Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മാരസംഭവത്തിന്റെ ആഘോഷം നടക്കുമ്പോൾ 'മോഹൻലാലിനിടെ' മൊയ്തീന്റെ വൈകൃതം; 'ശാരദ'യിലെ നീചകൃത്യം അറിഞ്ഞപ്പോൾ തന്നെ ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ മുൻകരുതലെടുത്തു; പെൺകുഞ്ഞിനേയും അടുത്തിരിക്കുന്ന സ്ത്രീയേയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്ന വൃദ്ധന്റെ ബെൻസ് കണ്ടെത്തിയതും ഉടമയുടെ ബുദ്ധി; അടുത്ത ദിവസം ചൈൽഡ് ലൈനിനേയും അറിയിച്ചു; പീഡകനെ കുടുക്കിയ തിയേറ്ററുകാരൻ ഒടുവിൽ കള്ളനായി; എടപ്പാൾ പീഡനത്തിന് ആന്റി ക്ലൈമാക്‌സ് നൽകി പൊലീസ്

കമ്മാരസംഭവത്തിന്റെ ആഘോഷം നടക്കുമ്പോൾ 'മോഹൻലാലിനിടെ' മൊയ്തീന്റെ വൈകൃതം; 'ശാരദ'യിലെ നീചകൃത്യം അറിഞ്ഞപ്പോൾ തന്നെ ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ മുൻകരുതലെടുത്തു; പെൺകുഞ്ഞിനേയും അടുത്തിരിക്കുന്ന സ്ത്രീയേയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്ന വൃദ്ധന്റെ ബെൻസ് കണ്ടെത്തിയതും ഉടമയുടെ ബുദ്ധി; അടുത്ത ദിവസം ചൈൽഡ് ലൈനിനേയും അറിയിച്ചു; പീഡകനെ കുടുക്കിയ തിയേറ്ററുകാരൻ ഒടുവിൽ കള്ളനായി; എടപ്പാൾ പീഡനത്തിന് ആന്റി ക്ലൈമാക്‌സ് നൽകി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: മലപ്പുറം ചങ്ങരംകുളം തിയറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം പുറം ലോകത്ത് എത്തിയത് ശാരദ തിയറ്റർ ഉടമയുടെ ഇടപെടൽ കാരണമാണ്. ഈ തിയേറ്റർ ഉടമയെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യുന്നത്. തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്യുമ്പോൾ സംഭവത്തിൽ അനങ്ങാപാറ നയം സ്വീകരിച്ച പൊലീസ് നടപടി പുതിയ തലത്തിലെത്തുകയാണ്. പീഡന വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിലാണ് സതീഷിനെ അറസ്റ്റ് ചെയ്യുന്നതെന്ന വാദം പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

ഏപ്രിൽ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്റിലെത്തിയത്. പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയായിരുന്നു. അടുത്ത സീറ്റിലിരുന്ന് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടരമണിക്കൂറോളം ഉപദ്രവം തുടർന്നിട്ടും സ്ത്രീ തടഞ്ഞില്ല. 25ന് തിയറ്റർ ഉടമകൾ, ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തുവെന്നാണ് വിവരം. തുടർന്ന് ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ അറസ്റ്റുണ്ടാകുകയായിരുന്നു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൊയ്തീൻ കുട്ടിക്കുണ്ട്. ഇയാളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു.

ഇതിനിടെയാണ് ദൃശ്യങ്ങൾ ചാനലുകളിൽ എത്തിയത്. ഇതോടെ സമൂഹ മനസാക്ഷി ഉണർന്നു. പൊലീസിന് മൊയ്തീൻ കുട്ടിയേയും കുട്ടിയുടെ അമ്മയേയും അറസ്റ്റ് ചെയ്യേണ്ടിയും വന്നു. നടപടി എടുക്കാൻ വൈകിയ പൊലീസുകാർക്കെതിരേയും വകുപ്പ് തല നടപടിയും വന്നു. ഇതിന്റെ പ്രതികാരമാണ് തിയേറ്റർ ഉടമയ്‌ക്കെതിരെ തീർക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. വാദി പ്രതിയാവുകായണ് ഇവിടെ. സിനിമാ തീയറ്റിനുള്ളിൽ വെച്ച് പത്തുവയസുകാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബെൻസ് കാറിൽ കറങ്ങുന്ന പ്രവാസി വ്യവസായി മൊയ്തീൻ കുട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്.

തീയേറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന്റെ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട തീയേറ്റർ ഉടമയ്ക്ക് നാടൊട്ടുക്കു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചതും. സതീഷിനാണ് അഭിനന്ദനമർപ്പിച്ച് നിരവധി പേർ തീയേറ്ററിലെത്തിയത്. തിയറ്ററിൽ രണ്ടര മണിക്കൂർ നടന്നത് ക്രൂരമായ ബാലികാ പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ വിഷയം നിയമത്തിന് മുന്നിൽ എത്തിക്കാൻ തീയറ്റർ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു. ദൃശ്യങ്ങൾ ചൈൽഡ് ലൈനിൽ എത്തിച്ചു കൊടുത്തതും പീഡകനായ മൊയ്തീൻകുട്ടി സഞ്ചരിച്ച ബെൻസ് കാറിന്റെ നമ്പരും മറ്റു ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയതും തീയറ്റർ ഉടമയും ജീവനക്കാരുമായിരുന്നു. ഒരു നരാധമനെ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയതിന് സ്പീക്കർ ശ്രീരാമകൃഷ്ണനും വനിതാ കമ്മീഷനും അടക്കമുള്ളവർ ശാരദാ തീയറ്റർ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടു രംഗത്തെത്തി.

എടപ്പാൾ തിയറ്ററിനുള്ളിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തറിയിക്കാൻ വൈകിയെന്ന ആരോപണം പൊലീസ് നേരത്തെയും ചർച്ചയാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടശേഷം പുറത്തറിയിക്കാൻ മനഃപൂർവ്വം താമസിപ്പിച്ചിട്ടില്ലെന്ന് എടപ്പാളിലെ ശാരദ തിയേറ്റർ ഉടമ സതീഷ് വിശദീകരിച്ചിരുന്നു. 'തിയേറ്ററിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഒടുവിൽ ഒരു സുഹൃത്ത് മുഖേനയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെട്ട് അവർക്ക് ദൃശ്യങ്ങൾ കൈമാറിയതെന്നും സതീഷ് വ്യക്തമാക്കിയിരുന്നു.

'ഏപ്രിൽ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അന്ന് രാത്രി തന്നെ അറിയിച്ചു. 'മോഹൻലാൽ' എന്ന സിനിമയാണ് അന്ന് പ്രദർശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എൺപതോളം പേരാണ് ഉണ്ടായിരുന്നത്. സിനിമ നടക്കുമ്പോൾ തിയേറ്ററിന് തൊട്ടടുത്തുള്ള ഹാളിൽ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ആരാധകർ സംഘടിപ്പിച്ച പരിപാടി നടക്കുകയായിരുന്നു. തിയേറ്റർ ജീവനക്കാർ അതിൽ പങ്കെടുക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുവന്നശേഷം തിയറ്ററിനുള്ളിലും പുറത്തുമുള്ള 18 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവർ വന്ന കാർ കണ്ടെത്തുകയും നമ്ബർ എഴുതിവെക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി'-സതീഷ് വിശദീകരിച്ചത് ഇങ്ങനെയാണ്.

'പിറ്റേദിവസം ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ക്രൂരമായ പീഡനമാണ് നടന്നതെന്ന് ബോധ്യമായി. വാക്കുകൾകൊണ്ട് പറയാൻ സാധിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തിയേറ്റർ ജീവനക്കാരുമായി ചർച്ച ചെയ്തു. പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. പൊലീസിൽ അറിയിക്കുന്നത് തിയേറ്ററിന് മോശപ്പേരുണ്ടാക്കുമെന്നും, ബിസിനസിനെ ബാധിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഗൗരവമേറിയ വിഷയമായതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുന്നത് നല്ലതാണെന്ന് ചിലർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പുറത്തുപോകാതെ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അവർക്ക് സാധിക്കുമെന്ന് മനസിലായി. അങ്ങനെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയാവുന്ന ഒരു സുഹൃത്ത് മുഖേന അവരെ ബന്ധപ്പെട്ടു. അപ്പോൾത്തന്നെ സമാനമായ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ രണ്ടുദിവസം കഴിഞ്ഞുവരാമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഏപ്രിൽ 25ന് ചൈൽഡ് ലൈൻ പ്രവർത്തകൻ ഷിഹാബും മാറഞ്ചേരി സ്‌കൂൾ കൗൺസിലറും ഒ എസ് ഡബ്ല്യൂ സി(ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ആൻഡ് കൗൺസിലർ) സെക്രട്ടറിയുമായ ധന്യ ആബിദും മറ്റൊരാളും തിയേറ്ററിലെത്തി. മറ്റ് ജീവനക്കാരെ തിയേറ്ററിൽനിന്ന് മാറ്റിയശേഷം സിസിടിവി ദൃശ്യങ്ങൾ ഇവരെ കാണിച്ചു'.

'ദൃശ്യങ്ങൾ കണ്ടശേഷം മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും തിയേറ്ററിന്റെ പേര് കേസുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കില്ലെന്നും അവർ ഉറപ്പ് നൽകി. ഇതിൻപ്രകാരം ദൃശ്യങ്ങൾ അവർക്ക് കൈമാറുകയും ചെയ്തു. ഹാർഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. ദൃശ്യത്തിന്റെ പകർപ്പ് സൂക്ഷിച്ചിട്ടില്ലെന്നും അവരെ അറിയിച്ചു. അതിനുശേഷം ഒരാഴ്ചയായി ഒരു വിവരവും ഇല്ലായിരുന്നു. ഇതേത്തുടർന്ന് ഷിഹാബിനെ ബന്ധപ്പെട്ടപ്പോൾ പീഡനത്തിന് ഇരയായ ബാലികയെയും അമ്മയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ പൊലീസിൽ കേസ് കൊടുത്തെന്നായിരുന്നു അവർ പറഞ്ഞത്. ദൃശ്യങ്ങൾ ചാനലിൽ വന്നപ്പോഴാണ് തങ്ങൾ അറിഞ്ഞത്. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറില്ലെന്ന് അവർ പറഞ്ഞിരുന്നു. ഷിഹാബിനെ വിളിച്ച് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ 'അങ്ങനെ ചെയ്യേണ്ടി വന്നു ചേട്ടാ' എന്നായിരുന്നു മറുപടി.

ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നത് ഇതൊക്കെയാണ്. അല്ലാതെ തങ്ങൾ മനഃപൂർവ്വം വൈകിപ്പിച്ചെന്നും വിലപേശിയെന്നുമൊക്കെയുള്ള ആരോപണം തെറ്റാണ്.സംഭവം പുറത്തുകൊണ്ടുവരുന്നതിൽ ശ്രദ്ധേയമായ ഇടപെടലാണ് ഷിഹാബും ധന്യയും നടത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പറയാനില്ല. കേസിൽ പ്രതി ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹം'- സതീഷ് വിശദീകരിച്ചിരുന്നു. ഇത് പൊലീസിനും വ്യക്തമായി തന്നെ അറിയാം. ഇക്കാര്യത്തിൽ ചൈൽഡ് ലൈനിലെ പ്രവർത്തകരെ കുടുക്കാനും പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ എതിർപ്പുകൾ മൂലം വേണ്ടെന്ന് വച്ചു. ഇതാണ് തിയേറ്റർ ഉടമയെ കുടുക്കാൻ പൊലീസ് ഇപ്പോൾ ഉപയോഗിക്കുന്നത്. തിയേറ്റർ ഉടമയെ കുടുക്കുന്നത് ചൈൽഡ് ലൈനുകാരെ ഭീഷണിപ്പെടുത്താനാണെന്നും സൂചനയുണ്ട്. ഇവരേയും ദൃശ്യങ്ങൾ പുറത്തു പോയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും.

ഏപ്രിൽ പതിനെട്ടിന് നടന്ന സംഭവത്തെ പറ്റി സതീഷ് മറുനാടൻ മലയാളിയോട് നേരത്തെ വിശദീകരിച്ചത് ഇങ്ങനെ

'അന്ന് കമ്മാരസംഭവത്തിന്റെ ചെറിയൊരു ആഘോഷം സഹോദരന്റെ തീയേറ്ററായ ഗോവിന്ദയിൽ നടക്കുകയായിരുന്നു. ഉച്ചയ്ക്ക് മോഹൻലാലിന്റെ പ്രദർശനം ശാരദയിൽ നടക്കുമ്പോഴാണ് നീചകൃത്യം നടന്നത്. പ്രദർശനം നടക്കുമ്പോൾ എല്ലാ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പരിശോധിക്കാറുണ്ട്. കാരണം തീയേറ്ററിനുള്ളിൽ പുകവലിയോ മദ്യപാനമോ സീറ്റിനു മുകളിൽ കാൽ കയറ്റി വയ്ക്കുകയോ മറ്റു കാണികളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ എന്നൊക്കെ നോക്കുവാനായിട്ടാണ്.

അതിനിടയിലാണ് ജീവനക്കാരൻ ഒരു മധ്യവയസ്‌ക്കൻ പെൺകുഞ്ഞിനെയും അടുത്തിരിക്കുന്ന സ്ത്രീയെയും ശരീര ഭാഗങ്ങളിൽ തലോടി ആസ്വദിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ പുറത്തിറങ്ങിയപ്പോൾ കാറിന്റെ നമ്പർ കുറിച്ചു വെയ്ക്കുകയും വിവരം എന്നെ ഫോണിൽ വിളിച്ചു പറയുകയുമായിരുന്നു. അപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവനക്കാരോട് ഒരു കാരണവശാലും ദൃശ്യങ്ങൾ പുറത്ത് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

പത്തൊൻപതിന് രാവിലെ തന്നെ തീയേറ്ററിലെത്തി ഞാൻ ദൃശ്യങ്ങൾ കണ്ടു. ഉടൻ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ അവരെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം ദൃശ്യങ്ങൾ പെൻഡ്രൈവിൽ കോപ്പി ചെയ്തു വച്ചു. ഇരുപതാം തീയതി അവർ എത്തുകയും ദൃശ്യങ്ങൾ കൊണ്ടു പോകുകയും ചെയ്തു. എന്നോട് പറഞ്ഞിരുന്നത് പൊലീസിൽ അറിയിച്ച് ഇയാളെ കണ്ടെത്തുമെന്നായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണവുമുണ്ടായില്ല. ഞാൻ കരുതിയത് സംഭവം മുങ്ങിപ്പോയെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം വാർത്ത കണ്ടപ്പോഴാണ് സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞത് ' സതീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP