടിവി ദൃശ്യങ്ങൾ തിയറ്ററിൽ ചോർന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്‌പി ആരാഞ്ഞത്്. അറിഞ്ഞയുടൻ ചൈൽഡ്ലൈനിനെ വിവരം ധരിപ്പിച്ചെന്നും സ്റ്റേഷനിൽ പരാതി നൽകിയാൽ സാങ്കേതിക പ്രയാസങ്ങളുണ്ടാകുമെന്നാണ് കരുതിയതെന്നും തിയറ്റർ ഉടമ മറുപടി നൽകി. മറുപടി തൃപ്തികരമല്ലെന്നും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് പോക്‌സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുകയാണെന്നും ഡിവൈഎസ്‌പി അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ഒടുവിൽ സർക്കാരും ഇടപെട്ടു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 191 വകുപ്പ് (പീഡനം അറിഞ്ഞിട്ടും ലോക്കൽ പൊലീസിനെയോ ജുവനൈൽ പൊലീസിനെയോ അറിയിക്കാതിരിക്കൽ) മാത്രം ചുമത്തുകയായിരുന്നു.

മുഖ്യപ്രതിയുമായി തിയറ്റർ അധികൃതരും ചൈൽഡ്ലൈൻ പ്രവർത്തകനും സംസാരിച്ചിരുന്നെന്നും വിലപേശലിനു ശേഷമാണ് ദൃശ്യങ്ങൾ ചൈൽഡ്ലൈനിനു കൈമാറിയതെന്നും വ്യാജ ആരോപണം പൊലീസ് ഉയർത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ തിയറ്റർ ഉടമയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നീക്കംനടന്നതോടെയാണ് പ്രതിഷേധം കനത്തത്. എടപ്പാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിലുമെത്തി. ഇത് സർക്കാരിന് വലിയ തലവേദനായി മാറിയിട്ടുണ്ട്. എന്നാൽ തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപ്രകാരം ഒഴിവാക്കാനാവാത്ത നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പ്രതികരിക്കുന്നു. സംഭവമറിഞ്ഞിട്ടും കേസെടുത്ത് അന്വേഷിക്കാൻ വൈകിയ എസ്‌ഐയെയും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എസ്‌ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

തിയറ്റർ ഉടമ സംഭവം ജുവനൈൽ പൊലീസിനെയോ ലോക്കൽ പൊലീസിനെയോ അറിയിച്ചില്ലെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാതിരുന്നാൽ തുടർന്നുള്ള കോടതിനടപടികളിൽ അക്കാര്യം ഉയർന്നുവരുമെന്നും എസ് പി പറഞ്ഞു. ചൈൽഡ്ലൈൻ പ്രവർത്തകർക്കെതിരെ കേസെടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതു നിയമ ലംഘനമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ കേസിൽ പൊലീസ് തിയറ്റർ ഉടമയ്ക്കു നിഷേധിച്ചത്.

ചൈൽഡ് ലൈനിനെ അറിയിച്ചത് നിയമപരം

സംഭവം നടന്ന ഇടപ്പാളിൽ നിന്നു 45 കിലോമീറ്റർ അകലെയാണ് സ്‌പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ്. ഇവരുടെ ഫോൺ നമ്പർ ജില്ലാ പൊലീസ് അധികാരികൾ സാധാരണ ജനങ്ങൾക്കു വേണ്ടി പരസ്യപ്പെടുത്തിയിട്ടില്ല. ഇതേസമയം, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ശിശുസംരക്ഷണ ഏജൻസിയാണ് ചൈൽഡ് ലൈൻ ഫൗണ്ടേഷൻ. ഇവരുടെ 24 മണിക്കൂർ ടോൾഫ്രീ ടെലിഫോൺ നമ്പറായ '1098' സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചിട്ടുള്ളത് സംസ്ഥാന പൊലീസ് തന്നെയാണ്. ഇതിൽ വിളിച്ചു ചൈൽഡ് ലൈനെ വിവരം ധരിപ്പിക്കുകയും തിയറ്ററിനുള്ളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അവർക്കു കൈമാറുകയും ചെയ്തതോടെ വിവരം നിയമപരമായി റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത തിയറ്റർ ഉടമ പൂർത്തിയാക്കിയെന്നും വിലയിരുത്തലെത്തുന്നു.

എന്നാൽ ചൈൽഡ് ലൈൻ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ തയാറാവാതിരുന്ന മലപ്പുറം പൊലീസ് പോക്‌സോ നിയമം ചാപ്റ്റർ അഞ്ച്- 19(2) പ്രകാരം കുറ്റം ചെയ്തതായും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകി പ്രചരിപ്പിച്ചുവെന്ന കുറ്റം പൊലീസ് തിയറ്റർ ഉടമയ്‌ക്കെതിരെ ആരോപിക്കുന്നുണ്ടെങ്കിലും പ്രഥമവിവര റിപ്പോർട്ടിൽ ചേർത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP